Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?

വിശുദ്ധ കുർബ്ബാനയ്ക്ക്, നമ്മുടെ സഭ പുളിപ്പുള്ള അപ്പമാണ് ഉപയോഗിക്കുന്നത്. എന്നാൽ കത്തോലിക്ക സഭ പുളിപ്പില്ലാത്ത അപ്പമാണ് ഉപയോഗിക്കുന്നത്. തിരുവത്താഴ സമയത്താണ് കർത്താവ് വി.കുർബ്ബാന സ്ഥാപിച്ചത്. (മത്തായി 26:26-29 മർക്കോസ് 14:22-25, ലൂക്കോസ് 22:19 -20) കർത്താവ് ശിഷ്യന്മാർക്ക് എടുത്ത് വാഴ്ത്തി നൽകിയ അപ്പം പുളിപ്പുള്ളതാണെങ്കിൽ കുർബ്ബാനക്ക് പുളിപ്പ് ഉപയോഗക്കുന്നതു ശരി, പുളിപ്പില്ലാത്തതാണെങ്കിൽ പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കുന്നതു ശരി. ഏതായാലും രണ്ടും ഒരേ സമയം ശരിയാവുകയില്ല.

ഈ സന്ദർഭത്തിൽ കത്തോലിക്ക സഭയുടെ വാദങ്ങൾ എന്തൊക്കെയാണെന്ന് ആദ്യമെ പരിശോധിക്കാം.

1. മത്തായി 26:17-20 & ലൂക്കോ. 22:7-8-ൽ “നീ പെസഹാ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടത്". “നിന്റെ അടുക്കൽ പെസഹാ കഴിക്കും” എന്നെല്ലാം പറയുന്നതിനാൽ ഇത്. യഹൂദ ആചാരപ്രകാരമുള്ള പെസഹാ ഭക്ഷണമാണെന്ന് വ്യക്തം.

2. പുറപ്പാട് 12: 14-20, 43-48, 13:5-7, ആവ:16:3-4 എന്നിവ പരിശോധിച്ചാൽ പെസഹായുടെ ഒന്നാം ദിവസം തന്നെ വീടുകളിൽ നിന്ന് പുളിപ്പ് മാറ്റണം, 7 ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നണം, ആരെങ്കിലും പുളിച്ചതു തിന്നാൽ ഇസ്രയേൽ സഭയിൽനിന്ന് ഛേദിച്ച് കളയണം, നിന്റെ അതിർത്തിക്കകത്തെങ്ങും പുളിച്ച മാവ് കാണരുത്. നിൻ്റെ ദേശത്തെങ്ങും പുളിച്ച അപ്പം കാണരുത്, എന്നെല്ലാമാണ് ന്യായപ്രമാണ കല്പന. അതിനാൽ പെസഹാ ദിവസം കർത്താവ് പുളിപ്പില്ലാത്ത അപ്പമാണ് എടുത്ത് വാഴ്ത്തി ശിഷ്യന്മാർക്ക് നൽകിയത് എന്ന് വ്യക്തം.

3. “നാം പഴയ പുളിമാവ് കൊണ്ടല്ല; തിന്മയും ദുഷ്ടതയുമായ പുളിമാവ് കൊണ്ടല്ല, സ്വച്ഛതയും, സത്യവുമായ പുളിപ്പില്ലായ്‌മകൊണ്ട് തന്നെ ഉത്സവം ആചരിക്കുക" എന്ന് പൗലോസ് ശ്ലീഹ പറഞ്ഞിരിക്കുന്നു. (1.കൊരി 5:7-8 സത്യവേദപുസ്തകം / Poc ബൈബിൾ) ഈ കാര്യങ്ങളിൽ നിന്നും പുളിപ്പില്ലാത്ത അപ്പംകൊണ്ടാണ് വി. കുർബ്ബാന അർപ്പിക്കേണ്ടത് എന്ന് കത്തോലിക്ക സഭ പഠിപ്പിക്കുന്നു.

നമ്മുടെ സഭയിൽ തന്നെ അധികംപേരും മനസ്സിലാക്കിയിരിക്കുന്നത് കർത്താവ് പെസഹാ ഭക്ഷിച്ചതിന് ശേഷം പുളിപ്പുള്ള ഒരു അപ്പം എടുത്ത് വി.കുർബ്ബാന സ്ഥാപിച്ചു എന്നാണ്. ഈ വാദം ഒരിക്കലും നിലനിൽക്കുകയില്ല. കാരണം, കർത്താവ് വന്നിരിക്കുന്നത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല, നിവർത്തിപ്പാനാണ്. പെസഹായുടെ അന്ന് പുളിപ്പുള്ള അപ്പം തിന്നു എന്ന് പറഞ്ഞാൽ ന്യായപ്രമാണ ലംഘനമാകും.

ഇത്രയും വായിക്കുമ്പോൾ കത്തോലിക്ക സഭ ചെയ്യുന്നതല്ലേ ശരി എന്ന് തോന്നാമെങ്കിലും നമ്മുടെ പിതാക്കന്മാർ ക്രമീകരിച്ചിരിക്കുന്നതിൽ തെറ്റ് പറ്റുകയില്ല എന്ന വിശ്വാസത്തിൽ നമുക്ക് മുറുകെ പിടിക്കാം. 1054-ൽ ലേയോ ഒമ്പതാമൻ മാർപാപ്പയുടെ കാലംമുതലാണ് റോമാസഭയിൽ പുളിപ്പില്ലാത്ത അപ്പം വി.കുർബ്ബാനക്ക് ഉപയാഗിക്കണമെന്ന നിർവ്വചനം ഉണ്ടായത്. അതിന് ‌മുമ്പ് കത്തോലിക്ക സഭയിലെ പലവിഭാഗങ്ങളും വി.കുർബ്ബാനക്ക് പുളിപ്പുള്ള അപ്പമാണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ യാഥാർത്ഥ്യം എന്തെന്ന് മനസ്സിലാക്കണമെങ്കിൽ അല്പം വിശദമായി തന്നെ പെസഹായെക്കുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു.

പെസഹായുടെ ഉത്ഭവം.

പുറപ്പാട് 12-ാം അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. മിസ്രേമിൽ നിന്ന് യഹോവ ഇസ്രയേൽക്കാരെ വിടുവിച്ചതിൻ്റെ ഓർമ്മക്കായി ഇത് ആചരിക്കുന്നു. അബീബ് മാസം 10-ാം തീയതി ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്തു. 14-ാം തീയതി സന്ധ്യക്ക് അതിനെ അറുത്ത് രക്തം വാതിലിൽ പുരട്ടി. രക്തം പുരട്ടിയ വീടുകളെ സംഹാരദൂതൻ ഒഴിഞ്ഞുപോയി, രക്തം പുരട്ടാത്ത വീടുകളിൽ കടിഞ്ഞൂൽ ഒക്കെയും കൊല്ലപ്പെട്ടു. അന്നു രാത്രി തന്നെ ഫറവോൻ ഇസ്രയേൽക്കാരെ വിട്ടയച്ചു. അവർ റമസേസിൽ നിന്നും പുറപ്പെട്ട് സൂക്കോത്തിൽ പാളയം ഇറങ്ങി. അവർ പുളിപ്പില്ലാത്ത അപ്പം ചുട്ടു, ചീരക്കറിയും ചേർത്ത് കഴിച്ചു. പിറ്റേ പകൽ മുഴുവൻ അവർ അവിടെ വിശ്രമിച്ചു. ഇതിൻ്റെ ഓർമ്മക്കായി അവർ പെസഹാ ആചരിച്ചു വരുന്നു. (പുറ: 12-14)

യഹൂദന്റെ പെസഹായുടെ ചട്ടങ്ങൾ.

