Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.

മെഴുകുതിരികളെക്കാൾ പ്രകാശം തരുന്ന ധാരാളം വിളക്കുകളുണ്ടായിട്ടും ഇക്കാലത്തും എന്തിനാണ് നമ്മൾ മെഴുകുതിരികൾ കത്തിക്കുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മെഴുകുതിരി കത്തിക്കുന്നതിന്റെ പ്രാധാന്യം എന്തൊക്കെയാണെന്ന് നമുക്കൊന്നു നോക്കാം.

ദൈവം ലോകത്തിൻ്റെ പ്രകാശമാകുന്നു. ആകയാൽ മെഴുകുതിരികൾ ദൈവത്തിൻ്റെ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നു. "ഞാൻ ലോകത്തിൻ്റെ വെളിച്ചമാകുന്നു. എന്നെ അനുഗമിക്കുന്നവർ ഇരുളിൽ നടക്കാതെ ജീവൻ്റെ വെളിച്ചമുളവർ ആകും". (യോഹ.8:12).

പഴയനിയമകാലത്ത് മെഴുകുതിരികൾക്കു പകരം വിളക്കുകൾ ഉപയോഗിച്ചിരുന്നു"... മേശകൊണ്ടുവന്ന് അതിൻ്റെ സാധനങ്ങൾ ക്രമത്തിൽ വയ്ക്കണം. നിലവിളക്കു കൊണ്ടുവന്ന് അതിൻ്റെ ദീപം കൊളുത്തേണം..." (പുറ.40:4). ഇപ്പോൾ ചിലയിടങ്ങളിൽ വലിയവെളളിയാഴ്ച്‌ച (Good Friday) കബറടക്ക ശുശ്രൂഷകൾ കഴിഞ്ഞുമാത്രമേ എണ്ണവിളക്കുകൾ വിശുദ്ധ മദ്ബഹായ്ക്കുള്ളിൽ ഉപയോഗിക്കാറുള്ളൂ.

A.D.10-ാം നൂറ്റാണ്ടിനോ പതിനൊന്നാം നൂറ്റാണ്ടിനോ മുമ്പ് കത്തിച്ച മെഴുകുതിരികൾ ത്രോണോസിന്മേൽ ഉപയോഗിച്ചിരുന്നതിന് രേഖാമൂലമുള്ള ഒരു തെളിവും ലഭ്യമല്ല. എന്നാൽ വിളക്കുകൾ ത്രോണോസിനു ചുറ്റുമായോ സമീപത്തായോ തീർച്ചയായും സ്ഥാപിച്ചിരുന്നു. അവ, ഒന്നുകിൽ മേൽക്കൂരയിൽ നിന്നു തൂക്കിയിടുകയോ ഭിത്തിയിലെ കൊളുത്തുകളിൽ ഉറപ്പിക്കുകയോ ചെയ്തിരുന്നു (Anson, 1948).

പാപത്തിന്റെ ഇരുളിൽനിന്നും പ്രകാശത്തിലേക്ക് മടങ്ങാൻ തിരികൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. “കർത്താവ് (യഹോവ) എന്റെ വെളിച്ചവും രക്ഷയുമാകുന്നു" (സങ്കീ. 27:1). തങ്ങളുടെ ജീവിതാവസാനത്തോളം സഹജീവികൾക്കായി ത്യാഗങ്ങളർപ്പിക്കുന്ന മനുഷ്യാത്മാക്കളെ ഈ തിരികൾ അനുസ്‌മരിപ്പിക്കുന്നു.

റോമൻ ചരിത്രവും അനുഷ്‌ഠാനങ്ങളും പത്തുകന്യകമാരുടെ ഉപമയും (മത്താ. 25:1-13) മംഗളകർമ്മ സന്ദർഭങ്ങളിൽ പാരമ്പര്യമായി വിളക്കുകൾ ഉപയോഗിച്ചിരുന്നതായി ചിത്രീകരിക്കുന്നു. സുറിയാനി ഓർത്തഡോക്സ് സഭയിൽ കത്തിച്ച മെഴുകുതിരികളോടെയാണ് മേല്പട്ടക്കാരെ സാധാരണയായി സ്വീകരിക്കുന്നത്. മണവാളനെ (ക്രിസ്തുവിനെ) മണവാട്ടി (സഭ) സ്വീകരിക്കുന്നതിനെയാണ് ഇതു ദൃഷ്ടാന്തപ്പെടുത്തുന്നത്.

ക്രിസ്തു‌മസ് ദിനത്തിൽ (യൽദോ ജനനപ്പെരുന്നാൾ) അതിനു മുമ്പുള്ള ഊശാനപ്പെരുന്നാളിലെ കുരുത്തോലകൾ കുരിശാകൃതിയിലുള്ള ഒരു കുഴിയിൽ കത്തിക്കുന്നു. സ്വർഗ്ഗീയ വെളിച്ചത്തിന്റെ (കർത്താവായ യേശു ക്രിസ്തു) ഭൂമിയിലേക്കുള്ള ജനനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. "...ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയൊരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്ക് പ്രകാശം ഉദിച്ചു" (മത്താ. 4:16).

നൂഹറൊക് ഹോസേനാൻ നുഹറൊ യേശു മലേ റഹ്മ (വെളിവു നിറഞ്ഞോരീശോ നിൻ വെളിവാൽ കാണുന്നു...) എന്ന വിശുദ്ധ കുർബ്ബാനാരംഭത്തിലെ ഗാനം. വീണ്ടും കർത്താവ് ലോകത്തിൻ്റെ വെളിച്ചമാകുന്നു എന്നതിന് ഊന്നൽ നൽകുന്നു. ജനം ഈ ഗാനം ആലപിക്കുമ്പോൾ ത്രോണോസിന്മേൽ തിരികൾ കത്തിക്കുന്നു. വടക്ക് എന്ന ദിശയ്ക്കുള്ള പരമ്പരാഗതമായ പ്രാമുഖ്യം മൂലം തിരികൾ കത്തിക്കുന്നത് വടക്കുനിന്നാരംഭിക്കുന്നു (പുറപ്പാട് 26:35-36, 40:22; ലേവ്യ.1:11, 23, മത്തായി 25:34).

പന്ത്രണ്ടു അപ്പോസ്‌തലന്മാരെ അനുസ്‌മരിച്ചുകൊണ്ട് ത്രോണോസിൽ പന്ത്രണ്ടു തിരികളാണ് വയ്ക്കാറുള്ളത്. (ചിലയിടങ്ങളിൽ മാത്രം 13 എണ്ണം പ്രകാശിപ്പിക്കാറുണ്ട്. കുരിശിന്റെ താഴെയായി ക്രിസ്‌തുവിനെ പ്രതിനിധാനം ചെയ്‌തുകൊണ്ട് ഒന്നുകൂടി). വിശുദ്ധ കുർബ്ബാനയിൽ പരസ്യാരാധനയ്ക്ക് മുമ്പ് ക്രിസ്‌തുവിനെ ദൃഷ്‌ടാന്തപ്പെടുത്തിക്കൊണ്ട് ഒരു തിരി മാത്രം കത്തിക്കുന്നു എന്ന് ബാർ എബ്രായ ചൂണ്ടിക്കാട്ടുന്നു. കുരിശ് കർത്താവിനെ പ്രതിനിധീകരിക്കുന്നതിനാൽ വേറെ ഒരു തിരിയുടെ ആവശ്യമില്ല. എങ്കിലും തദ്ദേശീയമായ പാരമ്പര്യങ്ങൾക്കനുസൃതമായി ഈ നടപടികൾ വ്യത്യാസപ്പെട്ടിരിക്കുന്നു.

മൃഗകൊഴുപ്പുകളാൽ നിർമ്മിക്കപ്പെട്ട തിരികൾ പള്ളികളിൽ ഉപയോഗിക്കാറേയില്ല. ക്രിസ്‌തുവിൻ്റെ ബലിയോടുകൂടെ മൃഗബലികൾക്ക് അറുതിവന്നു. ആകയാൽ മൃഗോത്പന്നങ്ങൾ (ഉദാ. തുകലാൽ പൊതിയപ്പെട്ട ഗ്രന്ഥങ്ങൾ) ഒന്നും തന്നെ മദ്ബഹായിൽ ഉപയോഗിക്കുന്നില്ല (യാക്കോബായ സുറിയാനി സഭയിലെ നടപടിക്രമം).

(വിശുദ്ധ കൂദാശകളുടെ രാജ്ഞി, മാണി രാജൻ കോറെപ്പിസ്ക്കോപ്പാ. പേജ് 21-23).

