കേരളീയ വാസ്തുശില്പശൈലിയിൽ തന്നെ മുഖവാരമില്ലാതെ നിർമ്മിച്ച മറ്റൊരു പൗരാണിക ദേവാലയമായിരുന്നു പഴയ കുണ്ടറ പള്ളി. അനേകം ചരിത്രമുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ച പഴയ പള്ളി ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടാണ് പോളിച്ചത്. ചുരുക്കം ചില പള്ളികളിൽ മാത്രം അവശേഷിക്കുന്ന പടിപ്പുര പഴയ പൗരാണികതയുടെ അടയാളമായി ഇപ്പോഴും ഇവിടെ നിലനിൽക്കുന്നുണ്ട്.
കുണ്ടറ പള്ളിയുടെ ചരിത്രസൂചകങ്ങളിലൂടെ:
ഒമ്പതാം നൂറ്റാണ്ടിൽ (AD 825) സ്ഥാപിതമായി എന്നു പരമ്പരാഗതമായി വിശ്വസിച്ചുവരുന്ന
കുണ്ടറ പള്ളിയേയും ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തുന്നത് ഉദയംപേരൂർ സുന്നഹദോസ് വിളിച്ചുകൂട്ടിയ മെനസ്സിസ് മെത്രാപ്പോലീത്തായുടെ ചരിത്രകാരനായ ‘Antonio de Gouvea‘യാണ്. 1606’ൽ പുറത്തിറക്കിയ തന്റെ ‘Jornada do Arcebispo de Goa Dom Frei Alexio de Menezes…‘ എന്ന ഗ്രന്ഥത്തിൽ കുണ്ടറ പള്ളിയേക്കുറിച്ച് ഇങ്ങനെ പരാമർശിച്ചിരിക്കുന്നു. "കുണ്ടറയിലെ (Gundara) പള്ളി വളരെ ചെറുതും ഒട്ടും നിബിഡമല്ലാത്ത ഒരു കാടിനടുത്തുള്ള തെളിഞ്ഞ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതുമാണ്. ഇവിടുത്തെ ക്രിസ്ത്യാനികൾ എണ്ണത്തിൽ കുറവാണെങ്കിലും സൽസ്വഭാവികളും, വളരെ ഭക്തിയുള്ളവരും വിശ്വാസസംബന്ധമായ കാര്യങ്ങളിൽ വളരെ പ്രതിപത്തി പുലർത്തുന്നവരുമാണ്. എന്നിരുന്നാലും, അനേകം വർഷങ്ങളായി ഈ പള്ളിയിൽ കത്തനാരന്മാരില്ലാതിരുന്നതിനാൽ ഇവിടെ കുർബാന ഇല്ലായിരിക്കയും, ചെറുപൈതങ്ങൾ തുടങ്ങി കുറച്ചധികം പ്രായം കടന്ന യുവാക്കളെ വരെ മാമ്മോദീസാ സ്വീകരിക്കാനായി കൊണ്ടു വരുകയും ചെയ്തു. ആവേശഭരിതരായി എത്തിയ ജനത്തെ കണ്ട് ഉൽസാഹചിത്തനായ മെത്രാപ്പോലീത്ത “ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. എന്തെന്നാല്‍, നിങ്ങള്‍ക്കു രാജ്യം നല്‍കാന്‍ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു (Luke 12:32)” എന്ന വേദവാക്യം പ്രമേയമായെടുത്ത് ഒരു പ്രസംഗം നടത്തുകയും, അത് അവിടെ കൂടിയിരുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുകയും ചെയ്തു. വിശ്വാസപ്രബോധനം നടത്താൻ പുരോഹിതന്മാർ ഇല്ലാതിരുന്നിട്ടും, ബലവാന്മാരും വിഗ്രഹാരാധനക്കാരുമായ അനേകം രാജാക്കന്മാരുടേയും മാടമ്പിമാരുടേയും ഇടയിൽ ഇവിടുത്തെ വളരെക്കുറവായ ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചതിനും, ആരുമത് ഉപേക്ഷിച്ചു പോകാതിരുന്നതിനും, ഈ ക്രിസ്ത്യൻ സമൂഹത്തോട് മെത്രാപ്പോലീത്ത വളരെയധികം മമത കാണിക്കുകയും തമ്പുരാൻ കർത്താവിനോട് നന്ദി പറയുകയും, ഒരു വികാരിയെ നിയമിക്കുകയും ചെയ്തു". ക്രിസ്ത്യാനികളുടെ ദാസരും ആഞ്ജാനുവർത്തികളും, അവർക്കുവേണ്ടി മരിക്കാനും മടിയില്ലാത്ത ചാവേറുകളായി സേവനമനുഷ്ഠിക്കുന്ന ഒരു പ്രത്യേക ജാതിയിൽപ്പെട്ട ഒരാളെ കുണ്ടറ പള്ളിയിൽവെച്ചു മെനസ്സിസ് മെത്രാപ്പോലീത്ത കണ്ടുമുട്ടുന്നുണ്ട്. വടക്കൻ പ്രദേശത്തെ പള്ളികളിൽ അന്യം നിന്നുപോയ ഇക്കൂട്ടരുടെ ചരിത്രം ഗുവേയ വളരെ ദീർഘമായി രേഖപ്പെടുത്തുന്നുണ്ട്.
