ഇതിന് പാശ്ചാത്യ പൗരസ്ത്യ സഭാപാരമ്പര്യങ്ങളിൽ യാമപ്രാർത്ഥനകൾ (Liturgy of the Hours) എന്നു പറയാറുണ്ട്. യഹൂദ ആരാധനാപാരമ്പര്യത്തിൽ വളർന്നുവന്ന യെരുശലേം - അന്ത്യോക്യാ സഭകൾ ചില ആരാധനാ രീതിയും അവരിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്. യഹൂദ ആരാധന എന്ന ഗർഭപാത്രത്തിലാണ് ക്രിസ്തീയ ആരാധന പിറന്നു വീണത് (Jewish Liturgy is the womb from which Christian Liturgy is born) എന്ന് Lucian Deiss പറഞ്ഞിട്ടുണ്ട്. അന്ത്യോക്യൻ ആരാധനാ പാരമ്പര്യം സ്വീകരിച്ചിട്ടുള്ള സുറിയാനി സഭകളിൽ യഹൂദ യാമപ്രാർത്ഥനകളുടെ സ്വാധീനം വളരെയധിമുണ്ട്. അതനുസരിച്ച് സുറിയാനി ഓർത്തഡോക്സ് സഭയിൽ ഒരു ദിവസം ആരംഭിക്കുന്നത് സന്ധ്യയ്ക്ക് ആറുമണിക്കാണ് (സന്ധ്യയായി ഉഷസ്സുമായി, ഉല്പ. 1:5) പുരാതന ക്രിസ്തീയ സഭ, ഈ രീതി അനുസരിച്ച് ഒരു ദിവസത്തെ ഏഴായി തിരിച്ച് ഏഴു യാമപ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നു. അത് ഇപ്രകാരമാണ്:
ദിവസത്തെ ഏഴ് യാമങ്ങളായി തിരിച്ച് ഓരോ യമങ്ങളിലും നമസ്ക്കരിക്കണമെന്ന് സുറിയാനി സഭ പഠിപ്പിക്കുന്നു.
1) സന്ധ്യാ/റംശൊ (6.00.P.M)
2) സൂത്താറാ (9.00.P.M)
3) പാതിരാത്രി/ലിലിയൊ (12.00.A.M)
4) പ്രഭാതം/സപ്രൊ (6.00.A.M)
5) മൂന്നാം മണി അഥവാ ഏഴരയുടെ നമസ്കാരം (9.00.A.M)
6) മദ്ധ്യാഹ്നം/ആറാം മണി (12.00 Noon)
7) ഒമ്പതാം മണി (3.00.P.M) എന്നിവയാണ് ഏഴ് യാമങ്ങള്‍.
ഇവ വേദാനുസൃതമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. “നിന്റെ നീതിയുള്ള വിധികൾ നിമിത്തം ഞാൻ ദിവസം ഏഴ് പ്രാവശ്യം നിന്നെ സ്തുതിക്കുന്നു". (സങ്കീര്‍ത്തനം 119:164).
സന്ധ്യാ നമസ്ക്കാരം (6.00.P.M)
സെഹിയോന്‍ മാളികയിൽ കര്‍ത്താവ് വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചത് സന്ധ്യയ്ക്കാണ്. പകലിന്റെയും രാത്രിയുടെയും സംഗമ സമയമാണ് സന്ധ്യ. അന്ധകാര ശക്തികള്‍ ഭൂതലത്തിൽ സഞ്ചരിക്കുന്ന സമയമാകയാല്‍ അവയിൽനിന്നും രക്ഷപ്പെടാനുള്ള പ്രാര്‍ത്ഥനകളാണ് സന്ധ്യയില്‍ ചൊല്ലുന്നത്. മിസ്രയിമില്‍ നിന്ന് യിസ്രായേല്‍ ജനത്തിന് വിടുതൽ ലഭിച്ച സമയവും പെസഹാ സമയവുമാണ് സന്ധ്യാ (പുറ.12:6). യേശുമ്ശീഹാ തൻ്റെ കുരിശുമരണത്തെപ്പറ്റി സൂചിപ്പിച്ചതും ഇവിടെ ധ്യാനിക്കുന്നു (വി.മത്ത.26:17-29) "എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലര്‍ത്തുന്നത് സന്ധ്യായാഗമായും തീരട്ടേ. (സങ്കീ. 141:2).
സൂത്താറാ നമസ്ക്കാരം, Compline (9.00.P.M).
നമ്മുടെ കര്‍ത്താവിന്റെ ഗദ്സമന തോട്ടത്തിലെ പ്രാര്‍ത്ഥനാ സമയത്തെ അനുസ്മരിക്കന്നു. (വി.മര്‍ക്കൊ.14:32-40, വി.മത്തായി 26:36-46). ഉറക്കത്തില്‍ സാത്താനിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനുള്ള പ്രാര്‍ത്ഥനയാണിത്. ഉറക്കം, മരണം പോലെയായതിനാല്‍ മരണ-ചിന്താ സമയും കൂടിയാണിത്.
പാതിരാത്രി നമസ്ക്കാരം (Prayer at mid-night (12.00.A.M).
ഹന്നാസിൻ്റെയും കയ്യാഫാവിൻ്റെയും മുമ്പാകെയുള്ള കർത്താവിൻ്റെ വിചാരണ. (വി.മത്താ.26:57-67). നമ്മുടെ കര്‍ത്താവിന്റെ ജനനവും പുനരുത്ഥാനവും നടന്ന സമയം. കരുണയുടെ വാതില്‍ മുട്ടുവാന്‍ പറ്റിയ ശാന്ത സമയം. "അര്‍ദ്ധരാത്രിക്ക് പൗലോസും ശീലാസും പ്രാര്‍ത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു”. (അപ്പൊ.പ്ര.16:25).
പ്രഭാതം/മയ്യൽ നമസ്ക്കാരം. (6.00.A.M)
പീലാത്തോസ് യേശുവിനെ ക്രൂശിക്കേണ്ടതിന് എല്പിച്ചു കൊടുത്ത സംഭവമാണ് പ്രധാനമായി ഇവിടെ ഓർക്കേണ്ടത്. (വി.മത്താ. 27:24-26) കൂടാതെ, ദൈവം നമ്മുക്കുവേണ്ടി പ്രകാശവും, പുതിയൊരു ദിവസവും നല്‍കിയതിനെ ഓര്‍ത്തു ദൈവത്തെ സ്തുതിക്കുന്നു. പുതിയ ദിവസത്തിലേക്കു പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവിധമായ അനുഗ്രഹങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. "ഞാന്‍ ഉദയത്തിനു മുമ്പേ എഴുന്നേറ്റു പ്രാര്‍ത്ഥിക്കന്നു. (സങ്കീ.119:147), "രാവിലെ എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയില്‍ വരുന്നു". (സങ്കീ.88:13), “യഹോവേ! രാവിലെ എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ. രാവിലെ ഞാന്‍ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു”. (സങ്കീ. 5:3).
മൂന്നാം മണി നമസ്ക്കാരം (ഏഴരയുടെ നമസ്കാരം) (9.00.A.M).
കുരിശുമേന്തി ഗോഗുൽഥായിലേക്ക് നടന്നു നീങ്ങുന്ന നമ്മുടെ കർത്താവിനെയാണ് ഈ നമസ്കാരത്തിൽ നാം ഓർക്കുന്നത്. (വി.മത്താ 27:27-44) പൊന്തിക്കോസ്തി നാളില്‍ ശ്ലീഹന്മാരിൽ പരിശുദ്ധാത്മാവ് ഇറങ്ങിയത് മൂന്നാം മണി നേരത്താണ്. (അപ്പൊ.പ്ര. 2:15).
മദ്ധ്യാഹ്നം/ഉച്ച നമസ്ക്കാരം (ആറാം മണി നമസ്ക്കാരം) (12.00 Noon).
നമ്മുടെ കര്‍ത്താവിന്റെ ക്രൂശാരോഹണ സമയം. (ലൂക്കോ 23:24) മനുഷ്യരായ നമുക്ക് തൻ്റെ മരണത്താൽ രക്ഷയുണ്ടാക്കിയ ക്രൂശിതനെ നന്ദിയോടെ സ്മരിക്കണം. “പത്രോസ് ആറാം മണി നേരത്ത് പ്രാര്‍ത്ഥിപ്പാന്‍ വെണ്മാടത്തില്‍ കയറി”. (അപ്പൊ.പ്ര.10:9).
ഒമ്പതാം മണി നമസ്ക്കാരം (3.00.P.M).
നമ്മുടെ കര്‍ത്താവ് കുരിശിൽ മരിക്കുകയും കബറടക്കപ്പെടുകയും ചെയ്തത് ഇവിടെ നാം ധ്യാനിക്കുന്നു. അതോടൊപ്പം മരിച്ചവർ
ഉയിർത്തെഴുന്നേല്‍ക്കുകയും ചെയ്ത സമയം. (വി.മത്താ 27.45-66) അവിടുത്തെ മരണവും കബറടക്കവും രക്ഷാകരമായ മൂന്നാം നാളിലെ ഉയിർത്തെഴുന്നേല്പും നമുക്ക് വീണ്ടെടുപ്പ് പ്രധാനം ചെയ്യുന്നു. അത് സത്യവിശ്വാസികൾ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി