മോശ എപ്പോഴും ദൈവ സാന്നിധ്യം ആഗ്രഹിച്ച വ്യക്തിയായിരുന്നു. ദൈവം മോശയോടു ജനത്തെ നീ നയിച്ചു കൊണ്ടുപോകുക എന്നു പറഞ്ഞു. അതിനു മോശ ദൈവത്തോടു പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക.
"അവൻ അവനോടു: തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ. പുറപ്പാടു 33:15.
ദൈവീകപ്രമാണങ്ങൾ വെറുതെ ലഭിക്കയില്ല. ദൈവസന്നിധിയിൽ ഇരുന്നാലെ പ്രമാണങ്ങൾ എഴുതി കിട്ടുകയുള്ളൂ. ആദ്യം ദൈവീക പ്രമാണങ്ങൾ എഴുതി കിട്ടുവാൻ മോശ നാല്പതു രാവും പകലും യഹോവയുടെ കൂടെ ഇരുന്നു. അതിന്റെ പ്രതിഫലമായി യഹോവ പ്രമാണങ്ങൾ എഴുതിക്കൊടുത്തു. ജനം തങ്ങളുടെ സ്വർണ്ണം കൊണ്ടു കാളകുട്ടിയെ വാർത്തുണ്ടാക്കി അതിനെ കുമ്പിടുന്നതു കണ്ടപ്പോൾ മോശയുടെ കോപം ജ്വലിച്ചു.
"അവൻ പാളയത്തിന്നു സമീപിച്ചപ്പോൾ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു അവൻ പലകകളെ കയ്യിൽനിന്നു എറിഞ്ഞു പർവ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു. പുറപ്പാടു 32:19.
കോപം വന്നപ്പോൾ മോശ ചെയ്യരുത്തതാണു ചെയ്തതു. ദൈവം എഴുതി തന്ന കല്പലകൾ എറിഞ്ഞുടച്ചു. എന്നാൽ മോശ വീണ്ടും ദൈവസന്നിധിയിലേക്കു കയറിച്ചെന്നു. വീണ്ടും നാല്പതു രാവും നാല്പതു പകലും യഹോവയുടെ കൂടെ ഇരുന്നു. ഫലമോ? ദൈവം മോശ കൊണ്ടുവന്ന കല്പലകകളിൽ പ്രമാണം എഴുതി കൊടുക്കുന്നു. ദൈവസന്നിധിയിൽ ഇരുന്നപ്പോൾ മോശയുടെ ത്വക് പ്രകാശിക്കുന്നു. ഇരുളടഞ്ഞ നമ്മുടെ ജീവിതങ്ങൾ ദൈവസാന്നിധ്യം കൊണ്ടാണു പ്രകാശപൂരിതമാകുന്നതു. പാപം ചെയ്ത വ്യക്തി അനുതപിച്ചു തിരിച്ചുവന്നാൽ അവരോടു ദൈവം നിശ്ചയമായും ക്ഷമിക്കും. യഹോവ കല്പലകകളെ എഴുതിക്കൊടുത്തതിനു ശേഷം തന്നെത്തന്നെ ദൈവം മോശക്കു വെളിപ്പെടുത്തി കൊടുത്തു.
"യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ. പുറപ്പാടു 34:6,7.
മോശ വീണ്ടും ജനത്തിനു വേണ്ടി യഹോവയുടെ സന്നിധിയിൽ സാഷ്ടാംഗം വീണു പ്രാർത്ഥിക്കുന്നു.
"കർത്താവേ, നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ കർത്താവു ഞങ്ങളുടെ മദ്ധ്യേ നടക്കേണമേ. ഇതു ദുശ്ശാഠ്യമുള്ള ജനം തന്നേ എങ്കിലും ഞങ്ങളുടെ അകൃത്യവും പാപവും ക്ഷമിച്ചു ഞങ്ങളെ നിന്റെ അവകാശമാക്കേണമേ എന്നു പറഞ്ഞു.പുറപ്പാടു 34:9
യഹോവ മോശെയോടു പറഞ്ഞു.
"പാലും തേനും ഒഴുകുന്ന ദേശത്തേക്കു തന്നേ, പോകുവിൻ. ഞാൻ ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; പുറപ്പാടു 33:2
"പിന്നെ യഹോവ എന്നോടു: നീ എഴുന്നേറ്റു യാത്രപുറപ്പെട്ടു ജനത്തിന്നു മുന്നടക്ക; അവർക്കു കൊടുക്കുമെന്നു ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശം അവർ ചെന്നു കൈവശമാക്കട്ടെ എന്നു കല്പിച്ചു. ആവർത്തനം 10:11.
ദൈവം മോശയോടു ജനത്തിന്റെ മുമ്പേ നടക്കുവാൻ പറഞ്ഞു. ഇന്നു എത്രപേർ ദൈവീക ശക്തിയാൽ ദൈവം അയക്കുന്ന ദൂതനെ അനുഗമിച്ചു നടക്കും. നമ്മുടെ കുടുംബത്തെ നയിക്കുവാൻ നാം മുമ്പേ നടക്കുമോ? ഇന്നു ദൈവത്തിന്റെ ശുശ്രൂഷകൾ കൂടുതൽ വേണ്ടതു നമ്മുടെ കുടുംബങ്ങളിലല്ലേ? നമ്മുടെ പൂർവ്വപിതാക്കന്മാരുടെ കാലത്തു അവർ നമ്മുക്കു മുമ്പേ നടന്നു. നാം നടക്കേണ്ട പാത അവർ കാണിച്ചുതന്നു. ഗൃഹനാഥൻ രാവിലേയും രാത്രിയും കുഞ്ഞുങ്ങളെ പായയിൽ ഇരുത്തി വേദപുസ്തകം വായിക്കുകയും വേദഭാഗങ്ങൾ പങ്കിടുകയും സ്വർഗ്ഗീയ ഗാനങ്ങൾ ആലപിച്ചു ദൈവത്തെ സ്തുതിക്കയും ആരാധിക്കയും ചെയ്തിരുന്ന കാലഘട്ടങ്ങൾ. പല കുടുംബങ്ങളിലും ഇന്നു രണ്ടു നേരമുള്ള പ്രാർത്ഥനകൾ ക്ഷയിച്ചു ഒരു നേരമായി. നാം നമ്മുടെ കുടുംബത്തിൽ മുൻപേ നടക്കണം. ദൈവസന്നിധിയിൽ ഇരുന്നാൽ പ്രമാണങ്ങൾ എഴുതിക്കിട്ടും. മോശ ദൈവസന്നിധിയിൽ വസിച്ചു. പ്രമാണങ്ങൾ കിട്ടി. കുടുംബം മുഴുവനും ദൈവസന്നിധിയിൽ ഇരിക്കണം.
വചനം വായിക്കണം. ഗ്രഹിക്കണം. ഒരല്പസമയം വചനത്തെ കുറിച്ചു മാതാപിതാക്കൾ മക്കൾക്കു
പറഞ്ഞു കൊടുക്കണം.
"ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
ആവർത്തനം 6:6,7.
ദൈവീക വചനങ്ങൾ ചെറുപ്പത്തിലെ എഴുതി കിട്ടിയ കുഞ്ഞുങ്ങൾ എവിടെ പോയാലും നഷ്ടപ്പെട്ടുപോകയില്ല. കാരണം അവരുടെ ഹൃദയങ്ങളിൽ ആ വചനങ്ങൾ
എഴുതപ്പെട്ടിരിക്കുന്നു. അവരുടെ മുഖം എപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കും.
"അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല". 34-ാം സങ്കീർത്തനം 5-ാം വാക്യം.
ഇന്നത്തെ അവസ്ഥയിൽ നാമായിരിക്കുന്നതു നമ്മുക്കു മുമ്പേ നടക്കുവാൻ നമ്മുടെ പൂർവ്വികർ ഉണ്ടായിരുന്നതു കൊണ്ടാണ്. അവരുടെ കൈവശം പ്രമാണങ്ങൾ ഉണ്ടായിരുന്നതു കൊണ്ടാണ്. ആ പ്രമാണങ്ങൾ നമ്മുക്കു കൈമാറിയതു കൊണ്ടാണ്. മോശയോടു ദൈവം ജനത്തിന്റെ മുമ്പാകെ നടക്കാൻ പറഞ്ഞു. യോശുവായും ജനത്തിന്റെ മുമ്പാകെ നടന്നു. ദൈവസാന്നിധ്യത്താൽ ത്വക് പ്രകാശിക്കണം. ആ പ്രകാശം ഭവനത്തേയും സമൂഹത്തേയും നയിക്കണം. ദൈവം അനുവദിച്ച ഈ പ്രതിസന്ധികളിൽ ഓരോ ഭവനങ്ങളും ദൈവത്തിന്റെ വിശുദ്ധ പ്രമാണങ്ങൾ അനോന്യം കൈമാറുന്ന, കാത്തുപരിപാലിക്കുന്ന വിശുദ്ധ ആലയങ്ങളായി മാറട്ടേ... നമ്മുടെ ശരീരവും...
"നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.
1.കൊരിന്ത്യർ 3:16,17.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ. പട്ടാഴി.