പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയിലെ നോമ്പുകൾ മനുഷ്യ ജീവിതത്തിന്റെ ആത്മീയ കെട്ടുറപ്പുകളെ താങ്ങി നിർത്തുവാൻ ക്രമികരിച്ചവയാണ്.
1) യൽദോ നോമ്പ്.
തന്റെ ഏകജാതനെ ലോകത്തിനു നൽകിയതുകൊണ്ടു പിതാവിനോടുള്ള കൃതജ്ഞതയാണ് യൽദോ നോമ്പ് (ഡിസംബർ 15 -25). ലോകരക്ഷിതാവായ ക്രിസ്തുവിന്റെ വരവിനെ പ്രതീക്ഷിച്ചുകൊണ്ടും ഡിസംബർ 15 മുതൽ 25 വരെയുളള 10 ദിനങ്ങൾ നോമ്പെടുക്കുന്നു. ജീവിതക്രമം ക്രമീകരിക്കുന്ന നോമ്പാണിത്. പ്രത്യാശയാണ് ഈ നോമ്പിലുടെ വിശ്വാസി നേടിയെടുക്കുന്നത്. ഒരു ലോക രക്ഷകൻ വരുമെന്നും, അവൻ ഭൂമിയിലെ സർവ്വമനുഷ്യർക്കും മഹാസന്തോഷത്തിനുള്ള കാത്തിരിപ്പിന്റെ ദിനങ്ങൾ. സമാധാനമില്ലാതെ അലയുന്ന മനസ്സുകൾക്കു പ്രത്യാശ ലഭിക്കുന്ന നോമ്പാണ് യൽദോ നോമ്പ്.
2) മൂന്ന് നോമ്പ്. (നിനുവേ നോമ്പ്).
കർത്താവ് കല്പിച്ച് ഏല്പിച്ച ദൗത്യത്തിൽ (നിയോഗത്തിൽ) നിന്നും പിന്തിരിഞ്ഞു പോയതിനെ ഓർത്ത് അനുതാപപ്പെടുന്നതിന്റെ നോമ്പാണ് നിനുവേ നോമ്പ്. (തീയതി മാറി വരും. 3 ദിവസം). ബാക്കിയുള്ള നോമ്പുകൾ ക്രിസ്തുവുമായി ബന്ധമുള്ളതാണെങ്കിൽ ഇത് പഴയ നീയമ പരമ്പര്യങ്ങളിലൂടെ വന്നതാണ്. അമ്പത് നോമ്പിന് രണ്ട് ആഴ്ച്ച മുമ്പ് വരുന്ന തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഈ നോമ്പാചരിക്കുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് വിശുദ്ധ കുർബാനയോടുകൂടി നോമ്പ് അവസാനിക്കുന്നു. ഈ നോമ്പിനും വലിയ നോമ്പിനും ഇടയിൽ 18 ദിവസങ്ങൾ. ദൈവകല്പന ധിക്കരിച്ചു യാത്രചെയ്ത യോനാ നബിക്ക് സംഭവിക്കുന്ന മൂന്ന് ദിവസം മത്സ്യത്തിന്റെ ഉദരത്തിൽ സുരക്ഷിതമായി കഴിയുകയും, നിനവേയുടെ തീരത്തു മത്സ്യം ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തെയാണ് നിനവേ നോമ്പ്. ദൈവഹിതം മറന്ന് ജീവിതത്തിൽ സ്വന്തയിഷ്ടം പ്രവർത്തിക്കാൻ ശ്രമിച്ച ദൈവദാസന്റെ തിരിച്ചു വരവാണ് ഈ നോമ്പ്. ജീവിതത്തിൽ വന്നുപോയ തെറ്റുകളെ ഓർത്ത് കണ്ണിരോടെ അനുതപിക്കുവാൻ ഈ നോമ്പുകൊണ്ട് സാധിക്കും. അനുതാപമാണ് ഈ നോമ്പിലൂടെ വിശ്വാസി നേടിയെടുക്കേണ്ടത്.
3) അമ്പത് നോമ്പ്.
നമുക്ക് വേണ്ടി നോമ്പ് നോറ്റതിനാലും പീഡാമരണം സ്വീകരിച്ചതിനാലും പുത്രനോടുള്ള കൃതജ്ഞതയായി വലിയ നോമ്പ് ആചരിക്കുന്നു. (തീയതി മാറി വരും. 48 ദിവസം). യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെ വിവിധ പ്രവർത്തികളുടെ അനുസ്മരണമാണ് ഈ നോമ്പിൽ പ്രതിഭലിക്കുന്നത്, ക്രൂശുമരണമാണ് രക്ഷയുടെ കവാടം, അതിലേക്ക് പ്രവേശിക്കുവാൻ വിശ്വാസിയെ ഒരുക്കുന്ന അമ്പത് ദിനങ്ങൾ, കുരിശിൽ തറക്കപ്പെട്ടവൻ മൂന്നാമത്തെ ദിവസം ഉയിർത്തെഴുന്നേറ്റു, ആ ഉറപ്പാണ് അമ്പത് ദിവസത്തെ നോമ്പിന്റെ പരിസമാപ്തി. ഈ നോമ്പിന്റെ ദീർഘമായ യാത്രയിൽ നമ്മൾ കാണുന്നത് അത്ഭുതങ്ങൾ ചെയ്യുന്ന ക്രിസ്തുവിനെ, ജീവിത ദുരിതങ്ങളുടെ നടുവിൽ തളർന്നു പോകാതെ നിത്യരക്ഷയിലേക്ക് നമ്മെ നയിക്കാൻ ഉയിർപ്പിൽ അവസാനിക്കുന്ന ഈ നോമ്പുകൊണ്ട് സാധിക്കും. ആത്മീയ സുരക്ഷിതത്വമാണ് ഈ നോമ്പ് നോക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചു ലഭിക്കുന്ന്.
4) ശ്ലീഹാ നോമ്പ്.
നമ്മിലേക്ക് ഇറങ്ങി വസിച്ച് നമ്മെ വീണ്ടും ജനനത്തിലൂടെ ജീവിപ്പിക്കുന്ന റൂഹയോടുള്ള കൃതജ്ഞതയാണ് ശ്ലീഹാ നോമ്പ്. (ജൂൺ 26-29). കർത്താവിന്റെ ശിഷ്യന്മാരെ അനുസ്മരിച്ചു നോക്കുന്ന നോമ്പാണിത്. കഷ്ടങ്ങളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്ന് രക്തസാക്ഷികൾ നേടിത്തന്ന രക്ഷയാണ് ക്രിസ്തീയതയെന്നു പഠിപ്പിക്കുന്ന നോമ്പാണിത്. പ്രതിബന്ധങ്ങൾ കൂടുമ്പോൾ ധൈര്യസമേതം നേടാൻ ഈ നോമ്പിലൂടെ സാധിക്കുന്നു.
5) ശൂനോയോ നോമ്പ്.
അനാദിയിൽ വിശുദ്ധ തൃത്വത്തിൽ മുൻ നിർണ്ണയിക്കപ്പെട്ടതായ പിതാവിന്റെ ഏകജാതൻ മൂലമുള്ള കരുണയുടെയും ഏദനിൽ വെളിപ്പെടുത്തപ്പെട്ട സ്ത്രീയുടെ സന്തതി മൂലമുള്ള കൃപയുടെയും ദിവ്യരഹസ്യങ്ങളുടെ ഓർമ്മയെ കന്യകയുടെ വാങ്ങിപ്പ് ദിനത്തിന്റെ ഓർമ്മയോടുകൂടി പൂർത്തിയാകുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന നോമ്പാണ് ശൂനോയോ നോമ്പ്. (ഓഗസ്റ്റ് 10-15) ഓഗസ്റ്റ് പത്തു മുതൽ പതിനഞ്ചു വരെയുളള അഞ്ചു ദിവസമാണ് ഈ നോമ്പ്. ജീവിതയാത്രയിൽ സഹിച്ച വേദനകളും ദുരിതങ്ങളും ആത്മപീഡനങ്ങളും പരിഹാസങ്ങളും ദൈവമാതാവ് സഹനം കൊണ്ട് മറികടക്കുന്ന കാഴ്ച്ച അത്ഭുതത്തോടെ മാത്രമേ കാണാനാവൂ. മാനസിക ദുഃഖങ്ങളും താങ്ങാനാവാത്ത വേദനകളും ജീവിതത്തെ വല്ലാതെ ഉലയ്ക്കുമ്പോൾ പിടിച്ചുനിൽക്കുവാൻ പ്രചോദനം നൽക്കുന്നതാണ് ഈ നോമ്പ്. സഹനം ആർജ്ജിക്കുവാൻ ഈ നോമ്പിനോളം വലുതായി മറ്റൊരു പ്രാർത്ഥനയുമില്ല.
ഉപവാസം.
ഉപ - വാസം = ആശ്രിതനായി വസിക്കുക.
ശരീരത്തിന്റെ ആവശ്യങ്ങളെക്കാൾ വലുതായി ആത്മീയ ആഗ്രഹങ്ങൾക്ക് വിധേയപ്പെട്ടു ജീവിക്കുവാൻ തിരഞ്ഞെടുക്കുന്ന ദിനങ്ങളാണിത്. ദൈവവുമായി നമുക്കുള്ള ബന്ധത്തിന്റെ ആഴം എത്രയാണെന്ന് ഇതുമൂലം മനസിലാക്കാൻ സാധിക്കുന്നു. ഭക്ഷണ ക്രമികരണത്തെയാണ് ഇന്ന് കൂടുതലായി ഉപവാസത്തോട് ഉപമിക്കുന്നതെങ്കിലും, ശാരീരികവും മാനസ്സികവുമായി നമ്മൾക്ക് ഏറ്റവും ഇഷ്ടമുള്ള എന്തും ദൈവത്തിനുവേണ്ടി മാറ്റിനിർത്തുന്ന പ്രവർത്തനത്തെ ഉപവാസവുമായി ചേർത്ത് നിർത്താം.
ആരാധന.
ആരാധന ഇതിനെല്ലാം ഉപരിയായ ക്രമികരണമാണ്. ദൈവവുമായി നേർക്കുനേരെ സംവദിക്കുന്നതിന് ആരാധനായല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. നോമ്പും ഉപവാസവും എല്ലാം തന്നെ ആരാധനയിലേക്കുള്ള വഴികാട്ടികൾ മാത്രം. ശരിയായ ഉപവാസവും നോമ്പും പ്രാവർത്തികമാക്കിയാൽ ആരാധനയിലൂടെ ദൈവവുമായി എളുപ്പത്തിൽ സംവദിക്കുവാൻ സാധിക്കുന്നതാണ്.
മനുഷ്യമനസ്സിലുള്ള സകലമാലിന്യങ്ങളും ഉപേക്ഷിക്കുവാൻ സാധിച്ചാൽ മാത്രമേ ഇതുകൊണ്ട് പ്രയോജനമുണ്ടാകൂ. ലക്ഷ്യം ദൈവസംസർഗ്ഗം മാത്രമായിരിക്കണം. അല്ലാതെ ഭൗതിക ലക്ഷ്യങ്ങളെ നേടിയെടുക്കാനായി നോക്കുന്ന ഒരു നോമ്പും പരിശുദ്ധ സഭയുടെ ആരാധനക്രമത്തിലില്ല. സ്വർഗ്ഗം മാത്രമാണ് ഓരോ നോമ്പിലൂടെയും വിശ്വാസികളുടെ ലക്ഷ്യം. അതിനു വേണ്ടിയാകണം ഓരോ നോമ്പുകളിലെയും ഉപവാസത്തിലെയും പ്രവർത്തന രീതികൾ.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.