Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.

'വടക്കു നിന്ന് തെക്കോട്ട്' എന്നാണ് പ്രദക്ഷിണം എന്ന വാക്കിന്റെ അർത്ഥം. 'വലം വയ്ക്കുക' എന്നതാണ് ശബ്ദതാരാവലിയിൽ (ശബ്ദതാരാവലി പേജ് 2173). വലത്തോട്ട് എന്നും ദക്ഷിണദിശയിലേക്കുള്ള (തെക്ക് ദിശയിൽ) പ്രയാണം എന്നും ചില വ്യാഖ്യാനങ്ങളും കാണുന്നുണ്ട്. സുറിയാനി പാരമ്പര്യത്തിൽ പെരുന്നാളുകളിലും പ്രത്യേക ദിവസങ്ങളിലെ ശുശ്രുഷകളിലും പ്രദക്ഷിണം നടത്താറുണ്ട്. പള്ളിയുടെ വടക്കേ വാതിൽ വഴി പുറത്തേയ്ക്കിറങ്ങി പടിഞ്ഞാറ്, തെക്ക്, കിഴേക്ക് ഭാഗങ്ങളിലൂടെ പള്ളിക്കു മൂന്നു തവണ വലം വെച്ചതിനു ശേഷം തെക്ക് ഭാഗത്തൂടെ പള്ളിയകത്ത്‌ പ്രവേശിക്കുന്ന രീതിയാണുള്ളത്. (ദുഃഖ വെള്ളിയഴ്ച മാത്രം തെക്കേ വാതിൽ വഴി ഇറങ്ങുന്ന രീതിയാണുള്ളത്.) പ്രത്യേക ദിവസങ്ങളിൽ പള്ളിയകത്തുകൂടെയും പ്രദക്ഷിണം നടത്താറുണ്ട്. പ്രദക്ഷിണത്തിന്റെ കുറച്ചുകൂടി വിപുലീകരിച്ച രൂപമാണ് റാസ. ഇടവക പള്ളിയുടെ സ്ഥാപക വിശുദ്ധന്റെ പെരുന്നാളിനോടനുബന്ധിച്ച്‌ നാടും നഗരവും ചുറ്റി നടത്തുന്ന പ്രദക്ഷിണത്തെ റാസയെന്നും (ശരിക്കും രഹസ്യം എന്നാണ് റാസയുടെ അർത്ഥം) വിളിക്കാറുണ്ട്.

പെരുന്നാൾ പ്രദക്ഷിണം എന്നാലെന്ത്‌? അത്‌ ഊരുവലത്തോ റാസയോ? "റാസ" എന്നത്‌ തികച്ചും തെറ്റു തിരുത്തപ്പെടേണ്ട ഒരു പദപ്രയോഗമല്ലേ?

പൊതുവായതും പ്രാദേശികമായതുമായ മതപരമായ പ്രധാന ദിവസങ്ങളാണ് ക്രിസ്ത്യാനികൾക്ക് പെരുന്നാളുകൾ. യേശു ക്രിസ്തുവിന്റെ ജീവിത പ്രവർത്തനത്തിലെ നിർണ്ണായക സംഭവങ്ങളുടെയും വിശുദ്ധരുടെ മരണ ദിനങ്ങളുടെയും പരിശുദ്ധ സഭയുടെ സ്ഥാപനത്തിന്റെയും ഇടവക പള്ളിയുടെ ശിലാസ്ഥാപനത്തിന്റേയും ഒക്കെ ഓർമ്മ പുതുക്കുന്ന ദിവസങ്ങളാണവ. ഇടവക പള്ളികളിൽ പ്രാദേശികമായി ഒരു പെരുന്നാൾ പ്രധാന പെരുന്നാളായി ആഘോഷിയ്ക്കുക പതിവാണ്. അത് യേശു ക്രിസ്തുവിന്റെ ജീവിത പ്രവർത്തനത്തിലെ ഏതെങ്കിലും നിർണ്ണായക സംഭവത്തിന്റെയോ വിശുദ്ധരുടെ ആരുടെയെങ്കിലും മരണ ദിനങ്ങളുടെയോ സഭയുടെ സ്ഥാപനത്തിന്റെയോ അതത് ഇടവക പള്ളി സ്ഥാപിച്ചതിന്റെയോ ഓർമ്മ പുതുക്കുന്ന ദിവസമായിട്ടായിരിക്കും.

ഇടവക പള്ളികളിലെ പെരുന്നാളുകൾ (പെരിയ നാളുകൾ) ആരംഭിക്കുന്നത്‌ കൊടി ഉയർത്തലോടു കൂടിയാണ്‌. പഴയ കാലത്ത്‌ കൊടി ഉയർത്തുന്നതിനുള്ള മരം തന്നെ ഉയർത്തുകയായിരുന്നു പതിവ്‌. ഇടവകയിലെ ഏതെങ്കിലും ഒരു ഭവനത്തിൽ നിന്നും നീളം കൂടിയ കമുകു മരം (കവുങ്ങ്‌ അഥവാ അടക്കാ മരം) ആഘോഷമായി, വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി പള്ളിയിൽ എത്തിച്ച്‌‌ ചെത്തിയൊരുക്കി നാട്ടുകയും, അതിനു ശേഷം അതിനു മുകളിൽ കൊടി ഉയർത്തുകയുമായിരുന്നു അന്നത്തെ പതിവ്‌. അവകാശമുള്ള ആശാരിയായിരിക്കും പൂളു ചീന്തി മരം വെട്ടിനു തുടക്കം കുറിക്കുന്നത്‌. പെരുന്നാളിന്‌ ഒരാഴ്ച മുമ്പെ കൊടി കയറുന്നതോടുകൂടി പെരുന്നാളിന്റെ നാന്ദികുറിക്കുകയായി. ഇന്ന് ആ സ്ഥാനം ലോഹനിർമ്മിത കൊടി മരങ്ങൾ കരസ്ഥമാക്കിയെങ്കിലും ഇന്നും പരമ്പരാഗതമായ കൊടിമരങ്ങൾ ഉയർത്തുന്ന പള്ളികളും ഇല്ലാതില്ല. നമ്മുടെ പള്ളികളിൽ ഉയർത്തുന്ന കൊടികളുടെ രൂപം എന്തുകൊണ്ട് താഴെ നിന്നും മുകളിലേക്ക് കോണ് ആകൃതിയിൽ വെട്ട് എന്നത് ചിന്തിച്ചിട്ടുണ്ടോ? അത് ശിരഛേദം ചെയ്യപ്പെട്ട യോഹന്നാൻ സ്നാപകന്റെ (യോഹന്നാൻ മാംദാന) പ്രതീകമാണ്. യോഹന്നാൻ മാംദാനാ കർത്താവിന്റെ വരവ്‌ അറിയിക്കുന്നതിന്റെ മുന്നോടിയാണല്ലൊ? പെരുന്നാൾ പ്രദക്ഷിണം എന്നാൽ കർത്താവിന്റെ  രക്ഷാകരമായ രണ്ടാം വരവിനെ പ്രതിനിധാനം ചെയ്യുമ്പോൾ അത്‌ മാലോകരെ അറിയിക്കേണ്ടത്‌ യോഹന്നാൻ സ്നാപകൻ തന്നേയല്ലേ?  

നമ്മുടെ പള്ളി പെരുന്നാളുകളോടു ചേർത്തു നാം ഉപയോഗിക്കുന്ന വാക്കുകളാണ്‌ റാസ, പ്രദക്ഷിണം (വലം വയ്പ്പ്‌ അഥവാ clockwise turning), ഊരുവലത്ത്‌ എന്നിവ. പെരുന്നാളുകൾ പൊതുവെ ആഘോഷങ്ങൾ തന്നെ. ഈ ആഘോഷങ്ങളൊക്കെ ആചരിക്കുമ്പോൾ അവ ഭക്തി പ്രഘോഷങ്ങളാണെന്നും ആയിരിക്കണമെന്നും നാം തിരിച്ചറിയണം.  പള്ളികളോടു ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും അനുഷ്‌ഠാനങ്ങളാണെന്നും അനുഷ്ഠാനങ്ങൾ അർത്ഥമറിഞ്ഞും നിഷ്ഠ പാലിച്ചും വേണമെന്നും നാം ഓരോരുത്തരും ഓർക്കേണ്ടതുണ്ട്‌. ഇവ രണ്ടും ഉണ്ടാകുമ്പോഴേ പരിശുദ്ധ സഭയിലെ ആഘോഷാനുഷ്ഠാനങ്ങൾ നമ്മിൽ അനുഭവങ്ങളായിത്തീരുകയുള്ളൂ. എങ്കിലേ അവ വിശ്വാസികളെ രൂപാന്തരപ്പെടുത്തുവാനും ഉതകുകയുള്ളൂ.  

1. റാസ - റോസോ = കുർബ്ബാന.

