നാം പലപ്പോഴും കേൾക്കാറുള്ള വാക്കാണ് മ്യൂസിക് തെറാപ്പി എന്നത്. സംഗീതത്തെ ചികിത്സാ മേഖലകളിൽ ഉപയോഗിക്കുക എന്നതാണ് മ്യൂസിക് തെറാപ്പി.
നമ്മുടെ മനസ്സ്, ശരീരം എന്നിവയെ കീഴടക്കാനുള്ള കഴിവ് സംഗീതത്തിനുണ്ട്. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെ എല്ലാ ഘട്ടങ്ങളിലും സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്.
ബുദ്ധിഭ്രമത്തിന് ഔഷധമായി സംഗീതത്തെ കരുതുന്നു. 'കിന്നര വായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ട് അടിയങ്ങൾക്ക് കല്പന തരണം'. (1.ശമുവേൽ 16.16). ബേത്ലഹേമ്യനായ യിശ്ശായിയുടെ മകൻ (ദാവീദ്) കിന്നര വായനയിൽ നിപുണനായിരുന്നു. 1.ശമുവേൽ 16.18. കിന്നര വായനയിൽ ശൗലിന്റെ ദുരാത്മാവ് വിട്ടുമാറി. സംഗീത ചികിത്സ യേശുക്രിസ്തുവിന്റെ കാലത്തിനു മുമ്പേ ഉണ്ടായിരുന്നു എന്ന് 1.ശമുവേൽ 16 അദ്ധ്യായം വായിച്ചാൽ മനസ്സിലാക്കാം.
വിഷാദം, ഉത്കണ്ഠ, മനഃസംഘർഷം, ഉറക്കക്കുറവ് എന്നുവയ്ക്കും കുട്ടികളിലെ സർവ്വതോന്മുഖ വളർച്ചയ്ക്കും മാസ്സികാരോഗ്യം പരിപോഷിപ്പിക്കുവാനും അത് നിലനിർത്തുവാനും സംഗീതത്തിനു സാധിക്കും. ഭയാശങ്കകൾക്കും നിരാശയ്ക്കും മുൻകോപത്തിനും രക്തസമ്മർദ്ദത്തിനും സംഗീത ചികിത്സ നടത്താറുണ്ട്.
സംഗീതം ചികിത്സാവിധിയായി മാറുമ്പോൾ, അത് പ്രയോഗിക്കുന്ന വ്യക്തിക്ക് ആവശ്യമായ സംഗീതജ്ഞാനം ഉണ്ടായിരിക്കണം. അത് കൂടാതെ മനുഷ്യശരീരത്തപ്പറ്റിയും അവയവങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റിയും നന്നായി അറിവു വേണം. രോഗിയുടെ മനസ്സ്, രോഗാവസ്ഥ എന്നിവ മനസ്സിലാക്കിവേണം ചികിത്സ നടത്താൻ.
സംഗീതംകൊണ്ടു മാത്രം രോഗം മാറ്റാമെന്നു കരുതരുത്. ഒരു ഉപചികിത്സാവിധി എന്നതിനപ്പുറം സംഗീതത്തിന് മറ്റൊന്നും സാധ്യമല്ല. അതിവേദനയിലിരിക്കുന്ന രോഗിക്ക് മ്യൂസിക് തെറാപ്പികൊണ്ട് വേദനസംഹാരി മരുന്നുകളുടെ അളവു കുറയ്ക്കുവാനും മനസിന് സന്തോഷവും ശരീരത്തിന് ഉന്മേഷവും നൽകുവാനും സാധിക്കും.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.