Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • പട്ടക്കാരോട് ഒരപേക്ഷ.

1892 കുംഭ മാസം 29-ന് പ്രസിദ്ധീകരിച്ച മലങ്കര ഇടവക പത്രികയിൽ മട്ടയ്ക്കൽ ആലക്സന്ത്രയോസ് കത്തനാർ 'പട്ടക്കാരോട് ഒരപേക്ഷ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് താഴെ കൊടുത്തിട്ടുള്ളത്. ഇപ്പോഴത്തെ യാക്കോബായ - ഓർത്തഡോക്സ് ഭിന്നിപ്പിനു മുമ്പുകാലത്ത് പ്രസിദ്ധീകരിച്ച 126 വർഷം പഴക്കമുള്ള ഈ പൗരാണിക ലേഖനത്തിന്റെ അടിസ്ഥാനത്തിൽ ഇരുവിഭാഗത്തിന്റെയും പുരോഹിത ശ്രേഷ്ഠർ സ്വയം ആത്മപരിശോധനയ്ക്ക് തയ്യാറായാൽ കലുഷിതമായ ഇന്നത്തെ സഭാന്തരീക്ഷം ശാന്തമാകും എന്നുറപ്പാണ്.

ലേഖനം വായിക്കാം;

എന്റെ പ്രിയപ്പെട്ട സഹോദരന്മാരായ സുറിയാനി പട്ടക്കാരേ,

ഒരുമിച്ചു കാണുവാൻ തരമില്ലാത്ത നമ്മളെല്ലാവരോടുമായിട്ട് ഞാൻ പത്രിക മുഖേന പറയുന്ന ഏതാനും വാക്കുകൾ. എന്റെ ഉദ്ദേശത്തിനനുരൂപമായി മനസ്സിരുത്തി വായിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

ഏതു ഉദ്യോഗസ്ഥനും തന്റെ അധികാരത്തെയും അതിന്റെ നിബന്ധനകളെയും അറിയേണ്ടതും, അറിഞ്ഞാൽ അതിൻ പ്രകാരം നടക്കേണ്ടതും നടത്തേണ്ടതും ആവശ്യമാണ്. അല്ലാത്ത പക്ഷം താൻ ആ ഉദ്യോഗത്തിൽ നിന്നും നീക്കപ്പെടുമെന്നും ദയാവിഹീനം ശിക്ഷിക്കപ്പെടുമെന്നും പതിവാണല്ലോ?

എന്നാൽ നമ്മിൽ ചിലർ തങ്ങളുടെ ഉദ്യോഗം എന്തെന്ന് ഗ്രഹിക്കാതെയും തങ്ങൾക്കു ബുദ്ധി ശക്തിയും, ഗുണദോഷ വിവേകവും വാക്ചാതുര്യവും ഇല്ലെന്ന് കരുതീട്ടും, ചിലർ സ്ഥാന പൂർത്തിയില്ലെന്നുമുള്ള നിസാരമായ ഒഴികഴിവ് പറഞ്ഞും, മൗനവൃതം അനുഷ്ഠിച്ചു വരുന്നു. ഓരോരുത്തനും സിദ്ധിച്ചിട്ടുള്ള നൽവ്വരപ്രകാരം നടത്തണമെന്നല്ലാതെ കർത്താവ് ഇഛിക്കുന്നില്ല. ഓരോരുത്തനും ദൈവം അവനെ വിളിച്ചപ്രകാരം നടപ്പാൻ വേണ്ടിയിരിക്കുന്നു താനും. 1.കൊരി 17.

