“മീതെ ആകാശത്തിലുള്ളതോ, താഴെ ഭൂമിയിലുള്ളതോ, ഭൂമിക്കു താഴെ വെള്ളത്തിലുള്ളതോ ആയ യാതൊന്നിൻടെയും പ്രതിമയോ, സാദൃശ്യമോ നീ ഉണ്ടാക്കരുത്. അവയെ ആരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്. (പുറ 20: 4-5).
ആരാധനാ ചരിത്രത്തിലെ ഏറ്റവും കഠിനമായ പാപമായി വിശുദ്ധ ഗ്രന്ഥം മുന്നോട്ട് വയ്ക്കുന്ന പാപമാണ് വിഗ്രഹാരാധന. വിഗ്രഹം എന്നതിന്റെ നിർവ്വചനത്തെ അടിസ്ഥാനമാക്കി ഈ വിഷയം ചർച്ച ചെയ്യപ്പെടുമ്പോഴാണ് സുറിയാനി ഓർത്തഡോക്സ് പാരമ്പര്യത്തില്പെടുന്ന മലങ്കര സഭയിലെ ആധുനികമായ പല പ്രവണതകളും ചോദ്യം ചെയ്യപ്പെടുന്നത്. സ്തുതി ചൊവ്വാക്കപ്പെട്ട (ഓർത്തഡോക്സി) പിതാക്കന്മാരുടെ വിശ്വാസങ്ങളുടെ അതിരുകൾ ഇപ്രകാരം മാറ്റി വരയ്ക്കപ്പെട്ടതിന്റെ നേർചിത്രങ്ങൾ മലങ്കര സഭയുടെ വർത്തമാന കാലത്തിന്റെ നേർസാക്ഷ്യങ്ങളാണ്. അല്പം പ്രശസ്തിയും, അധികം ലാഭവും മാത്രം മതി, സഭയുടെ ഏത് പാരമ്പര്യങ്ങളും മാറ്റി മറിക്കാൻ എന്ന വ്യവസ്ഥിതിയിലേക്ക് കാര്യങ്ങൾ വന്നെത്തി നിൽക്കുന്നു.
വിഗ്രഹം: വാക്കും പൊരുളും.
വിഗ്രഹം എന്നത് കേവലം ഒരു ശില്പമോ, രുപമോ, ബിംബമോ ആയി സാമാന്യ അർത്ഥത്തിൽ വിവക്ഷിക്കപ്പെടുന്നുവെങ്കിലും വേദപുസ്തക ഭാഷയിൽ അതിന്റെ നിർവ്വചനം വ്യത്യസ്ഥമാണ്. ദൈവമായി അല്ലെങ്കിൽ ദൈവത്തെപ്പോലെ കരുതുകയും, ആരാധിക്കപ്പെടുകയും, ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന സർവ്വത്തെയും വിശുദ്ധ ഗ്രന്ഥം ‘വിഗ്രഹം’ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നു. അതൊരു ബിംബമോ, രുപമോ, ശില്പമോ, വ്യക്തിയോ, വസ്തുവോ ആകാം. ഒരു വേള ഒരു പ്രത്യേക സ്ഥലമോ, സ്ഥാനമോ, നിർമ്മിതിയോ ആകാം. ഈ അർത്ഥത്തിൽ നിന്നുകൊണ്ടാണ് കർത്താവായ യേശു മ്ശിഹാ ശമര്യാക്കാരി സ്ത്രീയോട്, “സത്യാരാധകർ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടതാകുന്നു”. (യോഹ. 4: 23, 24) എന്ന് കല്പിച്ചത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആരാധിക്കപ്പെടേണ്ടത് ആത്മാവിലുള്ള സത്യദൈവത്തെ മാത്രമായിരിക്കണം.
എന്നാൽ മനുഷ്യന്റെ ബുദ്ധിക്കും, ജ്ഞാനത്തിനും ഇന്ദ്രിയഗോചരമല്ലാത്ത ദൈവത്തെ ആത്മാവിൽ ആരാധിപ്പാൻ ഇനിയും സാധ്യമായില്ല എന്നതിനാലാണ് ദൃശ്യമായ വസ്തുക്കളാൽ ദൈവിക സാന്നിധ്യത്തിൽ അവബോധം മനുഷ്യനിൽ സൃഷ്ടിക്കപ്പെടുവാൻ തക്കവിധം ചില പ്രത്യേക വസ്തുക്കളെയോ, സ്ഥലങ്ങളെയോ, ആത്മീയ അഭിവൃദ്ധിക്കുതകുമാറ് ഉപയോഗിക്കുവാൻ അവിടുന്ന് അനുമതി നൽകുന്നത്. അത്തരം വസ്തുക്കളുടെ സാന്നിധ്യമോ, സാമീപ്യമോ, സാമാന്യ മനുഷ്യന്റെ ചിന്തയിൽ ദൈവബോധവും, സത്യാരാധനയുടെ അവബോധവും സൃഷ്ടിക്കുകയും, തദ്വാരാ കാലാന്തരത്തിൽ ഇത്തരം സൂചകങ്ങൾ കൂടാതെതന്നെ മനുഷ്യന് അവിടുത്തെ ആരാധിപ്പാൻ സാധ്യമാകും എന്ന് അവിടുന്ന് നിശ്ചയിച്ചു. അതിന്റെ മുൻകുറിയായിട്ടാണ് ഏദനിൽ ‘നന്മ-തിന്മകളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന വൃക്ഷം സൃഷ്ടിക്കപ്പെട്ടത്. ഇതിന്റെ തുടർച്ചയായിരുന്നു സമാഗമന കൂടാരവും, യെരുശലേം ദൈവാലയവും. കാലത്തിന്റെ പൂർണ്ണതയിൽ ദൈവം തന്നെ ഇന്ദ്രിയഗോചരമായ മനുഷ്യനായി ജഡധാരണം ചെയ്തു. പിന്നീട് പുതിയ നിയമ സഭയിൽ അത് ദൈവാലയങ്ങളും, വിശുദ്ധ കൂദാശകളും സർവ്വോപരി, വിശുദ്ധ കുർബാനയുമായി നൽകപ്പെട്ടു. അവ അവയിൽ തന്നെ നിഴലും പൊരുളുമായി ആത്മാവാം ദൈവത്തെ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
എന്നാൽ പഴയ നിയമ സഭയ്ക്ക് സംഭവിച്ചതുപോലെ തന്നെ പുതിയ നിയമ സഭയ്ക്കും ഈ വീഴ്ച സംഭവിച്ചു. സത്യാരാധനയുടെ ഈ സൂചനകൾ പിന്നീട് അതിൽത്തന്നെ പൂർണ്ണമെന്ന് മനുഷ്യൻ വിശ്വസിച്ചു തുടങ്ങിയപ്പോഴാണ് അത് വിഗ്രഹമായി നിപതിച്ചത്. പഴയ നിയമത്തിലെ ‘നെഹുഷ്ഠാൻ’ ഇപ്രകാരം സംഭവിച്ച വിപത്തിന്റെ ഉത്തമ ദൃഷ്ട്ടാന്തമാണ്.
'താമ്രസർപ്പം' എന്ന ‘നെഹുഷ്ഠാൻ’.
യിസ്രായേലിന്റെ ചരിത്രത്തലെ ഏറ്റവും സുപ്രധാന സംഭവമായി വിലയിരുത്തപ്പെടുന്ന കനാനിലേക്കുള്ള പുറപ്പാടിൽ, മരുഭൂയാത്രയിലെ മറുതലിപ്പിന്റെ ഫലമായി ലഭിച്ച ശിക്ഷയിൽ, അഗ്നി സർപ്പങ്ങളുടെ കടിയിൽ നിന്ന് രക്ഷപ്പെടുവാൻ ദൈവകല്പന പ്രകാരം മോശ നിർമ്മിച്ച താമ്രസർപ്പമാണ് പിന്നീട് 'നെഹുഷ്ഠാൻ' എന്നറിയപ്പെട്ടത്. അഗ്നിസർപ്പത്തിൽനിന്ന് രക്ഷപ്രാപിച്ച അവർ ദൈവകല്പനയുടെ ഭാഗമായി നിർമ്മിച്ച താമ്രസർപ്പത്തെ ദൈവ സാന്നിധ്യത്തിന്റെയും, കരുതലിന്റെയും, രക്ഷയുടെയും, അടയാളമായി തങ്ങളോടൊപ്പം കൊണ്ടുപോയി (മഹാജ്ഞാനം 16: 5-12). അത് പിന്നീട് സമാഗമന കൂടാരത്തോടൊപ്പം വഹിക്കപ്പെട്ടു. ഒടുവിൽ യെരുശലേം ദൈവാലയം സ്ഥാപിതമായപ്പോൾ അത് ദൈവാലയത്തിൽ സ്ഥാപിക്കപ്പെട്ടു. എന്നാൽ അതുവരെ സൂചകമായിരുന്ന നെഹുഷ്ഠാൻ പിന്നീട് വിജാതീയ രീതി പ്രകാരം ദൈവമായി മാറ്റപ്പെടുന്ന കാഴ്ചയാണ് വേദചരിത്രത്തിൽ കണ്ടത്.
അഗ്നി സർപ്പത്തിന്റെ കടിയേൽക്കുന്നുന്നവർക്ക് ദൈവ സാന്നിധ്യത്തിന്റെ ബോധ്യം ലഭിക്കുവാനും, അത് മുഖാന്തിരം അനുതപിപ്പാനും, അതിലൂടെ രക്ഷയ്ക്ക് ഉതകുന്ന ഒരു ചാലകമാകുവാനും താമ്രസർപ്പത്തിന് കഴിഞ്ഞു. മറ്റൊരു വിധത്തിൽ, മനുഷ്യരിലേക്കുള്ള ദൈവ കൃപയുടെ ഒഴുക്കിനെ മാധ്യമാവുക എന്നതായിരുന്നു താമ്രസർപ്പത്തിന്റെ ഉദ്ദേശ്യം. ഈ വസ്തുത പിൽകാലത്ത് വിസ്മരിക്കപ്പെടുകയും, ദൈവ കൃപ ഉത്പാദിപ്പിക്കപ്പെടുന്ന ഉറവിടമായി പരിഗണിക്കപ്പെടുകയും ചെയ്തതോടെ അത് വിഗ്രഹമായി തീർന്നു.
ഹെസക്കിയേലിന്റെ കാലത്ത് (715-686.B.C) നെഹുഷ്ഠാൻ ഒരു കുട്ടി ദൈവമായി (Minor Diety) തീരുകയും, അതിന്റെ മുന്നിൽ ധുപം അർപ്പിക്കുവാനും തുടങ്ങി. മോശയാൽ സ്ഥാപിക്കപ്പെടുകയും, അതിൽ നോക്കിയവർക്ക് രക്ഷ കിട്ടിയെന്ന വസ്തുത പ്രചരിപ്പിക്കപ്പെടുകയും ചെയ്തതോടെ നെഹുഷ്ഠാൻ ഒരു ദൈവമായി തീർന്നു. ഈ ദൈവ സങ്കല്പത്തെയും, പ്രതിഷ്ഠയെയും ഇല്ലായ്മ ചെയ്‌വാനാണ് ഹെസക്കിയേൽ അത് നശിപ്പിച്ചത്. (1.രാജ 18:14).
ആധുനിക നെഹുഷ്ഠാൻ പ്രതിഷ്ഠകൾ.
ദൈവാലയത്തോടും ആരാധനാ സമൂഹത്തോടും ചേർന്ന് ഇത്തരം പ്രതിഷ്ഠകൾക്കുമുള്ള സാധ്യതകൾ വളരെ കൂടുതലായ ഒരു കാലഘട്ടമാണിത്. വ്യത്യസ്ഥങ്ങളായ സഭാ സമൂഹങ്ങളോടും, മത സമൂഹങ്ങളോടും ചേർന്ന്, വൈവിധ്യത്തിന്റെ കലവറയിൽ ജീവിക്കുന്ന മലങ്കര സഭയിൽ ഇതിനോടകം ചേർക്കപ്പെട്ട അന്യാചാരങ്ങളും അനുഷ്ഠാങ്ങളും സുറിയാനി ദൈവശാസ്ത്രത്തിനും, പാരമ്പര്യത്തിനും നിരക്കാത്തതാണ്. ദൈവാലയ നിർമ്മിതി മുതൽ അതിൽ വയ്ക്കുന്ന ചിത്രങ്ങൾ, സ്‌പെഷ്യൽ കുർബാനയുടെ വിളംബരം, കൊന്തയുടെയും, രൂപങ്ങളുടെയും ഉപയോഗം, ഉരുൾ നേർച്ച, തൂക്കനേർച്ച, എഴുന്നെള്ളിപ്പുകൾ, താലം നേർച്ച, വിശുദ്ധ കുർബാന എഴുന്നെള്ളിക്കുമ്പോൾ കൈകൂപ്പി പിടിച്ചുള്ള നില്പ് തുടങ്ങി അലങ്കാരങ്ങൾ മൂടിയ കബറുകൾ, വണക്ക പെരുന്നാളുകൾ പോലുള്ള ആചാരങ്ങൾ എന്നിവ സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസത്തിൽ ഉൾകൊള്ളാവുന്നവയല്ല. ഇതിനെതിരെ പറയുന്നവരും, എഴുതുന്നവരും പ്രൊട്ടസ്റ്റന്റുകാരാണെന്ന് മുദ്രകുത്തുന്ന അവസ്ഥയിലാണ് ഇന്ന് കാര്യങ്ങൾ പോകുന്നത്.
ഒരിക്കയ്ൽ അടച്ച രൂപക്കൂട് വീണ്ടും തുറക്കുന്നതും, തിരുശേഷിപ്പുകളില്ലാതെ സ്മാരക കബറുകൾ പണിയുന്നതും ഇന്ന് ഒരു പ്രവണതയായി തീർന്നിരിക്കുന്നുകയാണ്. തിരുശേഷിപ്പുകളോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അടിസ്ഥാനം ഭക്തിയേക്കാളധികം ധനാഗമനമാണെന്നത് നഗ്നമായ ഒരു സത്യമായി അവശേഷിക്കുന്നുന്നു. ഒരു തിരുശേഷിപ്പെങ്കിലുമില്ലാത്ത ദൈവാലയങ്ങളെ ഒരു പള്ളിയായി പോലും പരിഗണിക്കാൻ സാധ്യമാകാത്ത വിധം വിശ്വാസികളിൽ ചില വിഗ്രഹങ്ങൾ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എവിടെ നിന്നെങ്കിലും ‘ഒരു തട്ടോ, പൊടിയോ’ കിട്ടുമോ എന്ന് പുരോഹിതരും വിശ്വാസികളും അന്വേഷിച്ച് പരക്കം പായുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ദൈവമാതാവും വിശുദ്ധന്മാരും.
സഹോദര സഭകളുടെ സ്വാധീനം കൊണ്ടാകണം ‘ദൈവമാതാവിനെ സംബന്ധിച്ച്’ അബദ്ധജഢിലമായ ചില വിശ്വാസങ്ങൾ ഇന്ന് മലങ്കര സഭയിൽ ഉടലെടുത്തിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്, അവൾ ‘അമലോത്ഭവ’ ആയിരുന്നു എന്നതാണ്. ‘അമലോത്ഭവ’ എന്നാൽ ‘പാപം കൂടാതെ ജനിച്ചവൾ’ എന്നാണ് അർത്ഥം. കർത്താവായ യേശു ക്രിസ്തു എന്ന മ്ശിഹാ അല്ലാതെ പാപം കൂടാതെ ജനിച്ചവർ ആരുമില്ലെന്ന് സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസം പഠിപ്പിക്കുമ്പോൾ ഈ അബദ്ധം സഹജഗുണം കൊണ്ട് സിദ്ധിച്ചതാകാനേ തരമുള്ളൂ. നിർഭാഗ്യവശാൽ, ‘എട്ടു നോമ്പിന്റെ’ ആചരണം ഈ ആശയത്തിന് ആക്കം കൂട്ടുകയും ചെയ്തു. മധ്യസ്ഥ പ്രാർത്ഥനയുടെ വിപണി മൂല്യം തിരിച്ചറിഞ്ഞവർ, വിശുദ്ധ കുർബാനയുടെ ഭാഗമല്ലാതിരുന്ന ഒന്നിനെ ആരാധനയുടെ ഭാഗമാക്കിയതോടെ അതിന്റെ പ്രസക്തിയും പ്രാധാന്യവും വല്ലാതെ വളർന്നു.
ദൈവമാതാവ് മരണം കാണാതെ ജീവനോടെ സ്വർഗ്ഗം പ്രാപിച്ചു എന്ന് വിശ്വസിക്കുന്ന് ഒരു വലിയ വിഭാഗം വിശ്വാസികൾ മലങ്കരയിലുണ്ടെന്നത് ഭീതിയോടെ മാത്രം കാണേണ്ട ഒരു വിഷയമാണ്. അതിനാൽത്തന്നെ അർത്ഥം മനസ്സിലാക്കാതെ ‘രക്ഷിതാവിന്റെ സഹ രക്ഷകയായ മാതാവേ!…’ എന്ന് പ്രാർത്ഥിക്കുന്നവരും ഈ സഭയിലുണ്ട്. ദൈവമാതാവിന്റെ കിരീടധാരണം എന്ന അന്യാശയത്തെ ദൈവാലയത്തിൽ വരച്ചുവെച്ച് വേദവിപരീതം പഠിപ്പിക്കുകയും, ജ്ഞാന വൃദ്ധരായ ചില പിതാക്കന്മാർ അതെഴുതി പിടിപ്പിക്കുയുകയും ചെയ്തതോടെ ചിലരെങ്കിലും അതിനെയൊരു വിശ്വാസ സത്യമായി ഇന്ന് അംഗീകരിക്കുന്നു. പ്രാദേശിക പേരുകൾ ചേർത്ത് ഇതര സഭക്കാർ സംബോധന ചെയ്യും വിധം ദൈവമാതാവിനെ ‘സുനോറോ മാതാവ്’ എന്ന് വിളിക്കുന്നവരും മലങ്കര സഭയിലുണ്ട്.
കർത്താവിന്റെ ദിവസവും, മാറാനായ ദിവസവും ആചരിക്കുന്നതിനേക്കാൾ ‘വിശുദ്ധരുടെ പെരുന്നാളുകൾ’ ആഘോഷമായി നടത്തുന്ന പതിവും കുറവല്ല. ‘നിയോഗ വിശുദ്ധർ’ എന്ന സങ്കല്പം സത്യ സുറിയാനി സഭയുടെ വിശ്വാസമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ അന്യസങ്കല്പത്തെ പ്രോത്സാഹിപ്പിക്കുന്ന രീതികളും ഇവിടെ സജീവമാണ്. സുറിയാനി പാരമ്പര്യവുമായി പുലബന്ധം പോലുമില്ലാത്തവരുടെ ഓർമ്മപ്പെരുന്നാളുകൾപോലും വിശാല ഐക്യൂമെനിസത്തിന്റെ പറ്റിൽ ഇന്നാചരിക്കപ്പെടുന്നു. ‘ആടുകളുടെ കൊഴിഞ്ഞു പോക്കാണ്’ ഇതിനു പറയുന്ന ന്യായികരണം. വിശ്വാസത്തിൽ വെള്ളം ചേർത്ത് ആളുകളെ പിടിച്ച് നിർത്തുന്നതിനേക്കാൾ ഭേദം ‘കഴുത്തിൽ ഒരു തിരികല്ല് കെട്ടി സമുദ്രത്തിൽ വീഴുന്നതല്ലേ?’.
വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
മലങ്കരയിൽ സംഭവിച്ച നവീകരണ പരിശ്രമങ്ങൾക്ക് വ്യക്തവും, ദൃശ്യവുമായ ഒരു പ്രതിപ്രവർത്തനം ലഭിച്ചില്ല എന്നത് ഇന്നലയുടെ പരാജയമാണ്. എന്നാൽ ആ തലമുറ അതിനെ പ്രായോഗികമായി നേരിട്ടു. അന്ന് പൊളിക്കപ്പെട്ട ഒരു കബർ പോലും പിന്നീട് പുനർനിർമ്മിച്ചില്ല. ആരാധന സാധാരണക്കാരന്റെ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു; വിശുദ്ധ കുർബാനാനന്തരം പുരോഹിതൻ ജനത്തെ പഠിപ്പിക്കാൻ ആരംഭിച്ചു. പതുക്കെ നവീകരണത്തിന്റെ ആത്മചോദനയെ ‘സത്യവിശ്വാസത്തിന്റെ’ തലത്തിൽ ആവാഹിച്ച് വിജയം വരിച്ചു. ഒപ്പം സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസത്തിൽനിന്ന് വ്യതിചലിച്ചതുമില്ല. എന്നാൽ ആ പരിശ്രമങ്ങൾക്ക് ഇന്ന് അപചയം സംഭവിക്കുമ്പോൾ മലങ്കര സഭയ്ക്ക് ഉറക്കം നടിക്കുവാൻ കഴിയുമോ?
പരിശിഷ്ടം.
ക്ഷാമംകൊണ്ട് പൊറുത്തി മുട്ടിയ ജനം പട്ടിണി മൂലം യെരുശലേമിന്റെ പാത്രിയർക്കീസിന്റെ ദയറായിലേക്ക് ചെന്നു. തന്റെ പിതൃസ്വത്തുപോലും വിറ്റു ആ മനുഷ്യരെ മുമ്പ് സഹായിച്ച ആ വൃദ്ധന് ഇനിയൊന്നും വിൽക്കുവാൻ കൈയിൽ അവശേഷിച്ചിരുന്നില്ല. എന്നാൽ ആ മനുഷ്യന്റെ കണ്ണുകൾ നിധിപ്പുരയിലേക്ക് (ബെത്-ഗാസ മുറി) നീളുന്നത് ‘വിശ്വാസ സംരക്ഷകർ’ കണ്ടു; അവർക്ക് അപകടം മണത്തു. ‘അത് കർത്താവിന്റെ തിരുശരീര രക്തങ്ങൾ സംവഹിക്കുന്ന രത്നങ്ങൾ പതിച്ച സ്വർണ്ണ കാസാകളും, പീലാസകളുമാണ്. അവയെടുക്കുവാൻ ആർക്കും അധികാരമില്ല, മാത്രവുമല്ല അവ പാരമ്പര്യമായി ഇവിടെ സംരക്ഷിക്കപ്പെടുന്നതുമാണ്’ അവർ പ്രതികരിച്ചു. വൃദ്ധതാപസൻ പതുക്കെ എഴുന്നേറ്റ് ആ മുറിയിൽ കടന്ന് അവ കൈകളിൽ എടുത്തു. ‘തച്ചനായ എന്റെ കർത്താവിന്റെ തിരുശരീരവും രക്തവും സംവഹിക്കാൻ എന്തിനാണ് സ്വർണ്ണവും, വെള്ളിയും? വിശക്കുന്നവന്റെ മുന്നിൽ അപ്പമായി തീരാത്തിടത്തോളം ഈ ലോഹങ്ങൾ വിഗ്രഹങ്ങൾ മാത്രമാണ്’. ഉറച്ച ശബ്ദത്തിൽ അദ്ദേഹം കല്പിച്ചു. അവർ അതു വിറ്റു, അത് അനേകർക്ക് അന്നവും, ജീവനുമായി. ലോകം ആ ജ്ഞാന വൃദ്ധനെ ‘ഉർശ്ലേമിന്റെ മോർ കുറിലോസ്’ എന്ന് വിളിച്ചു.
“നിന്റെ പിതാക്കന്മാർ പണ്ടുമുതൽക്കേ നിശ്ചയിച്ചിട്ടുള്ള അതിരു നീ മാറ്റരുത്”. (സദൃ 22:27)
റഫറൻസ്:-
[i] Ronald F.Youngblood, Nelson’s Illustrated Bible Dictionary: New and Enhanced (Nashville: Harper Collins Christian Publishing. Inc., 2014), 528.
[ii] Dennis.T.Olson, Numbers – Interpretation, A Bible Commentary for Teaching and Preaching (Louisville: John Knox Press, 1996), 136.
[iii] Thomas Nelson, The Chronological Study Bible (Nashville: Thomas Nelson Inc., 2008), 172.
[iv] Thomas Nelson, The Chronological Study Bible (Nashville: Thomas Nelson Inc., 2008), 172.