കുണ്ടറ പള്ളിയിൽവെച്ചു തന്നെ കുണ്ടറ രാജാവ് മെനസ്സിസ് മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച്ച നടത്തുകയും പോർച്ചുഗീസുകാരുടെ സംരക്ഷണത്തിലേക്കായി തന്റെ രാജ്യം സമർപ്പിക്കുകയും അതിനായി ഒരു കരാറിലേർപ്പെടുകയും ചെയ്തു. മെത്രാപ്പോലീത്തയെ അനുഗമിച്ചിരുന്ന അർക്കദിയാക്കോൻ കുണ്ടറയിലെ ക്രിസ്ത്യാനികൾക്കുവേണ്ടി ചില ഓലകൾ എഴുതിയുണ്ടാക്കി മെത്രാപ്പോലീത്താ വഴി രാജാവിനെക്കൊണ്ട് അംഗീകരിപ്പിച്ചെടുക്കുന്നുണ്ട്. ലത്തീൻകാരായ ക്രിസ്ത്യാനികൾക്കായി മറ്റൊരു പള്ളി പണിയുവാനുള്ള അനുമതി മെത്രാപ്പോലീത്തയും നേടിയെടുക്കുന്നുണ്ട് (1609’ൽ സ്ഥാപിതമായെന്നു കരുതുന്ന കുണ്ടറ കാഞ്ഞിരക്കോട് ലത്തീൻ പള്ളിയാവണം ഇത്). ഇങ്ങനെ പതിനാറാം നൂറ്റാണ്ടിലെ കുണ്ടറയിലെ ക്രൈസ്തവ സമൂഹത്തെ സംബന്ധിക്കുന്ന കുറേയധികം കാര്യങ്ങൾ ഈ പുസ്തകത്തിൽ നിന്നു മനസ്സിലാക്കാവുന്നതാണ്.
Facundi Raulin എന്ന ചരിത്രകാരന്റെ 1745’ൽ പുറത്തിറക്കിയ ‘Historia Ecclesiae Malabarica cum Diamper’ എന്ന പുസ്തകത്തിൽ ഉൾപെടുത്തിയിരിക്കുന്ന കേരളത്തിലെ പള്ളികളുടെ ലിസ്റ്റിൽ ‘Gundare’ എന്ന പേരിലാണ് കുണ്ടറ പള്ളിയെ രേഖപ്പെടുത്തിയിരിക്കുന്നത്. 1747’ൽ തിരുവിതാംകൂർ സൈന്യം കായംകുളം രാജ്യം കീഴടക്കുന്നതിനിടയിൽ 11 പള്ളികൾ അഗ്നിക്കിരയായെന്നും, അക്കൂട്ടത്തിൽ കുണ്ടറ (Kundara) പള്ളി ഉൾപ്പെട്ടുവെന്നും, 1750’കളിൽ കേരള സന്ദർശനം നടത്തിയ Anquetil Du Perron എന്ന സഞ്ചാരി തന്റെ 1771’ൽ പ്രസിദ്ധീകരിച്ച ‘Zend Avesta’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു.
1794ൽ പുറത്തിറക്കിയ ‘India Orientalis Christiana’ എന്ന പുസ്തകത്തിന്റെ രചയിതാവായ Paulino Bartholomaeo എന്ന കത്തോലിക്കാ പാതിരി, കുണ്ടറ പള്ളിയെ ‘Condur’ എന്ന പേരിൽ രേഖപ്പെടുത്തുന്നു. അക്കാലത്ത് ഈ പള്ളി പരിശുദ്ധ ദൈവമാതാവിന്റെ പേരിലായിരുന്നുവെന്ന് ഇദ്ദേഹം എഴുതുന്നതിനാൽ പിന്നീടെപ്പോഴോ ആയിരിക്കണം പള്ളി മാർത്തോമാ ശ്ലീഹായുടെ പേരിലായത്. ഇപ്പോൾ ഈ പള്ളിയുടെ പ്രധാന പെരുന്നാൾ, കേരളത്തിലെത്തുകയും 1792'ൽ കല്ലട പള്ളിയിൽ കബറടങ്ങുകയും ചെയ്തു എന്നു വിശ്വസിക്കുകയും ചെയ്യുന്ന ശീമക്കാരനായ അന്ത്രയോസ് ബാവയുടേതാണെന്നുള്ളത് ഇവിടെ ചേർത്തു വായിക്കേണ്ടതാണ്. ഈ ബാവാ പള്ളിയുടെ പടിപ്പുരയിൽ താമസിച്ചിട്ടുണ്ട് എന്ന പാരമ്പര്യം, പടിപ്പുര നിലനിർത്തുവാനുള്ള ചാലകശക്തിയായി വർത്തിച്ചിട്ടുണ്ട്.
സുറിയാനിക്കാരുടെ പള്ളികളുടെ അവസ്ഥ വിവരിച്ച് കോട്ടയത്തെ ആംഗ്ലിക്കൻ മിഷണറിമാർ 1822 മാർച്ച് 13നു തിരുവിതാംകൂറിലെ റസിഡന്റ് ആയിരുന്ന Colonel D. Newall'നു ഒരു കത്ത് എഴുതുകയുണ്ടായി. അതിൽ മറ്റു പല പള്ളികളോടൊപ്പം കുണ്ടറ പള്ളിയും നാശോന്മുകമായ അവസ്ഥയിലാണെന്നു മിഷണറിമാർ രേഖപ്പെടുത്തിയിട്ടുണ്ട് (P-246, Lingerings of Light in a Dark Land, Thomas Whitehouse, London,1873). അതിനാൽ പഴയ കുണ്ടറ പള്ളി 1822നു ശേഷം പുതുക്കി പണിതിട്ടുണ്ടെന്ന് അനുമാനിക്കാം. പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ അനേകം പള്ളികൾ സന്ദർശിക്കുകയും പഠനവിഷയമാക്കുകയും ചെയ്ത Thomas Whitehouse എന്ന ആഗ്ലിക്കൻ പാതിരി 1873ൽ പ്രസിദ്ധീകരിച്ച 'Lingerings of Light in a Dark Land' എന്ന പുസ്തകത്തിലുൾപ്പെടുത്തിയ പട്ടികയിലും ‘Kùndara’ എന്ന പേരിൽതന്നെ കുണ്ടറ പള്ളി ഇടം പിടിക്കുന്നു.
അങ്ങനെ ചരിത്രപരമായി വളരെ പ്രാധാന്യം ഉണ്ടായിരുന്ന പഴയ കുണ്ടറ പള്ളി ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ പൊളിച്ചുനീക്കപ്പെടുകയും 1970'മാണ്ട് ഡിസംബർ 21നു തൽസ്ഥാനത്തു ഗോഥിക്ക് ശൈലിയിൽ നിർമ്മിച്ച പുതിയ ദേവാലയം കൂദാശ ചെയ്യുകയും ചെയ്തു. ഈ പുതിയ ദേവാലയം 2009-14 കാലഘട്ടത്തിൽ വീണ്ടും പുതുക്കി പണിതപ്പോൾ മുമ്പുണ്ടായിരുന്ന പോർട്ടിക്കോ പൊളിച്ചുമാറ്റി കേരളീയ ശൈലിയിൽ മുഖമണ്ഡപവും ചരിവുകളും കൂട്ടിയെടുത്തത് നഷ്ടപ്പെട്ടുപോയ പഴമ വീണ്ടെടുക്കാൻ കുറേയൊക്കെ സഹായകരമായിട്ടുണ്ട്.
കടപ്പാട്.