1931ൽ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് മൂന്നാമൻ പാത്രിയർക്കീസ് ബാവ 'സെന്റ് മേരീസ് സിസ്റ്റർഹുഡ്' എന്ന പേരിൽ കന്യാസ്ത്രീകൾക്കായി ഒരു സന്യാസിനി സമൂഹം കല്പിച്ചു കൊടുത്തു. കിഴക്കമ്പലത്തു ബാവായുടെ പേരിൽ ദാനമായി കിട്ടിയ സ്ഥലത്തായിരുന്നു ദയറാ സ്ഥാപിച്ചത്. 'ബെത്ലഹേം ദയറാ' എന്ന് ബാവ അതിനു പേര് വിളിച്ചു. എന്നാൽ പിന്നീട് ദയറായിൽ ക്ഷാമവും മറ്റും കാരണം ആലുവയിലെ തിരുമേനിയുടെ അനുവാദത്തോടെ അന്തേവാസികളിൽ പലരേയും വീട്ടുകാർ കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചയച്ചു. ദയറായിൽ പുറത്തു നിന്നും സഹായം ലഭിക്കുന്നത് നിന്നുപോയതിനാൽ നിത്യവർത്തിക്കുപോലും ബുദ്ധിമുട്ടായി, അന്തേവാസികൾ എല്ലാവരും മടങ്ങിപ്പോകുവാൻ തീരുമാനിച്ചു. അന്തേവാസികൾ എല്ലാവരും മടങ്ങിപ്പോകുന്ന പക്ഷം ദയറാ അടച്ചു പൂട്ടുവാൻ വലിയ തിരുമേനി തീരുമാനിച്ചു.
എന്നാൽ വിരലിലെണ്ണാവുന്നവർ അവശേഷിച്ചു. അതിൽ പെരിങ്ങാട്ടു അന്നം ഒഴികെ എല്ലാവരും മധ്യവയസ്സ് കഴിഞ്ഞവരായിരുന്നു. ദയറായുടെ അംഗങ്ങളുടെ നിത്യവൃത്തിയുടെ ചുമതല സിസ്റ്റർ അന്നം സ്വയം ഏറ്റെടുത്തു. പറമ്പിൽ ചെറിയ കൃഷികൾ അവരെല്ലാം ചേർന്ന് നടത്തിയിരുന്നു. എന്നാൽ അരിയില്ലായിരുന്നു. പണി ചെയ്തു കിട്ടുന്ന വരുമാനം തികയാഞ്ഞിട്ടു ബൈബിളിലെ രൂത്ത് ചെയ്ത പോലെ വയലിൽ വീണു കിടന്ന നെന്മണികൾ പണിക്കു ശേഷം പെറുക്കിക്കൊണ്ടുപോയി പുഴുങ്ങി, ഉരുളിയിൽ വറുത്തു ഉരലിൽ ഇടിച്ചു അരി ദയറയിലേക്കു സംഭരിക്കുമായിരുന്നു. സിസ്റ്റർ അന്നം അക്കാലത്തു തൊട്ടടുത്തുള്ള പാടത്തു പണിക്കു പോകുമായിരുന്നു. കൂടാതെ പണി കഴിഞ്ഞു കൊയ്ത്തുകാലത്തും മറ്റും മെതിക്കളത്തിൽ തറയിൽ വീണു കിടക്കുന്ന നെല്ല് വാരിക്കൂട്ടി കൊണ്ടു പോകുമായിരുന്നു. സിസ്റ്റർ അന്നത്തിന്റെ കൂലിയായി നെല്ല് ദയറയിലേക്കു കൃഷി ഉടമ എത്തിച്ചു കൊടുക്കുമായിരുന്നു.
വെള്ള സാരിയുമുടുത്തു കൈ നീളമുള്ള വെള്ള ബ്ലൗസും ധരിച്ചു, തല മൂടുന്ന ശിരോവസ്ത്രവും ധരിച്ചുകൊണ്ട് സിസ്റ്റർ അന്നം പാടത്തു കൃഷിപ്പണിക്കു പോകുന്നത് വിമർശ്ശിക്കപ്പെടുകയും ദയറാ പൂട്ടണമെന്ന് അഭിപ്രായം പറയുകയും ചെയ്തവരുണ്ടായിരുന്നു. വയലിപ്പറമ്പിൽ തിരുമേനിയ്ക്ക് ദയറായുടെ മേൽനോട്ടം ആകുന്നതുവരെ വലിയ ബുദ്ധിമുട്ടിലൂടെ ദയറാ കടന്നു പോയി. പക്ഷെ ദയറാ പൂട്ടിപ്പോകാതെ അന്തേവാസികൾക്കുള്ള അന്നം കണ്ടെത്തുവാൻ വേണ്ടി സിസ്റ്റർ അന്നം കഷ്ടപ്പെട്ടതിനാൽ അത് നിലനിന്നുപോന്നു,
സിസ്റ്റർ അന്നം തന്നെ അനുഗ്രഹിച്ചു ഏല്പിച്ച നിത്യവൃതം കാത്തു സൂക്ഷിക്കുകയും ദയറായുടെ പ്രതിസന്ധി കാലത്ത് അതിനെ കാത്തു പരിപാലിക്കുവാൻ കഠിനാദ്ധ്വാനം ചെയ്തും, ഉപവാസത്തോടും നോമ്പോടും പ്രാർത്ഥനയോടും കഴിഞ്ഞു. പിൽക്കാലത്തു പുതിയ തലമുറയിൽപ്പെട്ട സ്ത്രീകൾ വ്രതം ഏറ്റു വരുകയും ദയറാ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു.
1958 ലെ സമാധാനവും തുടർന്നു വയലിപ്പറമ്പിൽ തിരുമേനിയുടെ മരണവും, ദയറാ മെത്രാൻ കക്ഷികളുടെ കൈവശമാകുവാൻ കാരണമായി. അന്നത്തിന്റെ ത്യാഗ ജീവിതം അറിയാത്ത പുതിയ ഭരണാധികാരികളുടെ ഇടപെടലുകളിൽ അവർ ഒറ്റപ്പെട്ടു. എങ്കിലും ദയറാ വിട്ടുപോകാതെ തന്റെ വൃതം കാത്തു ജീവിച്ചു. അന്നം കഷ്ടത സഹിച്ചു. രോഗിയായി മരിച്ചു. അവർ മരിക്കുന്നതിന് മുമ്പ് ആ ദയറായുടെ ഏക്കർ കണക്കിന് സ്ഥലം ഒരു പറുദീസായാക്കി മാറ്റി. പെൺപള്ളിക്കൂടം തുടങ്ങിയത് ഇന്ന് വലിയ സ്കൂളാണ്. അന്നം സിസ്റ്ററിന്റെ ശ്രേഷ്ഠ ജീവിതവും കർത്താവിലേക്കു വാങ്ങിപ്പോയതും, കബറടക്കപ്പെട്ടതും എപ്പോൾ, എങ്ങനെ, എവിടെ എന്നത് പോലും പുറലോകം കാര്യമായി അറിഞ്ഞതേയില്ല.
പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് മൂന്നാമൻ പാത്രിയർക്കീസ് ബാവയിൽ നിന്ന് സന്യാസം സ്വീകരിച്ചു ബാവായുടെ കല്പന ജീവിതാവസാനം വരെ കാത്തു സൂക്ഷിച്ച വിശുദ്ധയായിരുന്നു സിസ്റ്റർ അന്നം. മലങ്കരയിലെ അപ്രഖ്യാപിത വിശുദ്ധയായ സിസ്റ്റർ അന്നം ഇപ്പോഴും വിസ്മരിക്കപ്പെട്ടിരിക്കുന്നു.
(ബർ യൂഹന്നാൻ റമ്പാച്ചൻ എഴുതിയ ലേഖനം)