ചിലർ 'പട്ടക്കാരെന്നുള്ളത്' 'പട്ടാളക്കാർക്കുള്ള' മറ്റൊരു നാമമായി മാത്രം കരുതി നടക്കുന്നു. അങ്ങനെ തന്നെയിരുന്നാലും പട്ടാളക്കാർക്ക് എന്തെല്ലാം ചുമതലകളുണ്ടെന്നുകൂടി വിചാരിക്കണം. ചിലർ സത്യത്തെ അറിഞ്ഞിട്ടും സ്വന്ത ചുമതലയെ വിട്ട് അന്യായമായ ലാഭത്തെയോ, ബഹുമാനത്തെയോ ഇഛിച്ച് കച്ചേരി (കോടതി) കേറുന്നത് കാര്യമെന്ന് കരുതിയ വ്യവഹാര പ്രിയരായി നടക്കുന്നു. ഇതാണോ നമ്മുടെ ചുമതല? പട്ടക്കാരുടെ ഉദ്യോഗത്തെയും കൃത്യങ്ങളെയും കുറിച്ച് പരിശുദ്ധനായ പൗലോസ് തീമോത്തിയോസിനോടും (1.തീമോത്തിയോസ് 3:1മുതൽ) തീത്തോസിനോടും (തീത്തോസ് 1.6 മുതൽ) പറഞ്ഞിട്ടുള്ള ഗുണ ദോഷം നല്ലവണ്ണം മനസ്സിരുത്തി വായിച്ചു നോക്കണമെന്ന് നിങ്ങളോടപേക്ഷിക്കുന്നു.

ചിലർ മദ്യ പ്രിയന്മാരായി നടക്കുകയും മറ്റുള്ളവരുടെ മനസ്സിനെക്കൂടെ മലിനമാക്കുകയും ചെയ്യുന്നു. ഇത് അപ്പോസ്തോലന്റെ മാഹാത്മ്യമേറിയ ഉപദേശത്തിന് എത്ര വിരോധമാണ്. മദ്യ പ്രിയരെ സംബന്ധിച്ച് ഏശായ പറയുന്നതാവിതു. (ഏശായ 5.11) മദ്യപാനത്തെ പിന്തുടരേണ്ടതിന് അതികാലത്തെ എഴുന്നേൽക്കുന്നവർക്കും വീഞ്ഞു തങ്ങളെ ജ്വലിപ്പിക്കുവോളം രാത്രിവരെ നിൽക്കുന്നവർക്കും ഹാ! കഷ്ടം.

ചിലർ തങ്ങളുടെ ജോലി കുർബാന അണയ്ക്കുക, ജ്ഞാന സ്നാനപ്പെടുത്തുക, വിവാഹ കൂദാശ കഴിക്ക, അടിയന്തിരാദികൾ നടത്തുക, ഇതുകൾ മാത്രമാണെന്ന് വിചാരിക്കുന്നു. പട്ടക്കാരുടെ സ്ഥാനം അപ്പോസ്തോല സ്ഥാനമാണല്ലോ? അവർ ഇത്തരം ക്രിയാനുഷ്ഠാനംകൊണ്ടു മാത്രം കാലം പോക്കിയവരാണോ? ക്രിസ്തു രാജ്യം ലോകത്തിൽ എങ്ങും ആകേണമെന്നുള്ള ആഗ്രഹത്തോടുകൂടി അവർ കഷ്ടപ്പെട്ടു നടന്നു മാർഗ്ഗം അറിയിക്കുകയും, അനുസരിപ്പിക്കുകയും മറ്റുമല്ലയോ മുഖ്യമായി ചെയ്തത്? നമ്മുടെ കർത്താവിന്റെ അന്ത്യകല്പനയും ഇതല്ലയോ? അവർ ഒരു പ്രസംഗത്താൽ മുവായിരം ആത്മാക്കളെ ക്രിസ്തുവിലേക്ക് തിരിപ്പിച്ചുവെങ്കിൽ മുപ്പതു പ്രസംഗത്താൽ മൂന്ന് ആത്മാക്കളെയെങ്കിലും തിരിപ്പിക്കണമെന്നുള്ള ആഗ്രഹത്തിന്റെ  അംശമെങ്കിലുമുള്ളവർ നമ്മിൽ ഒരാളെങ്കിലുമുണ്ടോ? സഹോദര സ്നേഹവും, സ്വാമി ഭക്തിയുമാകുന്ന ആ രണ്ടു മുഖ്യ കൃത്യങ്ങളെ നാം അശേഷം മറന്നു കളയുകയല്ലയോ?

ചിലർ കശീശാ തന്റെ സ്വന്ത ഭവനത്തെ നന്നായി ഭരിക്കുന്നവൻ ആയിരിക്കണമെന്നുള്ള അപ്പോസ്തോലന്റെ വാക്കിന്റെ അക്ഷരപ്രകാരമുള്ള അർത്ഥത്തെ മാത്രം ആധാരമാക്കി തങ്ങളുടെ ഭവനങ്ങളെ ഇളക്കി പ്രതിഷ്ഠിക്കുകയും, ഇണക്കത്തിലാക്കുകയും, ഭവന കാര്യാദികൾ ക്രമമായി നടത്തി പുത്ര, പൗത്രാദികൾക്കായി കഴിയുന്നതും സ്വത്തു സമ്പാദിക്കയും, ദൈവത്തിന്റെ ഭവനത്തെയും അതിന്റെ സ്വത്തുക്കളെയും തന്റെ ആട്ടിൻ കൂട്ടത്തെയും, കുറിച്ച് യാതൊന്നും വിചാരിക്കാതിരിക്കുകയും, ചിലർ ഏവരുടെയും ശിരസ്സ് ക്രിസ്തുവാകുന്നു എന്ന് ഓർക്കാതെ, ഓരോരോ അഭിപ്രായ ഭേദങ്ങളെ മാത്രം പിടിച്ചു കൊണ്ട് വാദിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നു. ഇതാണോ നമ്മുടെ കൃത്യം? നാം എല്ലാവരും മ്ശിഹായാകുന്ന ഏക ശരീരത്തിന്റെ അവയവങ്ങളല്ലയോ?  ഇതു കൂടാതെ, നമ്മിൽ അനേകതരം അന്തഛിദ്രങ്ങളാലും നമ്മുടെ അജാഗ്രതയാലും സ്വസ്നേഹത്താലും ദൈവത്തിന്റെ ഭവനവും, അതിലെ സ്വത്തുക്കളും, തന്റെ ആട്ടിൻ കൂട്ടവും ഏതവസ്ഥയിൽ ആയിരിക്കുന്നു എന്ന് നോക്കുവിൻ. ഇതിനെക്കുറിച്ച് കർത്താവ് പറയുന്നത് എന്തായിരിക്കാം? നിങ്ങൾ തട്ടിടപ്പെട്ട ഭവനങ്ങളിൽ വസിക്കുന്നു. എന്റെ ഭവനമോ ശൂന്യാവസ്ഥയിലും. ആട്ടിൻ കൂട്ടമോ ഇടയനില്ലൊതെയും. ഇടയന്മാർ ആടുകളെ മേയിക്കാതെയും ഇരിക്കുന്നു എന്നല്ലയോ? നാം ഇങ്ങനെ അനേക വിധത്തിൽ പെരുമാറി വരുന്നു. ഇടയന്മാരുടെ ന്യായ വിരോധമായ നടത്തകൾ നിമിത്തം കർത്താവ് അതി കോപത്തോടെ കല്പിച്ചതാവിത്.(യഹേസക്കി 34:2 മുതൽ). തങ്ങളെത്തന്നെ മേയിക്കുന്ന ഇസ്രയേലിന്റെ ഇടയന്മാർക്കു ഹാ! കഷ്ടം. ഇടയന്മാർ ആട്ടിൻ കൂട്ടങ്ങളെ മേയിക്കേണ്ടയോ. നിങ്ങൾ മേദസിനെ ഭക്ഷിക്കുകയും, ആട്ടിൻ രോമംകൊണ്ട് നിങ്ങൾക്ക് വസ്ത്രമുണ്ടാക്കുകയും തടിച്ചിരിക്കുന്നവയെ അറക്കുകയും ചെയ്യുന്നു. നിങ്ങൾ ബലഹീനമായതിനെ ശക്തിപ്പെടുത്താതെയും, ദീനമായതിനെ സൗഖ്യമാക്കാതെയും, മുറിവുള്ളതിനെ മുറി കെട്ടാതെയും, ആട്ടിക്കളയപ്പെട്ടതിനെ, തിരിച്ചു വരുത്താതെയും, കാണാതെ പോയതിനെ അന്വേഷിക്കാതെയും, ഇരുന്നുകൊണ്ട് ബലാൽക്കാരത്തോടും, ക്രൂരതയോടും അവയെ ഭരിക്കുന്നു. ഇതു ഹേതുവായിട്ട് ഞാൻ, എന്റെ ആട്ടിൻ കൂട്ടത്തെ നിങ്ങളുടെ കയ്യിൽ നിന്ന് ഛേദിക്കുകയും ആട്ടിൻ കൂട്ടത്തെ മേയിക്കുന്നതിൽ നിന്നും നിങ്ങളെ ഒഴിയുമാറാക്കുകയും ചെയ്യും. ഈ കല്പന എത്ര ഭയങ്കരമെന്നും ഓരോ സ്ഥാനത്തിലും നടത്തയിലും ഇരിക്കുന്ന എല്ലാവരോടും അല്ലയോ എന്ന് വിചാരിപ്പിൻ.

ഇതു കൂടാതെ സീയോൻ പുത്രിയുടെ മകൾ നെടുവീർപ്പിടുകയും, അപ്പം അന്വേഷിക്കുകയും ചെയ്യുന്നു. അവർക്കു കൊടുക്കുന്നവനില്ല. എല്ലാവരും ബഹുമാനിച്ചിട്ടുള്ള യരുശലേം നിന്ദിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ അവർ അവളുടെ നഗ്നതയെ കണ്ടു എന്നും, സീയോൻ തന്റെ കൈകളെ മലർത്തുന്നു. അവളെ ആശ്വസിപ്പിക്കുന്നതിന് ആരുമില്ല എന്നുമുള്ള എറമിയയുടെ വിലാപ വാക്കുകളെയും ഓർപ്പീൻ. ഈ വാക്കുകൾ നമ്മുടെ സീയോൻ പുത്രിയുടെയും, തൽക്കാല സ്ഥിതിക്ക് എത്രയോ യോജിപ്പായിരിക്കുന്നു. കർത്താവ് ഇപ്പോൾ നമ്മെക്കുറിച്ച് പറയുന്നത് എന്തായിരിക്കാം. ഹാ! പാപമുള്ള ജാതി. അന്യായംകൊണ്ടു ഭാരം ചുമക്കുന്ന ജനം, ദുഷ്പ്രവർത്തികളുടെ സന്തതി. വഷളാക്കുന്ന പൈതങ്ങൾ എന്നല്ലയോ?

അതിനാൽ കർത്താവിങ്കൽ ചേലയെന്നോ, ചേലയില്ലായ്മയെന്നോ യഹൂദനെന്നോ, കാവ്യനെന്നോ ഇല്ലാ എന്ന് വിചാരിച്ചും താന്താങ്ങളുടെ ചുമതലയെയും, ഉദ്യോഗത്തെയും, കൃത്യങ്ങളെ നേരായി ഗ്രഹിച്ചും നമ്മുടെ താൽക്കാലികാവസ്ഥയിൽ നിന്ന് പിന്തിരിഞ്ഞ് കടന്നു പോകുന്ന എല്ലാവരുമേ, ഇതു നിങ്ങൾക്ക് ഒന്നുമല്ലയോ എന്നുള്ള സീയോൻ പുത്രിയുടെ വലിയ വാക്കുകളെ ഓർത്തും നമ്മുടെ കർത്താവിന്റെ രക്ഷയുടെ മാധുര്യം അറിയാതെ നമ്മുടെ സഹോദരങ്ങളിൽ എത്രയോ ആയിരം മൂഢഭക്തി തുടങ്ങിയ വെള്ളം നിൽക്കാത്ത പൊട്ട പാത്രങ്ങളിൽ ആശ്രയിച്ച് നാക്കു വാറ്റി നശിക്കുന്നു എന്നും, സഹോദര ഛിദ്രവും, വാശിയും വർദ്ധിച്ച് പൈശാചികമോയ ഭക്തി കേട്ട് എത്രയോ ആടുകളിൽ വേരൂന്നി ബലപ്പെടുന്നു എന്നും സാത്താൻ തനിക്ക് അല്പകാലമേ എന്ന് വച്ച് വല്ല്യ ഗർജ്ജനത്തോടെ പുറപ്പെട്ടു നീ വീണ്ടും എന്നെ വന്ദിച്ചാൽ സകലവും നിനക്കു തരാമെന്നുള്ള അവന്റെ കൈക്കൂലിയാൽ ലോകത്തെയും അതിന്റെ ആഢംബരങ്ങളെയും ഒന്നുകൂടെ നിറം പിടിപ്പിച്ച് എത്രപേരെ പഴയ യഹൂദയുടെ പുറകെ പറഞ്ഞയക്കുന്നു എന്നും വിചാരിച്ചും ക്രിസ്തുവിന്റെ സത്യ സ്നേഹത്തിൻ തങ്കക്കരങ്ങളെ നന്ദിയോടെ ചുംബിച്ചും, തന്റെ വാത്സല്യമേറിയ തിരുമാർവ്വോടെ വിനയത്തിൽ അണഞ്ഞും നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ കരങ്ങൾ നമ്മെപ്രതി ഏറ്റവും കനിയുന്നു എന്നും നമ്മുടെ പ്രിയരക്ഷകൻ നമുക്കു വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാർത്ഥന വളരെ ആശയോടുകൂടി നടത്തുന്നു എന്നും വിശ്വസിച്ചു വിധി നടത്തുവാനുള്ള ദൈവ കല്പനയിൻ ശബ്ദം കേൾക്കുന്ന ഉടൻ ചെയ്യാനായി സ്വർഗ്ഗ സേനകൾ ഭയഭക്തിയോടുകൂടെ തിരുമുമ്പിൽ ഹാജരായി നിൽക്കുന്നു എന്നോർത്ത് വിറച്ചും, വേനൽ കാലവും കഴിഞ്ഞ് കൊയിത്തും തീർന്ന് നാമോ നമുക്ക് ഏല്പിക്കപ്പെട്ട ആട്ടിൻ കൂട്ടവും രക്ഷിക്കപ്പെട്ടതുമില്ലെന്നു വരാതെയിരിപ്പാനായി ശ്രമിച്ചും, കണ്ടാലും വൃക്ഷത്തിന്റെ ചുവട്ടിൽ കോടാലി വയ്ക്കപ്പെട്ടിരിക്കുന്ന നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടപ്പെട്ട് അഗ്നിയിൽ ഇടപ്പെടുമെന്നുള്ള സ്നാപകന്റെ വചനത്തെ ചിന്തിച്ചും, നമ്മുടെ കർത്താവു നമുക്ക് തന്നിട്ടുള്ള താലന്തിൽ നാം വല്ലതും കൂടുതൽ ഉണ്ടാക്കിയിട്ടംണ്ടോ എന്നും, ഇല്ലെങ്കിൽ മടിയനായ ദാസന് എന്തു സംഭവിച്ചു എന്നും ഓർത്തുകൊണ്ട് ദൈവ ഭവനത്തിന്റെ ശില്പാശാരികളാകയാൽ ക്രിസ്തു എന്ന മൂലക്കല്ലിനെ അടിസ്ഥാനമാക്കി നന്നായി ഭവനം പണിയുകയും കർത്താവിന്റെ മുന്തിരിത്തോട്ടത്തിലെ വേലക്കാരാകയാൽ തോട്ടത്തിൽ കള പറിച്ച് കൊത്തിക്കിളച്ചു വളം ഇടുകയും മുന്തിരിയുടെ ചില്ലകൾ മുറിക്കയും തണ്ടുകൾ ഒടിക്കയും കാവൽക്കാരാകയാൽ ഉണർവ്വോടിരിക്കയും തന്റെ ആട്ടിൻ കൂട്ടത്തിന്റെ ഇടയന്മാരാണല്ലോ എന്ന് കരുതി അതിനെ പുഷ്ടിയുള്ള മേച്ചിൽ സ്ഥലങ്ങളിൽ മേയിക്കയും ചെന്നാ മുതലായ ദുഷ്ട മൃഗങ്ങളിൽ നിന്ന് സൂക്ഷിക്കുകയും ദീനമായതിനെ സൗഖ്യമാക്കുകയും ഒടിഞ്ഞിരിക്കുന്നതിനെ മുറി കെട്ടുകയും കാണാതെ പോയതിനെ അന്വേഷിക്കുകയും അപ്പോസ്തോല സ്ഥാനകാരാകയാൽ സുവിശേഷിക്കുകയും ഇതുപോലുള്ള സംഗതികളുടെ നടത്തക്കായി  വിളിക്കുന്നവരുടെ ശബ്ദം കേട്ടാലുടൻ സന്തോഷത്തോടെ ഓടിച്ചെല്ലുകയും ബലാൽക്കാാരേണയല്ല, നല്ല മനസ്സോടെ എന്നുള്ള അപ്പോസ്തോലന്റെ വാക്കിനെ അവലംബിച്ച ശേഷം നമുക്കുള്ള ഓരോ നാമപ്രകാരം ചെയ്കയും ചെയ്യണമെന്നു മാത്രം പറഞ്ഞ് ഇവിടെ സമർപ്പിച്ചു കൊള്ളുന്നു.

മട്ടയ്ക്കൽ ആലക്സന്ത്രയോസ് കത്തനാർ.

(1892 മുതൽ 1909 വരെയുള്ള കാലത്താണ് മലങ്കര ഇടവക പത്രികയുടെ പ്രസിദ്ധീകരണം. അന്നത്തെ മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ ജോസഫ് മോർ ദിവന്നാസിയോസിന്റെ ഉടമസ്ഥതയിൽ കോട്ടയം പഴയ സെമിനാരിയിൽ സെന്റ് തോമസ് പ്രസിൽ നിന്നും അച്ചടിച്ച് ഇടവക പത്രിക പ്രസിദ്ധീകരിച്ചിരുന്നു. ഈ പത്രികയുടെ ആദ്യ പത്രാധിപർ ഇടവഴിക്കൽ ഇ.എം.ഫിലിപ്പ് ആയിരുന്നു. 1909-ന് ശേഷം ബാവാ കക്ഷി/മെത്രാൻ കക്ഷി ഭിന്നിപ്പിനെ തുടർന്ന് പ്രസിദ്ധീകരണം നിലച്ചു).

പൗരോഹിത്യ വിഭാഗത്തിലെ മൂല്യച്ചുതി-  ഒരവലോകനം.

നമ്മുടെ വിശ്വസ പാരമ്പര്യം സുറിയാനി ഓർത്തഡോക്സ് സഭയുടേത് ആണല്ലോ. ക്രൈസ്തവ സമൂഹം, അതിന്റെ ശൈശവകാലം മുതൽ സ്വന്തം(യഹൂദ) സമൂഹത്തിൽ  നിന്നും, പിന്നീട് റോമ സാമ്രാജ്യത്തിൽ നിന്നും അതിശക്തമായ പീഡനത്തിലൂടെയാണ് കടന്നുവന്നത്. സ്വാതന്ത്ര്യം നേടി അധികം വൈകാതെ തന്നെ കൽമഴ പോലെ പെയ്തിറങ്ങിയ ഇസ്ലാമിക മതപീഡനം അത് ഇപ്പോഴും ഏറ്റുവാങ്ങുന്ന വിശ്വാസ സമൂഹമാണ് സുറിയാനി ഓർത്തഡോക്സ് സഭയുടേത്. നൂറ്റാണ്ടുകളായി ഇന്നും വിശ്വസികൾ അവിടെ അനുഭവിക്കുന്ന പീഡനങ്ങൾക്ക് നടുവിലും ഈ സഭയുടെ സാന്നിദ്ധ്യം അറബി ദേശമെമ്പാടും നിലനിൽക്കുന്നു എന്നത്, ദൈവത്താൽ നിലനിർത്തി പരിപാലിച്ചു പോരുന്നു -  എന്നതുകൊണ്ടു കൊണ്ട് മാതമാണ് എന്ന് വിശ്വാസിക്കാതെ തരമില്ല.

അടുത്ത കാലം വരെയും മലങ്കര സുറിയാനി സഭയിലും പൂർണ്ണമായും ഈ വിശ്വസ പാരമ്പര്യങ്ങളും പഠിപ്പിക്കലുകളും നിലനിന്നിരുന്നു. പ്രത്യേകിച്ച് കശീശന്മാരെ വാർത്തെടുക്കുന്ന കാര്യത്തിൽ. ഒരോ ക്രൈസ്തവ സമൂഹവുമാണ് (ഇടവകകളും) ആ ജോലിക്ക് യോഗ്യരായവരെ കണ്ട് എത്തിയിരുന്നത്. അവർ പിതാക്കൻമാരോടൊത്ത് ദയറാ ജീവിതത്തിലൂടെ സഭയുടെ സത്യവിശ്വാസം പഠിക്കുകയും അങ്ങനെ തലമുറകൾ കൈമാറി പോരുകയും ചെയ്തു. 

അങ്ങനെ അവർ എന്നും ദേശത്തിൻ്റെ വിളക്കായി, ദേശത്ത് പട്ടക്കാരനായി നാനാജാതി മതസ്ഥർക്ക് അശ്രയമായി എല്ലാവരാലും ബഹുമാനിക്കപ്പെട്ട് നിലനിന്നു. തൻ്റെ ജീവിതം കൊണ്ടു ക്രിസ്തുവിനെ മാതൃകയാക്കി സമൂഹത്തിന് കാഴ്ച്ച വെച്ച പാരമ്പര്യ വ്യക്ത്തിത്തങ്ങൾ, ഉന്നതകുലജാതർ നമുക്ക് എന്നും അഭിമാനമാണ്.

എന്നാൽ ഇപ്പോൾ മലങ്കരയിലെ സുറിയാനി സഭയുടെ ഇപ്പോഴത്തെ പോക്കിൽ, പട്ടക്കാർ വെറും കൂദാശകൾ നടത്തുന്ന ഉദ്യോഗസ്ഥർ മാത്രമായി.

പറഞ്ഞു വന്നത് പട്ടക്കാരെ ക്കുറിച്ചാണല്ലോ? നിങ്ങൾക്ക് അറിയാമോ ഇവിടെ പട്ടക്കാരെ വാർത്തെടുക്കുന്ന പാഠശാലകൾ ഏതെന്ന്? മലങ്കരയിലെ സെമിനാരി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സർട്ടിഫിക്കേറ്റുകൾ പ്രാട്ടസ്റ്റൻ്റ് തിയോളജി പഠനം നടത്തിയതിനാണ് (Affiliated to Serampur Theological College). സെറാംബുർലെ ഹൗവ്വൽ സായിപ്പ് കൊടുത്തുവിട്ട വിഷപ്പുക വമിക്കുന്ന  വ്യാജ കുന്തിരിക്കത്തിന്റെ ദുഷിച്ച മണമാണ് ഇന്നു മലങ്കരയിലെ ധൂപകുറ്റികളിൽ നിന്നും ഉയരുന്ന സുവിശേഷം. എന്ന് പറഞ്ഞാൽ ഈ വിദ്യാർത്ഥികൾ പഠിക്കുന്നത് പ്രൊട്ടസ്റ്റൻ്റെ തിയോജി എന്നർത്ഥം. നമ്മുടെ വിശ്വാസം ഓർത്തഡോക്സ് (സ്തുതി ചൊവ്വാക്കപ്പെട്ട) അല്ലേ? അപ്പോൾ നമ്മെ ആത്മീയമായി അഭിവൃദ്ധിപ്പെടുത്തേണ്ടവർ പാകപ്പെടേണ്ടത് അതിന് യോഗ്യമായ സ്കൂളുകളിലല്ലേ? അല്ലാതെ ഇപ്പോഴത്തെപ്പോലെ തിയോളജി അവിടെ നിന്നും, കുപ്പായം ഉദയഗിരി സെമിനാരിയിൽ നിന്നും ഇട്ട്, കുറച്ച് യാമപ്രാർത്ഥനകളിലും സംബന്ധിച്ച് നീട്ടിയും കുറുക്കിയും ചൊല്ലിയാൽ സത്യവിശ്വാസമാകുമോ?

വെറുതെ പട്ടക്കാരെ പഴി പറഞ്ഞിട്ടു കാര്യമുണ്ടോ? അവരെ ചിട്ടപ്പെടുത്തേണ്ടത് സഭയല്ലേ? അതിൽ അധികാരികൾ പരാജയപ്പെട്ടു എന്നല്ലേ അർത്ഥമാക്കേണ്ടത്?

യൂറോപ്പിൽ പ്രൊട്ടസ്റ്റൻ്റെനിസത്തിന് എതിരാളികൾ ഇല്ലാതിരുന്നിട്ടും അവിടെ അവർ താനെ നശിച്ച് ഇല്ലാതാവുന്നു.
എന്നാൽ, ഞാൻ മേല്പറഞ്ഞതുപോലെ, ശത്രുക്കളുടെ നടുവിലും, കഠിനമായ പീഡനങ്ങൾ സഹിച്ചും ഏതാണ്ട് 1500 കൊല്ലമായി നമ്മൾ ഉൾക്കൊണ്ട വിശ്വാസം അതിൻ്റെ ഉൽഭവ ദേശത്ത്, 
നിലനിൽക്കുന്നു കാരണം ഈ വിശ്വാസങ്ങൾ രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല എന്നർഥം. മലങ്കര സഭയിലെ ഇതര വിഭാഗങ്ങൾ ചിന്തിക്കേണ്ട ഒരു വിഷയമാണ്. ലോകത്തിന് വേണ്ടിയതെല്ലാമുണ്ട്.  പക്ഷേ അത്മീയ കുട്ടായ്മക്ക് വേണ്ടിയത് ഒന്നും തന്നെ ഇല്ലാത്ത അവസ്ഥ.
കാണാതെ പോയ ആടുകളെ തേടി വന്ന ക്രിസ്തു നാഥൻ്റെ സന്ദേശം നമ്മൾ എവിടെയോ വച്ച് മറന്നിരിക്കുന്നു....

മട്ടയ്ക്കൽ ആലക്സന്ത്രയോസ് കത്തനാർ.

1892 മുതൽ 1909 വരെയുള്ള കാലത്താണ് മലങ്കര ഇടവക പത്രികയുടെ പ്രസിദ്ധീകരണം. ആരംഭിക്കുന്നത് അന്നത്തെ മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ ജോസഫ് മോർ ദിവന്നാസിയോസിന്റെ ഉടമസ്ഥതയിൽ കോട്ടയം പഴയ സെമിനാരിയിൽ സെന്റ് തോമസ് പ്രസിൽ നിന്നും അച്ചടിച്ച് ഇടവക പത്രിക പ്രസിദ്ധീകരുന്നു. ഈ പത്രികയുടെ ആദ്യ പത്രാധിപർ ഇടവഴിക്കൽ ഇ.എം ഫിലിപ്പ് ആയിരുന്നു. 1909 ന് ശേഷം ബാവാ കക്ഷി/മെത്രാൻ കക്ഷി ഭിന്നിപ്പിനെ തുടർന്ന് പ്രസിദ്ധീകരണം നിലച്ചു.

 

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • നോമ്പ് എടുക്കുന്നുണ്ടോ?
  • എന്താണ് ഗൂദാ?
  • ഒലിവു മരം (Olea europaea)
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • കടലുകൾ. (Oceans)
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • പന്ത്രണ്ട് മാസങ്ങൾ
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • സംഗീതം മരിക്കില്ല.
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • നരകം. (Hell)
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • ബസ്ക്യൊമോ.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • വലിയനോമ്പ്
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • നോമ്പും ഉപവാസവും ആരാധനയും.
  • വിശുദ്ധ ബൈബിൾ.
  • Tablet. തബ്ലൈത്താ.
  • കന്തീല ശുശ്രൂഷ.
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • കാനവിലെ കല്യാണ വീട്.
  • 'ശക്രോ'
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • ഉരിയലും ധരിക്കലും.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • ഷണ്ഡൻ്റെ മാനസാന്തരം.
  • പൗരോഹിത്യ ശ്രേണികൾ.
  • ഫീറോ (Skull cap)
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • കറുപ്പിനേഴഴക്.
  • ഉത്സവങ്ങൾ. (Feasts).
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • Microtonal System used in Staff Notation
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • കടമറ്റത്ത് കത്തനാർ.
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved