Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).

ശുഭ ചിഹ്നം താൻ സ്ലീബാ
വിജയക്കൊടി താൻ സ്ലീബാ
നമ്മെ രക്ഷിച്ചീടും
സ്ലീബായിൽ പുകഴുന്നു നാം.

സുറിയാനി ഓർത്തഡോക്സ് സഭയെ സംബന്ധിച്ച് വിശുദ്ധ സ്ലീബാപ്പെരുന്നാൾ എന്നത് ഏറെ പ്രാധാന്യമുള്ള പെരുന്നാളാണ്. കോട്ടയത്തിനു വടക്കുഭാഗത്തുള്ള ചില പള്ളികളിൽ അവലും, മലരും, അരി വറുത്തതും, തേങ്ങയും, മറ്റും ചേർത്ത് നേർച്ച നടത്താറുണ്ട്. കൊയ്ത്തു കാലത്തു വരുന്ന പെരുന്നാളാകെയാൽ, ഈ പെരുന്നാളിന് 'പുത്തരിപ്പെരുന്നാള്‍' എന്നുകൂടി പേരുണ്ട്.

മത്തായി10:38. “തന്റെ ക്രൂശെടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല”.

കുസ്തന്തീനോപ്പോലീസിൽ ഏഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട 'ക്രോണിക്കോൺ പാസ്ക്കലി' (Chronicon Paschali) എന്ന കൃതിയിൽ യേശുക്രിസ്തുവിന്റെ സ്ലീബാ എ.ഡി.320 സെപ്റ്റംബർ 14-ാം തീയതി കണ്ടെടുത്തു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ലീബോ = കുരിശ്. ‘സ്ലീബാ’ എന്നത് ഇതിന്റെ വാമൊഴി പ്രയോഗമാണ്. റൂശ്മ = അടയാളം.

പൗരസ്ത്യ ക്രൈസ്തവ സഭാ വിശ്വാസ പാരമ്പര്യത്തിൽ ആവർത്തിച്ച് ഉപയോഗിക്കുന്ന ഒരു പദവും പ്രതീകവുമാണ് സ്ലീബാ. ‘ക്രൂശിതൻ’ (The Crucified One) എന്നാണ് സ്ലീബാ എന്ന സുറിയാനി വാക്കിന്റെ അർത്ഥം. മേല്പട്ടക്കാരുടെ കൈയിലെ സ്ലീബായോടൊപ്പം ഒരു ചുവന്ന തുണികൂടി ചേർത്തു വച്ചിരിക്കുന്നു. അവ ഒരുമിച്ച് ഉപയോഗിക്കുന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വൈദികർ സ്ലീബായുടെ പ്രതീകമാകുന്ന കുരിശ് ധരിക്കുകയും അത് വഹിക്കുകയും ചെയ്യണം.

(1) സ്ലീബായാകുന്ന കൊടി എന്നാണ്. കൊടി എപ്പോഴും വിജയത്തിന്റെയും സ്വത്വത്തിന്റെയും അടയാളവുമാണ്.

(2) ഔദ്യോഗികമായി ഉപയോഗിക്കുന്ന കുരിശിൽ ഒരു ഉൗറാറ ഉണ്ടായിരിക്കണം എന്നു നിർബന്ധണ്ട്. കുരിശിൽ കെട്ടിയിരിക്കുന്ന ചുവന്ന തുണിയാണ് ഊറാറ.

സ്ലീബാപ്പെരുന്നാള്‍ നാം കൊണ്ടാടുമ്പോള്‍ കര്‍ത്താവിന്റെ രക്ഷാകരമായ വീണ്ടെടുപ്പാണ് നാം സ്മരിക്കുന്നത്. ക്രൂശിലൂടെയുള്ള തന്റെ താഴ്ചയില്‍ ലോകത്തിനു പുതിയ മാര്‍ഗ്ഗം കാണിച്ചു തരുന്നു. “ക്രൂശോളം തന്നെ താഴ്ത്തി” ആ മനുഷ്യസ്നേഹം വരുവാനുള്ള ലോകത്തിന്റെ പുതിയ പ്രകാശമായി മാറുന്നു. സ്നേഹമാണ് ആ പുതിയ മാര്‍ഗ്ഗവും, പ്രകാശവും. മനുഷ്യ വര്‍ഗ്ഗത്തോടുള്ള അഭേദ്യമായ സ്നേഹം ക്രൂശിലൂടെ വെളിപ്പെടുത്തിയപ്പോള്‍, ആ ക്രൂശോളം താഴുവാനുള്ള ഒരാഹ്വാനവും കൂടിയാണ് സ്ലീബാപ്പെരുന്നാള്‍. 

കുരിശുവര.

ക്രൈസ്തവ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും എല്ലായ്പ്പോഴും ഉപയോഗിക്കുന്ന ഏറ്റവും ചെറിയ പ്രാർത്ഥനകളിലൊന്നാണ് 'കുരിശുവര' അഥവാ കുരിശടയാളം. പുതിയനിയമ കാലഘട്ടത്തിന്റെ ആരംഭം മുതൽതന്നെ ഈ പ്രാർത്ഥന നാം കാണുന്നുണ്ട്. വിശുദ്ധ ത്രിത്വത്തെ സ്മരിക്കുകയും പരിശുദ്ധ ത്രിത്വത്തിന് നമ്മെ സമർപ്പിക്കുകയും ചെയ്യുന്ന പ്രാർത്ഥനയാണ് കുരിശുവര.

ലഘുചരിത്രം.

എ.ഡി 230-ൽ സഭാചരിത്രകാരനായ തെർത്തുല്യനാണ് കുരിശടയാളം വരയ്ക്കുന്നതിനെക്കുറിച്ചുള്ള ആധികാരികമായ അറിവ് നൽകുന്നത്. 

മാമോദീസാർത്ഥികളെ അവരുടെ നെറ്റിത്തടത്തിൽ കുരിശടയാളം വരച്ചിരുന്നു എന്നാണ് തെർത്തുല്യൻ പഠിപ്പിക്കുന്നത്. വിശ്വാസികള്‍ ദൈവാലയത്തില്‍ പ്രവേശിക്കുമ്പോഴും, വിശുദ്ധ കുർബാന സ്വീകരിക്കുന്നതിനു മുമ്പും ശേഷവും, പ്രാര്‍ത്ഥിക്കുമ്പോഴും കുരിശു വരയ്ക്കുന്നു.

ഒന്നാം നൂറ്റാണ്ടിലെ റോമൻ ചക്രവർത്തിയായിരുന്ന ഹഡ്രിയാൻ ക്രിസ്തുവിന്റെ നാമം ഉന്മൂലനം ചെയ്യുവാൻ ക്രിസ്തുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം വീനസ് ദേവിയുടെ ക്ഷേത്രങ്ങൾ പണികഴിപ്പിച്ചിരുന്നു. കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മാതാവായിരുന്ന ഹെലേനി രാജ്ഞിയാണ് കാൽവരിയിലും ബെത്ലഹേമിലും നിർമ്മിക്കപ്പെട്ട വീനസ് ദേവിയുടെ ക്ഷേത്രങ്ങൾ മാറ്റി ദൈവാലയങ്ങൾ പണികഴിപ്പിച്ചത്. യേശുക്രിസ്തുവിനെ തറച്ച കുരിശ് കണ്ടെടുക്കണമെന്ന ആഗ്രഹവുമായി ഹെലേന രാജ്ഞി എൺപതാം വയസ്സിൽ പാലസ്തീനിൽ എത്തുകയും യൂദാസ് എന്നുപേരുള്ള ഒരു യഹൂദന്റെ സഹായത്താൽ അയാൾ കാണിച്ചുകൊടുത്ത കാൽവറിക്കുന്നിലെ ചപ്പുചവറുകൾ നീക്കിയപ്പോൾ മൂന്നു കുരിശുകൾ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇതിൽ ഏതാണ് യേശുവിനെ കുരിശിൽ തറച്ചതെന്ന് കണ്ടെത്തുക വളരെ പ്രയാസമായിരുന്നു. ഹെലേനി രാജ്ഞിയോടൊപ്പമുണ്ടായിരുന്ന ജറുസലേമിലെ മെത്രാനായിരുന്ന വിശുദ്ധ മക്കാറിയോസിന്റെ നിർദ്ദേശപ്രകാരം അതുവഴി കടന്നുപോയ ശവസംസ്‌കാര യാത്രയിലെ മൃതശരീരത്തിൽ കുരിശുകൾ മുട്ടിച്ചുനോക്കുവാൻ തീരുമാനിച്ചു. കർത്താവിനെ തറച്ച കുരിശ് മുട്ടിച്ചാൽ ജീവനുണ്ടാകും എന്ന് വിശുദ്ധ മക്കാറിയോസ് മെത്രാൻ വിശ്വസിച്ചു. മൃതസംസ്‌കാരയാത്ര നിർത്തി – രാജ്ഞിയും മെത്രാച്ചനും – പ്രാർത്ഥനയോടെ കുരിശുകൾ ഓരോന്നായി മുട്ടിച്ചു. മൂന്നാമത്തെ കുരിശ് മുട്ടിച്ചപ്പോൾ മൃതശരീരത്തിൽ ജീവനുണ്ടായി. (ജീവനുള്ളതും ജീവിപ്പിക്കുന്നതുമായ സ്ലീബായുടെ അടയാളത്താൽ മുദ്രയിടുമ്പോഴാണ് നമ്മുടെ കൂദാശകൾ പൂർത്തിയാകുന്നത്). മരിച്ച മനുഷ്യൻ ജീവനിലേക്ക് തിരിച്ചുവന്നു. വിശുദ്ധ ഹെലേനിയും മെത്രാനായ വിശുദ്ധ മക്കാറിയോസും ജനം മുഴുവനും ഭക്ത്യാദരങ്ങളോടെ അന്നുമുതൽ ആഘോഷപൂർവ്വം ഈ കുരിശിനെ പുതിയ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു. സെപ്റ്റംബർ 14 സ്ലീബാപ്പെരുന്നാളായി ആഘോഷിക്കാൻ തീരുമാനിച്ചു. യരുശലെമിലെ കൂറിലോസ് ഒരു പ്രസംഗത്തിൽ (ക്രി.വ.350) ഈ കുരിശ് യരുശലേമിലെ സഭയുടെ കൈവശമുണ്ടെന്നു പറയുന്നു.

വിശുദ്ധ സ്ലീബാ പെരുന്നാൾ.

സെപ്റ്റംബർ 14; രക്ഷാകരമായ വിശുദ്ധ സ്ലീബാ പെരുന്നാൾ. പരിശുദ്ധ സഭയുടെ പെരുന്നാളുകളിൽ ഏറ്റവും പ്രധാനപ്പെട്ടതും, ഇതിനാൽ മറ്റ് എല്ലാ പെരുന്നാളുകളും, വിശുദ്ധ ദിവസങ്ങളും പുതുക്കം പ്രാപിക്കുകയും ചെയ്യുന്നു. വിശുദ്ധ സ്ലീബായാൽ എല്ലാ വഴിപാടുകളും, വിശുദ്ധ രഹസ്യങ്ങളും പൂർത്തിയാക്കപ്പെടുകയും, നിറയ്ക്കപ്പെടുകയും, നാം ഏവരും മിശിഹായിൽ പുതിയ സൃഷ്ടികളായിത്തീരുകയും ചെയ്യുന്നു.

വിശുദ്ധ സ്ലീബായുടെ കണ്ടെത്തൽ.

ഇന്നേ ദിവസം വിശുദ്ധ സ്ലീബായുടെ ഓർമ്മ ദിവസമായിട്ടോ, പുതുക്കിയതിന്റെ  ദിവസമായിട്ടോ അല്ല നാം പഠിപ്പിക്കുന്നത്. മറിച്ച്, കുസ്തന്തീനോസ്പ്പോലീസ് ചക്രവർത്തിയുടെ അമ്മയായ വിശുദ്ധ ഹെലനി രാജ്ഞിയാൽ വിശുദ്ധ സ്ലീബാ കണ്ടെടുക്കപ്പെട്ട ദിവസമാകുന്നു. വിശുദ്ധ സ്ലീബാ എല്ലായിപ്പോഴും നമ്മുടെ ജീവിതത്തിൽ സജീവമായി നിലനിൽക്കുന്നു. ഉദാഹരണമായി നാം ദൈവാലയത്തിൽ പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് വിശുദ്ധ സ്ലീബായാണ്. നാം സ്ലീബാ വണങ്ങുകയും, മുത്തുകയും ചെയ്യുന്നു. വിശുദ്ധ മാമോദീസാ സമയത്ത് നാം റൂശ്മാ ചെയ്യപ്പെടുകയും, നമ്മുടെ ഭക്ഷണങ്ങളും, പാനീയങ്ങളും വിശുദ്ധ സ്ലീബായാൽ വാഴ്ത്തപ്പെടുകയും ചെയ്യുന്നു. നാം ഉറങ്ങുമ്പോഴും, ഉണരുമ്പോഴും കുരിശു വരയ്ക്കുവാനും മറക്കാറില്ല. ഇപ്രകാരം വിശുദ്ധ സ്ലീബാ നമ്മിൽ എല്ലായിപ്പോഴും ഇടപെടുന്നതിനാൽ അവ അഴുകുകയോ, ദ്രവിക്കുകയോ ചെയ്യുന്നില്ല. ഇതിനാൽ വിശുദ്ധ സ്ലീബായ്ക്ക് ഓർമ്മയോ, പുതുക്കമോ ആവശ്യമില്ല. സ്ലീബാ വിശുദ്ധമാണ്. അതുകൊണ്ടുതന്നെ സ്ലീബാ കൂദാശ ചെയ്യാറില്ല. അത് നാലു വശങ്ങളിലും ആഘോഷിച്ച് പ്രതിഷ്ഠിക്കുകയാണ് പതിവ്. ഒരു സ്ലീബായുടെ മുകളിൽക്കൂടി റൂശ്മാ ചെയ്യാനും പാടില്ല. (അതുകൊണ്ടാണ് വിവാഹ ശുശ്രൂഷയിലും മറ്റും  ഏവൻഗേല്യോൻ വായിക്കുമ്പോൾ സ്ലീബാ മാറ്റിയിട്ട് ഇരുവശത്തും മെഴുകുതിരി മാത്രമായി വയ്ക്കുന്നത്). സുറിയാനി സഭയിൽ ചരിത്രപരമായി രണ്ട് ഭാഗങ്ങളായിട്ടാണ് വിശുദ്ധ സ്ലീബായുടെ കണ്ടെത്തലിനെപ്പറ്റി വിവരിക്കുന്നത്.

