Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.

വിശ്വാസികളുടെ അനുദിന ആരാധനാ ജീവിതത്തിൽ സഭയുടെ ആരാധനാ കലണ്ടറിനുള്ള പ്രാധാന്യം ഏറെ വലുതാണ്. ദിവസത്തിന് ഏഴ് യാമങ്ങൾ, ആഴ്ച്‌ചയിൽ ഏഴ് ദിവസങ്ങൾ, വർഷത്തിന് ഏഴ് കാലങ്ങൾ എന്നിങ്ങനെ ശാസ്ത്രീയമായി ഏറെ സൂക്ഷ്‌മതയോടും കൃത്യതയോടുംകൂടെ സജ്ജീകരിക്കപ്പെട്ട ഒരു ആരാധനാ സംവിധാനം സുറിയാനി ഓർത്തഡോക്സ് സഭയ്ക്കുണ്ട്, എന്നു മാത്രവുമല്ല മറ്റു പല സഭകളിലും ഇത്ര ഔചിത്യമുള്ളതും ഗൗരവമുള്ളതുമായ ഒരു സംവിധാനം കാണുന്നുമില്ലെന്നും നാം മനസ്സിലാക്കണം.

പ്രകൃതിയുടെ അഥവാ, സൃഷ്‌ടിയുടെ ആരംഭം മുതൽ കർത്താവിന്റെ രണ്ടാമത്തെ വരവു വരെയുള്ള സംഭവങ്ങളെ ഒരു വർഷത്തെ ധ്യാന ചിന്തയും ധ്യാനോപാധിയുമാക്കി അതിൻപ്രകാരം സാരവത്തായ ഒരു ജീവിതക്രമം വിശ്വാസിക്ക് നൽകുക എന്നതാണല്ലോ ആരാധന കലണ്ടർ/ പഞ്ചാംഗത്തിൻ്റെ അടിസ്ഥാന ലക്ഷ്യം. ഈ ലക്ഷ്യത്തിനായി സഭാപഞ്ചാംഗം എല്ലാ വർഷവും സഭാകേന്ദ്രത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്നുമുണ്ട്. എന്നാൽ ഒരു വർഷത്തെ ഒറ്റ പേജിൽ ഒതുക്കി, അതും ഒരിടവകയ്ക്ക് ഒരു കോപ്പി മാത്രം ലഭിക്കുകയും അതുകൊണ്ടു തന്നെ സാധാരണവിശ്വാസികളിൽ അപ്രാപ്യമാവുകയും ചെയ്യുന്നു എന്ന കുറവു പരിഹരിക്കുവാനാണ് ഇന്ന് പള്ളികളിലും മുകൈയെടുത്ത് കലണ്ടറുകൾ പ്രസിദ്ധീകരിക്കുന്നത്. 

സൃഷ്‌ടിയുടെ ആരംഭം, ഇസ്രായേലിൻ്റെ വിളിയും തെരഞ്ഞെടുപ്പും സഭയുടെ ആരംഭവും ശുദ്ധീകരണവും പ്രതിഷ്‌ഠയുമൊക്കെയാണ് കൂദോസ് ഈത്തോ - ഹൂദോസ് ഈത്തോ ആഴ്‌ചകളുടെ ധ്യാനവിഷയം. തുടർന്ന് പഴയനിയമ സംഭവങ്ങളും ക്രിസ്‌തുവിൻ്റെ മനുഷ്യാവതാരത്തിൻ്റെ ആവശ്യവുമായി വിശ്വാസിയുടെ വ്യക്തിജീവിതത്തിലുള്ള സ്ഥാനവുമെല്ലാം വ്യക്തമാകുന്നതാണ് ആരാധനാവത്സരത്തിലെ ഒന്നാം കാലം. ക്രിസ്തു‌വിൻ്റെ ജനനപ്പെരുന്നാളിന് മുമ്പ് 8 ഞായറാഴ്‌ചകൾ ലഭ്യമാകത്തക്കവിധത്തിലാണ് ഈ കാലം ക്രമീകരിക്കുന്നത് എല്ലാ വർഷവും ഒക്ടോബർ 29-ന് ശേഷം വരുന്ന ഞായറാഴ്‌ചയിൽ ഈ കാലം തുടങ്ങുന്നു. അപ്പോൾ ഡിസംബർ 25-ന് മുമ്പ് 8 ഞായറാഴ്‌ചകൾ ഉൾപ്പെടുന്ന ഒരു കാലം ലഭ്യമാകും. വചനത്തിന്റെ ജഡധാരണം വിശ്വാസിയുടെ ജീവിതത്തിൽ ഒരു അനുഭവമായിത്തീരണം എന്ന ലക്ഷ്യത്തോടെ “യൽദോ' നോമ്പും ഈ കാലഘട്ടത്തിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നു.

ഇതുപോലെ തന്നെ ജനനപ്പെരുന്നാൾ മുതൽ ക്രിസ്‌തുവിൽ വളർന്ന് അവൻ്റെ ചേലാകർമ്മം, മാമ്മോദീസാ, ദേവാലയപ്രവേശനം എന്നിങ്ങനെ ധ്യാനിച്ച് ശിഷ്യന്മാരെ വിളിച്ച് വേർതിരിച്ച് പരസ്യശുശ്രൂഷയുടെ ആരംഭംവരെയുള്ള കാര്യങ്ങൾ രണ്ടാം കാലത്തിൽ ധ്യാനോപാധിയായിരിക്കുന്നു. അനുതാപത്തിൻ്റെയും ഒരുക്കത്തിൻ്റെയും നോമ്പായ നിനുവേ നോമ്പും ഈ കാലഘട്ടത്തിലാണ്.

ക്രിസ്‌തുവിൻ്റെ പരസ്യശുശ്രൂഷാകാലം, കഷ്ടാനുഭവം, കുരിശു മരണം, കബറടക്കം എന്നിവയാണ് വലിയ നോമ്പുകാലത്തെ ധ്യാനചിന്ത. ഈ കാലഘട്ടം മുഴുവൻ നോമ്പിന്റെയും ഉപവാസത്തിന്റെയും ദണ്ഡനമസ്കാരങ്ങളുടെയും പൂർണ്ണ അനുതാപത്തിന്റെയും കാലമാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.

ക്രിസ്‌തുവിന്റെ പുനരുത്ഥാനത്തിനു സാക്ഷികളാവുക, ഉത്ഥിത അനുഭവത്തിൽ ജീവിച്ച് പരിശുദ്ധാത്മാവിൻ്റെ നിറവിനായി കാത്തിരിക്കുക എന്നതാണ് അടുത്ത കാലം. ഉയിർപ്പു പെരുന്നാൾ മുതൽ പെന്തക്കോസ്ത‌ി വരെയുള്ള ഈ 7 ആഴ്‌ചകളിൽ നോമ്പുകളോ ഉപവാസമോ കുമ്പിടീലുകളോ ഇല്ല. "മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർ ഉപ വസിക്കുന്നില്ല''.

പെന്തക്കോസ്തി പെരുന്നാൾ മുതൽ കൂടാരപ്പെരുന്നാൾ വരെയുള്ള അഞ്ചാം കാലം വിശുദ്ധ ശ്ലീഹന്മാരുടെ സുവിശേഷീകരണ യാത്രകളും സഭയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്ന പീഡനങ്ങളും സഭയുടെ ആത്മാവിലുള്ള വളർച്ചയുമൊക്കെ കുറിക്കുന്ന കാലമാണ്. ശ്ലീഹാനോമ്പും ഈ കാലത്ത് വരുന്നു.

കൂടാരപ്പെരുന്നാൾ (ആഗസ്റ്റ് 6) മുതൽ സ്ലീബാ പെരുന്നാൾ (സെപറ്റംബർ 14) വരെയുള്ള 6-ാം കാലം മഹത്വീകരണകാലം അഥവാ തേജസ്ക്കരണകാലം എന്നൊക്കെ അറിയപ്പെടുന്നു. ക്രിസ്‌തുവിനെ സാക്ഷിച്ച് ജീവിച്ചവർക്ക്, ക്രിസ്തു‌വിനായി മരിച്ചവർക്ക് മഹത്വത്തിൻ്റെ കിരീടമുണ്ടെന്ന് സഭ പഠിപ്പിക്കുന്നു. വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പു പെരുന്നാളിനോടനുബന്ധിച്ചുള്ള ശൂനോയോ നോമ്പിൻ്റെ പശ്ചാത്തലത്തിലാണ് ഈ കാലം ആരംഭിക്കുന്നത്, കഷ്ടതയാൽ മഹത്വീകരണമുണ്ട് എന്നതിന്റെ മകുടോദാഹരണമാണല്ലോ വിശുദ്ധ മൊർത്ത് മറിയം.

സ്ലീബാപ്പെരുന്നാൾ മുതൽ അടുത്ത കൂദോസ് ഈത്തോ വരെയുള്ള ഏഴാമത്തെയും അവസാനത്തെയും കാലം യുഗാന്ത്യകാലമെന്നും അറിയപ്പെടുന്നു. കർത്താവിൻ്റെ രണ്ടാമത്തെ വരവിനെയും മരിച്ചുപോയവടെ ഉയിർപ്പിനെയും വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനെയും നോക്കിപ്പാർക്കുന്ന കാലമായി ഇതിനെ കാണുന്നു. ചുരുക്കത്തിൽ:-

1. കൂദോസ് ഈത്തോ മുതൽ യൽദോ വരെ 'അറിയിപ്പുകാലം' എന്ന ഒന്നാം കാലം.

2. യൽദോ മുതൽ വലിയ നോമ്പുവരെ 'ഉയദകാലം' എന്ന രണ്ടാം കാലം.

3. കൊത്ത്നേ ഞായർ മുതൽ ക്യംതാ വരെ പരസ്യശുശ്രൂഷയുടെ മൂന്നാം കാലം.

4. ക്യംതാ മുതൽ പെന്തക്കോസ്തി വരെ നാലാം കാലം.

5. പെന്തക്കോസ്തി മുതൽ കൂടാരപ്പെരുന്നാൾ വരെ അഞ്ചാം കാലം.

6. കൂടാരപ്പെരുന്നാൾ മുതൽ സ്ലീബാപ്പെരുന്നാൾ വരെ ആറാം കാലം.

7. സ്ലീബാപ്പെരുന്നാൾ മുതൽ കൂദോസ് ഈത്തോവരെ ഏഴാം കാലം.

എന്നിങ്ങനെ ആരാധനാവത്സരം ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഓരോ കാലത്തിലെ ആഴ്‌ചകളെയും സംഭവങ്ങളെയും ആസ്‌പദമാക്കി ഉപകാലങ്ങളും ക്രമീകരിക്കപ്പെട്ടിട്ടുള്ളതും കാണാം.

ഏതാണ്ട് ഇതേ ധ്യാനചിന്തയിലാണ് ആഴ്‌ചയിലെ ദിവസങ്ങളുടെയും ദിവസങ്ങളിലെ യാമങ്ങളുടെയും ക്രമീകരണവും എന്നും ഓർക്കണം.

ഞായറാഴ്‌ച സൃഷ്‌ടിയുടെ ആരംഭമായ ഒന്നാം ദിവസമാണ്. അനേകം ക്രിസ്‌തുസംഭവങ്ങൾ ഈ ദിവസം നടക്കുന്നു. ക്രിസ്‌തു ഉയിർക്കുന്നതും തുടർന്ന് ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്നതുമൊക്കെ ഞായറാഴ്ചയിലാണ്. ഉയിർപ്പ് നിത്യസ്വർഗ്ഗത്തിൻ്റെ അടയാളവും അനുഭവവുമാകയാൽ ഞായറാഴ്‌ചയെ ഒന്നാം ദിവസത്തോടൊപ്പം നിത്യതയുടെ പ്രതീകമായ എട്ടാംദിവസം/ നാളായും പിതാക്കന്മാർ വിവക്ഷിക്കുന്നതായി കാണാം. എട്ടാം നാളിലെ പരിഛേദനയുടെ അർത്ഥം വ്യക്തമാകുന്നത് ക്രിസ്തവിലുള്ള സ്വർഗ്ഗരാജ്യത്തിലെ നിത്യതയിലാണെന്ന് സാരം.

തിങ്കൾ, ചൊവ്വാ ദിവസങ്ങൾ ഇതേവിധം അനുതാപത്തിന്റെ ദിനങ്ങളായും ബുധനാഴ്‌ച വിശുദ്ധ ദൈവമാതാവിന്റെയും വ്യാഴം പരിശുദ്ധന്മാരുടെയും ദിവസങ്ങളായും വെള്ളിയാഴ്‌ച നമ്മുടെ കർത്താവിൻ്റെ കഷ്‌ടാനുഭവം, കുരിശുമരണം, രക്തസാക്ഷികളുടെ ഓർമ്മ എന്നിവയ്ക്കായും, ശനിയാഴ്ച എല്ലാ വാങ്ങിപ്പോയവരെയും ഓർക്കുന്നതിനായും വേർതിരിച്ചിരിക്കുന്നു. ലാസറിന്റെ ഓർമ്മയും അറിയിപ്പു ശനി, ദുഃഖശനി, രഹസ്യ ശനി എന്നൊക്കെ വിളിക്കുന്ന ദിവസവും ശനിയാഴ്ചയാണ് വരുന്നതെന്നും ഓർക്കണം.

എല്ലാ ഞായറാഴ്ചകളും മോറാനായ പെരുന്നാളുകളും വിശുദ്ധ കുർബ്ബാനയർപ്പിക്കുവാൻ കടപ്പെട്ടിട്ടുള്ള ദിവസങ്ങളാണ്. വിശുദ്ധ കുർബാനയർപ്പിക്കുവാൻ പാടില്ലാത്ത ഒരു ശനിയാഴ്‌ചയുമില്ലെന്നും, എന്നു മാത്രമല്ല. ശനിയാഴ്ചകളിലെല്ലാം എല്ലാ വാങ്ങിപ്പോയവരെയും ഓർത്ത് വിശുദ്ധ കുർബ്ബാനയർപ്പിക്കുന്നത് അഭികാമ്യവുമാണ്.

ഇതുപോലെ ഓരോ യാമങ്ങൾക്കും പ്രത്യേകം ധ്യാനചിന്തകളും വിഷയങ്ങളുമുണ്ട്. ആദ്യ യാമമായ സന്ധ്യായാമം സൃഷ്ട‌ിയുടെ ആരംഭത്തെ കുറിക്കുന്നു. സൂത്താറാ അനുതാപത്തിൻ്റേതാണ്. രാത്രിയിൽ വിശുദ്ധ ദൈവമാതാവ്, പരിശുദ്ധന്മാർ, വാങ്ങിപ്പോയവർ, കർത്താവിൻ്റെ മനുഷ്യാവതാര വ്യാപാരകാലം മുഴുവനായും എല്ലാം കടന്നുവരുന്നു. പ്രഭാതം ഉയിർപ്പിന്റെയും പുതുസൃഷ്ടിയുടെയുമൊക്കെ വരവേല്പിനെ സൂചിപ്പിക്കുന്നു. 3-ാം മണിയിൽ അതതു ദിവസത്തിൻ്റെ ധ്യാനചിന്തയും 6-ാ മണി (ഉച്ചനമസ്കാരം), വിശുദ്ധ ദൈവമാതാവിൻ്റെ മദ്ധ്യസ്ഥവും 9-ാം മണി, വാങ്ങിപ്പോയവരുടെ ധന്യസ്‌മൃതിയുമാണ്.

എണ്ണിയാലൊടുങ്ങാത്തതും പറഞ്ഞാൽ തീരാത്തതുമായ ഒട്ടനവധി കാര്യങ്ങൾ ആരാധനാവത്സരത്തെക്കുറിച്ച് പറയുവാനുണ്ട്. അതെല്ലാമൊരു ലേഖനംകൊണ്ടോ പുസ്‌തകം കൊണ്ടോ അവതരിപ്പിച്ച് അവസാനിപ്പിക്കുക എന്നതേറെ ദുഷ്‌ക്കരവുമാണ്.

ആരാധനാ കലണ്ടറുകളുടെ ചരിത്രത്തെപ്പറ്റി.

മനുഷ്യബുദ്ധിയുടെ പരിമിതിയിൽ ആദി-മധ്യ-അന്തങ്ങളായി വിഭജിക്കുക സാധ്യമല്ലാത്ത കാലത്തെയും സമയത്തെയും ദിവസം, മാസം, കൊല്ലം, നൂറ്റാണ്ട്, സഹസ്രാബ്‌ദം തുടങ്ങിയ മനുഷ്യനിർമ്മിതങ്ങളായ സാങ്കേതിക ഏകകങ്ങളിലൂടെ യുക്തിസഹമായി വിഭജിച്ച് ചരിത്ര സംഭവങ്ങളെ ഇപ്രകാരമുള്ള കാലനിർണ്ണയത്തിന് വിധേയമായി ക്രമീകരിക്കാനുള്ള യത്നമാണ് കലണ്ടർ നിർമ്മാണത്തെ സാധൂകരിക്കുന്ന ചിന്ത, ലോകസംസ്‌കാരങ്ങളിൽ പലതിലും സമയ-കാല വിഭജനവും കലണ്ടർ നിർമ്മാണവും നടന്നത് ഒരേ കാലത്തല്ല. ഇക്കാര്യത്തിൽ പ്രാചീന സംസ്കൃതികൾ തമ്മിൽ കൊടുക്കലും വാങ്ങലും നടന്നിട്ടുണ്ട്. നമുക്ക് അറിയാവുന്നിടത്തോളം അറുപതിൻ്റെ ഏകകമായി സമയത്തെ ക്രമപ്പെടുത്തിയത് ബാബിലോൺ നാഗരികതയാണ്. ഒരു വർഷത്തെ ഇന്നത്തെ രീതിയിലേക്ക് മാസങ്ങൾ, ആഴ്ചകൾ, ദിവസങ്ങൾ, മണിക്കൂറുകൾ, മിനിട്ടുകൾ, സെക്കന്റുകൾ എന്നീ വിശദാംശങ്ങളിലേക്ക് അപഗ്രഥന വൈദഗ്ദ്ധ്യത്തോടെ വിഭജിച്ച് പരിഷ്‌കരിച്ചതിൻ്റെ ബഹുമതിയും ബാബേൽ സംസ്ക്കാരത്തിനാണ്. ജലഘടികാരവും സൂര്യഘടികാരവും പ്രചരിപ്പിച്ച് സമയത്തെ ജനകീയമാക്കിയ ബാബിലോണിയയിൽ വാനനിരീക്ഷണം പുരോഗതി പ്രാപിച്ചിരുന്നു.

ബാബിലോണിൻ്റെ മറ്റൊരു സംഭാവനയാണ് ബാബിലോണിയൻ കലണ്ടർ. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയുടെ ഗതിയും സസ്യങ്ങളുടെ വളർച്ചയുമായി ബന്ധപ്പെട്ട രണ്ടുവിധം കാലഗണന ഇവിടെ ആദ്യ കാലത്തുണ്ടായിരുന്നു. എഴുത്തുവിദ്യ വികസിച്ചപ്പോൾ നിരീക്ഷണഫലങ്ങൾ രേഖപ്പെടുത്തി. അങ്ങനെയാണ് കലണ്ടറുകൾ ഉണ്ടായത്. ബാബിലോൺകാരുടെ അടിസ്ഥാന കാലഗണന പിന്നീട് സൂര്യാസ്തമയം അടിസ്ഥാനപ്പെടുത്തിയായി. ഒരു സൂര്യാസ്‌തമയം മുതൽ അടുത്ത സൂര്യാസ്‌തമയം വരെ ഒരു ദിവസമായി കണക്കാക്കി. ഒരു ദിനത്തെ ആറായി വിഭജിച്ചു. ആദ്യ മൂന്നു ഭാഗങ്ങൾ രാത്രി. അടുത്ത മൂന്നെണ്ണം പകൽ, അമാവാസി കഴിഞ്ഞ് ചന്ദ്രൻ പുറത്തുവരുന്ന ദിവസം മുതലുള്ള 29-30 ദിവസങ്ങൾ ഒരു മാസമായി കണക്കാക്കി (മലയാള മനോരമ സപ്ലിമെന്റ് 1-7-2015).

സാധാരണഗതിയിൽ 28 ദിവസം ദൈർഘ്യമുള്ള ചാന്ദ്രമാസത്തെ നാലു ഭാഗങ്ങളായി വിഭജിച്ച് അവയ്ക്ക് ആഴ്‌ചകൾ എന്ന് പേരുനൽകിയത് ക്രിസ്തുവിന് മുമ്പ് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സെമിറ്റിക് സംസ്കൃതിയായിരുന്നു. പൗരസ്‌ത്യ ദേശക്കാരായ ഈ എബ്രായ ജനത ദിവസങ്ങൾക്ക് പ്രത്യേക പേർ നൽകാതെ ഒന്നാം ദിവസം, രണ്ടാം ദിവസം എന്നിങ്ങനെ പേർ നൽകുകയായിരുന്നു. സുറിയാനി ഉൾപ്പെടെ സെമിറ്റിക് ഭാഷകളിലെല്ലാം ദിവസങ്ങളെ ഈ ശൈലിയിലാണ് ഇന്നും പ്രതിപാദിക്കുന്നത്. ആയതി സുറിയാനിയിൽ ഇപ്രകാരമാണ്.

1. ഹാദ് ബശാഖോ (ആഴ്‌ചയുടെ ഒന്നാം ദിവസം) ഞായർ.

2. ത്റേയ്‌ൻ (ആഴ്ച‌യുടെ രണ്ടാം ദിവസം) തിങ്കൾ.

1. ത്‌ലോസോ (ആഴ്ച്‌ചയുടെ മൂന്നാം ദിവസം) ചൊവ്വാ.

4. അർബ്ഓ (ആഴ്‌ചയുടെ നാലാം ദിവസം) ബുധൻ.

5. ഹമ്ശോ (ആഴ്ചയുടെ അഞ്ചാം ദിവസം) വ്യാഴം.

6. ആറുബ്തോ (ആഴ്ച്‌ചയുടെ ആറാം ദിവസം) വെള്ളി.

7. ശബത്തോ (ആഴ്ച്‌ചയുടെ ഏഴാം ദിവസം) ശനി.

സൂര്യനെ അടിസ്ഥാനമാക്കിയും ചന്ദ്രനെ അടിസ്ഥാനമാക്കിയും കലണ്ടറുകൾ രൂപം പ്രാപിച്ചിട്ടുണ്ട്. സ്വന്തം അച്ചുതണ്ടിൽ ഭൂമിയ്ക്ക് ഒരു പരിവൃത്തി പൂർത്തിയാക്കുവാൻവേണ്ട സമയം 24 മണിക്കൂറാണ്. ഭൂമിക്ക് സൂര്യനെ ഒരു തവണ ചുറ്റുവാൻ വേണ്ട സമയം 365-1/4 ദിവസമാണ്. ഇതാണ് സോളാർ കലണ്ടറുകളുടെ അടിസ്ഥാന സമീപനം.

ജൂലിയസ് സീസർ (100-44 ബി.സി.) ബി.സി. 45-ൽ റോമൻ വർഷഗണന പരിഷ്ക്കരിച്ച് നടപ്പിലാക്കി. അദ്ദേഹം ആവിഷ്ക്കരിച്ച കലണ്ടർ മാർച്ച് മാസത്തിൽ ആരംഭിക്കുന്നു. ആകെ 365 ദിവസം, 12 മാസം, നാലു വർഷം കൂടുമ്പോൾ ഫെബ്രുവരിക്ക് 29 ദിവസം മറ്റു മാസങ്ങളിൽ ഒന്നിടവിട്ട് 31-ഉം 30-ഉം ദിവസങ്ങൾ. ബി.സി.9-ൽ അഗസ്റ്റസ് സീസർ ഈ കലണ്ടർ പരിഷ്‌ക്കരിച്ചു: വർഷാരംഭം മാർച്ചിൽ നിന്ന് ജനുവരിയിലേക്ക് മാറ്റി. എന്നാലും ജൂലിയൻ കലണ്ടർ എന്ന പേരു മാറിയില്ല.

മറ്റൊരു സോളാർ കലണ്ടറാണ് ഈജിപ്ഷ്യൻ കലണ്ടർ. 30 ദിവസം വീതമുള്ള പന്ത്രണ്ട് മാസവും അഞ്ചു ദിവസമുള്ള പതിമൂന്നാം മാസവും. അതാണ് ഈ കലണ്ടറിൻ്റെ പൊതുഘടന.

പോപ്പ് ഗ്രിഗറി പതിമൂന്നാമൻ (1572-1585) ജൂലിയൻ കലണ്ടർ പരിഷ്ക്കരിച്ചു കൂടുതൽ കൃത്യതയുള്ളതാക്കി. പാശ്ചാത്യ കലണ്ടർ എന്നും ഗ്രിഗോറിയൻ കലണ്ടർ എന്നും ഇത് വിളിക്കപ്പെടുന്നു. കൂടുതൽ കൃത്യതയുള്ള ഈ കലണ്ടർ ലോകമെങ്ങും അംഗീകരിച്ചു. 1752-ൽ ഇംഗ്ലണ്ടിലും 1918-ൽ റഷ്യയിലും ഇത് അംഗീക്യതമായി.

വിവിധ പ്രാദേശിക സംസ്‌കാരങ്ങളെയും ചരിത്രസംഭവങ്ങളെയും അനുസ്‌മരിച്ചുകൊണ്ട് വിവിധ വർഷഗണനകളും വിവിധ കലണ്ടറുകൾ പിൻതുടരുന്നു. ക്രിസ്‌തുവർഷത്തെപ്പോലെ തന്നെ ശകവർഷം, ഹിജറാ വർഷം, യൗനായവർഷം, കലിവർഷം തുടങ്ങിയ വർഷഗണനകൾ നമുക്ക് പരിചിതമാണല്ലോ. എന്നാൽ ഈ ലേഖനത്തിൽ നമ്മുടെ പരിഗണനയ്ക്ക് വിഷയമാവുന്നത് ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ക്രിസ്‌തു വർഷഗണനയിൽ സുറിയാനി ഓർത്തഡോക്‌സ് സഭ അനുവർത്തിച്ചുപോരുന്ന വേദപുസ്ത‌ക സംഭവങ്ങളാണ്. അതുകൊണ്ടുതന്നെ കലണ്ടർ ക്രമീകരണത്തിൻ്റെ സമീപനവും സംവിധാനവും മാറുന്നുണ്ട്. ഒരു കാലത്ത് കേരളത്തിൽ മേടം 1-ാം തീയതി വർഷാരംഭമായി കണക്കാക്കിയിരുന്നു. നമ്മുടെ വിഷു ആഘോഷം അതിൻ്റെ ബാക്കിപത്രമാണ്. ഇത് അസ്സീറിയൻ സംസ്‌കാരത്തിൻ്റെ അനുകരണമാണെന്ന് ശ്രീ.എൻ.വി.കൃഷ്ണവാര്യർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അസ്സീറിയൻ നാടുകളിൽനിന്ന് വൻതോതിൽ കേരളത്തിൽ കുടിയേറിപ്പാർത്ത ഒരു ജനത ഇവിടെ ആവിഷ്കരിച്ചതാണത്രേ മേടമാസത്തിലെ വർഷാരംഭം. ഇന്നും ജ്യോതിഷത്തിലെ ഒന്നാം രാശി മേടം രാശിയാണെന്നത് ഗൗരവാവഹമായ ചിന്തയും പഠനവും അർഹിക്കുന്നു. അസ്സീറിയൻ ജ്യോതിഷവും കല്പഗണിതവും നമ്മുടെ നാട്ടിൽ പ്രചരിച്ചിരുന്നതായി കേസരി എ.ബാലകൃഷ്ണപിള്ള സമർത്ഥിച്ചിട്ടുണ്ട്. പുരാണങ്ങളിലെ പല അവതാരങ്ങളുടെയും കാലഘട്ടം കല്പഗണിതത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം നിർണ്ണയിച്ചു.

അതുപോലെ അന്ത്യോഖ്യൻ സുറിയാനി സഭയിൽ ഒരു കാലത്ത് എ.ഡി കാലഗണനയേക്കാൾ പ്രബലമായി നിലവിലിരുന്നത് യൗനായ (ഗ്രീക്ക്) വർഷഗണനയാണ്. സിറിയൻ / മദ്ധ്യപൗരസ്‌ത്യ ദേശത്തുനിന്ന് പല കാലങ്ങളിലായി കേരളത്തിലെത്തിയ വിദേശ സഭാദ്ധ്യക്ഷന്മാർ ഉപയോഗിച്ചിരുന്നത് യൗനായ വർഷമാണെന്നതിന് അനിഷേധ്യമായ തെളിവുകളുണ്ട്. മലങ്കരസഭയിൽ. കേരളത്തിൽ കൊല്ലവർഷം ആരംഭിച്ചതു മുതൽ ആ കലണ്ടറാണ് വിശേഷ ദിവസങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. ആറേഴു പതിറ്റാണ്ടുവരെയും മലങ്കരയിലെ പെരുന്നാളുകൾ താഴെ പറയും പ്രകാരമായിരുന്നു.

ജനുവരി 1 - ചേലാകർമ്മം. മകരം 1

ജനുവരി 6 - ദനഹാ, മകരം 6.

ഫെബ്രുവരി 2 - മായൽത്തോ, കുംഭം 2.

മാർച്ച് 25 - വചനിപ്പ്, മീനം 25.

ജൂൺ 29 - ശ്ലീഹാ നോമ്പ് വീടൽ, മിഥുനം 29.

ജൂലായ് 3 - മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ, കർക്കിടകം 1

ആഗസ്റ്റ് 6 - കൂടാരപ്പെരുന്നാൾ, ചിങ്ങം 6.

ആഗസ്റ്റ് 15 - ശൂനോയോ, ചിങ്ങം 15.

സെപ്റ്റംബർ 14 - സ്ലീബാപ്പെരുന്നാൾ. കന്നി 14.

ഡിസംബർ 25 യൽദോ ധനു 25.

ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചതോടെ അതത് ബന്ധപ്പെട്ട ഇംഗ്ലീഷ് മാസത്തിന്റെ അതേ തീയതിയിലേക്ക് പെരുന്നാളുകൾ മാറ്റപ്പെടുകയാണുണ്ടായത്.

വിശുദ്ധ വേദപുസ്തകം നൽകുന്ന അറിവുകൾ അടിസ്ഥാനമാക്കി സൃഷിടിയുടെ ആരംഭം മുതൽ കർത്താവിൻ്റെ രണ്ടാമത്തെ വരവിൽ അനാവരണം ചെയ്യപ്പെടുന്ന നിത്യതയുടെ സ്വർഗ്ഗീയാനുഭവം വരെയുള്ള സംഗതികളെ യേശുക്രിസ്തുവിൻ്റെ വരവിനു മുമ്പുള്ള ചരിത്രസംഭവങ്ങളെയും ക്രിസ്തുവിൻ്റെ ജീവിതത്തെയും അദ്ദേഹത്തിൻ്റെ വചനങ്ങളെയും തന്റെ മനുഷ്യാവതാരത്തിൻ്റെ അനുബന്ധമായ വിശുദ്ധ സഭയുടെ ചരിത്രത്തെയും ആധാരമാക്കി ഒരു വർഷത്തിൽ ക്രമീകൃതമായി അടുക്കി ആവിഷ്ക്കരിക്കുവാനുള്ള ശ്രമമാണ് സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ആരാധനാ കലണ്ടർ നടത്തിയിട്ടുള്ളത്. ഒരർത്ഥത്തിൽ സഭയുടെ ശ്രേഷ്ഠ കൂദാശയായ വിശുദ്ധ കുർബ്ബാനയുടെ സംവിധാനത്തിലും ഒരു മണിക്കൂർ സമയം കൊണ്ട് നിത്യതയുടെ ഭൂതകാലം മുതൽ നിത്യതയുടെ ഭാവികാലം വരെയുള്ള സംഭവങ്ങൾ പ്രതിപാദിക്കുവാൻ ശ്രമിക്കുന്നുണ്ട്. സമുദ്രജലത്തെ ഒരു ചെപ്പിലാക്കുന്ന ചെപ്പടി വിദ്യയാണത്. ഭാഷയും വേഷസംവിധാനങ്ങളും പ്രതീകാത്മകമായ അംഗചലനങ്ങളും വാദ്യവിശേഷങ്ങളും രംഗ സജ്ജീകരണങ്ങളുംകൊണ്ട് അതീവ ധ്വന്യാത്മകമായതാണ് ഈ ക്രമീകരണം. പങ്കെടുക്കുന്ന ജനങ്ങൾക്ക് നിത്യത മുതൽ നിത്യത വരെയുള്ള അനുഭവങ്ങൾ അതീവ സൂക്ഷ്‌മമായി അനുഭവിപ്പാൻ അതിൽ അവസരമുണ്ട്. അവയിൽ ഓരോ അംശത്തെയും പ്രത്യേക ശുശ്രൂഷകളാക്കി ആവിഷ്ക്കരിക്കുന്ന അനുഷ്‌ഠാന ചാരുതയാണ് കലണ്ടർ ദിനങ്ങളിലെ ആരാധനകളിൽ ക്രമീകരിച്ചിട്ടുള്ളത്. ഉദാഹരണത്തിന് ക്രിസ്‌തുവിന്റെ സ്വർഗ്ഗാരോഹണം കാസാ പീലാസാകൾ ഉയർത്തുന്ന ഒരു അനുഷ്‌ഠാനം മാത്രമാണ് വിശുദ്ധ കുർബാനയിൽ. എന്നാൽ സ്വർഗ്ഗാരോഹണപ്പെരുനാളിൽ ആ സംഭവത്തെ വർണ്ണിക്കുന്ന വർണ്ണനകളും വ്യാഖ്യാനങ്ങളും സ്ലീബാ ആഘോഷവും വേദവായനയുമൊക്കെയായി ആ സംഭവത്തെ നമ്മുടെ മുമ്പിൽ വായിച്ചും വരച്ചും കാട്ടുന്നു. വിശുദ്ധ കുർബ്ബാനയിൽ ക്രിസ്‌തുസംഭവങ്ങളെ അതിസൂക്ഷ്‌മമായി, ധ്വന്യാത്മകമായി അലിയിച്ചു ചേർത്ത് ആരാധകനെ ഒരുദിവസംകൊണ്ട് ക്രിസ്‌താനുഭങ്ങളിൽ പങ്കാളിയാക്കുന്നു. കലണ്ടർ സംവിധാനം ഒരാണ്ടിലെ ആരാധനാജീവിതംകൊണ്ട് വിശ്വാസികളെ ക്രിസ്‌തുവിൻ്റെ ജീവിതത്തോട് ചേർന്നു ജീവിക്കുവാൻ അവസരമൊരുക്കുന്നു. ദിവസമായാലും വർഷമായാലും അതിൻ്റെ കേന്ദ്രം ക്രിസ്‌തുവായിരിക്കുന്നതിൽ വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ വലിയ പങ്കാണുള്ളത്. ക്രിസ്തു‌ ജീവിച്ച കാലഘട്ടത്തിനും സ്ഥലകാലങ്ങൾക്കും കാലസമ്പൂർണ്ണതയുടെ വിശുദ്ധിയും പരിമളവുമുണ്ടെന്ന് സഭ പഠിപ്പിക്കുന്നു. ആ വിശുദ്ധിയും പരിമളവും വിശ്വസി ഏറ്റുവാങ്ങുന്നത ക്രമാനുസൃതമായി ചിട്ടപ്പെടുത്തിയ ക്രിസ്തു സംഭവങ്ങളുടെ പങ്കാളിത്തം മൂലമാണ്. വർത്തമാനകാലാനുഭവങ്ങളിൽനിന്ന് നമ്മെ അടർത്തിയെടുത്ത് ക്രിസ്‌തു ജീവിച്ച സാഹചര്യത്തിൽ നമ്മെ പറിച്ചുനടുവാൻ ആവശ്യമായ ആഖ്യാന- ആവിഷ്ക്കാര-അവതരണ തന്ത്രങ്ങൾ കലണ്ടർ ആരാധനകൾക്കുണ്ട്. ഒരു ദിവസംകൊണ്ട് ഭൂമി സ്വന്തം അച്ചുതണ്ടിൽ പ്രദക്ഷിണം പൂർത്തിയാക്കവേ ഒരു വർഷംകൊണ്ട് സൂര്യപ്രദക്ഷിണം നടത്തുന്നതുപോലെയാണിത്. കുർബ്ബാനയിൽ ക്രിസ്തുവിനെ അതിസൂക്ഷിമമായി അനുഭവിക്കുന്നു. ഒരു വർഷത്തെ കലണ്ടറിൽ ക്രമീകരിച്ച പെരുന്നാളുകളിലൂടെ വർണ്ണാഭമായ ക്രിസ്തു ചരിത്രം നമുക്കു മുമ്പിൽ ചുരുൾ വിടരുന്നു.

വോപുസ്തകം എഴുതപ്പെടാതിരുന്ന കാലങ്ങളിലും, അത് ലഭ്യമല്ലാതിരുന്ന കാലങ്ങളിലും യേശുവിൻ്റെ രക്ഷാകരമായ ജീവിതസംഭവങ്ങളെ സവിശേഷമായ ആരാധനകളിലൂടെയാണ് അപ്പോസ്‌തോലിക സഭ സുവിശേഷിച്ചിരുന്നത്. ആ ആരാധനകളാകട്ടെ പ്രതീകാത്മകമായ ക്രിയാംശങ്ങൾ പോലും ഏറെക്കുറെ മനസ്സിലാക്കുവാൻ വിശ്വാസികൾക്ക് കഴിയുംവിധം ക്രമീകരിച്ചിരുന്നു. നമ്മുടെ നാട്ടിൽ സുറിയാനി ഭാഷയിൽ മാത്രം ആരാധന നടത്തിയിരുന്ന കാലങ്ങളിൽ വിശുദ്ധ കുർബ്ബാനയിലെ ക്രിയാംശങ്ങളുടെ സംവേദനക്ഷമത മൂലം അവ ഗ്രഹിക്കുവാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • ഏഴിന്റെ പ്രാധാന്യം
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • ക്രിസ്തു എന്ന നേട്ടം.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • കാലഗണനയുടെ ABCDE.
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • കെരൂബുകൾ. (Cherubs).
  • മൊഴിമാറ്റത്തിന്റെ കുഴി.
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • മലങ്കരയിലെ സിസ്റ്റർ അന്നം
  • മരണത്തെ ആസ്വദിക്കാനാവുക
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • സംഗീതം എന്ന ഔഷധം. Music Therapy
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • പഴയനിയമ പൗരോഹിത്യം.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • വിശുദ്ധ ബൈബിൾ.
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • ശുബ്ക്കോനോ
  • ശ്രദ്ധാലുവായിരിക്കുക
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • വലിയനോമ്പ്
  • യേശു പണിയുന്നു.
  • എന്താണ് മൂന്ന് നോമ്പ്?
  • ബൈബിൾ.
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • കുടുംബയോഗം.
  • ആഗ്രഹങ്ങൾ അമിതമായാൽ
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • മൗനം വിദ്വാനു ഭൂഷണം.
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved