(മഞ്ഞിനിക്കര ബാവാ, ഓമല്ലൂർ ബാവാ).
വിശുദ്ധ പത്രോസിന്‍റെ ശ്ലൈഹീകസിംഹാസനത്തില്‍ 119-ാമത് പാത്രിയാര്‍ക്കീസായി കല്പിച്ചു വാണരുളിയ മഹാപരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവാ
പരിശുദ്ധ സുറിയാനി സഭയുടെ വിശുദ്ധന്മാരുടെ ഗണത്തിലെ ശോഭയേറിയ നക്ഷത്രവും, മലങ്കര സഭയുടെ മാണിക്യവും, ആര്‍ത്തര്‍ക്കും, ദുഃഖിതര്‍ക്കും മദ്ധ്യസ്ഥനും, പാപികള്‍ക്കും തണലേകുന്ന വന്‍വൃക്ഷവുമാണ്.
മര്‍ദ്ദീനിലെ നാല്പതു സഹദേന്മാരുടെ ഇടവകയിലുണ്ടായിരുന്ന വൈദിക പാരമ്പര്യമുള്ള ഷാഖീര്‍ കുടുംബത്തിലെ അബ്രഹാം കോര്‍എപ്പിസ്കോപ്പാ, മറിയം ദമ്പതികളുടെ എട്ടുമക്കളില്‍ രണ്ടാമത്തെ മകനായി ജനിച്ചു. 'നസ്രി' എന്നായിരുന്നു മാമോദീസാ പേര്. ചെറുബാല്യത്തില്‍ തന്നെ അമ്മയുടെ വേര്‍പാടിന്‍റെ കയ്പ്പ് അറിഞ്ഞ കുഞ്ഞുനസ്രി മൂത്ത സഹോദരിയായ ഹെലനിയുടെ സംരക്ഷണയിലാണ് വളര്ന്നനത്. പ്രാഥമിക വിദ്യാഭാസത്തിനുശേഷം ഒരു ചെറിയ വ്യാപാരസ്ഥാപനത്തിലും, പിന്നീട് മൂന്നുമാസം തുര്‍ക്കി ഗവര്‍മെന്റിലും ജോലി ചെയ്തിരുന്നു. അന്ന് പാത്രിയാര്‍ക്കീസായിരുന്ന ഗംഭീരമാനസനായ പത്രോസ് നാലാമന്‍ ബാവായുടെ നിര്‍ദ്ദേശപ്രകാരം നാല്പതു സഹദേന്മാരുടെ സെമിനാരിയില്‍ വൈദിക വിദ്യാഭ്യാസത്തിനായി ചേര്‍ന്നു.
മര്‍ദ്ദീനിലെ പഠനത്തിനുശേഷം 1887-ല്‍ അദ്ദേഹം കുര്‍ക്കുമ ദയറായില്‍ ചേരുകയും 1887-ല്‍ മോറാന്‍ മോര്‍ പത്രോസ് നാലാമന്‍ ബാവയാല്‍ ശെമ്മാശനായി വാഴിക്കപ്പെടുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം ശര്‍വോയോ സ്ഥാനവും, 1889-ല്‍ റമ്പാനായി ഉയര്‍ത്തപ്പെടുകയും ചെയ്തു. സന്യാസപദവിയായ റമ്പാൻ സ്ഥാനത്ത് എത്തിയപ്പോള്‍ സ്വീകരിച്ച പേരത്രേ ഏലിയാസ് എന്നത്. 1892-ല്‍ പത്രോസ് തൃതീയന്‍ ബാവ തന്നെ ഏലിയാസ് റാബാനെ കശ്ശീശ ആയി സ്ഥാനം നല്കിഥ. അഗാധമായ ജ്ഞാനേന്ദ്രിയവും, അറിവും, തപചര്യയും ഏലിയാസ് റമ്പാൻ ശീലിച്ചെടുത്തിരുന്നു. കുര്‍ക്കുമാ ദയറാ കൂടാതെ പിന്നീട് ഇറാഖിലെക്ക് സ്ഥാനമാറ്റം ചെയ്തപ്പോഴും പ്രാര്‍ത്ഥനയും, ജാഗരണവും കൈവിട്ടിരുന്നില്ല. ഇറാഖിലെ മൊസൂളിലുളള മോര്‍ മത്തായിയുടെ ദയറയുടെ പിന്‍ഭാഗത്തുള്ള ഗുഹകളില്‍ പതിവായി തപസ്സ് ചെയ്യുവാന്‍ ഏലിയാസ് റമ്പാൻ പോകുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ നടന്ന അര്‍മേനിയന്‍-അരാമിയന്‍ കൂട്ടക്കൊലയില്‍ അനേകം സുറിയാനി സഭാംഗങ്ങളും കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ക്ക് അഭയമൊരുക്കുവാന്‍ ഏലിയാസ് കശ്ശീശ മുന്നിട്ടിറങ്ങി. നമ്മുടെ വിശ്വാസികളെ കൂടാതെ ഏഴായിരത്തിലധികം വരുന്ന അര്‍മ്മേനിയന്‍ സഭാംഗങ്ങളെ മോര്‍ കുര്യാക്കോസിന്‍റെ ദയറയില്‍ സംരക്ഷിക്കുവാന്‍ ഏലിയാസ് റമ്പാൻ സാധിച്ചു. പിന്നീട് മോര്‍ കുര്യാക്കോസ് ദയറയുടെയും, കുര്‍ക്കുമാ ദയറയുടെയും റീശ് ആയി സഭയാല്‍ നിയോഗിതനായി. പക്വതയും, വിശുദ്ധതയുമാര്‍ന്ന വ്യക്തിത്വം, വിശുദ്ധിയും, കാരുണ്യവും നിറഞ്ഞ ജീവിതം എന്നിവയാല്‍ ഏലിയാസ് കശ്ശീശ സകലരുടെയും പ്രീതി പിടിച്ചുപറ്റി. ഒഴിവുവന്ന ആമിദ് ഭദ്രാസനത്തിലേക്ക് അദ്ദേഹത്തെ വാഴിക്കുവാന്‍ സഭ തീരുമാനിക്കുകയും, 1908-ല്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അബ്ദേദു ആലോഹോ ദ്വിതീയന്‍ ബാവയാല്‍ മോര്‍ ഇവാനിയോസ് എന്ന പേരില്‍ വാഴിക്കപ്പെടുകയും ചെയ്തു.
1912-ല്‍ ഇവാനിയോസ് മെത്രാപ്പോലീത്തയെ സഭ മൊസൂളിലെക്ക് സ്ഥലം മാറ്റുകയും, അദ്ദേഹം മോര്‍ മത്തായിയുടെ ദയറാ കേന്ദ്രമാക്കി ഭദ്രാസനത്തെ ഭരിച്ചു. ഇക്കാലയളവില്‍ മെത്രാപ്പോലീത്ത തന്‍റെ ജീവിതത്തെ കൂടുതല്‍ പ്രാര്‍ത്ഥനയാലും, ഉപവാസത്താലും, തപസ്സാലും ക്രമപ്പെടുത്തി. മോര്‍ മത്തായി ദയറയിലും ചുറ്റുപാടുമുള്ള അനേകആദിമസഭാവിശുദ്ധരുടെ കബറുകളും, പ്രശസ്തരും, അപ്രശസ്തരുമായ പിതാക്കന്മാരുടെ അദൃശ്യസാന്നിദ്ധ്യവും മോര്‍ ഇവാനിയോസ് തിരുമേനിയെ സ്വാധീനിച്ചു. മുന്‍സൂചിപ്പിച്ചതുപോലെ ദയറയുടെ പിന്‍ഭാഗത്തുള്ള ഗുഹകളില്‍ ഒന്നില്‍ മോര്‍ മത്തായിയും, മോര്‍ ഗ്രിഗോറിയോസ് ബര്‍ എബ്രായയും പോലുള്ള പിതാക്കന്മാര്‍ ചെയ്തിരുന്നതുപോലെ മണിക്കൂറുകളോളം ധ്യാനനിരതനായിരിക്കുന്നത് തിരുമേനി ശീലമാക്കിയിരുന്നു.
മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അബ്ദേദു ആലോഹോ ദ്വിതീയന്‍ ബാവ കാലം ചെയ്തതിനെത്തുടർന്ന് 1917-ല്‍ സഭയുടെ സുന്നഹദോസ് കൂടുകയും, ഏലിയാസ് മോര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയെ തല്‍സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. സഭയുടെ പരമ്പരാഗതമായ ചടങ്ങുകളോടെ കുര്‍ക്കുമാ ദയറയില്‍ വച്ച് താന്‍ 'മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍' എന്ന സ്ഥാനനാമത്തില്‍ അഭിഷിക്തനായി. അധികം താമസിക്കാതെ തന്നെ സഭാസ്ഥാനം നിലനിന്നിരുന്ന തുര്‍ക്കി രാജ്യത്തിന്‍റെ സുല്‍ത്താനെ കാണുകയും, സുറിയാനി പാത്രിയാര്‍ക്കീസ് ബാവമാര്‍ക്ക് ലഭിച്ചിരുന്ന ഫര്‍മാനും, ഉന്നത പദവിയോടുകൂടിയുള്ള ഒരു മെഡല്‍ പരിശുദ്ധ ബാവായ്ക് ലഭിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഈസ്താംബുള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ സഭാതലവന്മാരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം പരിശുദ്ധ പിതാവ് ജെറുസലേമിലേക്ക് സന്ദര്‍ശനം നടത്തുകയും പലസ്തീനിലെ മാര്‍ത്തമറിയം പള്ളിക്ക് തറക്കല്ലിടുകയും, ഒരു പ്രിന്റിംഗ് പ്രസ്സ് സ്ഥാപിക്കുകയും, അവിടെനിന്ന് സുറിയാനിയിലും, അറബിയിലുമായി ഓരോ പ്രസിദ്ധീകരണങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
ഏകദേശം ഒരു സഹസ്രാബ്ദത്തോളം സുറിയാനി സഭാസ്ഥാനമായിരുന്ന മര്‍ദ്ദീനിലെനിലെ കുര്‍ക്കുമാ ദയറായില്‍ അവസാനം വസിച്ച പാത്രിയാര്‍ക്കീസത്രേ പരിശുദ്ധ ബാവ. ഓട്ടോമന്‍ തുര്‍ക്കികളുടെ ഭരണകാലത്ത് 1915-ലും മറ്റും നിഷ്ഠൂരം കൊല ചെയ്യപ്പെട്ട അര്‍മ്മേനിയന്‍ സഭാംഗങ്ങളോടൊപ്പം ഹാര്‍പുതിലും, കര്‍ത്തമിനിലും, സലാഹിലും, മോര്‍ മല്‍ഖേയുടെ ദയറായിലും തുടങ്ങി സഭാംഗങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന സ്ഥലങ്ങളിലെ അനേകം സുറിയാനി ക്രിസ്ത്യാനികളും കൂട്ടക്കൊല ചെയ്യപ്പെട്ടു. ഇതോടൊപ്പം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയെയും, ആസ്ഥാനവും സാമ്രാജ്യത്തിനു പുറത്തേക്ക് മാറ്റിസ്ഥാപിക്കുവാന്‍ ഓട്ടോമന്‍ തുര്‍ക്കികളുടെ നിര്‍ബന്ധമുണ്ടായിരുന്നു. എങ്കിലും ധൈര്യം വിടാതെ ദൈവാശ്രയത്തില്‍ ഭയപ്പാടില്‍ കഴിഞ്ഞിരുന്ന മര്‍ദ്ദീനിലും മറ്റുമുള്ള തന്‍റെ മക്കളെ 1919-ല്‍ അദ്ദേഹം സന്ദർശിച്ചു. 