പാപം അറിയാത്തവനെ പാപിയാക്കി (2.കൊരി 5:21) എങ്ങനെ? എന്നതാണ്. യഹൂദനായ മത്തായി അബ്രഹാമിന്റെ മേലുള്ള വാഗ്ദത്വവും വിടുതലുമെങ്കിൽ വിജാതീയനായ ലൂക്കോസ് ആദമിൽ തുടങ്ങി (ലൂക്കോസ്-3).
ആദം.
ദൈവത്തിന്റെ മകൻ - ദൈവത്തെ കൂടാതെ ദൈവത്തെപ്പോലെ ആകാൻ ഭാര്യയ്ക്കു സാത്താൻ പറഞ്ഞുകൊടുത്ത മാർഗ്ഗത്തിന് കൂട്ട് നിന്നു. സ്വയം ദൈവസന്നിധിയിൽ നിന്ന് ഓടിഒളിച്ചു. അനുസരണക്കേട് കാണിച്ചത് ചോദിച്ചപ്പോൾ - ഞാനല്ല അവളാണ് - അവളെ എനിക്ക് തന്നത് നീയാണ് - എന്നു പറഞ്ഞ് പാപത്താൽ തന്റെ പൗരുഷം ഉടഞ്ഞുപോയി എന്നു വെളിപ്പെടുത്തി.
ദാവീദ്.
അവൻ ജനിക്കുന്നതിന് എട്ട് വർഷം മുമ്പ് ദൈവത്തിന്റെ ഹൃദയപ്രകാരമുള്ളവൻ എന്നു ദൈവം പറഞ്ഞവൻ. അവൻ ഇടയ ചെറുക്കനായിരുന്നപ്പോൾ അവന്റെ വായിൽ സങ്കീർത്തനങ്ങൾ - കണ്ണ് യഹോവയിൽ. രാജാവായപ്പോൾ അവന്റെ കണ്ണ് വല്ലവന്റേയും ഭാര്യയിൽ. അവനുവേണ്ടി മരിക്കാൻ തയ്യാറുള്ള ഉറിയാവിനെ ഉപായത്താൽ കൊന്ന നീചത്വം.
ശലോമോൻ.
അതിബുദ്ധിമാൻ - സദൃശ്യവാക്യങ്ങളും ഉത്തമഗീതവും സഭാപ്രസംഗവും അവന്റെ വായിൽ മാത്രം. നമ്മുടെ ഹരോദാവിനെപ്പോലെ - പകൽ യോഹന്നാൻ സ്നാപകന്റെ പ്രസംഗം - രാത്രിയിൽ ചാരായം കുടിച്ചിട്ട് പെണ്ണുങ്ങളുടെ തുണിയില്ലാത്ത നൃത്തം. നല്ല പ്രസംഗമാണ് - ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകൾ പ്രമാണിക്കണം - ന്യായവിധിയുണ്ട് (സഭാപ്രസംഗി 12:13-14) എന്നൊക്കെ ബുദ്ധിയിൽ നിന്നു കാച്ചും. 600 ഭാര്യമാരും 400 വെപ്പാട്ടികളും പറഞ്ഞുകൊടുത്ത ദൈവങ്ങളുടെകൂടെപ്പോയി.
പാരസ് - താമർ. യഹൂദയ്ക്ക് മരുമകളിൽ ഉണ്ടായ പാരസ്.
താമാർ.
അബ്രഹാമിന്റെ വംശാവലിയിലേക്ക് പ്രവേശിച്ച ഒന്നാമത്തെ പുറജാതി സ്ത്രീ: താമാർ. വംശ മഹിമയും കുലമഹിമയും കൊണ്ട് ഒരു കനാന്യ പെൺകൊടിക്ക് മഹാനായ അബ്രഹാമിന്റെ വംശാവലിയിലേക്ക് പ്രവേശിക്കേണ്ടി വന്നു. അബ്രഹാമിന്റെ പാരമ്പര്യവും, വംശ മഹിമയും ഒരുപക്ഷേ അന്നത്തെ കനാന്യ സമൂഹത്തിന് വലുതും, ശ്രേഷ്ഠവും ആയിരുന്നിരിക്കണം. അക്കാലത്തിന്റെ പ്രത്യേകതകൾകൊണ്ട് കൂടിയാകാം അവൾ ആ വലിയ കുടുംബത്തിലേക്ക് എത്തപ്പെട്ടത്. വംശ മഹിമയും, കുലമഹിമയും അല്ലാതെ 'ഏർ' എന്ന പുരുഷ കേസരിക്ക് എന്ത് മഹിമ ഉണ്ടായിരുന്നു എന്നറിയണമെങ്കിൽ ആദ്യ പുസ്തകം 38 അദ്ധ്യായം കാണണം. അവനെ ക്കുറിച്ച് നന്മ ഒന്നും ഇല്ലാത്തതിനാലാവണം 'ദൈവത്തിനിഷ്ടമില്ലാത്തവനാകയാൽ ദൈവം അവനെ മരിപ്പിച്ചു ' എന്ന് മാത്രം അവനെക്കുറിച്ച് എഴുതിയിരിക്കുന്നത്. ദൈവത്തിന് പോലും ഇഷ്ടമില്ലാത്ത ഒരാളെ സ്വീകരിച്ചവൾ 'താമാർ'. താമാർ എന്ന വാക്കിന് 'ഈന്തപ്പന' എന്നർത്ഥം. തന്നിലേക്ക് കല്ലെറിയുന്നവന് പോലും വിശപ്പ് മാറുവാൻ തന്നെത്തന്നെ നൽകുന്ന കല്പക വൃക്ഷം. അവൾക്ക് ഇതിലും നല്ലൊരു പേര് തിരുവചനം നൽകുന്നത് എങ്ങനെ? ഏറിന് വേണ്ടി ഒരു സന്തതിയെ ജനിപ്പിക്കുവാൻ സ്വസഹോദരൻ പോലും തയ്യാറാകുന്നില്ലെങ്കിൽ... പക്ഷേ അവൾക്ക് നിലനിന്നേ മതിയാകൂ. സീലായുടെ പ്രായപൂർത്തിവരെ അവൾ തന്നെത്തന്നെ കാത്തു. വഴി തെറ്റുവാനുള്ള ആയിരം കാരണങ്ങൾ അവൾക്ക് നിരത്താമായിരുന്നിട്ടു കൂടി. എന്നിട്ടോ? ഒരു വണിക സ്‌ത്രീയോളം തരം താഴ്ന്നിട്ടും അവൾ തന്റെ ധർമ്മം കാത്ത്. ഒരുപക്ഷേ വാഗ്ദത്ത ജനതതിയേക്കാൾ ദൈവ കല്പന പാലിച്ചവൾ. കാലടിയിൽ കിടന്നിട്ടും തമ്പുരാനോട് കൂറു കാണിച്ച അവളോട് അവിടുന്ന് കാണിച്ച ബഹുമാനമത്രേ അവളിലൂടെ തന്നെ അവന്റെ പുത്രനെ ജനിപ്പിക്കുവാൻ അവിടുത്തെ പ്രേരിപ്പിച്ചത്. മൂടുപടം, വടി, മോതിരം ഇവ മൂന്നും സൂചകങ്ങളാണ്. ചില ഓർമ്മപ്പെടുത്തലും. അവിടുത്തോട് കാണിച്ച വിധേയത്വത്തിനും അനുസരണത്തിനും കാലം ചില സമ്മാനങ്ങൾ കാത്ത് വച്ചിട്ടുണ്ട് എന്ന ഓർമ്മപ്പെടുത്തൽ. ഒപ്പം ഒരു കണ്ണുനീരും വെറുതെയാവില്ല എന്ന പാഠവും.
ദൈവപുത്രന്റെ വംശാവലിയിലേക്ക് പ്രവേശിച്ച പുറജാതി സ്ത്രീ. (അടയാളങ്ങൾ തിരിച്ചറിഞ്ഞ സ്ത്രീ: റാഹാബ്).
യെരീഹോ നഗരം ഉറ്റു നോക്കുക്കുവാൻ പോയ രണ്ട് യിസ്രായേലി ചാരന്മാർക്ക് ഒടുവിൽ ഒരു സത്രത്തിൽ അഭയപ്പെടേണ്ടി വന്നു. തന്റെ രാജ്യത്തിലേക്ക് യിസ്രായേലിന്റെ ചാരന്മാർ കടന്ന് കൂട്ടിയിട്ടുണ്ട് എന്ന അറിവിൽ പരിഭ്രാന്തനായ രാജാവ് നാട് മുഴുവൻ ആളയച്ചു. പടയാളികൾ വാതിൽക്കൽ വന്ന് മുട്ടുമ്പോൾ ഏതാണ്ട് അമ്പത് വയസ്സിനടുത്ത് പ്രായമുള്ള സത്രത്തിന്റെ ഉടമസ്ഥ വാതിൽ തുറന്നു. പടയാളികളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ പതറാതെ കാര്യങ്ങൾ പറഞ്ഞ അവൾ തന്റെ വാക്ക്ചാതുര്യത്താൽ ഒറ്റുകാരെ രക്ഷപ്പെടുത്തി. അതിലൂടെ യിസ്രായേലിന്റെ കാനാൻ പ്രവേശത്തിന് വഴിതുറന്നു.
'ദൈവം നിങ്ങളുടെ കൂടെയുണ്ട് എന്ന് അടയാളങ്ങളിലുണ്ട് ഞാൻ തിരിച്ചറിയുന്നു. യിസ്രായേലിന്റെ ദൈവമാണ് സത്യദൈവം എന്നതും ഞാൻ മനസ്സിലാക്കുന്നുണ്ട്. അതിനാൽ എന്റെ ജനാലത്തണ്ടിൽ ഞാൻ കോർക്കുന്ന്ന ഈ ചുവന്ന പട്ടിനാൽ ഞാനും എന്റെ കുടുംബവും രക്ഷപ്രാപിക്കട്ടെ'. അടയാളങ്ങളെ കണ്ട് ദൈവത്തെ തിരിച്ചറിഞ്ഞ ഒരു കനാന്യ സ്‌ത്രീയുടെ സാക്ഷ്യം. ഒപ്പം മരണാസന്നനായ രണ്ട് യിസ്രായേലികൾക്ക് ജീവൻ ദാനം ചെയ്യുവാൻ കാണിച്ച വ്യഗ്രത.
അടയാളങ്ങളെ തിരിച്ചറിഞ്ഞവൾ ഒരു സത്രത്തിന്റെ ഉടമയായിരുന്നു എന്ന് ചില പാരമ്പര്യങ്ങൾ. പക്ഷേ എന്തുകൊണ്ടോ അവൾ 'വേശ്യ' എന്ന് വിളിക്കപ്പെട്ടു. 'വിസ്‌തൃതമായ, വിശാലമായ' (റാഹാബ് എന്ന പദത്തിന്റെ അർത്ഥം) എന്ന വിശേഷണങ്ങൾക്ക് ശേഷം 'ശരീരം' എന്ന പദം കൂട്ടി വായിക്കാൻ പിൻതലമുറ യത്നിച്ചു. എന്നാൽ അതിനൊപ്പം 'മനസ്സ്' എന്ന പദവും ചേർക്കാം എന്ന നിയമം അവർ ബോധപൂർവ്വം മറന്നുവോ? അതോ ചുവന്ന ഉറുമാൽ ഇട്ട ജനാലയെ ചുവന്ന തെരുവെന്ന് അവർ തെറ്റു ധരിച്ചുവോ? അറിയില്ല. ഏതായാലും യൂദന്റെ ദൈവഭക്തിയോളം വലുപ്പം വെറുമൊരു ०കനാന്യ സ്ത്രീക്ക് ഉണ്ടായി എന്ന് സമ്മതിച്ചാൽ സ്വാഭിമാനം പൊറുക്കുമോ? ജനാല, ചുവന്ന ഉറുമാൽ, മതിലുകൾ. മൂന്ന് സൂചകങ്ങളാണ്. ഒരു ഗണിക സ്ത്രീയെ തന്റെ പുത്രന്റെ അമ്മമാരുടെ ഗണത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ ദൈവ കരുതലിന്റെ പാഠം. മുന്നോട്ടുള്ള ഗർവ്വിന്റെ യാത്രയ്ക്ക് ആക്കം കുറയ്ക്കുവാൻ നിന്റെ പൂർവ്വികർ ആരെന്നതും, അവർ ആർക്കെല്ലാം മുന്നിൽ വിറച്ച് നിന്നു എന്നതും ഓർക്കുന്നത് നല്ലത്. ചുവന്ന ഉറുമാൽ ഓർമ്മിപ്പിക്കുന്നത് നാം ആരെന്ന് കൂടിയാണ്.
ജീവിത ദർശനമുള്ളവൾ: രൂത്ത്.
മോവാബ്യസ്ത്രീ. ലോത്ത് മദ്യം കുടിച്ച് അവന്റെ മകൾക്കുണ്ടായ ഗർഭത്തിന്റെ പിന്മുറക്കാരി.
ചിലരെ പ്രതി ചിലതെല്ലാം വേണ്ടെന്ന് വയ്ക്കുന്നുന്നതാണ് യഥാർഥ ജീവിതത്തിന്റെ മൂല്യം എന്ന് എഴുതിപ്പിടിപ്പിക്കാൻ എളുപ്പമാണ്. എന്നാൽ അങ്ങനെ ജീവിക്കുക അസാമാന്യം വെല്ലുവിളികൾ നേരിടുന്ന ഒരു സമസ്യയും. യഹൂദന്മാരുടെ വിശ്വാസത്തിൽ ദൈവത്തെ അറിയാത്ത ശപിക്കപ്പെട്ട ഒരു ജനതതിയാണ് മോവാബ്യർ. ലോത്തിന്റെ വംശപരമ്പരയിൽ പിതാവിൽ നിന്ന് പുത്രോത്പാദനം നടത്തിയ വികലതയുടെ മക്കൾ. അവരോട് ദൈവത്തിന്റെ ജനത്തിന് സഖ്യതയില്ല. സത്യ ദൈവത്തിന്റെ ദൃഷ്ടിയിൽ ശപിക്കപ്പെട്ടവരും വികലരുമായ ജനതതി. ഒരു കാരണവശാലും നന്മ കണ്ടെത്തുവാൻ ആകാത്ത ജനം. പക്ഷേ അവരിൽ നിന്ന് ഒരു സ്ത്രീ യിസ്രായേലിന്റെ ചരിത്രത്തിൽ ഭാഗം പിടിക്കുന്നുണ്ട്: രൂത്ത്.
'രൂത്ത്' എന്ന എബ്രായ പദത്തിന് 'കൂട്ടാളി, സഖി' എന്നെല്ലാമാണ് അർത്ഥം. എന്നാൽ 'ദർശനമുള്ളവൾ' എന്നൊരു അർത്ഥം കൂടി ആ പദത്തിനുണ്ട് എന്നത് മറക്കരുത്. വഴിയാത്രയിൽ തനിക്ക് ഒന്നും നേടുവാനാകാതെ ഇനിയുള്ള കാലം ഒരു ദാസിയായി പിറന്ന നാട്ടിൽ കഴിച്ച് കൂട്ടാം എന്ന് കരുതി, പരാജയപ്പെട്ട ജീവിതവുമായി പിരിഞ്ഞു പോകുന്ന ഒരു വൃദ്ധ. താൻ ഇനി ആർക്കും ഒരു ഭാരമാകരുത് എന്ന നിർബന്ധമുള്ളതിനാലാകാം തൻ്റെ മരുമക്കൾക്ക് അവൾ സ്വാത്രന്ത്ര്യം നൽകുന്നത്. എന്നാൽ വഴിയിൽ അവൾ വീണു പോയേക്കാം എന്ന ചിന്ത മരുമകളായ രൂത്തിനെ അസ്വസ്ഥമാക്കുന്നുണ്ട്. അതിനാൽത്തന്നെ തന്റെ പിതൃഭവനവും, മാതാവിന്റെ അന്തപ്പുരവും ഉപേക്ഷിച്ച് അവൾ യാത്രയാകുന്നു. താൻ ഇതുവരെ കാണാത്ത ഒരു ദേശത്തേക്ക്. ആ യാത്രയ്ക്ക് അബ്രഹാമിന്റെ യാത്രയോളം തന്നെ പ്രസക്തിയുണ്ട്. എന്നിട്ടോ? യഹൂദന്റെ നിയമാനുസാരം ജീവിക്കാൻ അവൾ സ്വയം തയ്യാറാക്കുന്നു. തന്റെ ഭർതൃമാതാവിന്റെയും അവളുടെ ദൈവത്തിന്റെയും അവളുടെ ന്യായപ്രമാണങ്ങൾക്കും വേണ്ടി തന്റെ ജീവിതം ഹോമിക്കുന്നു. യൗവ്വനയുക്തയായ രൂത്ത് ഒടുവിൽ ഒരു അടിമ കണക്കെ ബോവോസിന്റെ വയലിൽ പണിയെടുക്കുന്നുണ്ട്. ഒടുക്കം ന്യായപ്രമാണത്തിൽ മുറ അനുസരിച്ച് വൃദ്ധനായ ബോവസിനെ വിവാഹം കഴിക്കുന്നു. ഇവിടെ രൂത്ത് എന്ന വ്യക്തിയിലെ സത്വം കൈമോശം വരുന്നുണ്ടോ? യഹൂദ റബ്ബിമാരുടെ വ്യാഖ്യാനം അനുസരിച്ച് മൊവാബ്യ രാജകുടുംബത്തിലെ രാജകുമാരിയിതാ തന്റെ മഹത്വം ഉപേക്ഷിച്ച് ഒരു സാധാരണക്കാരിയെപ്പോലെ ഒരു വൃദ്ധന്റെ പത്നിയാകുന്നു. സഖിത്വം, ദാസ്യം, വിധേയത്വം ഇവ മൂന്നും സൂചകങ്ങളാണ്. ഇവയ്ക്കു മൂന്നിനും മാതൃക കാണിച്ച ദൈവ പുത്രന്റെ പൂർവ്വ മാതാവിന് അങ്ങനെയല്ലാതെ ഏതു വിധമാണ് ഒരു മാതൃക വയ്ക്കുവാൻ സാധിക്കുക. തന്റെ വംശാവലിയിൽ പിറക്കുവാനിരിക്കുന്ന ദൈവ പുത്രന്റെ ദർശനം ജീവിതത്തിൽ കണ്ട് അതിനൊരു മാതൃക വച്ച രൂത്ത് അങ്ങനെ യിസ്രായേലിന്റെ ചരിത്രത്തിൽ ഇടം പിടിച്ച മോവാബ്യക്കാരിയാക്കുന്നു. മിശിഹായുടെ മനുഷ്യാവതാരത്തിന് ഒരു പുറജാതിക്കാരിയും കാരണമായിരിക്കുന്നു. ഒന്നും ഒരു വംശത്തിന്റെ മഹത്വം മാത്രമല്ലെന്ന് ഓർമ്മിപ്പിക്കുവാൻ, ഞാൻ ഞാനായതിന് കാരണം നീ കൂടിയാണെന്ന് ഓർമ്മിപ്പിക്കുവാൻ.
മശിഹായുടെ മനുഷ്യാവതാരത്തിന് രൂത്ത് എന്ന "ഒരു" പുറജാതിക്കാരി മാത്രമല്ല കാരണമായിത്തീർന്നത്. താമാറിൻ്റെ കാലത്ത് സ്വജാതി - വിജാതി വേർതിരിവ് വന്നിട്ടില്ലായിരിക്കാം. (അബ്രാഹാമും യിസഹാക്കും യാക്കോബും "സ്വജാതീയരിൽ" നിന്നുമാണ് ജീവിത പങ്കാളികളെ കണ്ടെത്തിയത്). എന്നാൽ രാഹാബ് 100% വിജാതീയ സ്ത്രീ ആയിരുന്നു. രൂത്തിന്, അബ്രാഹാമിൻ്റെ സഹോദര പുത്രനായ ലോത്തിൻ്റെ അതായത് അബ്രാഹാമിൻ്റെ പിതാവായ തേരഹിൻ്റെ വംശപാരമ്പര്യമെങ്കിലും അവകാശപ്പെടാം. എന്നു വരികിലും പത്ത് തലമുറ വരെ മാറ്റി നിറുത്തപ്പെട്ട മോവാബ്യ സ്ത്രീയായിരുന്നു അവൾ എന്ന കാര്യം മറക്കുന്നില്ല.
ഉടമ്പടിയുടെ പുത്രി: ബേത്‌ഷേബാ.
ഒരു താല്പര്യവും ഇല്ലാതെയാണ് അവളെക്കുറിച്ച് എഴുതാൻ തുടങ്ങിയത്. എന്തെന്നാൽ രാജ പദവി ലഭിക്കും എന്ന് തിരിച്ചറിഞ്ഞപ്പോൾ സ്വന്തം ഭർത്താവിനെ വേണ്ടെന്ന് വച്ച് രാജാവിനായി പായ് വിരിച്ചവൾ ബേത്‌ഷേബാ. എന്നാൽ ഒരു സ്ത്രീയുടെ നിസ്സഹായതയുടെ പേരു കൂടിയാണ് ബേത്‌ഷേബാ എന്ന് കൂട്ടിവായിക്കുമ്പോഴാണ് അവൾ പ്രിയങ്കരിയാകുന്നത്. ദാവീദ് രാജാവിന്റെ ഉപദേശകനും, സംഘാംഗവുമായ അമിയേൽ/ഇലിയാമിന്റെ പുത്രി; ഹിത്യനായ ഉരിയാവിന്റെ ഭാര്യ. അവൾക്ക് വഴി തെറ്റുക അസംഭവ്യം. പക്ഷേ വഴി തെറ്റി. രാജാവ് അമ്പെയ്തത് പക്ഷിയെ ആണെങ്കിൽ അത് ചെന്ന് കൊണ്ടത് ഉരിയാവിന്റെ മട്ടുപ്പാവിലെ മറപ്പുരയുടെ വിരിയിലായിരുന്നു. വിരി കീറിയപ്പോൾ രാജാവ് കണ്ടത് നഗ്നയായി സ്‌നാനത്തിനൊരുങ്ങുന്ന ഒരുങ്ങുന്ന ബേത്‌ഷെബായെ. രാജാവിലെ പുരുഷൻ ഉണർന്നു. അവൾ മെത്തയിൽ വെറും ഒരു അടിമയായി. കുറ്റം മറയ്ക്കുവാനുള്ള രാജാവിന്റെ വ്യഗ്രത അവളെ വിധവയുമാക്കി. തീർന്നില്ല, അവൾ രാജപത്നിയായി. അപലയായ ഒരു സ്ത്രീയ്ക്ക് എന്ത് ചെയ്യുവാനാകും? പാപ ബോധവും, കുറ്റപ്പെടുത്തലുകളും, പരിഹാസ ചിരികളും അവളെ ഒരു ഭ്രാന്തിയാക്കി. ഒടുവിൽ നാഥാൻ പ്രവാചകന്റെ മുമ്പിൽ അവൾ മനം തകർന്ന് വീണു. അവളുടെ കണ്ണുനീരിനാൽ അവന്റെ പാദം നനഞ്ഞു. പ്രവാചകന്റെ മനസ്സുണർന്നു. 'ആ മനുക്ഷ്യൻ നീ തന്നെ!' അവൻ അലറി. രാജ ദർബാർ ഇളകി. രാജാവ് നിലത്ത് വീണ് കേണു. ദൈവം ഉരിയാവിന്റെ വ്യഥ കണ്ടു. ഒരു കണ്ണുനീരും വൃഥാവാകില്ല. ദൈവ നീതി ഉണർന്നു. അഹിതത്തിന്റെ സന്തതി ഏഴാം നാൾ മാറ്റപ്പെട്ടു. നീതി നടപ്പാക്കപ്പെട്ടു.
അതിനാൽ ഉരിയാവുമായുള്ള ഉടമ്പടി ബന്ധത്തിൽ നിന്നും അവൾ സ്വതന്ത്രയായി. അവൾ ഒരു ഉടമ്പടിയുടെ പുത്രിയായി. ഇനി പാപം ചെയ്യില്ല എന്നുള്ള ദൈവവുമായുള്ള ഉടമ്പടി. ദാവീദ് രാജാവിന് അവൾ ക്രമപ്രകാരം ഭാര്യയായി. ഇതാ 'ജെടിതിയ' (ദൈവത്തിന്റെ വത്സലൻ) ജന്മം കൊള്ളുന്നു. നാഥാൻ പ്രവാചകൻ നൽകിയ നാമം (2.ശമുവേൽ 12:25); ലോകം അവനെ ശലോമോൻ എന്ന വിളിച്ചു. പശ്ചാത്താപം, കണ്ണുനീർ, ഏറ്റുപറച്ചിൽ ഇവ മൂന്നും ദൃഷ്ടാന്തങ്ങളാകുന്നു. മനസ്താപത്തിനും ഏറ്റുപറച്ചിലിനും നിന്നെ ഒരു വിശുദ്ധനാക്കാൻ കഴിയും എന്നതിന്റെ ദൃഷ്ടാന്തം. തെറ്റു ചെയ്യുക മനുഷ്യ സഹജം, എന്നാൽ ഏറ്റുപറച്ചിലും, കണ്ണുനീരും ദൈവത്തിന്റെ പ്രകാശം ലഭിച്ചവർക്ക് മാത്രം സാധ്യം. ഒരു തെറ്റും അവിടുത്തെ സന്നിധിയിൽ പൊറുക്കപ്പെടാതിരിന്നിട്ടില്ല. "കണ്ടാലും ഞാനും നിന്നെ വിധിക്കുന്നില്ല. മേലിൽ പാപം ചെയ്യരുത്..." അതെ നീയും എന്നെ വിധിക്കാതിരുന്നിരുന്നെങ്കിൽ എനിക്കും ഒരു വിശുദ്ധനാകാമായിരുന്നു. ഒരുവേള നമുക്ക് പരസ്പരം ഒന്ന് പൊറുക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ നമ്മിലും മശിഹാ ജനിച്ചച്ചേനെ.
അങ്ങനെ കർത്താവിന്റെ പാരമ്പര്യത്തിൽ ഈ ലോകത്തിൽ മനുഷ്യനു ചിന്തിക്കാവുന്ന സകല കഠിന പാപങ്ങളും കർത്താവ് അവന്റെ വംശാവലിയിൽ - പാരമ്പര്യത്തിൽ ഏറ്റെടുത്തു.
എസ്സായയിൽ അവന്റെ ജനനവും അവൻ മൂലം ലഭിക്കാൻ പോകുന്ന ആത്മാവിന്റെ ഏഴ് (പൂർണ്ണത) കാര്യങ്ങളും പറഞ്ഞിട്ട് അവന്റെ വചനത്താൽ ലോകത്തെ ന്യായം വിധിക്കും എന്നും അവസാനം അവന്റെ വായിലെ ശ്വാസത്താൽ പിശാചിനെ - ഒടുക്കത്തെ ശത്രു കൊല്ലും എന്നു പ്രവചിച്ചു. പത്രോസിന്റെ പ്രസംഗത്തിൽ മോശ മുതലുള്ള പ്രവാചകന്മാർ അവനെക്കുറിച്ച് പറഞ്ഞിരിക്കുന്നതും അവന്റെ വാക്ക് കേൾകാത്തവൻ എല്ലാം അവന്റെ ജനത്തിൽ (സഭ) നിന്ന് ഛേദിക്കപ്പെടും - അപ്പൊ.പ്ര 3:23. അവൻ സകല പാപവും അവന്റെമേൽ എടുത്ത് നമ്മുക്ക് മോചനം തന്നിരിക്കുന്നു- അതിന് - വിശ്വസിച്ചാൽ മാത്രം മതി - നമ്മൾ നീതീകരിക്കപ്പെടും - ഒരിക്കലും പാപം ചെയ്തിട്ടില്ല എന്ന അവസ്ഥയിലാവും - അബ്രഹാം നൂറ് വയസ്സിലും വന്ധ്യയായ സാറ വൃദ്ധയായപ്പോൾ അസംഭവ്യമായത് വിശ്വസിച്ചപോലെ വിശ്വസിച്ചാൽ മാത്രം മതി. ആദം വൃക്ഷത്തിൽനിന്ന് - സകല പാപ പാരമ്പര്യത്തിൽ നിന്ന് നമ്മളെ തന്നെ നമ്മൾ വെട്ടിയെടുത്ത് - അവന്റെ കീറി ഇട്ടിരിക്കുന്ന വിലാപുറത്ത് കയറ്റണം - ഒട്ടിക്കണം - ഗ്രാഫ്റ്റ് ചെയ്യപ്പെടണം. അത് സക്കായി പിടിച്ചു പറിച്ചത് ഒന്നും മടക്കി കൊടുക്കുന്നതിന് മുമ്പല്ലേ ഇന്ന് ഈ ഭവനത്തിന് രക്ഷവന്നു എന്നു കർത്താവ് പറയുന്നത് - സക്കായിയുടെ ഹൃദയമാണ് കർത്താവിന് വേണ്ടത്. 1.രാജകന്മാർ 9:3-7 ഓർക്കണമേ. ദേവാലയം പണിഞ്ഞതിൽ പ്രീതിതനായ കർത്താവ് ശലോമോണോട് പറയുന്നു - നീ എന്റെ ഉപദേശത്തിൽ നടന്നാൽ മാത്രം നിലനിന്നാൽ മാത്രം - ദാവീദ് അനുതപിച്ചപോലെ അനുതപിച്ചാൽ മാത്രം അവനിൽ നിലനിൽകും. തായിത്തടിയോട് ചേർന്ന് നിന്നാൽ മാത്രം - അല്ലെങ്കിൽ എന്നവകാശം തീ തന്നെ.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.