'റാസ' അല്ലെങ്കിൽ 'റോസോ' എന്ന വാക്കിനർത്ഥം 'രഹസ്യം' എന്നത്രെ. 'റാസ' പൗരസ്ത്യ (കൽദായ) സുറിയാനി രൂപവും 'റോസോ' പാശ്ചാത്യ (അന്ത്യോഖ്യൻ) സുറിയാനി രൂപവുമാകുന്നു; ഒരു ഭാഷയുടെ തന്നെ എഴുതാനും വായിക്കാനുമുള്ള രണ്ടു സമ്പ്രദായങ്ങൾ (dialects). പണ്ട്‌ പറങ്കികൾ എന്നും നാം പറയുന്ന പോർച്ചുഗീസുകരുടെ വരവിനു മുമ്പെ (എ.ഡി. 1498) പേർഷ്യൻ സഭയുമായി ബന്ധത്തിലായിരുന്നപ്പോൾ, മലങ്കരയിലെ സുറിയാനി സഭ പൗരസ്ത്യ സുറിയാനി സഭകളുടെ ആരാധനാ പാരമ്പര്യമാണ്‌ പിന്തുടർന്നിരുന്നത്‌. എന്നാൽ സുറിയാനി പിതാക്കന്മാരുടെ വരവോടുകൂടി ഇപ്പോൾ പാശ്ചാത്യ സുറിയാനി പാരമ്പര്യമാണല്ലൊ നാം സ്വീകരിച്ചിരിക്കുന്നത്‌? അന്ന്‌ കത്തോലിക്കാ സഭയിൽ ചേർന്ന നസ്രാണികൾ അഥവാ, സീറോ മലബാർ സഭ, പൗരസ്ത്യ സുറിയാനി ആരാധനാ പാരമ്പര്യം പിന്തുടർന്നു. രണ്ടു സുറിയാനി പാരമ്പര്യങ്ങളിലും വിശുദ്ധ കുർബ്ബാനയ്ക്ക്‌ 'റാസ' അല്ലെങ്കിൽ 'റോസോ' എന്നു പറഞ്ഞിരിക്കുന്നു.  

മലങ്കരയിലെ സുറിയാനി സഭ അവലംബിച്ചു വരുന്ന പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിൽ 'റോസോ' എന്ന പദം വിശുദ്ധ മാമോദീസാ, വിശുദ്ധ മൂറോനഭിഷേകം, വിശുദ്ധ കുർബ്ബാന എന്നീ കൂദാശകൾക്ക്‌ പൊതുവായും വിശുദ്ധ കുർബ്ബാനക്ക്‌ പ്രധാനമായും ഉപയോഗിക്കുന്നു. വിശുദ്ധ കുർബ്ബാന തക്സായിൽ വിശുദ്ധ കുർബ്ബാനയ്ക്കു തത്തുല്യമായി 'റോസോ' എന്ന പദം ആവർത്തിച്ചു കാണാനാകും.  

വിശുദ്ധ കുർബ്ബാനയെ സധാരണയായി 'വിശുദ്ധ കൂദാശ' എന്നു വിശേഷിപ്പിക്കുമെങ്കിലും, വിശുദ്ധ കുർബ്ബാനയെ തക്സായിൽ 'കൂദാശ' എന്നു പരാമർശിച്ചു കാണുന്നില്ല. മറിച്ച്‌ 'റോസോ' (രഹസ്യം) എന്ന് ഏകവചനത്തിലൊ 'റോസേ' (രഹസ്യങ്ങൾ) എന്ന് ബഹുവചനത്തിലൊ പറഞ്ഞിരിക്കുന്നു.  ചുരുക്കത്തിൽ റാസാ, റോസോ എന്നീ ശബ്‌ദങ്ങൾ വിശുദ്ധ കുർബ്ബാനയെ സൂചിപ്പിക്കുന്നു എന്നു സാരം.

2. റാസയും പെരുന്നാൾ പ്രദക്ഷിണവും.

കത്തോലിക്കാ സഭയിൽ വിശുദ്ധ കുർബ്ബാന ആഘോഷപൂർവ്വം എഴുന്നള്ളിച്ചു കൊണ്ടുപോകാറുണ്ട്. അതിനാണ് റാസ എന്നു പറയുന്നത്. റാസയിൽ വിശുദ്ധ കുർബ്ബാന കൊണ്ടുപോകുന്നത് അരുളിക്കയിൽ വച്ചു കൊണ്ടാണ്. (അരുളിക്കയിൽ തിരുശേഷിപ്പും സൂക്ഷിച്ചു വയ്ക്കാറുണ്ട്). മലങ്കര യാക്കോബായ സുറിയാനി സഭയിലെ ചില പള്ളികളിലും റാസയ്ക്ക് അരുളിക്ക ഉപയോഗിക്കാറുണ്ട്. അതിനെപ്പറ്റി ശരിയായ അറിവില്ലാത്തതുകൊണ്ടോ അനുകരണ ഭ്രമംകൊണ്ടോ ശീലിച്ചുപോയതുകൊണ്ടോ ചെയ്തുപോരുന്നതാകാം. എന്നാൽ ഊറാറ ചുറ്റിയ തടിക്കുരിശാണ് നമ്മുടെ പള്ളികളിൾ ഉപയോഗിക്കേണ്ടത്. റാസയ്ക്ക് പ്രധാന കാർമ്മികത്വം വഹിക്കുന്ന പട്ടക്കാരന്റെ രണ്ടു കൈകളിലുമായി കുരിശ് പിടിച്ചിരിക്കും. റാസ കടന്നുപോകുന്ന സ്ഥലങ്ങളിലെ ജനങ്ങളെ ആശീർവദിക്കുന്നത് കുരിശുയർത്തി റൂശ്മാ ചെയ്‌തു കൊണ്ടാണ്‌.

റാസാ - റോസോ എന്നീ ശബ്‌ദങ്ങൾ വിശുദ്ധ കുർബ്ബാനയെ സൂചിപ്പിക്കുന്നുവെങ്കിൽ, പെരുന്നാൾ പ്രദക്ഷിണത്തെ എന്തുകൊണ്ട്‌ 'റാസ' എന്നു വിശേഷിപ്പിക്കുന്നു? അതിനുത്തരം തീർത്തും അജ്ഞത അല്ലെങ്കിൽ അറിവില്ലായ്മ തന്നെ. എങ്ങനെ ഇതു നമ്മുടെ പള്ളിപ്പെരുന്നാൾ ഭാഷയിൽ വന്നുപെട്ടു? കത്തോലിക്കാ സഭയിലൂടെ; അന്ധമായ അനുകരണം മൂലം വന്നുപെട്ടുവെന്നു പറയാം.  

കത്തോലിക്കാ സഭ തിരുന്നാൾ (നമ്മുടെ പെരുന്നാൾ കത്തോലിക്കാ സഭയ്ക്ക്‌ തിരുനാളാണ്‌) ആഘോഷിക്കുമ്പോൾ പ്രദക്ഷിനത്തിനു വൈദികൻ തിരുവസ്ത്രം (നാം അംശവസ്ത്രം എന്ന വാക്ക്‌ ഉപയോഗിക്കുന്നു) അണിഞ്ഞ്‌ അരുളിക്കയിൽ തിരുവോസ്തി (നമുക്ക്‌ വിശുദ്ധ കുർബ്ബാന) നിക്ഷേപിച്ച്‌ എഴുന്നെള്ളിച്ചു കൊണ്ടുപോകുന്നു.  പ്രദക്ഷിണം ഊരുചുറ്റി നീങ്ങുമ്പോൾ വിശ്വാസികൾ തിരുവോസ്തി വണങ്ങുന്നു.  തിരുവോസ്തി അതായത്‌ വിശുദ്ധ കുർബ്ബന = റാസാ എഴുന്നള്ളിച്ചു നീങ്ങുന്ന പ്രദക്ഷിണം റാസയായി പരിണമിച്ചു.

റാസ എന്നാൽ റോമൻ കത്തോലിക്കാ സഭയിലെ “The Great Entrance” ആണ്‌. അതായത്‌ രഹസ്യങ്ങളുടെ എഴുന്നള്ളത്ത്‌.  അതാണ്‌ "പരിശുദ്ധം" എന്നു വിവിക്ഷിക്കുന്നത്‌. വിശുദ്ധ കുർബ്ബാനയ്ക്കുള്ള അപ്പവും വീഞ്ഞും അൾത്താരയിലേക്ക്‌ ആഘോഷിച്ച്‌ എഴുന്നള്ളിച്ചു കൊണ്ടു വരിക എന്നതാണ്‌ റോമൻ കത്തോലിക്കാ സഭയുടെ രീതി.  ഇതിനെയാണ്‌ പരിശുദ്ധ റാസാ എന്നു വിളിക്കുന്നത്‌. നമ്മുടെ വിശുദ്ധ കുർബ്ബാനയിൽ വിശുദ്ധ കുർബ്ബാനയെ പടിഞ്ഞാറോട്ട്‌ എഴുന്നള്ളിക്കുന്നതിനെ നമുക്കു വേണമെങ്കിൽ റാസയെന്നു പറയാം.  അതായത്‌ "രഹസ്യങ്ങളുടെ എഴുന്നള്ളത്ത്‌". Rosary (ജപമാലയും) രഹസ്യങ്ങളുടെ പ്രാർത്ഥനയ്ക്ക്‌ കത്തോലിക്കാ സഭ ഉപയോഗിക്കുന്നതാണല്ലൊ? പോർച്ചുഗീസുകാരുടെ കാലത്ത്‌ ഏകദേശം 150 കൊല്ലക്കാലം റോമാൻ അടിമ നുകത്തിനടിയിൽ നിന്ന സമയത്ത്‌, നമുക്കിടയിൽ വന്നു കയറിയ അനാവശ്യ  പേരാണ്‌ ഈ "റാസ" എന്നത്‌.