ത്രോണോസിൽ കുരിശിനു പുറമേ മെഴുകുതിരികൾ ഉണ്ടായിരിക്കണം. ചിലർ 12 തിരിയും ചിലർ അതിൽ കുറവായ എണ്ണം തിരിയും വെയ്ക്കും. ഏതായാലും രണ്ടു തിരിയിൽ കുറവുവരാൻ പാടില്ല. നല്ല ശുദ്ധമായ തേന്മെഴുകുകൊണ്ടുള്ള തിരിയാണ് ത്രോണോസിന്മേൽ വയ്ക്കേണ്ടത്. ഇലക്ട്രിക് ബൾബുകൾ ചിലർ ത്രോണോസിന്മേൽ ഇണക്കാറുണ്ടെങ്കിലും മെഴുകുതിരി കത്തുന്ന പാരമ്പര്യമാണ് അഭികാമ്യമായി പലരും കരുതാറുള്ളത്. പള്ളിയിലെ പ്രതിദിനാരാധനയിൽ സന്ധ്യാ പ്രാർത്ഥന മുതൽ ത്രോണോസിൽ വടക്കു വശത്തായി ഒരു തിരിയും, സൂത്താറായിൽ 91-ാം മസുമൂറു മുതൽ ഇരു വശങ്ങളിലുമായി രണ്ടു തിരികളും കത്തിക്കുന്നു. രാത്രിപ്രാർത്ഥനയിൽ ഹാലേലുയ്യാ.... ദൈവമേ! നിനക്കു സ്‌തുതി എന്നതു മുതൽ ത്രോണോസിന്മേൽ ഒരു തിരി നിൽക്കുന്നു. സന്ധ്യയിലും, പ്രഭാതത്തിലും തിരി കത്തിച്ചിട്ട് അക്കൂട്ടത്തിൽ തിരശീല മാറ്റുന്നു. ഏവൻഗേല്യോൻ വായനസമയത്ത് പീഠത്തിന്മേൽ രണ്ടു തിരികൾ കത്തിക്കുന്നു. വിശുദ്ധ കുർബാന മേല്പോട്ട് ആഘോഷിക്കുമ്പോഴും, പടിഞ്ഞാറേയ്ക്ക് എഴുന്നെള്ളിക്കുമ്പോഴും ഇരുവശങ്ങളിലും കത്തിച്ച തിരികൾ പിടിക്കും. വിശുദ്ധ കുർബാന ത്രോണോസിന്മേൽ സ്ഥിരമായി വെച്ചിരിക്കുമ്പോൾ ത്രോണോസിൽ മെഴുകുതിരിയോ, വിളക്കിൽ തിരിയോ കത്തി നി‌ക്കേണ്ടതാണ്. അഗ്നി ദൈവീക സാന്നിദ്ധ്യത്തെയും ചൈതന്യത്തെയും സൂചിപ്പിക്കുന്നു.

(ശുശ്രൂഷാ സംവിധാന സഹായി, യൂഹാനോൻ മോർ സേവേറിയോസ്. പേജ് 24,25).

പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയിൽ എല്ലാ വിശുദ്ധ കൂദാശകളിലും ഒഴിച്ചു കൂടാനാവാത്ത ഒരു പാരമ്പര്യമാണ് കത്തിച്ച മെഴുകുതിരികൾ. വെളിച്ചമുണ്ടാകട്ടേ, എന്ന ആദ്യകല്പനയുടെ സൂചനയായി വിശുദ്ധ കുർബ്ബാനയുടെ ഒരുക്ക ശുശ്രൂഷയിൽ ഒരു തിരി തെളിയിക്കുന്നു. തുടർന്ന് പരസ്യആരാധനാസമയത്ത് 12 അപ്പൊസ്‌തലന്മാരെ ഓർമ്മിപ്പിച്ച് 12 തിരികൾ തെളിയിക്കുന്നു. കർമ്മേൽ പർവ്വതത്തിൽ ഏലിയാ പ്രവാചകൻ 12 പഴയനിയമ ഗോത്രപിതാക്കന്മാരെ ഓർമ്മിപ്പിച്ച് 12 കല്ലെടുത്തു യാഗപീഠം പണിതു. (1.രാജാക്കന്മാർ 18:31). വിശുദ്ധ കുർബ്ബാനാനന്തരം കർത്താവിൻ്റെ ദിവ്യസാന്നിദ്ധ്യ സൂചകമായി കത്തിച്ച ഒരു തിരി നിലനിർത്തിയിരിക്കുന്നതായും കാണാം. വിശുദ്ധ ത്രോണോസിന്മേൽ തിരുശരീരരക്തങ്ങൾക്കു അകമ്പടിയായി കത്തിച്ച മെഴുകുതിരികൾ നിലകൊള്ളുന്നു. തിരുശരീരരക്തങ്ങൾ പടിഞ്ഞാറോട്ട് എഴുന്നള്ളിക്കുമ്പോൾ കത്തിച്ച മെഴുകുതിരികൾ ഇടത്തും വലത്തുമായി ശുശ്രൂഷകരുടെ കൈകളിലേന്തി അനുഗമിക്കുന്നു. (1.രാജാക്കന്മാർ 22:19, 2.ദിനവൃത്താന്തം 18:18). അങ്ങനെ ആ സമയം വിശുദ്ധ ത്രോണോസുമുതൽ വിശുദ്ധ മദ്‌ബഹായുടെ പടിഞ്ഞാറുവരെ കത്തിച്ച മെഴുകുതിരികളുടെ നിര കാണാം. സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുംകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശമാകും. (വി.മത്തായി 25:1). ഈ സമയം ശുശ്രൂഷകർ മെഴുകുതിരി എടുക്കാതെ മൈക്രൊഫോൺ പിടിച്ചുകൊണ്ട് വൈദികനെ അനുഗമിക്കുന്നതും, ഇതിൽ പങ്കെടുക്കാതെ മദ്ബഹായിൽ മാറിനിൽക്കുന്നതും, അനുവദനീയമാണെന്നു കരുതുന്നില്ല. വിശുദ്ധ കുർബ്ബാന വിശ്വാസികൾക്കു നൽകുമ്പോൾ ദൈവീകസാന്നിദ്ധ്യ സൂചകമായി കത്തിച്ച മെഴുകുതിരിയുമായി ഒരു ശുശ്രൂഷകൻ വൈദികൻ്റെ സമീപമുണ്ടാകും.

പരിശുദ്ധ സഭയിലെ അഭിവന്ദ്യപിതാക്കന്മാരെ എതിരേൽക്കുന്നത് കത്തിച്ച മെഴുകുതിരികൾ നൽകിയാണ്. ബലിപീഠത്തിൽ കത്തിച്ചുവച്ചിരിക്കുന്ന മെഴുകുതിരികൾ ലേവ്യർ 6:13 ൽ യാഗപീഠത്തിന്മേൽ തീ എപ്പോഴും കത്തിക്കൊണ്ടിരിക്കേണം എന്നതിന്റെയും, വെളിപ്പാട് 4:5 ൽ ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴു ദീപങ്ങൾ സിംഹാസനത്തിൻ്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെയും, ആവർത്തനപുസ്‌തകം 4:12,15,33, 6:4,24 &26 ൽ യഹോവ തീയുടെ നടുവിൽനിന്നു അരുളിച്ചെയ്‌തു എന്നതിന്റെയും പ്രതീകമായി കരുതാം. അഗ്നി വെളിച്ചത്തെ സൂചിപ്പിക്കുന്നു. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ. (എബ്രായർ 12-29, ആവർത്തനം 4:24), യിസ്രായേലിന്റെ വെളിച്ചം ഒരു തീയായും അവൻ്റെ പരിശുദ്ധൻ ഒരു ജ്വാലയായും ഇരിക്കും. (യെശയ്യാവു 10:17, ന്യായാധിപന്മാർ 13:20) യഹോവയുടെ ദൂതൻ അഗ്നിജ്വാലയിൽ മോശക്കു പ്രത്യക്ഷനായി. (പുറപ്പാടു 3:2), യെഹെസ്കേൽ പ്രവാചകൻ കെബാർ നദീതീരത്തുണ്ടായ ദർശനത്തിലും തീയുടെ സാന്നിദ്ധ്യമുണ്ട്. (യെഹെസ്കേൽ 14,13,27). തീ അവന്നു മുമ്പായി പോകുന്നു. (സങ്കീ. 97:3). അഗ്നിജാല തൻ്റെ ശുശ്രൂഷകന്മാർ (സങ്കീ. 104:4, എബ്രായർ 27). യാഗപീഠത്തിൽ തീ. (ന്യായാധിപന്മാർ 13:20), യഹോവയുടെ സന്നിധി യിൽ സർവ്വഭൂമിയുടെയും കർത്താവിൻ്റെ സന്നിധിയിൽ പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു. (സങ്കീ. 97:5). തീയിങ്കൽ മെഴുക് ഉരുകുന്നതു പോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു. (സങ്കീ. 68:2, മീഖാ 1:4). ദൈവം വെളിച്ചം ആകുന്നു. (1.യോഹന്നാൻ 1:5). വിശുദ്ധ കുർബ്ബാനയാകുന്ന തീക്കട്ട (യെശയ്യാവു 6:6,7). തീയല്ലൊ-ഈ മദ്ബഹാ. (ദാനിയേൽ 7:9,10). മെഴുകുതിരിനാളം വെളിച്ചമുണ്ടാകട്ടെ എന്നു കല്പിച്ച പിതാവിനെയും (ഉല്പത്തി 13, പുറപ്പാട് 24:17), ഞാൻ ലോകത്തിൻ്റെ വെളിച്ചമാകുന്നു എന്നു കല്പിച്ച പുത്രനെയും (യോഹന്നാൻ 8:12, 9:5), പെന്തക്കൊസ്‌തുനാളിൽ ഏകദേശം 120 പേരുള്ള ഒരു സംഘം (120 = 10x12) കുടിയിരിക്കുമ്പോൾ അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകളുടെ രൂപത്തിൽ ശിഷ്യന്മാരുടെമേൽ ആവസിച്ച പരിശുദ്ധാത്മാവിനെയും (അപ്പോ.പ്രവൃത്തികൾ 2:3-4), എന്നിൽ വിശ്വസിക്കുന്നവൻ ഇരുളിൽ നടക്കുകയില്ല (വി.യോഹന്നാൻ 12:46), നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു (വി.മത്തായി 5:14), ജ്വലിച്ചു പ്രകാശിക്കുന്ന വിളക്ക് (വി.യോഹന്നാൻ 1:9, 5:35, ഫിലിപ്പിയർ 2:15, എഫെസ്യർ 5:8-10) എന്നീ കല്പനകൾ പ്രകാരം "ഒരു കൈത്തിരിപോൽ കത്തി എരിയുന്ന" നാം ഒരോരുത്തരെയും സൂചിപ്പിക്കുന്നു.

പരിശുദ്ധ പാത്രിയർക്കീസ്‌ ബാവായുടെ കല്പനകൾ, ശ്ലീഹാ എന്നിവ വായിക്കുമ്പോൾ ഒരു തിരിയും, വിശുദ്ധ ഏവൻഗേല്യോൻ വായിക്കുമ്പോൾ രണ്ടു തിരിയും കത്തിച്ചു പിടിക്കുന്നു. വിശുദ്ധ ത്രോണോസിന്മേൽ കത്തിച്ച തിരിയാണ് പിന്നീട് വിശുദ്ധ മാമോദീസ, ഭവന/വാഹനകൂദാശ, വിശുദ്ധ കുർബ്ബാനയുടെ പടിഞ്ഞാറോട്ടുള്ള എഴുന്നള്ളിപ്പ് തുടങ്ങി കല്ലറയ്ക്കൽ ധൂപപ്രാർത്ഥനയ്ക്കുവരെ ഉപയോഗിക്കുന്നത്. ആ തിരികളിൽ വിശുദ്ധ കുർബ്ബാനയുടെ അനുഗ്രഹമുണ്ട്. മെഴുക് പ്രകൃതിദത്തമാണ്. തിരിനിർമ്മാണം അനേകർക്കു തൊഴിൽ നൽകുന്നു. ബലിപീഠത്തിൽ കത്തിച്ചുവച്ചിരിക്കുന്ന ഓരോ മെഴുകുതിരിയും വെളിച്ചത്തോടൊപ്പം എരിഞ്ഞു തീരുന്ന ജീവിതത്തെയും കാണിക്കുന്നു. ബൾബ് പ്രകാശിപ്പിക്കുന്നത് വൈദ്യുതിയിൽ നിന്നാണെങ്കിൽ മെഴുകുതിരി കത്തിക്കുന്നത് പ്രകാശത്തിൽ നിന്നുള്ള പ്രകാശം" എന്നപ്രകാരം ഒരു തിരിയിൽ നിന്നും തീ മറ്റൊരു തിരിയിലേക്ക് പകർന്നാണ്. പ്രാർത്ഥനകൾ സ്വർഗ്ഗത്തിലേക്കെന്നപോലെ തീനാളങ്ങൾ എപ്പോഴും മുകളിലേക്കുയരുന്നു. അപ്പൊസ്‌തലന്മാർ കർത്താവിങ്കലേക്ക് നമ്മുടെ ശ്രദ്ധതിരിപ്പിക്കുന്നു എന്ന സൂചനപ്രകാരം ത്രോണോസിൻ്റെ പടികളിൽ മെഴുകുതിരികാലുകൾ ക്രമീ കരിക്കുന്നത് // \\ രൂപത്തിൽ ("A" twice, symbolizing Almighty Lord God (ഞാൻ ആകുന്നവൻ ഞാൻ ആകുന്നു) (പുറപ്പാട് 3:14)) വിശുദ്ധ കുരിശിങ്കലേക്ക് ചൂണ്ടുന്ന രീതിയിലാണ്. എന്നാൽ ഇന്ന് പല പള്ളികളിലും ഏതെങ്കിലുമൊക്കെ രീതികളിലാണ് മെഴുകുതിരികൾ ത്രോണോസിൽ ക്രമീകരിക്കുന്നതെന്നു കാണാം. തങ്ങളെ നിർത്തിയിരിക്കുന്ന സ്ഥാനത്ത് എരിഞ്ഞുതീരുവോളം കത്തിജ്വലിക്കുന്ന വിശ്വാസികളെയാണ് ഓരോ മെഴുകുതിരിയും സൂചിപ്പിക്കുന്നത്. മെഴുകുതിരി കത്തി തീർന്നുകഴിഞ്ഞു പുതിയതു മാറ്റിവയ്ക്കുന്നത് വിശ്വാസികളുടെ ഒരു തലമുറ മാറി അടുത്ത തലമുറ വരുന്നതിനെ സൂചിപ്പിക്കുന്നു. കാനോനികമായി, ത്രോണോസിൽ ഉപയോഗിച്ച വസ്‌തുക്കൾ കത്തിച്ചുകളയുകയോ മനുഷ്യർ ചവിട്ടാത്ത സ്ഥലത്ത് കുഴിച്ചുമൂടുകയൊ ചെയ്യേണ്ടതാണ്. കാരണം ത്രോണോസിൽ ഉപയോഗിക്കുന്നതിന്നു കൊണ്ടുവന്നതു എല്ലാം യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നതിനാൽ വിശുദ്ധമാകുന്നു. (സംഖ്യാ 16:38). എന്നാൽ ത്രോണോസിന്മേൽ ഫ്യൂസാകുന്ന ബൾബുകൾ പിന്നീട് എന്തു ചെയ്യുന്നു? അവ പരിസ്ഥിതിക്ക് കോട്ടംവരുത്തുമ്പോൾ മെഴുകുതിരികൾ എരിഞ്ഞ് സ്വയം ഇല്ലാതെയാകുന്നു.

എന്നാൽ ഇക്കാലത്ത് പല പള്ളികളിലും മെഴുകുതിരികൾ മാറ്റി പകരം വൈദ്യുതി ബൾബുകൾ ഉപയോഗിക്കുന്നതായി കണ്ടുവരുന്നു. ത്രോണോസിൽ ഒരു മെഴുകുതിരിപോലും കത്തിക്കാതെ 12 ബൾബുകൾ, 12 ബൾബുകളും 1/2 മെഴുകുതിരികളും ചേർത്ത് ആകെ 13 / 14 നാളങ്ങൾ, പിന്നെ വൈദ്യുതിയില്ലാത്തപ്പോൾ 2 മെഴുകുതിരികൾ മാത്രം തെളിയിച്ച് ഞായറാഴ്ച്ച വിശുദ്ധ കുർബ്ബാന അർപ്പിക്കുന്ന പള്ളികളും കാണുവാനിടയായി. ബലിപീഠത്തിൽ തീ കത്തിക്കാതെ വിശുദ്ധ ബലി അർപ്പിക്കാമോ? സുറിയാനി സഭയിൽ ഏഴു കൂദാശകളും നടത്തുന്നത് കുറഞ്ഞത് രണ്ടു കത്തിച്ച മെഴുകുതിരികളുടെ സാന്നിദ്ധ്യത്തിലാണ്. ബൾബുകൾ പരസ്‌പരം മാത്രമല്ല, മറ്റ് ഉപകരണങ്ങളുമായും പുറത്തുള്ള ടോയിലറ്റ്, ബാർ ഹോട്ടൽ തുടങ്ങിയ എല്ലായിടത്തെയും ഉപകരണങ്ങളുമായും വൈദ്യുതി മുഖാന്തിരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ പുറപ്പാട് 29:37 ലും 40:10 ലും 2.കൊരിന്ത്യർ 6:16,17 ലും യാഗപീഠം അതിവിശുദ്ധമായിരിക്കേണം എന്ന് എഴുതിയിരിക്കുന്നു. നമ്മുടെ കൈയിലുള്ള മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവയുമായി മറ്റൊരു മൊബൈൽ ഫോൺ/കമ്പ്യൂട്ടർ ബന്ധപ്പെട്ടാൽ അപ്പോൾതന്നെ അവയിലുള്ള വിവരങ്ങൾ എടുക്കുകയോ മാറ്റം വരുത്തുകയേയോ ചെയ്യുമല്ലൊ ഇങ്ങനെ തന്നെയാണ് അശുദ്ധിയും വിശുദ്ധിയും മെഴുകുതിരികൾ ഓരോന്നും സ്വതന്ത്രവും മറ്റുള്ളവയുമായി ബന്ധമില്ലാതെ വിശുദ്ധവുമാണ്.

ശവസംസ്കാരം ശുശ്രൂഷയിൽ ത്രോണോസിൽ ഒന്നിൽ മാത്രം തെളിയിക്കേണ്ട സ്ഥാനത്ത് 12 ബൾബുകളും തെളിയിക്കുന്നത്. ഒരുപക്ഷേ ഒറ്റ സ്വിച്ചിൽ എല്ലാ ബൾബുകളും പ്രകാശിക്കുന്നതു മൂലമാക്കാം. വിശുദ്ധ കുർബ്ബാനമദ്ധ്യേ വൈദ്യുതി പോകുമ്പോൾ ജനറേറ്റർ ഇല്ലെങ്കിൽ എന്തു ചെയ്യും? ആ സമയം വിശുദ്ധ ത്രോണോസിൽ ഒരു ബൾബ് ഫ്യൂസായാൽ ഉടൻതന്നെ പുതിയത് മാറ്റിയിടുമോ? തിരുശരീരരക്തങ്ങൾ ആഘോഷിക്കുമ്പോഴും പടിഞ്ഞാറോട്ട് എഴുന്നള്ളിക്കുമ്പോഴും ശുശ്രൂഷകർ മെഴുകുതിരികൾ കത്തിച്ചു പിടിക്കുന്നു. ഈ സമയം ഈ മെഴുകുതിരികൾ കത്തിക്കേണ്ടത് ബലിപീഠത്തിൽ കത്തിച്ചുവച്ചിരിക്കുന്ന മെഴുകുതിരികളിൽനിന്നുമാണ്, അല്ലാതെ തീപ്പെട്ടിയുരച്ചല്ല. എന്നാൽ ബലിപീഠത്തിൽ ബൾബുകളായാൽ ശുശ്രൂഷകർ എന്തു ചെയ്യും? കൂടാതെ ഈ സമയം ശുശ്രൂഷകർ കത്തിച്ച മെഴുകുതിരികളുമായി തിരുശരീരരക്തങ്ങൾക്ക് അഭിമുഖമായിട്ടാണ്, അല്ലാത പടിഞ്ഞാറോട്ടു തിരിഞ്ഞ് ജനങ്ങൾക്ക് അഭിമുഖമായിട്ടല്ല നിൽക്കേണ്ടത്.

നല്ല പാരമ്പര്യങ്ങൾ നിലനിർത്തേണ്ടതല്ലേ? ആധുനിക വാഹനങ്ങളുണ്ടായിട്ടും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ മൃതശരീരം പ്രമുഖവ്യക്തികളുടെ സാന്നിദ്ധ്യത്തിൽ, ലോകമെമ്പാടും തൽസമയം ടെലിവിഷനിൽ കാണുമ്പോൾ, കുതിരവണ്ടിയിലാണ് സംസ്കരിക്കുവാൻ കൊണ്ടുപോയത്. 2017-18 ലെ ബജറ്റിനു പാർലമെൻ്റിന്റെ സംയുക്തസമ്മേളനത്തിൽ പ്രസംഗിക്കുവാൻ ഭാരതത്തിന്റെ പ്രഥമപൗരൻ എത്തിയതും കുതിര വണ്ടിയിലാണ്. (01/02/2017 ദി ഹിന്ദുവും 28/01/24, 30/01/24 മലയാള മനോരമ യും കാണുക.) പരിശുദ്ധ സഭയിൽ ചിരട്ടക്കരിയും കുന്തുരുക്കവും കുരുത്തോലയും ഈ ആധുനികകാലത്തും ഉപയോഗിക്കുന്നുണ്ടല്ലോ.

ഈയിടെയായി പല പള്ളികളിലും മെഴുകുതിരികൾ നിറമുള്ള കവർ ഉപയോഗിച്ച് മറച്ചുപിടിക്കുന്നതായി കണ്ടുവരുന്നു. അതുകൊണ്ട് മെഴുകുതിരിയും തീനാളവും ഭാഗീകമായി മറഞ്ഞിരിക്കുന്നു. ഇത് വി.മത്തായി 5:35 നും വി.ലൂക്കോസ് 8:16811:33 നും (വിളക്കു കൊളുത്തീട്ടു ആരും അതിനെ പാത്രം കൊണ്ടു മൂടുകയോ) എതിരല്ലേ? വിളക്കു തണ്ടിന്മേൽ പ്രകാശിക്കണം.

മെഴുകുതിരികൾ ഒഴിവാക്കുന്നതു ലാഭം നോക്കിയെങ്കിൽ, സഭയുടെ പാരമ്പര്യത്തിലില്ലാത്ത കൊടിമര നിർമ്മാണ ചെലവിൻ്റെ പലിശയുടെ ഒരംശംമാത്രം മതി ഒരു വർഷത്തെ മെഴുകുതിരിയുടെ ചെലവിന് അല്ലെങ്കിൽത്തന്നെ പെരുന്നാളിനും വെടിക്കെട്ടിനും ദീപാലങ്കാരത്തിനും ചെലവാക്കുന്ന പണത്തിൻ്റെ കണക്കെത്ര? 120 കുടുംബങ്ങളുള്ള ഒരു ഇടവകയിൽ ഓരോ മാസവും ഓരോ വീട്ടുകാർ 12 തിരിവീതം നൽകിയാൽ, ഓരോരു ത്തരും 10 വർഷത്തിൽ ഒരിക്കൽമാത്രം നൽകിയാൽ മതിയല്ലോ.

വെളിച്ചെണ്ണ ഉപയോഗിച്ചു കത്തിക്കുന്ന തൂക്കുവിളക്കു പള്ളിയുടെ മദ്ധ്യത്തിലും കരിയും തീയും പുകയും ഉപയോഗിക്കുന്ന ധൂപക്കുറ്റി വിശുദ്ധ മദ്ബഹായിലും ഉപയോഗിക്കാമെങ്കിൽ, നിരവധി ദൈവീക സൂചനകളുള്ള 12 മെഴുകുതിരികൾ ത്രോണോസിൽ ഉപയോഗിക്കാമല്ലോ. മെഴുകുതിരി, വെളിച്ചെണ്ണ, കുന്തുരുക്കം എന്നിവ തീയും പുകയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, അവ സമർപ്പിക്കുന്നത് പഴയനിയമത്തിലെ ദഹനബലി, സുഗന്ധ ധൂപം എന്നിവയുമായും ചേർത്തു ചിന്തിക്കാം. മെഴുക് നമ്മുടെ ദേഹവും, തിരി ദേഹിയും, തീ ആത്മാവും, വെളിച്ചം നമ്മുടെ നല്ല പ്രവൃത്തികളുമായി കണക്കാക്കിയാൽ മെഴുകുതിരി സമർപ്പണം എന്ന നേർച്ച ഒരു ഹോമബലിയാണ്. അത് എന്നും നിലനിൽക്കട്ടേ. (വി.മത്തായി 5:16).

(സ്ഥിരമീ മദ്ബഹാ, സഖറിയാ കുര്യൻ മുണ്ടുകോട്ടയ്ക്കൽ റാന്നി. പേജ് 11-15).

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • എന്താണ് മൂന്ന് നോമ്പ്?
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • മൗനം വിദ്വാനു ഭൂഷണം.
  • സാറാഫുകൾ
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • പതിനെട്ടിട
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • ഷണ്ഡൻ്റെ മാനസാന്തരം.
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • വിശ്വാസ സംരക്ഷകരാവുക.
  • തിരുശേഷിപ്പുകളപ്പറ്റി
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • ജീവവൃക്ഷം. (Tree of life).
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • ഊറീമും തുമ്മീമും. (Urim and Thummim).
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • The first person to wear the Skimo "hood" was St.Antonios
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • ഉത്സവങ്ങൾ. (Feasts).
  • കല്ലട വല്യപ്പൂപ്പൻ.
  • വിശുദ്ധ ബൈബിൾ.
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • മൊഴിമാറ്റത്തിന്റെ കുഴി.
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • പൗരോഹിത്യ ശ്രേണികൾ.
  • ആദ്യജാതൻ. (Firstborn).
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved