വളരെയേറെ സവിശേഷതകളുള്ള വ്യക്തിയാണ് ബർന്നബ്ബാസ്. അദ്ദേഹം ലേവ്യകുലത്തിൽ ജനിച്ചവനായിരുന്നു. അദ്ദേഹത്തിൻ്റെ മറുപേർ യോസേഫ് എന്നായിരുന്നു. ബർന്നബാസ് എന്ന് വാക്കിന് അർത്ഥം പ്രബോധനപുത്രൻ എന്നാണ്. അദ്ദേഹത്തിൻ്റെ നാല് സവിശേഷതകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
1) ബർന്നബാസ് സഭയുടെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിച്ചവൻ.
പ്രബോധനപുത്രൻ എന്നു അർത്ഥമുള്ള ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ് എന്നൊരു ലേവ്യൻ തനിക്കു ഉണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാൽക്കൽവെച്ചു. അപ്പൊ.പ്രവ 4:36,37.
ലേവ്യ ഗോത്രത്തില്പെട്ടവനാകയാൽ ദശാംശം വാങ്ങുവാൻ അവകാശമുള്ളവനായിരുന്നു
ബർന്നബാസ്. എന്നിട്ടും സഭയ്ക്ക് ആവശ്യം വന്നപ്പോൾ തൻ്റെ നിലം വിറ്റ് പണം അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു. നാം ആയിരിക്കുന്ന സഭയിൽ സഭയുടെ ആവശ്യങ്ങൾ കണ്ട് നാം പ്രവർത്തിക്കേണ്ടതാണ്.
2) പുതിയ ശിഷ്യരുടെ ആവശ്യകത കണ്ടെത്തി അവർക്കുവേണ്ടി കാര്യങ്ങൾ ചെയ്തു.
അവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യോഖ്യയോളം പറഞ്ഞയച്ചു. അപ്പൊ.പ്രവൃ 11:22.
സ്തേഫാനോസിൻ്റെ രക്തസാക്ഷി മരണശേഷം അനേകം പേർ ഭയപ്പെട്ട് പല സ്ഥലങ്ങളിലേക്കും ചിതറിപ്പോയി. അവരിൽ കുറേപ്പേർ അന്ത്യോഖ്യയിലെത്തി. അവർ യവനന്മാരോട് സുവിശേഷം അറിയിച്ചു. അവരിൽ വലിയൊരു കൂട്ടം വിശ്വസിച്ച് കർത്താവിലേക്ക് തിരിഞ്ഞു. ഈ വർത്തമാനം യരുശലേമിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യോഖ്യയോളം പറഞ്ഞയച്ചു. വളരെ നല്ല മനുഷ്യനും, പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനായ ബർന്നബാസ് അവിടെ ശക്തമായി പ്രവർത്തിച്ചു. മാത്രമല്ല, ശൗലിനെ തിരഞ്ഞ് തർസൊസിലേക്ക് പോയി. ശൗലിന് ദൈവദർശനമുണ്ടായിരുന്നെങ്കിലും ആളുകൾക്ക് അവനെ ഭയമായിരുന്നു. കാരണം ക്രിസ്ത്യാനികളെ പീഡിപ്പിച്ച് നടന്നവനായിരുന്നു ശൗൽ. എന്നാൽ ബർന്നബാസ് ശൗൽ എന്ന പൗലോസിനെ കൂട്ടികൊണ്ടു വരികയും അവർ കൂട്ടായി അന്ത്യോഖ്യായിൽ പ്രവർത്തിക്കയും ചെയ്തു. അവിടെ വച്ച് ശിഷ്യന്മാർക്ക് ക്രിസ്ത്യാനികൾ എന്ന് പേരുണ്ടായി.
3) ദരിദ്രന്മാരുടെ ആവശ്യങ്ങളിൽ പ്രവർത്തിച്ചവൻ.
യരുശലേമിൻ്റെ നാശത്തിന് മുമ്പ് ഒരു ക്ഷാമമുണ്ടാകുമെന്ന് കർത്താവ് പറഞ്ഞിരുന്നു. അഗബൊസ് എന്ന് പേരുള്ള ഒരുവനും ഇതുതന്നെ പറഞ്ഞു. അത് ക്ലൌദ്യൊസിൻ്റെ കാലത്ത് സംഭവിച്ചു.
അപ്പോൾ യഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരിൽ ഓരോരുത്തൻ പ്രാപ്തിപോലെ കൊടുത്തയപ്പാൻ നിശ്ചയിച്ചു. അവർ അതു നടത്തി, ബർന്നബാസിന്റെയും ശൗലിന്റെയും കയ്യിൽ മൂപ്പന്മാർക്കു കൊടുത്തയച്ചു. അപ്പൊ.പ്രവ 11:29,30.
ദരിദ്രർക്ക് ഒരാവശ്യം വന്നപ്പോൾ അവരുടെ ഇടയിൽ പ്രവർത്തിച്ചു.
4) പിന്മാറ്റക്കാരെ സഭയിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ ഉത്സാഹിച്ചു.
പൗലോസിൻ്റെ ഒന്നാം മിഷ്യനറി യാത്രയിൽ മർക്കോസ് എന്ന യോഹന്നാൻ അവരോടൊപ്പമുണ്ടായിരുന്നു. പിന്നീട് മർക്കോസ് അവരെ വിട്ടുപോയി. അന്ത്യോഖ്യയിലും സമീപപ്രദേശങ്ങളിലും പൗലോസിൻ്റേയും ബർന്നബാസിൻ്റേയും നേതൃത്വത്തിൽ സഭ വളർന്നു. പൗലോസ് പട്ടണം തോറും ചെന്ന് സഹോദരന്മാർ എങ്ങനെയിരിക്കുന്നു എന്ന് തിരക്കുവാൻ ബർന്നാബാസിനോട് പറഞ്ഞു. മർക്കോസിനെ കൂട്ടുവാൻ ബർന്നബാസ് പറഞ്ഞെങ്കിലും പൗലോസ് അതിനെ എതിർക്കുന്നു. അവർ വേർപിരിയുന്നു. എന്നാൽ ബർന്നബാസ് മർക്കോസിനെ കൂട്ടി കുപ്രോസ് ദ്വീപിലേക്ക് പോകുന്നു. ബർന്നബാസ് മർക്കോസിനെ കൂട്ടുവാൻ തക്ക കാരണമുണ്ടായിരുന്നു. കാരണം പത്രോസിനെ പിടിച്ച് കാരാഗൃഹത്തിൽ അടച്ചപ്പോൾ സഭ പത്രോസിന് വേണ്ടി പ്രാർത്ഥിച്ചതു മർക്കോസിൻ്റെ അമ്മയായ മറിയത്തിന്റെ വീട്ടിലാണ്. ആ ശിഷ്യൻ ഒരിക്കലും പിന്മാറി പോകരുതെന്ന് ബർന്നബാസ് ആഗ്രഹിച്ച് അവനെ ബർന്നബാസ് തിരിച്ച് കൊണ്ടുവന്നു. പിന്നീട് മർക്കോസ് പൗലോസിൻ്റെ ശുശ്രൂഷകളിലും വലിയ സ്ഥാനം വഹിച്ചു എന്ന് നാം വായിക്കുന്നു.
"മർക്കോസ് എനിക്കു ശുശ്രൂഷയ്ക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക". 2.തിമൊഥെയൊസ് 4:11.
പൗലോസിൻ്റെ അവസാന ശുശ്രൂഷകളിൽ
പൗലേസിനോടൊപ്പം മർക്കൊസ് നിലകൊണ്ടു. അതിന്റെ പിന്നിൽ പ്രവർത്തിച്ച സ്നേഹമസൃണമായ കരം ബർന്നബാസിൻ്റേതായിരുന്നു.
മനുഷ്യൻ ക്രിസ്തുവിൻ്റെ ഭാവം പൂണ്ട് വർത്തിക്കുന്നവരായി മാറണം എന്ന് വലിയ ദർശനം ബർന്നബ്ബാസ് നമുക്ക് തരുന്നു.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.