രാജ്ഞിയായ ഫ്രൂത്തുനിക്കി (ܦܪܽܛܽܘ̇ܢܺܝܩܺܐ) യഹൂദരിൽ നിന്ന് വിശുദ്ധ സ്ലീബാ വീണ്ടെടുക്കുന്നു.

യെരുശലേമിന്റെ മെത്രാപ്പോലീത്തയായിരുന്ന മോർ യാക്കോബ് ശ്ലീഹാ, മോർ ആദായി ശ്ലീഹായ്ക്ക് എഴുതിയ എഴുത്തിൽനിന്ന് ഒമ്പതാം നൂറ്റാണ്ടിലെ പിതാവായിരുന്ന മൂശേ ബർ കീഫോ രേഖപ്പെടുത്തിയിട്ടുള്ളതാകുന്നു ഇത്. നമ്മുടെ കർത്താവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം മോർ ശെമവൂൻ പത്രോസ് ദൈവവചനം പ്രസംഗിക്കാനായി റോമിലേക്ക് പോവുകയും, തെബേരിയുസ് രണ്ടാമന്റെ (ܛܶܒܶܪܝܽܘ̇ܣ) സേവകനായിരുന്ന ക്ലാവുദിയുസിന്റെ  (ܩܠܰܘܕܺܝܽܘ̇ܣ) ഭാര്യ ഫ്രൂത്തുനിക്കി (ܦܪܽܛܽܘ̇ܢܺܝܩܺܐ) വിശുദ്ധ പത്രോസിൽനിന്ന് സുവിശേഷം ശ്രവിച്ച് വിഗ്രഹാരാധനയെ ഉപേക്ഷിച്ച് വിശുദ്ധ മാമോദീസാ ഏൽക്കുകയും ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും ചെയ്തു.

അവൾ കർത്താവിന്റെ അത്ഭുത പ്രവർത്തനങ്ങളെപ്പറ്റി കേട്ടപ്പോൾ അതെല്ലാം സംഭവിച്ച സ്ഥലങ്ങൾ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും, മോർ പത്രോസിന്റെ നിർദ്ദേശപ്രകാരം തന്റെ രണ്ട് പുത്രന്മാരോടും, പുത്രിയോടും കൂടി റോമായിൽ നിന്ന് യെരുശലേമിലേക്ക് പോവുകയും, മോർ യാക്കോബ് അവരെ അവിടെ സ്വീകരിക്കുകയും ചെയ്തു. മനുഷ്യാവതാര സ്ഥലങ്ങൾ കാണുന്നതിനിടയിൽ അവർ ഹേറോദോസിന്റെ കോട്ടയിൽ ന്യായവിസ്താര സ്ഥലങ്ങൾ കാണുന്ന സമയത്ത് ഗോഗുൽത്താമലയും കർത്താവിനെ നാട്ടിയ വിശുദ്ധ കുരിശും കാണുവാൻ ആഗ്രഹം പ്രകടിപ്പിച്ചു.

മറുപടിയായി മോർ യാക്കോബ് അതെല്ലാം യഹൂദരുടെ കൈവശമാണെന്നും നസ്രായരെ അവിടെ പ്രവേശിപ്പിക്കുകയോ, കാട്ടുകയോയില്ലാ എന്നും മറുപടി പറഞ്ഞു. എന്നാൽ അവളുടെ കല്പനയാൽ എല്ലാ അവകാശവും യാക്കോബിനും അവനോടൊപ്പമുള്ളവർക്കും ലഭിക്കപ്പെടുകയും അതിനുശേഷം അവർ യാക്കോബിനോടും മക്കളോടുമൊപ്പം ഖബറിൽ പ്രവേശിച്ചപ്പോൾ അവിടെ മൂന്ന് കുരിശുകൾ കണ്ടു. ഉടനടി ഒപ്പമുണ്ടായിരുന്ന പുത്രി യാതൊരു കാരണവും കൂടാതെ മരണപ്പെടുകയും, രാജ്ഞി അതീവ ദുഃഖത്തോടുകൂടി താനും തന്റെ  കുടുംബവും ഒരിക്കലും വിശ്വാസത്തിൽനിന്ന് മാറുകയില്ല എന്നും പുറജാതികളോടും, യഹൂദന്മാരോടുമൊപ്പം ചേരുകയില്ല എന്നും പ്രാർത്ഥിച്ചു. യാക്കോബ് ശ്ലീഹാ ഇത് കർത്താവിന്റെ ശിക്ഷയല്ല എന്നും അവന്റെ  ക്രൂശ് കണ്ടെത്തുവാനുള്ള മാർഗ്ഗം അവൻ തെളിയിച്ച് തന്നതാണെന്നും പറഞ്ഞു. അതിനുശേഷം രാജകുമാരിയുടെ മൃതശരീരം കർത്താവിന്റെ ക്രൂശിന്മേൽ കിടത്തുകയും തൽക്ഷണം അവൾ ജീവൻ പ്രാപിക്കുകയും ചെയ്തു.

രാജ്ഞിയുടെ കല്പനയാൽ വിശുദ്ധ സ്ലീബാ ഖബറിൽ നിന്നും എടുക്കുകയും മോർ യാക്കോബിന്നു കൈമാറുകയും, ഗോഗുൽത്താ മലയിൽ കർത്താവിന്റെ ഖബറിൽ ഒരു ദൈവാലയം പണിയുകയും ചെയ്തു. ഈ അത്ഭുത പ്രകാരം വളരെ ആളുകൾ മിശിഹായിൽ വിശ്വസിച്ചു. രാജ്ഞി തിരിച്ച് റോമിൽ എത്തിച്ചേർന്നപ്പോൾ നടന്ന എല്ലാ സംഭവങ്ങളും ക്ലാവുദിയുസിനെയും, മോർ പത്രോസിനെയും ധരിപ്പിച്ചു. ഇതെല്ലാം കേട്ടുകഴിഞ്ഞപ്പോൾ ക്ലാവുദിയോസ് റോമിൽ നിന്നും, ഇറ്റലിയിൽ നിന്നും എല്ലാ യഹൂദന്മാരെയും പുറത്താക്കാൻ കല്പന പുറപ്പെടുവിച്ചു. മോർ യാക്കോബ് നടന്ന സംഭവങ്ങളെല്ലാം വിശദമായി എഴുത്തുകൾ മൂലം എല്ലാ ശ്ലീഹന്മാരെയും അറിയിക്കുകയും, തന്മൂലം ഈ ചരിത്രം മോർ ആദായി ശ്ലീഹായുടെ കൈവശം ലഭിക്കുകയും ചെയ്തു.

വിശുദ്ധ സ്ലീബാ രണ്ടാമതും യഹൂദരുടെ കൈവശം എത്തപ്പെടുന്നു.

രാജാവായിരുന്ന തർയാനൂസിന്റെ (ܛܰܪܝܰܢܽܘܣ)   ക്രിസ്തീയ വിരോധം മൂലം മിശിഹായിലുള്ള വിശ്വാസം സ്വീകരിക്കുന്നവർക്ക് രാജഭരണാധികാരിയായിരുന്ന നിക്തോ (ܢܺܝܩܛܳܐ) മരണശിക്ഷ വരെ നൽകിയിരുന്നു. ഇത് യഹൂദന്മാർക്ക് വളരെ അനുകൂലമായ അവസരമായി വരുകയും, മോർ യാക്കോബിനുശേഷം യെരുശലേമിന്റെ മെത്രാപ്പോലീത്തയായ ക്ലേയുഫായുടെ (ܩܠܶܝܽܘ̇ܦܰܐ) മകൻ ശെമവുനെ (ܫܶܡܥܽܘܢ) അവർ വളരെയധികം പീഡിപ്പിക്കുകയും അവന്റെ പക്കൽ നിന്ന് യഹൂദന്മാർ വിശുദ്ധ സ്ലീബാ വീണ്ടും കൈവശമാക്കുകയും, ക്രിസ്ത്യാനികൾ വിശുദ്ധ സ്ലീബായെ വന്ദിപ്പാതിരിപ്പാൻ ഒരു വലിയ ആഴത്തിൽ അവയെ മറയ്ക്കുകയും ചെയ്തു.

മോർ യാക്കോബിന്റെ കാലം മുതൽ വിശുദ്ധ ഹെലനി രാജ്ഞി ജീവനുളള വിശുദ്ധ സ്ലീബാ രണ്ടാമത് കണ്ടെടുക്കുന്നത് വരെയുള്ള അതിപീഡന കാലത്ത് പതിനഞ്ചു  മെത്രാപ്പോലീത്തന്മാർ യെരുശലേമിൽ പരിശുദ്ധ സഭയെ ശുശ്രുഷിച്ചു. അവർ എല്ലാവരും യഹൂദ മതത്തിൽ നിന്ന് ക്രിസ്തീയവിശ്വാസം സ്വീകരിച്ചവരായിരുന്നു. അവർ മോർ യാക്കോബ്, മോർ ശെമവൂൻ, മോർ യൂസീഫൂസ്, മോർ സാഖായ്, മോർ തുബയോ, മോർ ബന്യാമിൻ, മോർ യൂഹാനോൻ, മോർ മത്തായി, മോർ ഫീലിപ്പോസ്, മോർ ദീവന്ന്യാസിയോസ്, മോർ യുസ്തോസ്, മോർ ലേവി, മോർ അഫ്രേം, മോർ ജോസഫ്, ഹെലനി രാജ്ഞി വി.സ്ലീബാ കണ്ടെടുക്കോബോഴുളള മോർ കുറിയാക്കോസ് എന്നിവരാണ്.

ഹെലനി രക്ഷാകരമായ വിശുദ്ധ സ്ലീബാ രണ്ടാമത് കണ്ടെടുക്കുന്നു.

കുസ്തന്തീനോസ് ചക്രവർത്തിയുടെ ഏഴാം സംവത്സരത്തിൽ. ബർബേറിയന്മാർ ആക്രമിക്കുവാൻ വന്നപ്പോൾ അവൻ അവർക്കെതിരെ സേനയെ ഒരുക്കുകയും, ആ രാത്രിയിൽ വിശുദ്ധ സ്ലീബാ അടയാളത്താൽ നീ ജയം പ്രാപിക്കും എന്നുള്ള ദർശനം മൂലം അവൻ വിശുദ്ധ സ്ലീബായെ തന്റെ  സൈനിക അടയാളമാക്കുകയും യുദ്ധത്തിൽ വിജയം പ്രാപിക്കുകയും ചെയ്തു. അതിനുശേഷം റോമായിലെ ബിഷപ്പായിരുന്നു മോർ യൗസേബിയോസിനെ വരുത്തി മിശിഹായുടെ അവതാര രഹസ്യവും, രക്ഷയെയും പറ്റി കേൾക്കുകയും, വിശ്വസിക്കുകയും, മാമോദീസാ ഏൽക്കുകയും ചെയ്തു. തന്റെ അമ്മയായ ഹെലനിയെ മോർ യൗസേബിയോസിനൊപ്പം അയച്ച് വിശുദ്ധ സ്ലീബാ വീണ്ടെടുക്കുകയും, എല്ലാ വർഷവും സെപ്റ്റംബർ 14-ന് അതിന്റെ ആഘോഷം നിജപ്പെടുത്തുകയും, അങ്ങനെ സഭയുടെ പീഡനകാലം താൽക്കാലികമായി അവസാനിക്കുകയും ചെയ്തു.

വിശുദ്ധ സ്ലീബാ സുറിയാനി സഭയിൽ.            

വിശുദ്ധ സ്ലീബാ വന്ദനവിനെ പലപ്പോഴും  'വിഗ്രഹാരാധന' എന്ന് തെറ്റായി വ്യാഖ്യാനിക്കുകയും സത്യവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പ്രവണത വളരെ കാലമായി നമ്മുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത് കേവലം തർജ്ജമയിലുളള ഭാഷയുടെ പരിമിതി മൂലമാണ് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു കാരണം മലയാളത്തിൽ 'ആരാധിക്കുക', 'വന്ദിക്കുക', 'ബഹുമാനിക്കുക', 'വണങ്ങുക' തുടങ്ങിയ വാക്കുകൾക്ക് തത്തുല്യമായി സുറിയാനിയിൽ സ്ഗേദ് (ܣܓܕ) എന്ന ഒരു വാക്ക് ഉപയോഗിക്കുകയും ഇത് സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രയോഗിക്കുകയും ചെയ്യുന്നു. സങ്കുചിതമനസ്ക്കരും, ദുഷ്ടലാക്കുള്ളവരും ഈ ഭാഷാപരിമിതിയിലൂടെ വിശുദ്ധ സ്ലീബായെ അപമാനിക്കുവാനും, വിശ്വാസികളെ സംശയബുദ്ധികളാക്കി തീർക്കുവാനും ശ്രമിക്കുന്നു. ആയതിനാൽ, നാം വിശുദ്ധ സ്ലീബായെ വന്ദിക്കുന്നു എന്ന് പറയുമ്പോൾ അതിന്റെ  നിർമ്മാണ വസ്തുക്കളായ സ്വർണ്ണത്തേയോ, വെള്ളിയേയോ, മരത്തേയോ, കല്ലിനേയോ അല്ല, മറിച്ച് നമ്മുടെ ആത്മീയ കണ്ണുകളാൽ കാണപ്പെടുന്ന മശിഹായെയാകുന്നു നാം വണങ്ങുകയും, ആരാധിക്കുകയും ചെയ്യുന്നത്.

ആദാം പറുദീസായിൽ നിന്ന് പുറത്തായത് വൃക്ഷം (അറിവിന്റെ വൃക്ഷം) മൂലമാണ് അതുകൊണ്ട് വൃക്ഷത്തിലൂടെ (വിശുദ്ധ സ്ലീബാ) തന്നെ അവൻ പറുദിസായിലേക്കുള്ള പ്രവേശനത്തിന് യോഗ്യനായിത്തീർന്നു. ആദാം ഏതിനാൽ പറുദീസയിൽനിന്ന് അടർത്തിയെടുക്കപ്പെട്ടുവോ അതിനാൽ തന്നെ ചേർക്കപ്പെട്ടു. ആദാമിനെ ഓടിച്ച മരം തന്നെ ആ മരത്തെ തകർത്തു.

ജീവനുള്ള സ്ലീബാമൂലം വിഗ്രഹാരാധനയിൽക്കൂടെയുള്ള മാലിന്യം തുടച്ചുനീക്കുകയും ത്യാഗത്തിലൂടെയും, സഹനത്തിലൂടെയും ലോകത്തിന്റെ അഹങ്കാരത്തെ കെടുത്തിക്കളയുകയും ചെയ്യുന്നു (കൊലോ. 2:15). കർത്താവിന്റെ സന്നിധിയിലേക്ക് തന്റെ സൃഷ്ടിയെ ചേർക്കുന്ന പാതയാകുന്നു വിശുദ്ധ സ്ലീബാ (യോഹ 12:32). ഇത് ഈ ലോകത്തിന്റെ മഹിമയുടെയും പുകഴ്ചയുടെയും മാർഗ്ഗത്തിന് വിപരീതവുമാകുന്നു.

സാധാരണയായി സുറിയാനി പാരമ്പര്യത്തിൽ 'ജീവനുള്ള', 'വിശുദ്ധ', 'രക്ഷാകരമായ', 'വിജയ' തുടങ്ങിയ നാമവിശേഷണത്തോടു കൂടിയല്ലാതെ വിശുദ്ധ സ്ലീബായെ സംബോധന ചെയ്യാറില്ലാത്തതും, വിശുദ്ധ സ്ലീബാപ്പെരുന്നാളിന് പരിശുദ്ധരുടേയും, സഹദേന്മാരുടെയും ഓർമ്മയിൽ സാധാരണ ഉപയോഗിക്കുന്ന എട്ടാം നിറം ഉപയോഗിക്കുന്നതുകൊണ്ടും ജീവനുള്ള സ്ലീബായ്ക്ക് നമ്മുടെ സഭ ഒരു 'വ്യക്തിത്വം' നൽകിയിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. മൂശേ ബർ കീഫോയുടെ വ്യാഖ്യാനത്തിൽ പരിശുദ്ധ സഭയിൽ വിശുദ്ധ മാതാവിന്റെതുൾപ്പടെ സകല വിശുദ്ധരെക്കാളും പ്രഥമസ്ഥാനം കർത്താവിന്റെ രക്ഷാകരമായ സ്ലീബായ്ക്ക് നൽകുന്നു.

തെർത്തുല്ല്യൻ പഠിപ്പിക്കുന്നതനുസരിച്ച് നമ്മുടെ എല്ലാ പ്രവർത്തനങ്ങളും കുരിശുവരച്ച് ആരംഭിക്കുന്നു. യാത്രയ്ക്ക് പോകുമ്പോഴും വരുമ്പോഴും ഭക്ഷണം കഴിക്കുന്നതിന് മുമ്പും പിമ്പും, തുടങ്ങി ചെരുപ്പ് ഊരുമ്പോഴും ധരിക്കുമ്പോഴും നാം കുരിശു വരയ്ക്കണമെന്ന് തെർത്തുല്ല്യൻ പഠിപ്പിക്കുന്നു.

ആദ്യനൂറ്റാണ്ടുകൾ മുതലേ കുരിശടയാളം ക്രൈസ്തവ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും അവിഭാജ്യ ഘടകമായിരുന്നു. വിശുദ്ധരായ അബ്രോസ്, അഗസ്റ്റിൻ, മാർ അഫ്രേം, ജോൺ ക്രിസോസ്റ്റോം, സിറിൾ തുടങ്ങിയവർ കുരിശടയാളത്തെക്കുറിച്ച് പഠിപ്പിച്ചിട്ടുള്ള ആദ്യകാല സഭാപിതാക്കന്മാരാണ്.

സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.

സിറിയൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാപ്പെരുന്നാളിന് ജനനപ്പെരുന്നാൾ ക്രമത്തിലെപ്പോലെതന്നെ തീജ്വാല ശ്രുശ്രൂഷ നടത്താറുണ്ട്. സുറിയാനിയിലും  മലയാളത്തിലുമുള്ള ക്രമങ്ങൾ മലങ്കരയിലുമുണ്ട്. ചില പള്ളികളിൽ ഇത് നടത്തിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഏതെങ്കിലും പള്ളിയിൽ ഈ ശുശ്രൂഷ നടത്താറുണ്ടോ എന്നുമറിയില്ല. അറിവില്ലായ്മ കൊണ്ട് വിട്ടുപോയതാണോ അതോ അറിവുണ്ടായിട്ടും അവഗണിച്ചതാണോ എന്നും നിശ്ചയമില്ല.

ഈ പെരുന്നാളിൻ്റെ ആചാരമായി, വിശുദ്ധ കുരിശിൻ്റെ കണ്ടെത്തലിൻ്റെ വാർത്ത എല്ലാഭാഗങ്ങളിലേകും അറിയിക്കുവാൻ വേണ്ടി തീ കൂട്ടുവാൻ തന്റെ സൈനികരോട് ഹെലേനി രാജ്ഞി ഉത്തരവിട്ടതിന്റെ സ്മരണയ്ക്കായി തീ കൊളുത്തുന്ന ഒരു പാരമ്പര്യമുണ്ട്. "യരുശലേമിലേക്കുള്ള യാത്രാമധ്യേ, അവൾ തന്റെ സേവകരെ ഒരോ പർവ്വതങ്ങളിലും നിർദ്ദേശങ്ങൾ നൽകി നിറുത്തി. കുരിശ് കണ്ടെടുത്തപ്പോൾ അടുത്തുള്ള ഒരു പർവ്വതത്തിന് മുകളിൽ തീ കത്തിക്കാൻ അവൾ തന്റെ സേവകരോട് ആജ്ഞാപിച്ചു. ഈ തീ ദർശിച്ച അടുത്ത പർവ്വതങ്ങളിൽ തങ്ങിയ സേവകർ മറ്റൊരു തീ കത്തിച്ചു. ഈ രീതിയിൽ വിശുദ്ധ സ്ലീബാ കണ്ടെത്തിയ വാർത്ത തലസ്ഥാനമായ കുസ്തന്തിനോസ്പ്പോലീസിലെത്തി. ഈ പെരുന്നാളിന്റെ തലേന്ന് ദൈവാലയത്തിൽ ഒത്തുചേർന്ന് വിശ്വാസികൾ തീ കൂട്ടുകയും അതിൽ നിന്നും തീ പകർന്നു മെഴുകുതിരികൾ കത്തിച്ചു ആഘോഷമായി പ്രദക്ഷിണം നടത്തുകയും ചെയ്യുന്നു. (മലങ്കരയിൽ ഈ രീതി ഇല്ലെങ്കിലും സുറിയാനിക്കാരായ നമ്മുടെ സഭാംഗങ്ങൾ ഇപ്പോഴും ഇത് ചെയ്യുന്നുണ്ട്). സ്ലീബാപ്പെരുന്നാൾ ദിവസം വിശുദ്ധ കുർബാനയും വിശുദ്ധ സ്ലീബാ ഏന്തിയുള്ള പ്രദക്ഷിണവും നാലു ഭാഗങ്ങളിലേക്കുമുള്ള സ്ലീബാ ആഘോഷവും ആരാധനക്രമപരമായി സഭയിലുണ്ട്.

അറിയാത്തവർക്കായി ഈ ശുശ്രൂഷയുടെ ലിങ്ക് അയക്കുന്നു.

ഉപസംഹാരം.

നമ്മുടെ കർത്താവിന്റെ വിജയ സ്ലീബാ സഭയിൽ സമാധാനവും, ഭവനങ്ങൾക്കും, ദൈവീക അധ്വാനങ്ങൾക്കും വാഴ്വുകളും, ആകൽക്കറുസായിൽനിന്ന് ദൈവ സൃഷ്ടിയെ മറയ്ക്കുന്ന കോട്ടയുമായിത്തീരണമേ. ആമ്മീൻ.

റഫറൻസ്.

Mor Severus Moses Bar Kipho, ‘The Book of Sermons’.
Severos Jacob Bartella, ‘The Book of Treasures’.
വിശുദ്ധ സ്ലീബാ പെരുന്നാൾ, പെങ്കീസാ നമസ്കാരം.
ഗബ്രിയേൽ റമ്പാൻ, മോർ ഔഗേൻ ദയറാ.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • സംഗീതം എന്ന ഔഷധം. Music Therapy
  • നസ്രാണിപ്പട
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • കർത്തൃപ്രാർത്ഥന.
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • കുമ്പിടീൽ
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • 'ശക്രോ'
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • പെസഹാ പെരുന്നാള്‍
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • വിശുദ്ധ മദ്ബഹാ.
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • സ്തൗമെൻകാലോസ്.
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • ഷണ്ഡൻ്റെ മാനസാന്തരം.
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • വലയ വെള്ളിയാഴ്ച
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • ക്നാനായകാർ.
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • കല്ലേറ്
  • തിരുശേഷിപ്പുകളപ്പറ്റി
  • ആരാണു നിന്റെ സുഹൃത്ത്

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved