'ദുഃഖവെള്ളിയാഴ്ച' എന്നത് മലങ്കരയിൽ മാത്രമുള്ള ഒരു പ്രയോഗമാണ്. സുറിയാനി ഭാഷയിൽ Arabtho Rabo. എന്നാണ് പറയുക. അതിന്റെ അർത്ഥം 'വലിയ വെള്ളിയാഴ്ച' എന്നുതന്നെയാണ്. (ഇംഗ്ലീഷിൽ ഗ്രേറ്റ് ഫ്രൈഡേ) എന്നാൽ ഗുഡ് ഫ്രൈഡേ Good Friday എന്നുള്ള പ്രയോഗം Anglican സഭകളിൽനിന്നും ഇന്ത്യയിൽ വന്നു ചേർന്നതാണ്. 15, 16 നൂറ്റാണ്ടുകളിൽ വിശുദ്ധ എന്ന പദത്തിന് വേണ്ടി ഗുഡ് (Good) എന്നുള്ള ഇംഗ്ലീഷ് വാക്കു ഉപയോഗിക്കാറുണ്ടായിരുന്നു. അതുകൊണ്ട് ഗുഡ് ഫ്രൈഡേ എന്ന പദത്തിന് "വിശുദ്ധ വെള്ളിയാഴ്ച" എന്ന് മാത്രമേ അർത്ഥമുള്ളൂ, ആ പ്രയോഗം ഇംഗ്ലീഷുകാർ ഇന്ത്യ ഭരിച്ചപ്പോൾ വന്നുചേർന്നതാണ്. വേദശാസ്ത്രപരമായും പൗരസ്ത്യ / സുറിയാനി സഭകളുടെ പാരമ്പര്യമനുസരിച്ചും 'വലിയ വെള്ളിയാഴ്ച' എന്നുള്ള പദമാണ് ഏറ്റവും ശരിയായിട്ടുള്ളത്.
പീഡാനുഭവങ്ങളുടെ വെള്ളിയാഴ്ച (The Friday of Suffering = സ്കീപ്പൂസോയുടെ വെള്ളിയാഴ്ച) എന്നും അനന്തമായ ദൈവ സ്നേഹത്തിന്റെ വെള്ളിയാഴ്ച (The Friday of God's Eternal Love) എന്നുമൊക്കെ ഈ ദിവസത്തെ വിശേഷിപ്പിക്കാറുണ്ട്. ഇതിനെല്ലാംകൂടി ഒരുമിച്ച് പറയാവുന്ന പേര് തന്നെയാണ് വലിയ വെള്ളിയാഴ്ച എന്നത്.
'ഗുഡ് ഫ്രൈഡേ' എന്നും 'ദുഃഖവെള്ളിയാഴ്ച' എന്നും ഒരുപോലെ കേൾക്കുമ്പോൾ ക്രൈസ്തവർ അടക്കം അനേകം ആളുകൾക്ക് ആശയക്കുഴപ്പമുണ്ടാകാറുണ്ട്. അതുകൊണ്ടാണല്ലോ ഉത്തരേന്ത്യയിൽ ജോലി ചെയ്യുന്ന ക്രിസ്ത്യാനികൾക്കു പലപ്പോഴും Happy Good Friday Greetings ലഭിക്കാറുള്ളത്.
സുറിയാനിയിൽ ‘അ’ റബ്‌തോ ദ് ഹാശോ’ എന്നോ ‘അ’ റബ്‌തോ ദ് സ്കീപ്പൂസോ’ എന്നുമാണ് പറയുന്നത്. ('അ' എന്നതിന് ശബ്ദമില്ല). അതിന് 'പീഡാ വെള്ളിയെന്നോ', 'കഷ്ടാനുഭവ വെള്ളിയെന്നോ' മലയാളത്തിൽ പറയാം. ദുഃഖവെള്ളി എന്നത് ശുദ്ധ അസംബന്ധമാണ്. മനുഷ്യ രക്ഷക്കായി ദൈവമൊരുക്കിയ ഒരു മഹാ സംഭവത്തെയോർത്ത് ദുഃഖിക്കാൻ മനുഷ്യനെ ദൈവം ചുമതലപ്പെടുത്തിയിട്ടില്ല. ‘നിങ്ങൾ നിങ്ങളെക്കുറിച്ചും നിങ്ങളുടെ മക്കളെക്കുറിച്ചും ദുഃഖിച്ചാൽ’ മതി.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.