സീറോ മലബാർ സഭ ഇതിനെ റാസ കുർബാന എന്നാണു പറയുന്നത്. സീറോ മലബാർ സഭയുടെ ഏറ്റവും വിശിഷ്ടവും ആഘോഷകരമായ ദിവ്യബലിയാണ്‌ റാസ കുർബാന. സാധാരണ തിരുനാൾ കുർബാന ഒന്നര മണിക്കൂറോളം സമയം എടുക്കുമ്പോൾ, റാസ കുർബാനയ്ക്ക് അത് ഏകദേശം രണ്ടു മണിക്കൂറോളം എടുക്കും.  അതുകൊണ്ടാകും ഒരുപക്ഷേ അവരുടെ ദേവാലയങ്ങളിൽ റാസ കുർബാന വളരെ വിരളമായേ നടക്കാറുള്ളൂ.  

എന്നാൽ പുരാതന ഓർത്തഡോക്സ്‌ - യാക്കോബായ സഭാ വിഭാഗങ്ങളിൽ, വൈദികർ അരുളിക്കയിൽ കുർബ്ബാന നിക്ഷേപിക്കുന്നില്ല. അതിനു പകരം കുരിശ് വഹിച്ച്‌ വിശ്വാസികൾക്ക്‌ അനുഗ്രഹം പകർന്ന് പ്രദക്ഷിണത്തിന്റെ പിൻനിരയിൽ നടന്നു നീങ്ങുന്നു. ഇതും റാസ (റോസോ = വിശുദ്ധ കുർബ്ബാന) ഇല്ലെങ്കിലും റാസയായി തെറ്റായി വിശേഷിപ്പിക്കുന്നു.  

ഇങ്ങയെങ്കിൽ സിറിയൻ ഓർത്തഡോക്സ്‌ സഭയുടെ പ്രദക്ഷിണത്തേയും ഊരുവലത്തിലേയും 'റാസ' എന്നു വിളിക്കാമോ? ശുദ്ധ അബദ്ധം എന്നല്ലാതെ എന്തു പറയാൻ? ഒരിക്കലും റാസ എന്നു വിശേഷിപ്പിക്കാൻ പാടുള്ളതല്ല.  അങ്ങനെയെങ്കിൽ "മംഗളമായ്‌ തീരണമീ റാസാ" എന്നു പാടുന്നതോ? അതും ശരിയല്ലെന്നു മാത്രമല്ല, അബദ്ധമാണെന്നു വ്യക്തമായല്ലൊ? "മംഗളമായ്‌ തീരണമീ പെരുന്നാൾ" എന്നു വിശുദ്ധ കുർബ്ബാന ക്രമത്തിൽ പിതാക്തന്മാർ എഴുതിച്ചേർത്തിരിക്കുന്നത്‌ അവർ മണ്ടന്മാരായതുകൊണ്ടല്ലല്ലോ?  അതുകൊണ്ട്‌ കുർബ്ബാന ക്രമത്തിൽ കൊടുത്തിരിക്കുന്നതുപോലെ പാടിയാൽ മതിയാവും. അങ്ങനെയേ പാടാവൂ.  

മലങ്കര കത്തോലിക്കാ സഭയും (റീത്ത്‌) പ്രദിക്ഷണത്തിന്റെ അർത്ഥം ശരിക്കും മനസ്സിലാക്കാതെയാണ്‌ അതിനെ ആചരിക്കുന്നത്‌. ആയതുകൊണ്ടുതന്നെ അവർ പാടും "മംഗളമായ്‌ തീരണമീ റാസ" എന്ന്. അതുകേട്ട്‌ ഭക്തി മൂത്ത്‌ ചില ഓർത്തഡോക്സ്‌-യാക്കോബായ ഗായക സംഘങ്ങളും അതിപ്പോൾ ഏറ്റുപാടാൻ തുടങ്ങിയിട്ടുണ്ട്‌. അതൊക്കെ പറഞ്ഞു മനസ്സിലാക്കേണ്ട അച്ചന്മാരും അറിവില്ലാഞ്ഞിട്ടോ, അതോ വിമർശനത്തെ ഭയന്നോ നിശബ്ദത പാലിക്കുന്നതാണ്‌ കണ്ടിട്ടുള്ളത്‌. "മംഗളമായ്‌ തീരണമീ പെരുനാൾ" എന്നു മാത്രമാണ്‌ പാടേണ്ടത്‌.  

3. പ്രദക്ഷിണമോ ഊരുവലത്തോ?  

ഈ വാക്കുകളിൽ ഏതാണു പെരുന്നാൾ പ്രദക്ഷിണത്തിനു യുക്തം? ഊരുവലത്തു തന്നെ. പ്രദക്ഷിണം എന്നാൽ പ്രകർഷേണയുള്ള വലംവയ്പ്പ് എന്നർത്ഥം.  ദുഃഖവെള്ളിയാഴ്ച ദിവസത്തെ ഒരു പ്രദക്ഷിണം ഒഴികെ, സഭയിലെ എല്ലാ പ്രദക്ഷിണങ്ങളും വലത്‌ വശത്തേക്കാണ്‌ നാം നയിക്കുന്നത്‌.  വലംവയ്പ്പ്‌, പ്രദക്ഷിണം എന്നീ വാക്കുകൾ എല്ലാംതന്നെ പ്രായോഗികമായി ഒരേ അർത്ഥത്തിൽ ഉപയോഗിക്കുന്നു. പള്ളിക്കു ചുറ്റുമുള്ളതാകുമ്പോൾ വലംവയ്പ്പും പ്രദക്ഷിണവും ഉചിതമാകും. എന്നാൽ ഊര്‌ (ഗ്രാമം, പട്ടണം) ചുറ്റിയുള്ള വലംവയ്പ്പാകുമ്പോൾ 'ഊരുവലത്ത്‌' എന്ന വാക്കാണ്‌ വലംവയ്പ്പ്, പ്രദക്ഷിണം എന്ന പദങ്ങളേക്കാളേറെ ഉചിതം. 'ഉരുവലത്ത്‌' എന്നത്‌ ഒരു നല്ല ദ്രാവിഡ മലയാള പദമാണ്‌.  എന്നാൽ ഇന്നു പൊതുവെ സംസ്കൃത ഭാഷയിൽ നിന്നുള്ള പദങ്ങൾ ഉപയോഗിക്കുന്നതാണ്‌ മലയാളികൾക്കു കൂടുതൽ പ്രിയമായി കാണുന്നത്‌. അങ്ങനെ ഊരുവലത്ത്‌ എന്ന പദത്തേക്കാൾ 'പ്രദക്ഷിണ'ത്തിന്‌ ആകർഷണം കൂടി.  ഊരുവലത്ത്‌ എന്നതാണ് കരണീയമെങ്കിലും, നാം പള്ളിയെ വലം വയ്ക്കുന്നതുകൊണ്ട് 'പ്രദക്ഷീണം' എന്ന വാക്കിന്‌ ഒട്ടും കുറവില്ല.  അത്യുത്തമ പദം തന്നെ.

4. കുരിശു വഹിച്ചുകൊണ്ടുള്ള വലംവയ്പ്പും ഊരുംവലത്തും.

സിറിയൻ ഓർത്തഡോക്സ്‌ സഭയുടെ പാരമ്പര്യത്തിൽ കുരിശിനാണു പ്രാധാന്യം.  ഏതു ശുശ്രൂഷയ്ക്കും കുരിശു നടുക്കും, മെഴുകുതിരികൾ ഇടവും വലവും വച്ചു ധൂപാർപ്പണം നടത്തി നാം പ്രാർത്ഥന നടത്താറുണ്ടല്ലോ? അതുപോലെ കുരിശു നടുക്കും, മെഴുകുതിരികൾ ഇടവും വലവും വഹിച്ചു ധൂപാർപ്പണം നടത്തിയും വലംവയ്പ്പും ഊരുവലത്തും നടത്തുന്ന പ്രക്രിയയാണ്‌ പ്രദക്ഷിണം. അങ്ങനെ പ്രദക്ഷിണം നടത്തുമ്പോൾ വിശ്വാസികൾ വന്ന്, കുരിശു വഹിച്ചു കൊണ്ടു വരുന്ന വൈദികന്റെ കരം മുത്തിയോ കുരിശു മുത്തിയോ അനുഗ്രഹം പ്രാപിക്കുന്നു.

ഇപ്രകാരമുള്ള പ്രദക്ഷിണം മൂലം വസന്തയും, വ്യാധിയും, രോഗവും, പൈശാചിക ബന്ധങ്ങളും, ഉപദ്രവവും വീട്ടിൽ നിന്നും നാട്ടിൽ നിന്നും നീങ്ങിപ്പോകും. വിശ്വാസികൾ മെഴുകുതിരികൾ കത്തിച്ചു പിടിച്ചും 'ദൈവമേ! അനുഗ്രഹിക്ക, അപേക്ഷ കൈക്കൊള്ളേണമേ' എന്നു തുടങ്ങുന്ന ഗാനങ്ങളും സഭ ചിട്ടപ്പെടുത്തി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മറ്റു ഗാനങ്ങൾ ആലപിച്ചും ഭക്തി നിർഭരമായി ഊരുചുറ്റി വലംവയ്ക്കുമ്പോൾ, ദൈവമിറങ്ങി വരികയും ഇടപെടുകയും അനുഗ്രഹങ്ങളെ ധാരാളമായ്‌ ചൊരിയുകയും ചെയ്യും എന്നു നാം വിശ്വസിക്കുന്നു.  

ഓരോ പെരുന്നാളിലും, പെരുന്നാൾ സന്ദർഭത്തിന്‌ അനുസരിച്ചുള്ള ഊരുവലത്തുകൾ ഇന്ന് ഈ അന്തരീക്ഷം നിലനിർത്തുന്നുണ്ടോ എന്ന് ആത്മ പരിശോധന നടത്തുന്നത്‌ നന്നായിരിക്കും.  ഒന്നിലേറെ വിവിധ ചെണ്ടമേളങ്ങൾ; ബാന്റ്‌ സെറ്റുകൾ; വാഹനങ്ങളിലൂടെ കാതടപ്പിക്കുന്ന വിധത്തിലുള്ള അറിയിപ്പുകളും, ഗാനാലാപങ്ങളും; അങ്ങനെ ആകെ ശബ്ദ കോലാഹലങ്ങൾ. ഇതിനു നടുവിൽ വിശ്വാസികളുടെ പ്രാർത്ഥനാലാപങ്ങൾ മുങ്ങിപ്പോകുന്നു.  ഭക്തിനിർഭരം എന്നത്‌ ഭക്‌തി ശൂന്യമായി മാറുകയല്ലേ? ആരുടെ നാമത്തിലാണോ പെരുന്നാൾ നടത്തുന്നത്‌, ആ പരിശുദ്ധൻ / പരിശുദ്ധ അകന്നു പോവുകയുമായി.  അനുഗ്രഹം കൂടുതൽ ഉണ്ടാവുന്നതിനു പകരം, ഉള്ള അനുഗ്രഹംകൂടി അന്യമായിപ്പോകുന്നു. ഇവയെല്ലാം തിരുത്തപ്പെടേണ്ടവയല്ലേ എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു.  

5. പ്രദക്ഷിണ സംസ്‌ക്കാരം.

വലത്തോട്ടു ചുറ്റുക എന്നാണ് പ്രദക്ഷിണം എന്ന സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം എന്നു മുകളിൽ പറഞ്ഞല്ലൊ? മതത്തിന്റെ അനുഷ്ഠാനപരമായ ചടങ്ങുകളുടെ ഭാഗമായാണ് പ്രദക്ഷിണങ്ങള്‍ നടത്തപ്പെടുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള സംഘടിത മതങ്ങളിലെല്ലാംതന്നെ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തിലുള്ള പ്രദക്ഷിണങ്ങളുണ്ട്. അവയുടെ അര്‍ത്ഥവും ചമയവും ഉദ്ദേശ്യവും വ്യത്യസ്ഥമായിരിക്കുമെന്നുമാത്രം. അവ ദേവസ്ഥാനങ്ങള്‍ക്കുള്ളിലോ പുറത്തോ, ഹൃസ്വമോ ദീര്‍ഘമോ ആകാം. അത് എല്ലായ്‌പ്പോഴും വലത്തോട്ടായിരക്കണം എന്നുമില്ല. പ്രദക്ഷിണങ്ങളിലെ നിര്‍ബന്ധിതമായ ദേവസാന്നിദ്ധ്യമാണ് അവയെ ഘോഷയാത്രകളില്‍നിന്നും വേര്‍തിരിക്കുന്നത്.

എല്ലാ പുരാതന ക്രൈസ്തവ സഭകള്‍ക്കും മദ്ബഹയ്ക്കുള്ളിലും പള്ളികളിലും പള്ളിക്കു പുറത്തും പ്രദക്ഷിണങ്ങളുണ്ട്. അവയെല്ലാം തന്നെ കൂദാശകളുമായി ബന്ധപ്പെട്ടവയാണ്. മലങ്കര നസ്രാണികള്‍ അങ്ങാടികളിലും ആവാസഭൂമികളിലും നടത്തുന്ന റാസ എന്നു തെറ്റായി പ്രതിപാദിക്കപ്പെടുന്ന പ്രദക്ഷിണമാണ് ഈ ലേഖനത്തിന്റെ പരാമര്‍ശന വിഷയം.

ക്രിസ്തുമാര്‍ഗ്ഗം അതിന്റെ പ്രാരംഭ കാലത്ത് സങ്കീര്‍ണ്ണവും വര്‍ണ്ണോജ്വലവുമായ അനുഷ്ഠാനങ്ങളോന്നും ചിട്ടപ്പെടുത്തിയിരുന്നില്ല. പിന്നീട് ക്രിസ്തുവിശ്വാസം പ്രചരിച്ച വിവിധ ദേശങ്ങളില്‍ ക്രൈസ്തവമായ അനുഷ്ഠാനങ്ങളും ആചാരങ്ങളും രൂപപ്പെട്ട് വികസിച്ചു വരികയായിരുന്നു. അവയാകട്ടെ തികച്ചും പ്രാദേശിക സംസ്‌കൃതിയില്‍ നിന്നും ക്രൈസ്തവ മാനദണ്ഡങ്ങള്‍ക്ക്‌ അനുസരിച്ച് നിര്‍ദ്ധാരണം ചെയ്യപ്പെട്ടവയുമായിരുന്നു. സാര്‍വ്വജനീനമായ ക്രിസ്തു വിശ്വാസത്തിന് അത്തരം പ്രാദേശിക വികസനങ്ങള്‍ നിഷിദ്ധമായിരുന്നില്ല താനും.

നാലാം നൂറ്റാണ്ടില്‍ റോമാസാമ്രാജ്യം ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി അംഗീകരിക്കുകയും അതിനു കേന്ദ്രീകൃതമായ ഒരു ചട്ടക്കൂടും ഭരണ സംവിധാനവും ഉണ്ടാവുകയും ചെയ്തതോടെ സാമ്രാജ്യത്തിനുള്ളിലെ ക്രിസ്തുമതാചാരങ്ങള്‍ കൊടുക്കല്‍ വാങ്ങലിലൂടെ ഐക്യരൂപം പ്രാപിച്ചുതുടങ്ങി. ഹെല്ലനിക് എന്ന ഗ്രീക്കോ-റോമന്‍ മതാനുഷ്ഠാനങ്ങളാണ് ഈ വികസനത്തെ ഏറ്റവുമധികം സ്വാധീനിച്ചത്. പക്ഷേ എങ്കില്‍പോലും ഭാഗികമായെങ്കിലും അവിടെയും പ്രാദേശിക വൈജാത്യങ്ങള്‍ നിലനിന്നിരുന്നു. റോമാസാമ്രാജ്യത്തിനു പുറത്തുള്ള പേര്‍ഷ്യ, എത്യോപ്യ, ഇന്ത്യ മുതലായ സ്ഥലങ്ങളിലാവട്ടെ പ്രാദേശിക സംസ്‌കൃതികളാണ് ക്രിസ്തുമതാചാരങ്ങളുടെ വികസനത്തെ സ്വാധിനിച്ചത്. രാഷ്ട്രീയ-മത സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചിരുന്ന ദേശങ്ങളില്‍ ദേവാലയ-ബാഹ്യ അനുഷ്ഠാനങ്ങള്‍ പരിമിതമായപ്പോള്‍ മറുവശത്ത് രാഷ്ട്രീയ പ്രോത്സാഹനം ലഭിച്ച പ്രദേശങ്ങളില്‍ അവ കൂടുതല്‍ വികസിതവും വര്‍ണ്ണാഭവുമായി. ഈ പശ്ചാത്തലത്തില്‍ വേണം നസ്രാണി പ്രദക്ഷിണങ്ങളെ വിശകലനം ചെയ്യാന്‍.

കേരളത്തിലെ അപ്പോസ്തോലിക പാരമ്പര്യമുള്ള കൊളോണിയല്‍പൂര്‍വ്വ ക്രൈസ്തവരായ മലങ്കര നസ്രാണികള്‍ രണ്ടു സഹസ്രാബ്ദങ്ങള്‍ക്കിടയില്‍ ഒരിക്കലും വിശ്വാസത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുകയോ പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല.

അതിനാല്‍ അവരുടെ ആചാര-അനുഷ്ഠാനങ്ങളുടെ വികസനവും സ്വാഭാവികമായ ഒരു പ്രക്രിയയായിരുന്നു. പൊതു കേരള സമൂഹത്തിന്റെ പവിത്രതാ സങ്കല്പത്തിനു വന്ന സ്വാഭാവിക പരിണാമമാണ് നസ്രാണി പ്രദക്ഷിണങ്ങള്‍ക്കും രൂപം നല്‍കി വികസിപ്പിച്ചത്.
 
പ്രതീകവല്‍ക്കരിക്കപ്പെട്ട ഈശ്വര സാന്നിദ്ധ്യം ജനമദ്ധ്യത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു പ്രക്രിയാണ് പ്രദക്ഷിണം. സാമാന്യേന കേരളത്തിലെ എല്ലാ മതങ്ങള്‍ക്കും ഇതു ബാധകമാണ്. പ്രതീകം, പൂജാരി വഹിക്കുന്ന തിടമ്പോ, നസ്രാണി കത്തനാര്‍ വഹിക്കുന്ന കുരിശോ ആകാം. അത് ആനപ്പുറത്തോ, ജീവതയിലോ, നടപന്തലിനു കീഴോ ആകാം. എന്തായാലും തന്റെ പ്രജകളുമായി നേരിട്ടു സംവേദിക്കാനെത്തുന്ന ഒരു രാജാധിരാജനാണ് ഇവിടെ 'ദൈവം' എന്ന സങ്കല്പം കേരളത്തില്‍ പൊതുവായതാണ് എന്നതില്‍ രണ്ടു പക്ഷമില്ല. ആ എഴുന്നള്ളത്തിനെ വര്‍ണ്ണോജ്വലമാക്കുന്ന ഘടകങ്ങള്‍ മാത്രമാണ് ഇതരവസ്തുക്കള്‍. അവയാകട്ടെ പ്രാദേശിക സംസ്‌കൃതിയുടെ സംഭാവനകളും.

കേരളത്തില്‍ സുന്ദരമായ ഒരു പ്രദക്ഷിണ രീതി വികസിക്കാന്‍ അനുയോജ്യമായ വളരെ മനോഹരമായ ഒരു സാംസ്‌കാരിക പശ്ചാത്തലവും നിലവിലുണ്ടായിരുന്നു. സൂക്ഷ്മമായി വിശകലനം ചെയ്താല്‍ കേരളത്തിലെ നസ്രാണികളുടെ പ്രദക്ഷിണം, ക്ഷേത്രങ്ങളിലെ ആറാട്ടും ഊരുവലത്തും, മോസ്‌ക്കുകളിലെ ചന്ദനക്കുട ഘോഷയാത്ര എന്നിവയ്ക്ക് വൈജാത്യങ്ങളേക്കാളേറെ സമാനതകളാണുള്ളത്. ഇവയ്‌ക്കൊന്നിനും മറ്റുള്ളവയുടെ പിതൃത്വം അവകാശപ്പെടാനാവില്ല.

കാരണം ഇവയെല്ലാം ഒരേ സാംസ്‌ക്കാരിക പശ്ചാത്തലത്തില്‍ നിന്നും രൂപമെടുത്തവയും അതാത് മതവിശ്വാസത്തിന് അനുയോജ്യമാക്കിയവയുമാണ്. കേരളത്തിന്റെ ഈ പൊതു സംസ്‌കൃതി ചൈനീസ് സഞ്ചാരികള്‍ വിവരിച്ചിട്ടുള്ള ബുദ്ധമത പ്രദക്ഷിണത്തിന്റെ സംഭാവനയാണ്. കേരളത്തില്‍ ബുദ്ധമതത്തിന്റെ മഹാപ്രസ്ഥാനം ക്ഷേത്രാചാരങ്ങള്‍ക്കു വഴിമാറിയ കാലത്താവണം ഇത്തരം പ്രദക്ഷിണങ്ങള്‍ പുനര്‍വ്യാഖ്യാനം ചെയ്ത് രൂപപ്പെട്ടത്. നസ്രാണി പ്രദക്ഷിണങ്ങളിലെ കുരിശ് ഒഴികെ സമാന ആകൃതിയില്‍ കുരിശില്ലാത്ത കൊടിയും, വെട്ടുകുട എന്ന തഴകുടയും അടക്കമുള്ള ക്ഷേത്ര ഊരുവലത്തുകള്‍ ഇന്നും കേരളത്തിലുണ്ട്. ഇവയുടെയെല്ലാം ക്രമവും അത്ഭുതാമാംവണ്ണം സമാനമാണന്ന വസ്തുത, അവയുടെ പൊതു പൈതൃകത്തിലേയ്ക്കു വിരല്‍ ചൂണ്ടുന്നു.

6. പ്രദക്ഷിണ രൂപരേഖ.

സമീപകാലത്ത് ചില വൈകൃതങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ നസ്രാണി പ്രദക്ഷിണത്തിന്റെ രൂപരേഖ ഇന്നും അപൂര്‍വം ചില പള്ളികളിലെങ്കിലും നിലനില്‍ക്കുന്നുണ്ട്.  ഏറ്റവും മുമ്പില്‍ പകലാണെങ്കിലും തീവെട്ടി  അതിനു പിന്നില്‍ കൊടി, പിന്നീട് വെട്ടുകുട എന്ന തഴകുട, അതിനു പിന്നില്‍ മുത്തുക്കുടകള്‍, മുത്തുക്കുടയ്ക്കു ശേഷം തടിക്കുരിശ്, ഏറ്റവും പിറകില്‍ സ്വര്‍ണ്ണക്കുരിശു വരുന്ന രീതിയില്‍ മറ്റു ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയ കുരിശുകള്‍. അതിനു പിന്നില്‍ കോലുവിളക്ക് എന്ന കുത്തുവിളക്ക്. അതിനു പിന്നില്‍ ധൂപക്കുറ്റിയേന്തിയ ശുശ്രൂഷകന്‍, അതിനു പിന്നില്‍ വേദഗ്രന്ഥം. ഏറ്റവും പിന്നില്‍ മേക്കട്ടി എന്ന നടപന്തല്‍, നടപന്തലിനുള്ളില്‍ മെഴുകുതിരികളാലും മറുബാസകളാലും കിലുക്കുമണികളാലും അകമ്പടി സേവിക്കപ്പെടുന്ന പൂര്‍ണ അംശവസ്ത്രധാരിയായ പട്ടക്കാരന്‍ വെട്ടുതൊപ്പി ധരിച്ച് അരളിക്കയുമായി നടന്നുനീങ്ങും. ഇതാണ് ഒരു പ്രദക്ഷിണത്തിന്റെ യഥാര്‍ത്ഥ രൂപം. ഇതിലെ കുരിശിനും വേദഗ്രന്ഥംമുതല്‍ പുറകോട്ടുള്ള ചമയങ്ങള്‍ക്കും പകരം ആനയും അമ്പാരിയും ഉള്‍പ്പെടുത്തിയാല്‍ അത് ക്ഷേത്ര പ്രദക്ഷിണമാകും!
പ്രദക്ഷിണത്തിനു വാദ്യമേളങ്ങള്‍ നില്‍ക്കുന്നതിനും ക്രമമുണ്ട്. കൊടി മുതല്‍ കുരിശുകള്‍ക്ക് മുമ്പുവശം വരെയാണ് ഇടവിട്ട് വാദ്യമേളങ്ങള്‍ നിലയുറപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ നാടന്‍ചെണ്ട എന്ന അസുര വാദ്യം, പഞ്ചവാദ്യം, ഉരുട്ടുചെണ്ട, തമ്പേറ് എന്നിവ മാത്രമാണ് പ്രദക്ഷിണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. ഇവരില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കാനും പ്രദക്ഷിണത്തിനു മുമ്പും പിമ്പും നടയ്ക്കല്‍ കൊട്ടാനുള്ള ആദ്യവകാശവും ഇന്നും നാടന്‍ ചെണ്ടയ്ക്കാണ്. ബാന്റുമേളവും ശിങ്കാരിമേളവും ഗായകസംഘവും സമീപകാല കലര്‍പ്പുകളാണ്. അത്തരം അപചയങ്ങള്‍ കേരളത്തിലെ എല്ലാ മതഘോഷയാത്രകളേയും ഇടക്കാലത്ത് ബാധിച്ചിട്ടുണ്ട്.

7. പ്രതീകങ്ങളും വ്യാഖ്യാനങ്ങളും

തികച്ചും കേരളീയമായ ചമങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇത്തരം നസ്രാണി പ്രദക്ഷിണങ്ങളിലെ ഒരോ ഉപകരണത്തിനും ക്രൈസ്തവമായ ഓരോ വ്യാഖ്യാനങ്ങളുണ്ട്. അതനുസരിച്ച് കൊടി മരിച്ചുപോയ വിശ്വാസികള്‍ അഥവാ സാക്ഷികളേയും, മുകള്‍ഭാഗം വെട്ടിയെടുത്തതുപോലുള്ള വെട്ടുകൊട ക്രൈസ്തവ രക്തസാക്ഷികളേയും (സഹദേന്മാർ), മുകളില്‍ അലുക്കുള്ള മുത്തുക്കുട സ്വര്‍ഗീയ കിരീടം ധരിച്ച പരിശുദ്ധന്മാരെയും, കോലുവിളക്ക് മാര്‍ യോഹന്നാന്‍ സ്‌നാപകനേയും പ്രതിനിധീകരിക്കുന്നു. ക്രിസ്തുവിന്റെ മുന്നോടി എന്ന നിലയില്‍ യോഹന്നാന്‍ സ്‌നാപകനെ പ്രതിനിധീകരിക്കുന്ന കോലുവിളക്ക് പുറകോട്ടു തിരിച്ചാണ് നസ്രാണി പ്രദക്ഷിണങ്ങളില്‍ പിടിക്കുക.

പൊതു ക്രൈസ്തവ സംസ്‌കൃതി അനുസരിച്ചുതന്നെ ധൂപക്കുറ്റി ദൈവമാതാവ്, പന്ത്രണ്ട് ശ്ലീഹന്മാര്‍, ആദം മുതല്‍ ഇതഃപര്യന്തമുള്ള തലമുറകള്‍ എന്നിവരേയും, മറുബാസാകള്‍ സ്വര്‍ഗ്ഗീയ മാലാഖമാരേയും 72 അറിയിപ്പുകാരേയും സൂചിപ്പിക്കുന്നു. കുരിശും അരളിക്കയും യേശുക്രിസ്തുവിന്റെ പ്രതിരൂപമാണ്. ചുരുക്കത്തില്‍, ഇഹത്തിലും പരത്തിലുമുള്ള സര്‍വസഭയും ചേര്‍ന്ന് യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് ആഘോഷിക്കുന്നു എന്ന് പൊതുവായി നസ്രാണി പ്രദക്ഷിണത്തെ വ്യാഖ്യാനിക്കുന്നു. അതോടൊപ്പം 1 തെസലോനിക്യർ 4:16-ലെ "കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും" എന്ന വേദവാക്യ സൂചനയാണ് വെടിയും വാദ്യമേളങ്ങളും വലിയ മണിയും കൈമണിയുടെയപും ശബ്ദം സൂചിപ്പിക്കുന്നതെന്നും വ്യാഖ്യാനിക്കുന്നു. കേരളത്തിലെ വിവിധ ക്ഷേത്രപ്രദക്ഷിണങ്ങള്‍ക്കും ഇതേപോലെ വ്യത്യസ്ഥങ്ങളായ ധ്യാനസങ്കല്‍പ്പങ്ങളുണ്ട്.

കേരളീയ സംസ്‌കൃതിപോലെതന്നെ ഹെല്ലനിക്ക് ക്രൈസ്തവ പ്രതിബിംബങ്ങളും അപൂര്‍വമായെങ്കിലും നസ്രാണി പ്രദക്ഷിണത്തില്‍ കടന്നു കൂടിയിട്ടുണ്ട്. അരളിക്കയാണ് അതില്‍ പ്രധാനം. പക്ഷേ അത് നസ്രാണി പരിഷ്‌ക്കാരത്തോടുകൂടിയാണന്നു മാത്രം.

തിരുശേഷിപ്പുകളും കുര്‍ബാനയും എഴുന്നള്ളിക്കാന്‍ ഉപയോഗിക്കുന്ന റെലിക്വറിയാണ് മലയാളികള്‍ക്ക് അരളിക്കയായത്. ഇത് റോമന്‍ കത്തോലിക്കരുടെ സംഭാവനയാണ്. തിരുശേഷിപ്പിനും വി. കുര്‍ബാനയ്ക്കും പകരം അതിനുള്ളില്‍ ഒരു കുരിശു സ്ഥാപിച്ച് നസ്രാണി അരളിക്കയെ സ്വന്തമാക്കി.

8. പ്രദക്ഷിണത്തെ സ്വീകരിക്കുന്ന പാരമ്പര്യം.

പ്രദക്ഷിണത്തെ സ്വീകരിക്കുന്നതിനും ചില സവിശേഷ ചടങ്ങുകളുണ്ട്. നസ്രാണികള്‍ ഒരു വര്‍ത്തക സമൂഹമായി അങ്ങാടികളായി മാത്രം താമസിച്ചിരുന്ന കാലത്ത് അങ്ങാടി ചുറ്റിയായിരുന്നു പ്രദക്ഷിണം. അന്ന് പ്രദക്ഷിണം എത്തുമ്പോള്‍ അങ്ങാടിയിലെ പീടികകളുടെ നിരപലക മുമ്പോട്ടു നിവര്‍ത്ത് അതില്‍ നിലവിളക്കു കത്തിച്ചു വയ്ക്കും. മുമ്പില്‍ വെള്ളയും കരിമ്പടവും വിരിച്ച് സമീപത്തായി വെള്ളം നിറച്ച കിണ്ടിയും വെയ്ക്കും. ബഹുമാന്യ അതിഥിയായി സ്വീകരിച്ചാനയിക്കുന്നതിന്റെ കേരളീയ സങ്കല്‍പ്പമാണിത്. അങ്ങാടി മുഴുവന്‍ വാഴപ്പിണ്ടികളില്‍ കുത്തി നിര്‍ത്തിയ ചെറിയ എണ്ണവിളക്കുകള്‍ കത്തിച്ചു വച്ചിട്ടുണ്ടാകും. മറ്റിടങ്ങളില്‍ കമ്പില്‍ കുത്തിനിര്‍ത്തിയ ചകിരിത്തൊണ്ടില്‍ ഉമിയിട്ടു കത്തിച്ച് വഴികള്‍ പ്രകാശമാനമാക്കും. ഇന്ന് ഇവയുടെ സ്ഥാനം വൈദ്യുത ദീപാലങ്കാരങ്ങള്‍ ഏറ്റെടുത്തെങ്കിലും വാഴപ്പിണ്ടി വിളക്കുകള്‍ കുന്നംകുളത്ത് സജീവമായും മറ്റു ചിലയിടങ്ങളില്‍ അപൂര്‍വമായും നിലനില്‍ക്കുന്നുണ്ട്. സാരാംശത്തില്‍ ക്ഷേത്രപ്രദക്ഷിണ സ്വീകരണത്തിനും കാര്യമായ വൈജാത്യമില്ല.

എന്നാൽ പിൽക്കാലത്ത്‌ നാട്ടിൽ വീഥികളുടെ ഇരു വശങ്ങളിലുമുള്ള ദേശവാസികൾ ജാതിമത ഭേദമെന്യെ വെള്ള വിരിച്ച മേശകൾ അലങ്കരിച്ച്‌, കത്തിച്ച നിലവിളക്കും മെഴുകു തിരികളുമായാണ്‌ ഈ പ്രദക്ഷിണത്തെ വരവേൽക്കുന്നത്‌. ഭക്തി പുരസരമുള്ള പ്രദക്ഷിണങ്ങളിൽ നിന്നും നൽകുന്ന അനുഗ്രഹങ്ങളെ ആവസിച്ച് എടുക്കുന്നതിനാണ്‌ നാം അങ്ങനെ ചെയ്യുന്നത്‌. പ്രദക്ഷിണം അനുഗ്രഹത്തിന്റെ യാത്രയാണ്‌. നമ്മുടെ പ്രൗഢി കാണിക്കുന്നതിനൊ വാദ്യമേളങ്ങളെ നാട്ടുകാർക്കു പ്രദർശിപ്പിക്കുന്നതിനോ മദ്യപിച്ചു കൂത്താടുന്നതിനോ ഉള്ളതല്ല പ്രദക്ഷിണം. എന്നാൽ അത്‌ നാനാജാതി മതസ്ഥരെ ആകർഷിക്കുന്നതിനുവേണ്ടി നാമത്‌ ആകർഷകമാക്കാറുണ്ട്‌. പ്രാർത്ഥനാ ഗാനങ്ങളുടെ അലയൊലികളോടും അതീവ ജാഗരണത്തോടും പ്രാർത്ഥനയോടും കൂടിയാണ്‌ നാമതിൽ സംബന്ധിക്കേണ്ടത്‌.

9. ദേശത്തിനുള്ള അനുഗ്രഹം ചൊരിയുന്നു.

യഥാർത്ഥത്തിൽ പെരുന്നാൾ പ്രദക്ഷിണങ്ങൾ റാസയല്ല. അതുകൊണ്ടു തന്നെ അതിനെ പരിശുദ്ധമെന്നും വിളിക്കേണ്ട ആവശ്യമില്ല. എന്നാൽ മുകളിൽ പറഞ്ഞ രഹസ്യങ്ങളുടെ എഴുന്നെള്ളിപ്പ്‌ (റാസ) എങ്കിൽ അത്‌ പരിശുദ്ധമാണ്‌. പെരുന്നാൾ പ്രദക്ഷിണം എന്നു പറഞ്ഞാൽ നാം നടന്നു പോകുന്ന വഴികളെ മുഴുവൻ അനുഗ്രഹിച്ചു കൊണ്ടാണ്‌ നാം കടന്നു പോകുന്നത്‌. ഇതൊരു പ്രകടനമല്ല.  നാലു ദിക്കുകളേയും, അതായത്‌ ദേശത്തെ മുഴുവൻ അനുഗ്രഹിക്കുകയാണു ചെയ്യുന്നത്‌. അതുകൊണ്ടാണ്‌ പള്ളിയുടെ നാലു വശങ്ങളിലും സ്ലീബായെ ഉയർത്തി പട്ടക്കാർ വാഴ്‌വ്‌ നൽകുന്നത്‌. പ്രദക്ഷിണ ഗാനത്തിൽ, നാടിനെ അനുഗ്രഹിക്കുന്നതിനുള്ള യാചനയാണ്‌ ഈ stanza:

ഈ പെരുനാളിൽ ജഗദീശാ കൃപയാൽ തൃക്കൺ പാർത്തിട്ടീ
ആരാധകരാമടിയാർ തൻ 
പ്രാർത്ഥന നേർച്ചകളെന്നിവയെ 
പരിചൊടു കൈക്കൊണ്ടുൾ തെളിവോ-
ടീദേശത്തിന്നനവരതം 
കർത്താവേ ശ്രീയരുളീടണമേ.

10. വേദശാസ്ത്രം.

ഹെല്ലനിക്ക് ക്രിസ്തുമതത്തിന്റെ പരിമാണങ്ങളില്‍ ഒതുങ്ങുന്നതല്ല നസ്രാണി പ്രദക്ഷിണം. അതിനാല്‍ അവയെ നിരാകരിക്കാനോ പരിഷ്‌ക്കരിക്കാനോ ഉള്ള തീവൃശ്രമം 19-20 നൂറ്റാണ്ടുകളില്‍ മാറിമാറിവന്ന അധിനവേശ ശക്തികള്‍ നടത്തിയിരുന്നു. അവര്‍ക്കത് ഉള്‍ക്കൊള്ളുവാനോ തിരിച്ചറിയുവാനോ സാധിക്കുന്നില്ല എന്നതായിരുന്നു അതിന്റെ പശ്ചാത്തലം. പക്ഷേ നസ്രാണിയുടെ സഹജമായ പവിത്രതാ സങ്കല്‍പ്പത്തിനു മുമ്പില്‍ ആ ശ്രമങ്ങള്‍ എതാണ്ട് പൂര്‍ണ്ണമായും പരാജയപ്പെട്ടു. എങ്കിലും ഇന്നും നസ്രാണി പ്രദക്ഷിണ ക്രമത്തെ എതിര്‍ക്കുകയാണ് ഹെലനിക്ക് സൈദ്ധാന്തിക പശ്ചാത്തലമുള്ള ചിലര്‍.

പാശ്ചാത്യ ക്രിസ്തുമാര്‍ഗ്ഗവും ഇന്ത്യയിലെ പൗരസ്ത്യ ക്രിസ്തുമാര്‍ഗ്ഗവും തമ്മിലുള്ള അടിസ്ഥാന വേദശാസ്ത്ര വൈജാത്യവും ഇത്തരമൊരു നിരസനത്തിനു ഹേതുവാകുന്നുണ്ട്. പാശ്ചാത്യ വേദശാസ്ത്രം കേന്ദ്രീകരിച്ചിരിക്കുന്നത് യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലാണ്. പൗരസ്ത്യ വേദശാസ്ത്രമാകട്ടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലും. സരളമായ ഭാഷയില്‍ പറഞ്ഞാല്‍ പാപത്തിനെതിരായി യുദ്ധം ചെയ്യുന്ന യേശുക്രിസ്തുവാണ് പാശ്ചാത്യരുടെ വേദശാസ്ത്രകേന്ദ്രം. മറിച്ച് ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ യുദ്ധം ജയിച്ച യേശുക്രിസ്തുവാണ് പൗരസ്ത്യ വേദശാസ്ത്രത്തിന്റെ കാതല്‍. ഇപ്രകാരം ജയിച്ച് എത്തിച്ചേരുന്ന യേശുക്രിസ്തുവിനെയാണ് പ്രദക്ഷിണത്തില്‍ കുരിശു പ്രതിനിധാനം ചെയ്യുന്നത്. അതിനാലാണ് സ്വീകരിച്ചാനയിക്കുന്നവരുടെ പുറകില്‍ കുരിശ് പിടിക്കുന്നത്. പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം യുദ്ധത്തിനുപോകുന്ന ക്രിസ്തുവിനെ കേന്ദ്രീകരിച്ചാണ് അവരുടെ വേദശാസ്ത്രം രൂപപ്പെട്ടിരിക്കുന്നത്. അവര്‍ക്ക് യുദ്ധം ജയിക്കാനുള്ള കൊടിയടയാളമാണ് കുരിശ്. ക്രിസ്തു എന്ന കൊടിയടയാളവുമായി യുദ്ധത്തിനു പുറപ്പെടുന്ന സമരസജ്ജമായ ഒരു സമൂഹത്തിന്റെ പ്രതിബിംബമാണ് ഈ പ്രകടനം. ഈ പ്രക്രിയയില്‍ വിജയം മുമ്പില്‍ കാണുന്ന ഒരു ലക്ഷ്യം മാത്രമാണ്. മറിച്ച് ഉയിര്‍ത്തെഴുന്നേറ്റ - വിജയിച്ച - യേശുക്രിസ്തുവാണ് പൗരസ്ത്യരുടെ അടിസ്ഥാനം, അവര്‍ക്ക് കുരിശ് യേശുക്രിസ്തുവിന്റെ പ്രതിരൂപമാണ്. പൗരസ്ത്യര്‍ വേദശാസ്ത്രപരമായി യുദ്ധത്തിനു പോവുകയല്ല, മറിച്ച് യുദ്ധം ജയിച്ചു വരികയാണ്. അതിനാല്‍ രാജാവ് - ഇവിടെ യേശുക്രിസ്തു തന്റെ പ്രതിരൂപമായ കുരിശിലൂടെ - നില്‍ക്കുന്നത് എല്ലാ രാജകീയ എഴുന്നള്ളത്തുകളും പോലെ ഏറ്റവും പുറകിലാണ്. ഈ വേദശാസ്ത്ര വൈജാത്യത്താലാണ് അടിസ്ഥാനപരമായി നസ്രാണി പ്രദക്ഷിണത്തിനെ പാശ്ചാത്യ ക്രിസ്തുമതത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വരുന്നത്.

സാര്‍വജനീനമായ ക്രിസ്തുമതം ഒരു പാശ്ചാത്യ മതമല്ല. അതിന് ഏതു സംസ്‌ക്കാരത്തിന്റെയും രൂപഭാവങ്ങള്‍ സ്വീകരിക്കുന്നതിനു തടസ്സമില്ല. ആ യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ മാത്രമേ കേരളീയ സംസ്‌ക്കാരം രൂപപ്പെടുത്തിയ നസ്രാണി പ്രദക്ഷിണത്തിന്റെ മാഹാത്മ്യവും പ്രാധാന്യവും മനസ്സിലാക്കാന്‍ സാധിക്കൂ.

11.  പ്രദക്ഷിണത്തിന്റെ ക്രമം.

1. തീവെട്ടി
2. കൊടി
3. വെട്ടുകുട എന്ന തഴകുട
4. മുത്തുക്കുടകള്‍
5. തടിക്കുരിശ്
6. മറ്റു ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയ കുരിശുകള്‍
7. ഏറ്റവും പിറകില്‍ സ്വര്‍ണ്ണക്കുരിശു 
8. കോലുവിളക്ക് എന്ന കുത്തുവിളക്ക്.
9. ധൂപക്കുറ്റിയേന്തിയ ശുശ്രൂഷകന്‍,
10. വേദഗ്രന്ഥം
11. മേക്കട്ടി എന്ന നടപന്തല്‍
12. നടപന്തലിനുള്ളില്‍ മെഴുകുതിരികളാലും മറുബാസകളാലും കിലുക്കുമണികളാലും അകമ്പടി സേവിക്കപ്പെടുന്ന പൂര്‍ണ അംശവസ്ത്രധാരിയായ പട്ടക്കാരന്‍ വെട്ടുതൊപ്പി ധരിച്ച് അരളിക്കയുമായി നടന്നുനീങ്ങും. ഇതാണ് ഒരു പ്രദക്ഷിണത്തിന്റെ യഥാര്‍ത്ഥ രൂപം. ഇതിലെ കുരിശിനും വേദഗ്രന്ഥംമുതല്‍ പുറകോട്ടുള്ള ചമയങ്ങള്‍ക്കും പകരം ആനയും അമ്പാരിയും ഉള്‍പ്പെടുത്തിയാല്‍ അത് ക്ഷേത്ര പ്രദക്ഷിണമാകും!

വിശ്വാസികളെ പങ്കെടുപ്പിച്ചു കൊണ്ട് സ്വർഗ്ഗീയ കനാനിലേയ്ക്കുള്ള സഭയുടെ തീർത്ഥാടനമാണ് റാസ. യരുശലേമിൽ നിന്ന് കർത്താവിനെ തൂക്കിയ കുരിശ് കണ്ടെടുത്ത ഹെലനി രാജ്ഞി ആ കുരിശ് ആഘോഷപൂർവ്വം ദേവാലയത്തിലേയ്ക്ക് കൊണ്ടുപോയി പ്രീതിഷ്ഠിച്ചതിന്റെ ഓർമ്മയും റാസ നടത്തുന്നതിലുണ്ട്. സർവ്വോപരി, മരണത്തെയും സാത്താനെയും തോല്പിച്ച് വിജയശ്രീലാളിതനായി വീണ്ടും വരുന്ന രാജാധിരാജനായ കർത്താവിനെ വിശ്വസികൾ എതിരേറ്റു കൊണ്ടുവരുന്ന ഭക്തിനിർഭരവും ആഘോഷപൂർവ്വവുമായ ചടങ്ങുകൂടിയാണ് റാസ. ഇതിന് ഉപോദ്‌ബലകമായിട്ടാണ് റാസയുടെ ഘടന ക്രമീകരിച്ചിട്ടുള്ളത്.

റാസയുടെ ഏറ്റവും മുൻഭാഗത്തുള്ള കൊടികൾ യേശു ക്രിസ്തുവിനുവേണ്ടി വധിക്കപ്പെട്ട കുഞ്ഞുങ്ങളെ സൂചിപ്പിക്കുന്നു. അതിനു പിന്നിലായി കാണുന്ന വെട്ടുകുടകൾ ശിരഛേദം ചെയ്യപ്പെട്ട യോഹന്നാൻ സ്നാപകനെ സൂചിപ്പിക്കുന്നു. അതിനു പിന്നിൽ നിരനിരയായി വരുന്ന അലുക്കിട്ട മുത്തുക്കുടകൾ മാലാഖമാരെ സൂചിപ്പിക്കുന്നു. അതിനു പിന്നിലായി വരുന്ന കുരിശുകൾ സ്ലീബാവാഹികളായ സഹദേന്മാരെ സൂചിപ്പിക്കുന്നു. (പൊൻ, വെള്ളി കുരിശുകൾക്ക് മുമ്പിലാണ് മരക്കുരിശിന്റെ സ്ഥാനം). കർത്താവിന്റെ പുനരാഗമന സമയത്തെ ഗംഭീര നാദത്തെയും പ്രധാന ദൂതന്റെ കാഹളത്തെയും സൂചിപ്പിക്കുമാറ് വാദ്യഘോഷങ്ങളുടെയും, വെടി, പടക്കം തുടങ്ങിയവയുടെയും ശബ്‍ദം അന്തരീക്ഷത്തിൽ അലയടിക്കുന്നു. സ്വർഗ്ഗീയ സേനയുടെ ഗാനത്തിന് പകരമാണ് ഗായക സംഘങ്ങളുടെ പാട്ടുകൾ. രാജകിയമായ സ്ഥാന വസ്ത്രങ്ങൾ അണിഞ്ഞു റാസയ്ക്ക് നേതൃത്വം നൽകുന്ന പട്ടക്കാരൻ കർത്താവിനെ പ്രതിനിധികരിക്കുന്നു. മറുവഹ്‌സാകൾ മാലാഖമാരുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നു. ധൂപ സുഗന്ധവും കത്തിച്ച മെഴുകുതിരികളും ദൈവ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നു. പട്ടക്കാരന് മീതെ ഉയർത്തിപ്പിടിക്കുന്ന മേൽക്കട്ടി ആകാശ വിതാനത്തെ കുറിക്കുന്നു. രാജാക്കന്മാരുടെ രാജാവിന് സ്വാഗതമരുളാൻ റാസ കടന്നുവരുന്ന വീഥികൾ കൊടി തോരണങ്ങൾ കൊണ്ടും കമാനങ്ങൾ കൊണ്ടും ദീപങ്ങൾ കൊണ്ടും അലങ്കരിക്കുന്നു. നമ്മുടെ മദ്ധ്യത്തിലേക്ക് ഇറങ്ങി വരുന്ന കർത്താവിനെ സ്വീകരിപ്പാനും, അനുഗ്രഹങ്ങൾ യാചിക്കുന്നതിനുമായിട്ടാണ് വഴിയോരത്തെ ഭവനങ്ങൾക്കു മുമ്പിൽ ദീപങ്ങൾ തെളിയിക്കുന്നത്. വാങ്ങിപ്പോയ വിശ്വാസികൾ കർത്താവിന്റെ പുനരാഗമനത്തിൽ സജീവരാണെന്നു കാണിക്കാൻ റാസ കടന്നു വരുന്ന അവസരത്തിൽ സെമിത്തേരിയിൽ പരേതരുടെ കബറുകൾ മെഴുകുതിരി കത്തിച്ചു് പ്രകാശ പുർണ്ണമാക്കുന്നു.

12. വാദ്യമേളങ്ങളുടെ ക്രമം.

കൊടി മുതല്‍ കുരിശുകള്‍ക്ക് മുമ്പുവശം വരെയാണ് ഇടവിട്ട് വാദ്യമേളങ്ങള്‍ നിലയുറപ്പിക്കുന്നത്.

1. നാടന്‍ചെണ്ട എന്ന അസുര വാദ്യം,
2. പഞ്ചവാദ്യം
3. ഉരുട്ടുചെണ്ട
4. തമ്പേറ് 
5. ബാന്റുമേളം
6. ശിങ്കാരിമേളം
7. ഗായകസംഘം

13. തെറ്റുകളെ എങ്ങനെ തിരുത്തണം.

അതുകൊണ്ട്‌ നമ്മുടെ തെറ്റുകളെ മനസ്സിലാക്കി നാം ചെയ്യേണ്ടതായ സംഗതികൾ:

1. പെരുന്നാൾ നോട്ടീസുകളിൽ 'റാസ' എന്ന പദം ഉപയോഗിക്കാതെ 'പ്രദക്ഷിണം' എന്ന വാക്ക്‌ ഉപയോഗിക്കുവാൻ ഇടവക വികാരിമാരും സ്ഥാനികളും പ്രത്യേകം ശ്രദ്ധിക്കുക.  

2. ഗായക സംഘങ്ങളെ കുർബ്ബാന ക്രമത്തിലുള്ള രീതിയിൽ മാത്രമേ പാടാൻ അനുവദിക്കാവൂ. "മംഗളമായ്‌ തീരണമീ റാസാ" എന്നു പാടാൻ അനുവദിക്കരുത്‌.

3. പള്ളി പ്രദക്ഷിണങ്ങൾ എന്തെന്ന് പഠിച്ച്‌, അച്ചന്മാർ സ്റ്റ്ഡി ക്ലാസുകൾ എടുക്കുക.  പ്രത്യേകിച്ചും പെരുന്നാൾ അടുക്കുന്ന ദിവസങ്ങൾക്ക്‌ മുമ്പുള്ള ഞായറാഴ്ചകളിൽ.
 
4. പള്ളി പെരുന്നാളും അതിനോട്‌ അനുബന്ധിച്ചുള്ള ചടങ്ങുകളും ഭംഗിയായും ചിട്ടയായും നടത്തേണ്ടത്‌ വികാരിയുടെ ചുമതലയാണ്‌. മുൻ പതിവുപോലെയല്ല നടത്തേണ്ടത്‌. തെറ്റുകൾ ആവർത്തിക്കുകയല്ല വേണ്ടത്‌, അവ തിരുത്തി മുമ്പോട്ടു പോകാനാണ് ശ്രമിക്കേണ്ടത്‌.

5. റാസയിൽ പങ്കെടുത്തു സമാപനഘട്ടത്തിൽ ദേവാലയത്തിനുളിൽ പ്രേവേശിക്കുന്ന വിശ്വാസിക്ക് കർത്താവിനോടൊപ്പം സ്വർഗ്ഗത്തിൽ പ്രവേശിച്ചുവെന്ന അനുഭുതിയാണുണ്ടാകുക. റാസയിൽ നിന്ന് ഇടയ്‌ക്ക്‌ വിട്ടുപോകുന്നവർക്ക് ഈ അനുഭവമുണ്ടാവില്ല. അതുകൊണ്ടാണ്‌ വിശ്വാസികൾ റാസയുടെ സമാപനാശീർവാദം വരെ പങ്കെടുക്കണമെന്ന് നിഷ്കർഷിച്ചിട്ടുള്ളത്.

14. ഉപസംഹാരം.

പള്ളി പെരുന്നാളുകളേക്കുറിച്ചും അതിനോടു ചേർന്നുള്ള പ്രദക്ഷിണത്തക്കുറിച്ചും പരിമിതമായ അറിവിൽ സംഗ്രഹിച്ചെടുത്തിട്ടുള്ള വിവരങ്ങൾ മാത്രമാണ്‌ ഈ പോസ്റ്റിൽ ചേർത്തിരിക്കുന്നത്‌. ഈ വിഷയത്തേക്കുറിച്ച്‌ കൂടുതലായി അറിവുള്ള വ്യക്‌തികൾ, ഇതിൽ കമന്റുകളായി അവരവരുടെ അറിവുകൾ പകർന്നു നൽകണമെന്ന് അപേക്ഷിക്കുന്നു. അത്‌ വരും തലമുറയ്ക്ക്‌ പ്രയോജകീഭവിക്കുമെന്ന് പ്രത്യാശിക്കുന്നു.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ഉപമകൾ.
  • ജീവവൃക്ഷം. (Tree of life).
  • യേശു പണിയുന്നു.
  • ശ്ലോമ്മോ ല്കുൽകൂൻ.
  • "മാനവ സേവ മാധവ സേവ"
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • സ്തൗമെൻകാലോസ്.
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • വി.കുർബാനയപ്പം
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • കുരിശ്
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • കാലഗണനയുടെ ABCDE.
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • അന്നദാനം മഹാ ദാനം".
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • "ഗാഫോർ"
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved