ശത്രു അകത്തു കടക്കാതിരിക്കാനായി രാജാവ് രാജ്യത്തിനു ചുറ്റുമായി വന്മതിൽ പണിതു; എല്ലാ കവാടങ്ങളിലും, കാവൽക്കാരെയും നിയോഗിച്ചു. എന്നിട്ടും ശത്രുക്കൾ എങ്ങനെയോ അകത്തു കയറി. രാജാവു പല മാർഗ്ഗങ്ങളും പരീക്ഷിച്ചു: കവാടങ്ങളുടെ എണ്ണം കുറച്ചു; കാവൽക്കാരുടെ എണ്ണം കൂട്ടി. എന്നിട്ടും ശത്രുക്കൾ അകത്തെത്തി. ഒടുവിൽ രാജാവു തന്നെ വേഷപ്രച്ഛന്നനായി, മറ്റു ഭടന്മാക്കൊപ്പം കാവൽ നിന്നു. ആർക്കും അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീടു താൻ കണ്ട കാഴ്ച, രാജാവിനെ അത്ഭുതപ്പെടുത്തി. കാവൽക്കാർ തന്നെ കൈക്കൂലി വാങ്ങി, അർധരാത്രിക്കു ശേഷം, ശത്രുക്കളെ അകത്തു കയറ്റുന്നു.
സ്വഭാവദാർഢ്യമാണ്, സംരക്ഷണ ഭിത്തികളേക്കാൾ പ്രധാനം. നിയന്ത്രിച്ചും നിഷേധിച്ചും കൊണ്ടുവരുന്ന പെരുമാറ്റച്ചട്ടങ്ങളെല്ലാം, പ്രലോഭനങ്ങളുടെ മുമ്പിൽ നിഷ്ഫലമാണ്. പുറമേ നിന്നിടച്ചേല്പിക്കുന്ന ഒരു നിയമവും, ആരിലും ഒരു ആത്യന്തിക മാറ്റവും സൃഷ്ടിക്കില്ല. അനുകുല സാഹചര്യങ്ങൾ ഉരുത്തരിയുമ്പോൾ, തനിനിറം പുരത്തു വരും. ക്യാമറാക്കണ്ണുകൾക്കു മുമ്പിൽ മനുഷ്യർ കാണിക്കുന്ന ധാർമ്മികതയ്ക്കും, സത്യസന്ധതയ്ക്കും, താൽക്കാലിക പ്രസക്തി മാത്രമേയുള്ളൂ.
എന്തിനു വേണ്ടി മുതൽ മുടക്കുന്നു എന്നതിലാണു്, ഒരു ഭരണാധികാരിയുടെ ദീർഘവീക്ഷണവും, ഭരണമികവും വെളിവാകുന്നത്. മതിൽ നന്നാക്കുന്നതിനു പകരം മനസ്സു നന്നാക്കാനും, ആയുധത്തിനു പകരം, അറിവു നൽകാനും കഴിഞ്ഞിരുന്നുവെങ്കിൽ, സ്വന്തം രാജ്യത്തെ വഞ്ചിക്കുന്നവർ രൂപപ്പെടുമായിരുന്നില്ല.
സത്യസന്ധരാകുന്നതിനേക്കാൾ ശ്രമകരമായി മറ്റൊന്നുമില്ല. ആരുമില്ലാത്തപ്പോഴും, തെറ്റിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കാൻ സാദ്ധ്യതയുള്ളപ്പോഴും, സത്യസന്ധരായിരിക്കാൻ എത്ര പേർക്കു കഴിയും? ആരും കാണാത്തപ്പോൾ ചെയ്യുന്ന തെറ്റ്; ആർക്കും ഉപദ്രവമില്ലാത്ത തെറ്റ്; എല്ലാവരും ചെയ്യുന്നതു കൊണ്ടു ചെയ്യുന്ന തെറ്റു്; അങ്ങനെ തെറ്റുകൾ പലവിധമാണ്. തെറ്റിൽ അകപ്പെടാൻ, ഒരു നിമിഷത്തെ അശ്രദ്ധയോ അവിവേകമോ മതി. പക്ഷേ തെറ്റിനെ അതിജീവിക്കാൻ, ഒരായസ്സുകൊണ്ടു നേടിയെടുത്ത ആത്മബലം വേണ്ടി വരും.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.