1925-ല്‍ ആലപ്പോയിലും, ജറുസലേമിലും, അദ്ദേഹം സന്ദര്‍ശനം നടത്തി. 1930-ല്‍ മൊസൂളിലെ മോര്‍ മത്തായിയുടെ ദയറായില്‍ വച്ച് സഭയുടെ ഒരു സുന്നഹദോസ് പരിശുദ്ധ പിതാവ് വിളിച്ചുകൂട്ടുകയുണ്ടായി. ഈ സമയത്തുതന്നെ പരിശുദ്ധ ബാവായുടെ ആരോഗ്യം സംബന്ധിച്ച ആശങ്കകള്‍ വളര്‍ന്നു കൊണ്ടിരുന്നു. ഹൃദ്രോഗത്തിനുള്ള സാദ്ധ്യതയുണ്ടെന്നും, ദൂരയാത്ര പാടില്ലെന്നും വൈദ്യന്മാര്‍ വിധിച്ചു.
തന്‍റെ സഭാസ്ഥാനത്ത് നേരിട്ടിരുന്ന രാഷ്ട്രീയമായ പ്രതികൂലാവസ്ഥയെയും, തന്‍റെ സഭാമക്കള്‍ അഭിമുഖീകരിച്ചിരുന്ന ഭയപ്പാടുകളേയും വിശുദ്ധിയിലും പ്രാര്‍ത്ഥനയിലും സൗമ്യമായി നേരിട്ട ബാവാ, ഇതിനിടയില്‍ ഇന്ത്യയിലെ സഭയില്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ കണ്ടസ്വസ്ഥനായി. കോട്ടയം സന്ദര്‍ശിച്ച ഇന്ത്യന്‍ വൈസ്രോയിയ്ക്ക് സഭാസ്നേഹികളായ ഒരു കൂട്ടം മെത്രാപ്പോലീത്തമാര്‍ നല്‍കിയ അപേക്ഷ മാനിച്ച് സഭയിലെ തര്‍ക്കങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായി പാത്രിയാര്‍ക്കീസ് ബാവാ തന്നെ നേരിട്ട് വരണം എന്ന വിഷയത്തോടെ വൈസ്രോയി അയച്ച കത്ത് 1930 ഡിസംബര്‍ 1-ന് ബാവായ്ക് ലഭിക്കുകയും പ്രാര്‍ത്ഥനാപൂര്‍വ്വം അതിന് ബാവാ അനുകൂലമായി മറുപടി ഡിസംബര്‍ 15-ന് നൽകുകയും ചെയ്തു. ബാവായുടെ ആരോഗ്യസ്ഥിതിയില്‍ വളരെ ആശങ്കയുണ്ടായിരുന്ന മര്‍ദ്ദീനിലെയും മറ്റും വിശ്വാസികള്‍ ഈ ദീർഘദൂരയാത്രയില്‍ നിന്ന് പിതാവിനെ നിരുല്‍ത്സാഹപ്പെടുത്തുവാന്‍ ശ്രമിച്ചു. തന്നെ അമ്മയെപ്പോലെ പരിചരിച്ച സഹോദരി ഹെലനിയും ബാവയെ തടസ്സപ്പെടുത്തിയപ്പോള്‍ 'നാം എവിടെയായിരുന്നാലും മരിക്കും, ആയതിനെ തടയുവാന്‍ നിനക്ക് സാധിക്കുമോ? നാം മരിക്കുന്നെങ്കില്‍ അത് തന്‍റെ മക്കള്‍ക്ക് വേണ്ടിയാകട്ടേ'' എന്ന് പരിശുദ്ധ ബാവാ കല്പിച്ചു (60-കളില്‍ കടവില്‍ തിരുമേനി നടത്തിയ തന്‍റെ ശീമായാത്രയില്‍ അമ്മാന്‍ എന്ന സ്ഥലത്ത് ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന വയോധികനായ ഒരു മനുഷ്യന്‍ പരിശുദ്ധ ഏലിയാസ് ബാവായെ യാത്രയാക്കിയവരില്‍ ഒരാളായിരുന്നു എന്നും, യാത്രയാക്കിയ സമയം അവരെ നോക്കി ബാവ ''നാം ഇനി തിരിച്ചുവരികയില്ല'' എന്ന്‍ കല്പിച്ചതായിട്ട് ആ വയോധികന്‍ പറഞ്ഞതായി അഭിവന്ദ്യ തിരുമേനി തന്‍റെ യാത്രാവിവരണത്തില്‍ എഴുതിയിരിക്കുന്നു).
തന്‍റെ മക്കളെ കാണുന്നതിനും, അവര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുവാന്‍ തനിക്കു സാധിക്കും എന്ന വിശ്വാസത്തോടെയും 1931 ഫെബ്രുവരി 6-നു ബാവാ മൊസൂളില്‍ നിന്ന് പുറപ്പെട്ടു. മെത്രാപ്പോലീത്തയായ മോര്‍ ക്ലിമ്മീസ് യൂഹാന്നോന്‍, റാബാന്മാരായ വന്ദ്യ കുര്യാക്കോസ് (പിന്നീട് മോര്‍ ഒസ്താത്തിയോസ്), വന്ദ്യ യേശു സാമുവേല്‍ (പിന്നീട് മോര്‍ അമേരിക്കയുടെ മോര്‍ അത്താനാസിയോസ് യേശു സാമുവേല്‍), ബാവായുടെ സഹോദരനായ ജോസഫിന്‍റെ പുത്രന്‍ സഖറിയ ശാഖിര്‍, ദ്വിഭാഷിയായിരുന്ന ഏലിയാസ് എന്നിവര്‍ ബാവയെ അനുഗമിച്ചു. ഫെബ്രുവരി 28-ന് ബസ്ര തുറമുഖത്തുനിന്നും ''വര്‍സാവോ'' എന്ന കപ്പലില്‍ യാത്ര പുറപ്പെട്ടു മാർച്ച് 5-ന് അവിഭക്ത ഇന്ത്യയിലെ കറാച്ചി തുറമുഖത്ത് എത്തിച്ചേർന്നു. അവിടെവച്ച് ആലുവയിലെ പരിശുദ്ധ അത്താനാസിയോസ് വലിയ തിരുമേനി, ഇന്ത്യയിലുണ്ടായിരുന്ന സിംഹാസന പ്രതിനിധി മോര്‍ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, വിശ്വാസികളുടെ ഒരു സംഘവും ചേര്‍ന്ന് സ്വീകരിച്ചു (കറാച്ചിയിലുണ്ടായിരുന്ന മലങ്കര സഭാംഗമായ ഒരു വനിതാ ഡോക്ടറുടെ ഭവനത്തില്‍ തിരുസംഘത്തിനു ആഥിത്യം നല്‍കപ്പെട്ടു എന്ന് ചില ജീവചരിത്ര പുസ്തകങ്ങളില്‍ കാണുന്നു). മാർച്ച് 6-ന് ദല്‍ഹിയില്‍ എത്തുകയും, 8-നു വൈസ്രോയിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വീണ്ടും യാത്ര തിരിച്ച് മാര്‍ച്ച് 14-ന് മദ്രാസില്‍ എത്തുകയും, ബ്രിട്ടീഷ് ഗവര്‍ണ്ണറായിരുന്ന സര്‍ ജോര്‍ജ്ജ് സ്റ്റാലിയുടെ പ്രാധാന അഥിതിയായി താമസിക്കുകയും, ഏതാനും ദിവസങ്ങൾക്കുശേഷം വീണ്ടും യാത്ര പുറപ്പെടുകയും 1931 മാർച്ച് 21-ന് ആലുവയിലെ തൃക്കുന്നത്ത് സെമിനാരിയില്‍ എത്തിച്ചേരുകയും ചെയ്തു. ബഹുസഹസ്രങ്ങളായ ഭക്തജനങ്ങള്‍ പരിശുദ്ധ പിതാവിനെ മലങ്കരയിലെക്ക് വരവേറ്റു. സന്തോഷചിത്തനായ ബാവാ മാര്‍ച്ച് 22-ന് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്നുള്ള ഏകദേശം ആറുമാസത്തോളം എതിര്‍കക്ഷിയുമായും, അവരുടെ നേതാവായിരുന്ന മെത്രാനെയും സെമിനാരിയില്‍ വിളിച്ചുവരുത്തി സമാധാനത്തിനുള്ള വഴികള്‍ ആരാഞ്ഞു. തന്‍റെ മുന്‍ഗാമിയാല്‍ മുടക്കപ്പെട്ട ഈ നേതാവിന്‍റെ മുടക്ക് സമാധാന ചര്‍ച്ചകളില്‍ ഒരു വിലങ്ങുതടിയാകരുതെന്ന് തോന്നിയതുകൊണ്ടും, മെത്രാപ്പോലീത്തയായ തന്നെ അങ്ങനെയാരും വിളിക്കുന്നില്ല, മറിച്ച് വെറും പേര് മാത്രം വിളിക്കുന്നു എന്നുള്ള നേതാവിന്‍റെ ബാവയോടുള്ള സങ്കടം പറച്ചിലിലും സഹതാപം തോന്നിയതുകൊണ്ടും ആദ്യം തന്നെ ബാവാ നേതാവിന്‍റെ മുടക്ക് തീര്‍ത്തുകൊടുത്തു. തുടര്‍ന്ന് സെമിനാരിയിലും, കരിങ്ങാച്ചിറയിലും, കുറുപ്പുംപടിയിലും, പാണംപടിയിലും സമാധാന ചര്‍ച്ചകള്‍ വിളിച്ചുകൂട്ടപ്പെട്ടു. വിശുദ്ധ സിംഹാസനത്തിന്‍റെയോ, സുന്നഹദോസിന്‍റെയോ അറിവില്ലാതെ അധാര്‍മ്മികമായി സ്ഥാപിക്കപ്പെട്ട നിരണത്തെ കസേര പരിശുദ്ധ ബാവാ അംഗീകരിക്കണം എന്ന നേതാവിന്‍റെ വാശിയില്‍ ചര്‍ച്ചകള്‍ വഴിമുട്ടി. തന്‍റെ ഏതെങ്കിലും മുന്‍ഗാമിയാലോ, തന്‍റെ സഭയുടെ മുമ്പ് നടന്ന ഏതെങ്കിലും സുന്നഹദോസോ ഈ കസേരയുടെ കാര്യം ചര്‍ച്ച ചെയ്തിട്ടില്ലാത്തതിനാല്‍ നാമായിട്ട് അതെങ്ങനെ അംഗീകരിക്കും എന്ന ബാവയുടെ ചോദ്യം നേതാവ് ചെവിക്കൊണ്ടില്ല. നിരാശനായ ബാവാതിരുമേനി അടുത്ത വേനല്‍ക്കാലം വരുന്നതിനു മുമ്പെ തിരികെ മര്‍ദ്ദീനിലെക്ക് പോകുവാന്‍ ആഗ്രഹിച്ചു. അതിനായി ഏതാനും ചില പള്ളികള്‍ സന്ദര്‍ശിക്കുന്നതിനുള്ള പരിപാടികള്‍ തയാറാക്കി അതിന്‍ പ്രകാരം വടക്കു നിന്നും തെക്കോട്ട് യാത്രയാരംഭിച്ചു. ഈ യാത്രയിലാണ് കോട്ടയം പാണംപടി പള്ളിയില്‍ വച്ച് അദ്ദേഹം ഒരു സമാധാനയോഗം വിളിച്ചുകൂട്ടിയത്.
പരിശുദ്ധ പിതാവ് റാന്നി ക്നാനായ വലിയപള്ളി 1931 നവംബര്‍ മാസത്തില്‍ സന്ദര്‍ശിച്ച് വിശ്രമിക്കവേ ഓമല്ലൂര്‍ മഞ്ഞിനിക്കര ഇടവകയിലെ ബഹു. കുര്യാക്കോസച്ചനും, ഏതാനും ചില ഭക്തന്മാരും ബാവയെ മുഖം കാണിച്ച് അവരുടെ പള്ളിയിലേക്ക് സന്ദര്‍ശനം നടത്തണം എന്ന് ഉണര്‍ത്തിച്ചു. നിരാശയും, ക്ഷീണവും കാരണം ''എന്റെ അസ്ഥി കൂടി നിങ്ങള്‍ക്ക് വേണമോ'' എന്ന് ബാവാ പ്രതിവചിച്ചു എങ്കിലും ശത്രുക്കളുടെ ഇടയില്‍ കിടക്കുന്ന ഇവരെ സന്ദര്‍ശിച്ചു ആശ്വസിപ്പിക്കേണ്ട ആവശ്യകതയെ ബോധ്യപ്പെട്ട ബാവാ തിരുമേനി രണ്ടു മാസം കഴിഞ്ഞ് ഫെബ്രുവരി 11-ലെ തീയതി നല്‍കിയിട്ട് പ്രസ്തുത പള്ളിയില്‍ രണ്ടാഴ്ച താമസിക്കാം എന്ന് അവരോടു അരുളിച്ചെയ്തു. പരിശുദ്ധ പിതാവ് ഏതാനും ദിവസത്തിനുശേഷം തിരുവല്ല കല്ലിശ്ശേരി ക്നാനായ വലിയ പള്ളിയിലേക്ക് എഴുന്നള്ളി. മുന്നിയശ്ചയപ്രകാരം വീണ്ടും ചെങ്ങന്നൂര്‍, പന്തളം, വഴി വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് തുമ്പമണ്‍, കൈപ്പട്ടൂര്‍ വഴി ഓമല്ലൂര്‍ക്ക് യാത്ര തിരിച്ചു. മഞ്ഞിനിക്കര ഇടവകയും, ഓമല്ലൂര്‍ പൗരാവലിയും നാട് അന്നുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ പരിശുദ്ധ പിതാവിനെ രാജോജിതമായി സ്വീകരിച്ചു. 11-നു വൈകുന്നേരം പള്ളിയിലെത്തിയ ബാവ, 12-നു സിംഹാസന പ്രതിനിധി മോര്‍ യൂലിയോസ് മെത്രാപ്പോലീത്ത അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ചു. തുടര്‍ന്ന് ബഹു. വികാരിയച്ചനോടൊരുമിച്ച് പള്ളിപ്പറമ്പില്‍ ഉലാത്തവേ ''ഈ സ്ഥലം മനോഹരമായിരിക്കുന്നു എന്നും, ഇവിടെ സ്ഥിരമായി താമസിക്കാന്‍ നാം ആഗ്രഹിക്കുന്നു'' എന്നും കല്പിച്ചു. പള്ളി തീരെ ചെറുതാണെന്ന അച്ചന്‍റെ മറുപടിക്ക് ''പള്ളി വലുതായിക്കൊള്ളും'' എന്ന് ഒരു നിമിത്തമെന്നവണ്ണം പറഞ്ഞു. തുടര്‍ന്ന് കൂടിവന്ന വൈദികരോട് ആരും തിരിച്ചുപോകരുതെന്നും പറഞ്ഞു. അന്ന്‍ വൈകുന്നേരം 'നാളെ മോര്‍ ക്ലിമ്മീസ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കണം എന്നും, അതു കഴിഞ്ഞു വിശുദ്ധന്‍റെ അസ്ഥി നമുക്ക് പള്ളിയില്‍ സ്ഥാപിക്കണം'' എന്നും ബാവാ കല്പിച്ചു. 13-നു വിശുദ്ധ കുര്‍ബ്ബാനാനന്തരം പിതാവ് വിശുദ്ധ സിംഹാസനവും, മലങ്കര സഭയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഹൃദയസ്പര്‍ശിയായി പ്രസംഗിച്ചു. അന്നേ ദിവസം ഉച്ചയ്ക്ക് ഭക്ഷണത്തിന് ശേഷം കിടക്കുന്നതിനു പകരം മുറിയില്‍ക്കൂടി ഉലാത്തിക്കൊണ്ടിരുന്നു. പെട്ടെന്ന് 'എന്‍റെ തല, എന്‍റെ തല, തല ചുറ്റുന്നു എന്ന് പറഞ്ഞുകൊണ്ട് വീഴാന്‍ പോകുന്നതുപോലെ തോന്നി. ഉടനെ സമീപത്തുള്ളവര്‍ ബാവായെ താങ്ങിപ്പിടിച്ചു കട്ടിലില്‍ കിടത്തി. ഏതാനും നിമിഷങ്ങള്‍ക്കകം പരിശുദ്ധ ബാവാ തന്‍റെ മക്കളേയും, ലോകത്തേയും വിട്ട് ഏദന്‍റെ പറുദീസയില്‍ എത്തിച്ചേര്‍ന്നു. ബാവായുടെ ഭൗതീകശരീരം മഞ്ഞിനിക്കര മോര്‍ സ്തേഫാനോസ് പള്ളിക്ക് ഏകദേശം 50 അടി വടക്കുഭാഗത്തായി വിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന് ദാനം ചെയ്ത സ്ഥലത്ത് ഫെബ്രുവരി 14-ന് വൈകുന്നേരം നാലുമണിയോടുകൂടി അടക്കംചെയ്തു.
അന്നുമുതല്‍ ഇന്നുവരേയും സത്യാന്വേഷികളെ ദൈവത്തിങ്കലേക്ക് നയിക്കുവാന്‍ പര്യാപ്തമായ ദീപസ്തംഭമായി ബാവായുടെ തൃക്കബര്‍ പരിലസിക്കുന്നു. അനേകായിരം തീര്‍ത്ഥാടകര്‍ ഈ പുണ്യഭൂമിയിലേക്ക് വര്‍ഷംതോറും ഒഴുകിയെത്തുന്നു. എപ്പോഴും, ഏതുസമയത്തും ഈ കബറിങ്കല്‍ നുറുങ്ങിയ ഹൃദയവുമായി ഒരാള്‍ എങ്കിലും കാണപ്പെടുന്നു. മലങ്കരയുടെ നാനാഭാഗത്തുനിന്നുമുള്ള അനുഭവസാക്ഷ്യങ്ങള്‍ വിശുദ്ധ സിംഹാസനത്തില്‍ എത്തിയപ്പോള്‍ കാലം ചെയ്ത മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവ 1987 ഒക്ടോബര്‍ 20-ന് തന്റെ E265/87 തിരുവിളംബരതിലൂടെ മഞ്ഞിനിക്കര ബാവായുടെ നാമം അഞ്ചാം തുബ്ദ്ദേനില്‍ ഓര്‍ക്കുവാനും, പരിശുദ്ധന്‍ എന്ന നിലയില്‍ പള്ളികളും മറ്റും സ്ഥാപിക്കുവാന്‍ അനുമതി നല്‍കുകയും ചെയ്തു.
പരിശുദ്ധ ബാവായേ! ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.