“സ്ത്രീകളില്‍നിന്ന് ജനിച്ചവരില്‍ യൂഹാനോന്‍ മാംദോനോയേക്കാള്‍ വലിയവന്‍ ഉണ്ടായിട്ടില്ല” (മത്താ 11:11)
വി.സഭ ഇന്ന് (ജനുവരി 7) വി.യോഹന്നാൻ മാംദാനാ യുടെ പുകഴ്ച്ച പെരുന്നന്നാൾ ഭക്തി ആദരവോടെ കൊണ്ടാടുന്നു.
"ഒരുപോലിങ്ങും മാംദോനോ
ഉണ്ടേ മേലും നിന്നോര്‍മ്മ
ഉതകണമേ നിന്‍ പ്രാര്‍ത്ഥന -നിന്‍
ഓര്‍മ്മയെ ബഹുമാനിച്ചോര്‍ക്കായി."
പുതിയനിയമത്തിന്റെ വാതിൽ നമുക്ക് തുറന്നു തരുന്ന പ്രവാചകൻ യോഹന്നാൻ മാംദാന ആണ്. മിശിഹായിലേയ്ക്ക് നയിക്കുന്ന വഴിയൊരുക്കി, മനുഷ്യവർഗ്ഗത്തെ യോഹന്നാൻ രക്ഷയുടെ കവാടത്തിങ്കൽ എത്തിക്കുന്നു. തന്റെ ശിഷ്യന്മാർക്ക് മിശിഹായെ ചൂണ്ടിക്കാണിച്ചു കൊണ്ട് "ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ (യോഹ 1, 29) കുഞ്ഞാട്" എന്ന് പറയുമ്പോഴും ഈ ദൌത്യമാണ് മാംദാനാ നിർവഹിക്കുന്നത്. ദൈവ പുത്രനായ നസ്രായനെക്കുറിച്ചുള്ള അദ്ദേഹത്തിൻറെ സാക്ഷ്യമാണ് അന്ത്രയോസിനെയും സ്നേഹിതനെയും മിശിഹാനുഭവത്തിന്റെ വാതിൽ കടക്കാൻ പ്രചോദിപ്പിച്ചത്.
പഴയ നിയമത്തിലെ ഏറ്റവും അവസാനത്തെ പ്രവചനം ഇപ്രകാരമാണ് : “ഇതാ, കര്ത്താവിന്റെ വലുതും ഭയങ്കരവുമായ ദിവസം വരുന്നതിനു മുന്‍പേ ഞാന്‍ ഏലീയാ പ്രവാചകനെ നിങ്ങള്‍ക്ക് അയച്ചുതരും.” (മലാ 4:5). പുതിയ നിയമത്തില്‍ ഏറ്റവും ആദ്യം നിവൃത്തിയായതും ഈ പ്രവചനം തന്നെയാണ് (മര്‍ക്കോ 1:4). കര്‍ത്താവായ യേശുവിന്റെ വലുതും ഭയങ്കരവുമായ മനുഷ്യാവതാരനാളിനു മുന്‍പു അവിടുത്തേക്ക് വഴിയോരുക്കാനായി പിതാവായ ദൈവത്താല്‍ അയക്കപ്പെട്ടവനാണ് ഭാഗ്യവാനായ മോര്‍ യൂഹാനോന്‍ മാംദോനോ. ‘യൂഹാനോന്‍ ‘ എന്ന പേരിന്റെ അര്‍ഥം ‘കര്‍ത്താവ് കരുണ ചെയ്തു’ എന്നാണു. യൂഹാനോന്റെ മാതാപിതാക്കള്‍ ലേവ്യഗോത്രത്തില്പെട്ട സ്കറിയായും എലിശ്ബായും ആയിരുന്നു (ലൂക്കോ 1:5). വാര്‍ധക്യം പ്രാപിച്ചിട്ടും അവര്‍ക്ക് മക്കളില്ലായിരുന്നു. പുരോഹിതനായിരുന്ന സ്കറിയാ ദേവാലയത്തില്‍ ധൂപം അര്‍പ്പിക്കുവാന്‍ ചെന്നപ്പോള്‍ കര്‍ത്താവിന്റെ മാലാഖ അദ്ദേഹത്തെ ഒരു ശിശുവിന്റെ മംഗളവാര്‍ത്ത അറിയിച്ചു. ദൈവദൂതന്റെ വാക്ക് അവിശ്വസിച്ച സ്കറിയാ ഊമനായപ്പോകുകയും ചെയ്തു. (ലൂക്കോ 1:8-23). അനുഗ്രഹീതഗര്‍ഭം ധരിച്ചു പ്രസവിച്ച ഏലിശ്ബാ, പതിവിനു വിപരീതമായി തന്റെ പുത്രന് ‘യൂഹാനോന്‍ ’ എന്ന് പേരിടണം എന്ന് ശഠിച്ചു. സ്കറിയയും ഈ അഭിപ്രായം പ്രകടിപ്പിച്ചു. അപ്പോള്‍ സ്കറിയായുടെ നാവുതുറക്കുകയും ചെയ്തു. അങ്ങനെ ആ അനുഗ്രഹീത ശിശുവിന് ‘യൂഹാനോന്‍ ’ എന്ന പേര് വിളിക്കപ്പെട്ടു. (ലൂക്കോ 1:57-65). ഗര്‍ഭത്തില്‍ വച്ചുതന്നെ പരിശുദ്ധ റൂഹായാല്‍ നിറയാനുള്ള അപൂര്‍വഭാഗ്യം ലഭിച്ച വ്യക്തിയാണ് മോര്‍ യൂഹാനോന്‍ . (ലൂക്കോ 1:15). ഗര്‍ഭവതിയായ തന്റെ മാതാവിനെ സന്ദര്‍ശിച്ച ദൈവമാതാവിന്റെ സാന്നിധ്യം അറിയുമ്പോള്‍ യൂഹാനോന്‍ ഗര്‍ഭത്തില്‍ വച്ച് തുള്ളി തന്റെ സാക്ഷ്യം ആരംഭിക്കുന്നു. (ലൂക്കോ 1:44). ജനമധ്യത്തിലേക്ക് വരുന്നതുവരെ യൂഹാനോന്‍ മരുഭൂമിയില്‍ ഏകാകിയായി താമസിച്ച് തന്നത്താന്‍ ഒരുക്കി റൂഹായാല്‍ ബലപ്പെട്ടു. (ലൂക്കോ 1:80). മരുഭൂമിയുടെ പേര് ‘സീഫ്’ ആണെന്ന് പറയപ്പെടുന്നു. കര്‍ത്താവിനു വഴിയൊരുക്കാന്‍ വന്നവനാണ് മോര്‍ യൂഹാനോന്‍ . അദ്ദേഹം അത്യുന്നതനായ പുത്രന്‍ തമ്പുരാന്റെ പ്രവാചകനാണ് (ലൂക്കോ 1:76). “മരുഭൂമിയില്‍ വിളിച്ചുപറയുന്ന ശബ്ദം: കര്‍ത്താവിനു വഴി ഒരുക്കുവിന്‍ . നിര്‍ജ്ജന പ്രദേശത്ത് നമ്മുടെ ദൈവത്തിനു വഴി നിരപ്പാക്കുവിന്‍ . എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരും. വളഞ്ഞത് ചൊവ്വായും ദുര്‍ഘടങ്ങള്‍ സമമായും തീരും. ദൈവമഹത്വം വെളിപ്പെടും. സകല ജഡവും ഒരുപോലെ അതിനെ കാണും. വിളിച്ചു പറയുന്ന ശബ്ദം!” (ഏശാ 40:3-5) എന്ന് ഏശായാ നിബിയാ പ്രവചിക്കുന്നത് യൂഹാനോനെക്കുറിച്ചാണ് (മത്താ 3:3, യോഹ 1:23). രാജാക്കന്മാരുടെ എഴുന്നള്ളത്തിനു മുന്‍പ് രാജപാത വൃത്തിയാക്കുകയും നാടെങ്ങും വിളംബരം ചെയ്യുകയും പതിവായിരുന്നു. മനുഷ്യരുടെ ഹൃദയത്തിലേക്ക് രാജരാജനായ യേശുവിനു വരണമെങ്കില്‍ അവ ഒരുക്കപ്പെടണം. ഇതിനു ചുമതലപ്പെട്ടവനായിരുന്നു മോര്‍ യൂഹാനോന്‍ . താഴ്വരയെന്നാല്‍ അലസഹൃദയവും, കുന്ന് അഹങ്കാരവും, വളഞ്ഞ വഴി വക്രതയുള്ള ദുഷ്ടഹൃദയവും ദൃഷ്ടാന്തീകരിക്കുന്നു. അവന്‍ നീതിമാര്‍ഗ്ഗത്തിലൂടെ വന്നു എന്ന് നമ്മുടെ കര്‍ത്താവ് അവനെക്കുറിച്ച് സാക്ഷ്യം നല്കുന്നുണ്ട് (മത്താ 21:32). കര്‍ത്താവവിനു വഴി നിരത്തുന്ന ദൂതനും (മലാ 3:1, ലൂക്കോ 7:27) മോര്‍ യൂഹാനോന്‍ തന്നെയാണ്. യൂഹാനോന്‍ ഒരു നാസീര്‍ വ്രതക്കാരനായിരുന്നു. അദ്ദേഹം മദ്യവും വീഞ്ഞും കുടിക്കാതെ (ലൂക്കോ 1:15) ആജീവനാന്ത ബ്രഹ്മചാരിയായി ദയറോയൂസോ സ്വീകരിച്ചു. ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പും അരയില്‍ തോല്‍വാറും ആയിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. (മത്താ 3:4, മര്ക്കോ 1:6). ഒട്ടകരോമം കൊണ്ടുള്ള പരുപരുത്ത ഉടുപ്പ് ഉഗ്രതാപസത്തെ സൂചിപ്പിക്കുന്നു. തോല്‍വാറുകൊണ്ടുള്ള ഇടക്കെട്ട് സംയമനത്തെയും ശുശ്രൂഷാമനോഭാവത്തെയും സൂചിപ്പിക്കുന്നു. ഭക്ഷണം വെട്ടുക്കിളിയും കാട്ടുതെനുമായിരുന്നു. (മത്താ 3:4, മര്ക്കോാ 1:6). ‘വെട്ടുക്കിളി’ എന്ന് പരിഭാഷപ്പെടുതിയിരിക്കുന്ന മൂലപദത്തിനു ഒരുതരം കിഴങ്ങ് എന്നും ഒരു ചെറിയ ജീവി എന്നും അര്‍ത്ഥമുണ്ട്. എന്തായാലും തേനും വെട്ടുക്കിളിയും മരുഭൂമിയില്‍ സുലഭമായി ലഭിക്കുന്നവ ആയിരുന്നില്ല. അതുകൊണ്ട് യൂഹാനോന്‍ തന്റെ ആയുസ്സിന്റെ സിംഹഭാഗവും ഉപവാസത്തില്‍ ആയിരുന്നു എന്ന് വേണം കരുതാന്‍ . “എന്തെന്നാല്‍ യോഹന്നാന്‍ സ്നാപകന്‍ അപ്പം ഭക്ഷിക്കാത്തവനും വീഞ്ഞ് കുടിക്കാത്തവനുമായി വന്നു” (ലൂക്കോ 7:33) എന്ന് കര്‍ത്താവ് അരുളിചെയ്തതായി നാം കാണുന്നു. തങ്ങളും ഗുരുവും വളരെ ഉപവസിക്കാറുണ്ട് എന്ന് യൂഹനോന്റെ ശിഷ്യന്മാര്‍ യേശുതമ്പുരാനെ ധരിപ്പിക്കുന്നുമുണ്ട് (മത്താ 9:14). അങ്ങനെ ബ്രഹ്മചാരികള്‍ക്ക് ഒരു ഉത്തമമാതൃകയായി മോര്‍ യൂഹാനോന്‍ നിലകൊള്ളുന്നു. യൂഹാനോന്‍ മരുഭൂമിയില്‍ ഏകാകിയായി വസിച്ചിരുന്നു. ഊര്‍ശ്ലെമിലും യഹൂദ്യദേശത്തും യോര്‍ദ്ദാന്റെ ഇരുകരയിലുമുള്ള എല്ലാ നാട്ടുകാരും മരുഭൂമിയില്‍ വന്നു അദ്ദേഹത്തെ കാണുവാന്‍ തക്കവണ്ണമുള്ള ദൈവീക പ്രഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. (മത്താ 3:5). അദ്ദേഹം ദൈവരാജ്യത്തെക്കുറിച്ച് അവരോടു പ്രസംഗിച്ചു. പലരും അദ്ദേഹത്തെ ഒരു പ്രവാചകനായി കണ്ടു (മത്താ 21:26, മര്ക്കോദ 11:32). യേശു തമ്പുരാന്‍ അദ്ദേഹത്തെ ‘ദീര്‍ഘദര്‍ശിമാരെക്കാളും വലിയവന്‍ ’ എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. (മത്താ 11:9). പലരും തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞു മാമോദീസാ സ്വീകരിച്ചു. അങ്ങനെ അദ്ദേഹം ‘മാംദോനോ’ (മാമോദീസ കൊടുക്കുന്നവന്‍ ) എന്ന പേരില്‍ പ്രസിദ്ധനായി; ദൈവപുത്രനെ സ്നാനപ്പെടുത്തുവാനുള്ള അസുലഭ ഭാഗ്യവും അദ്ദേഹത്തിനു കൈവന്നു. യൂഹാനോന്റെ ഏറ്റവും വലിയ സന്ദേശമായിരുന്നു വരുവാനിരിക്കുന്ന മ്ശീഹായെക്കുരിച്ചുള്ളത്. “എന്റെ പിന്നാലെ വരുന്നവനോ, എന്നെക്കാള്‍ വലിയവന്‍ . അവന്റെ ചെരുപ്പ് വഹിക്കുവാന്‍ പോലും ഞാന്‍ യോഗ്യനല്ല. അവന്‍ പരിശുദ്ധാത്മാവ്കൊണ്ടും അഗ്നികൊണ്ടും നിങ്ങള്‍ക്ക് മാമോദീസാ നല്കും.” (മത്താ 3:11) എന്നദ്ദേഹം ഉത്ഘോഷിച്ചു. യേശുവിനെ ചൂണ്ടിക്കാട്ടി അദ്ദേഹം പ്രഖ്യാപിച്ചു : “ഇതാ, ലോകത്തിന്റെ പാപം വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” (യോഹ 1:29). അങ്ങനെ കര്‍ത്താവിനു വഴിയൊരുക്കി മോര്‍ യൂഹാനോന്‍ ആദ്യ സുവിശേഷകനായി. യൂഹാനോന്റെ വ്യക്തിത്വത്തിന്റെ ശ്രേഷ്ഠഭാവം അദ്ദേഹത്തിന്റെ എളിമയാണ്.
യേശുതമ്പുരാനെക്കുറിച്ച് യൂഹാനോന്‍ പറഞ്ഞത് അവന്റെ ചെരുപ്പിന്റെ വാറ് അഴിക്കുവാന്‍ പോലും താന്‍ യോഗ്യനല്ല എന്നാണു. (മര്ക്കോ് 1`:7, ലൂക്കോ 3:16, യോഹ 1:27). അക്കാലത്ത് ചെരുപ്പിന്റെ വാറ് അഴിക്കുന്നത് അടിമകളാണ്. കൂടാതെ വരുവാനുള്ള എലിയാവ് താന്‍ ആണോ എന്നുള്ള പുരോഹിതന്മാരുടെ ചോദ്യത്തിനു അദ്ദേഹം നിഷേധാത്മകമായ മറുപടി നല്കി (യോഹ 1:21). യേശു തമ്പുരാന്‍ സ്നാനം ഏല്ക്കാന്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞത് : “ഞാന്‍ അങ്ങയില്‍ നിന്ന് സ്നാനം കൈക്കൊള്ളേണ്ടവനത്രേ. അങ്ങ് എന്റെ അടുക്കല്‍ വരുന്നുവോ?” (മത്താ 3:14) എന്നാണ്. യേശുവിനെക്കുറിച്ച് അദ്ദേഹം മറ്റൊരവസരത്തില്‍ പറഞ്ഞത് “അദ്ദേഹം വളരേണ്ടിയിരിക്കുന്നു. ഞാന്‍ കുറയേണ്ടിയുമിരിക്കുന്നു” (യോഹ 3:30) എന്നാണ്. അതെല്ലാം അദ്ദേഹത്തിന്റെ വിനയത്തെ വളിവാക്കുന്നു. അതുകൊണ്ടുതന്നെ ദൈവപുത്രന്‍ അദ്ദേഹത്തെ ഉയര്‍ത്തി, “സ്ത്രീകളില്‍നിന്ന് ജനിച്ചവരില്‍ യൂഹാനോന്‍ മാംദോനോയേക്കാള്‍ വലിയവന്‍ ഉണ്ടായിട്ടില്ല” (മത്താ 11:11) എന്ന് തിരുവായ് മൊഴിഞ്ഞു. അസാമാന്യ ധൈര്യശാലിയാണ് മോര്‍ യൂഹാനോന്‍ . വിപ്ലവകാരികളും കപടഭക്തരുമായ പരീശന്മാരെയും പ്രബലന്മാരായ സദൂക്യരെയും ‘സര്‍പസന്തതികളേ’ (മത്താ 3:7) എന്ന് വിളിക്കാനുള്ള ധൈര്യം യൂഹാനോന്‍ കാണിച്ചു. അതുകൂടാതെ ഇടപ്രഭുവായ ഹെരോദാവിന്റെ ദുര്‍ന്നടപ്പ് അദ്ദേഹം ചോദ്യം ചെയ്തു. (മത്താ 14:3). പിന്നീട് അതുമൂലം തടവിലാകെണ്ടിയും വധിക്കെപ്പടുകയും ചെയ്യേണ്ടിവന്നു മോര്‍ യൂഹാന്നോന്. തിന്മയെ ചങ്കുറപ്പോടെ ചോദ്യംചെയ്ത അസാമാന്യ വ്യക്തിത്വമാണ് മോര്‍ യൂഹാനോന്‍ മാംദോനോയുടേത്. യൂഹനോന്റെ മറ്റൊരു സവിശേഷത അദ്ദേഹത്തിന്റെ അധ്യാപന ശൈലിയാണ്. പാപപരിഹാരത്തിനായി അവതരിച്ച ദൈവസുതനെ പഴയനിയമത്തിലെ യാഗമൃഗത്തോട് സാദൃശ്യപ്പെടുത്തിയുള്ള അദ്ദേഹത്തിന്റെ വര്‍ണ്ണന സാധാരണക്കാര്‍ക്ക് പോലും മനസ്സിലാക്കുവാന്‍ കഴിയുന്നത്ര ലളിതമായിരുന്നു (യോഹ 1: 29, 36). തന്റെ ശിഷ്യന്മാരെ അദ്ദേഹം പ്രാര്‍ഥിക്കാനും ഉപവസിക്കാനും പഠിപ്പിച്ചു. (ലൂക്കോ 11:1, മത്താ 9:14). കൂടാതെ സ്വശിഷ്യരെ ക്രിസ്തുവിന്റെ അടുക്കലേക്ക് അയയ്ക്കുകവഴി (മത്താ 11:2) പ്രായോഗികതയാണ് ഉത്തമ പഠനമാര്‍ഗ്ഗം എന്ന് അദ്ദേഹം കാണിച്ചുതരുന്നു. വലിയ പ്രവാചകനായിട്ടും അദ്ദേഹം ഒരു അത്ഭുതം പോലും ചെയ്തില്ല എന്നുള്ളത് മാറ്റുരക്കേണ്ട മറ്റൊരു സംഗതിയാണ്. (യോഹ 5:33). യൂഹനോനെ അതുല്യനാക്കുന്ന മറ്റൊന്നാണ് അദ്ദേഹത്തിന്റെ അനുസരണം. പ്രപഞ്ചനാഥനെ സ്നാനപ്പെടുതാനുള്ള യോഗ്യത തനിക്കില്ല എന്നറിഞ്ഞിട്ടും ദൈവത്തിന്റെ ആജ്ഞയെ അക്ഷരംപ്രതി ശിരസാവഹിക്കുന്ന മാംദോനോയെ നാം കാണുന്നു. കൂടാതെ “ഞാന്‍ അങ്ങയില്‍ നിന്ന് സ്നാനം കൈക്കൊള്ളേണ്ടവനത്രേ” എന്ന് യേശുവോട് പറയുക വഴി, എത്ര വിശുധനായാലും ഇനിയും വിശുദ്ധിയിലേക്ക് വളരാനുണ്ട് എന്നും നമ്മെ പഠിപ്പിക്കുന്നു. തന്റെ ഭൂമിയിലുള്ള മഹാദൌത്യം നിറവേറ്റി അദ്ദേഹം ഹെരോദാവിന്റെ കൈയ്യാല്‍ രക്തസാക്ഷിയായി. (മത്താ 14: 1-2, മര്ക്കോ 6:14-29, ലൂക്കോ 9:7-9) സഹദേന്മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. സത്യത്തിനും നീതിക്കും വേണ്ടി ജീവന്‍ പോലും പണയംവയ്ക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. ഹെരോദാവുപോലും ഭയക്കാന്‍ തക്കവണ്ണമുള്ള നീതിയും വിശുദ്ധിയും അദ്ദേഹത്തില്‍ ഉണ്ടായിരുന്നു. (മര്ക്കോു 6:20). പഴയനിയമ പൌരോഹിത്യം ലെവ്യനായ മോര്‍ യൂഹാനോനില്‍ പര്യവസാനിക്കുന്നു.
മിശിഹായാകുന്ന വാതിലിലേയ്ക്കുള്ള ചൂണ്ടുപലകകളായി പ്രവാചക സാക്ഷ്യങ്ങൾ ഇന്നും നിലകൊള്ളുന്നു. ദൈവപുത്രന് വഴിയോരിക്കിയ മോര്‍ യൂഹാനോന്‍ എന്ന നിസ്തുലവ്യക്തിത്വം വിശുദ്ധന്മാരുടെ മകുടമായി നിലകൊള്ളുന്നു..