ഒരു വീട്ട്കർമ്മം എന്ന നിലയിൽ ആരംഭിച്ച പെസഹാ സമാഗമന കൂടാരം ഉണ്ടായതോടുകൂടി ഒരു ബലികർമ്മമായി ഉയർത്തപ്പെട്ടു. (ആവ:16:2-4, ലേവി:23:8) ഒന്നാം മാസം 10-ാം തീയതി പെസഹാ കുഞ്ഞാടിനെ തിരഞ്ഞടുക്കണം. 14-ന് സന്ധ്യവരെ അതിനെ സൂക്ഷിക്കണം. (പുറ:12:6) 14-ന് സന്ധ്യക്ക് അതിനെ ബലി അർപ്പിക്കണം (ആവ: 16:6, ലേവ്യ 23:5). ബലിമൃഗത്തിന്റെ അസ്ഥികൾ ഒന്നും ഒടിക്കാതെ തോലൂരിച്ച് കഴുകി വൃത്തിയാക്കി തീയിൽ ചുട്ടെടുക്കണം. (പുറ:12:9,46), വറുക്കരുത് വെള്ളത്തിൽ വേവിക്കരുത് (പുറ:12:9) 15-ാം തീയതി യൂഹോവയ്ക്ക് പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാൾ (ലേവ്യ23:6) അന്നുരാത്രി കുടുംബാംഗങ്ങൾ എല്ലാം ചേർന്നിരുന്ന് ചുട്ടെടുത്ത മാംസവും, പുളിപ്പില്ലാത്ത അപ്പവും, കയ്പ്പൻ ചീരക്കറിയും കഴിക്കണം. തുടർന്നുള്ള 7 ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നണം. 14-ാം തീയതി വൈകുന്നേരം മുതൽ 21-ാം തീയതി വൈകുന്നേരം വരെ പുളിപ്പില്ലാത്ത അപ്പം തിന്നണം (പുറ:12:18). ആദ്യ ദിവസം വൈകുന്നേരം അറുത്ത മാംസത്തിൽ ഒട്ടും രാവിലേക്ക് ശേഷിപ്പിക്കരുത് (ആവ: 16:4). ശേഷിച്ചാൽ തീയിലിട്ട് ചുട്ട് കളയണം (പുറ:12:10). ആ മാംസം ഒട്ടും വീടിന് വെളിയിൽ കൊണ്ടു പോകരുത്. (പുറ:12:46). പരിച്ഛേദന ഏൽക്കാത്ത ആരും തിന്നരുത് (പുറ: 12:48). പെസഹാ ഭക്ഷണം കഴിഞ്ഞാൽ അടുത്ത പകൽ പുലർച്ചെ മുതൽ സന്ധ്യവരെ സ്വസ്ഥത (ശാബത്) ആചരിക്കണം. അന്ന് സമാന്യവേല ഒന്നും ചെയ്യരുത്. (പുറ: 12:16, ലേവ്യ: 23:6-7, സംഖ്യ.28:18) ഒന്നാം മാസം പെസഹ ആചരിക്കാൻ സാധിച്ചില്ല എങ്കിൽ 2-ാം മാസം ഇതേ രീതിയിൽ ആചരിക്കണം (സംഖ്യ 9:10-13). ഇതെല്ലാമാണ് പെസഹായുടെ ചട്ടങ്ങൾ.

ഇവിടെ 14-ാം തീയതി സന്ധ്യക്ക് അറുക്കുന്ന പെസഹാ കുഞ്ഞാടിൻ്റെ മാംസം രാവിലത്തേക്ക് ശേഷിപ്പിക്കരുത് എന്ന് കല്പനയുണ്ട്. അതേസമയം 15-ാം തീയതി രാത്രി അത് ഭക്ഷിക്കണമെന്നും പറഞ്ഞിട്ടുണ്ട്. സാമാന്യരീതിയിൽ ചിന്തിക്കുമ്പോൾ ഇതെങ്ങനെ സാധിക്കും. ഇതിന് ഉത്തരം കിട്ടണമെങ്കിൽ യഹൂദൻ ദിവസം കണക്കാക്കുന്ന വിധം മനസ്സിലാക്കണം. നമ്മുടെ ദിവസം അർദ്ധരാത്രി മുതലാണ് ആരംഭിക്കുന്നത്. എന്നാൽ യഹൂദൻ്റെ ദിവസമോ? "നിങ്ങൾ നിങ്ങളുടെ ശാബതുകളെ സന്ധ്യമുതൽ പിറ്റേ ദിവസം സന്ധ്യവരെ ആചരിപ്പിൻ." (ലേവ്യ:23:32) എന്ന് പറഞ്ഞിരിക്കുന്നതിനാൽ സന്ധ്യമുതൽ സന്ധ്യവരെ ഒരു ദിവസം എന്ന് പറയാം. എന്നാൽ കൃത്യമായ ദിവസാരംഭം സൂര്യാസ്‌തമയം കഴിഞ്ഞ് ഇരുട്ട് തുടങ്ങി ആകാശത്ത് ഏതെങ്കിലും മൂന്ന് നക്ഷത്രം കാണപ്പെടുന്ന സമയമാണെന്ന് സുപ്രസിദ്ധ യഹൂദ ചരിത്രകാരനായ ജോസിഫസ് പറയുന്നു. ആകാശത്ത് വെളിച്ചം മങ്ങുമ്പോഴാണ് നക്ഷത്രങ്ങളെ കണ്ടു തുടങ്ങുന്നത്. ഈ സമയം ഭൂമിയിൽ ഇരുട്ട് വ്യാപിച്ചിരിക്കും. അതായത് രാത്രിയുടെ ആരംഭംമുതലാണ് ദിവസം തുടങ്ങുന്നത്. ഉദാഹരണത്തിന് 13-ന് രാത്രി കഴിഞ്ഞ് 13-ാം തീയതി പകൽ തുടർന്ന് 13-ാം തീയതി സന്ധ്യ, തുടർന്ന് 14-ാം തീയതി രാത്രി, തുടർന്ന് 14-ന് പകൽ തുടർന്ന് 14-ന് സന്ധ്യ തുടർന്ന് 15-ന് രാത്രി, 15-ന് പകൽ, 15- ന് സന്ധ്യ എന്ന ക്രമത്തിൽ വേണം ദിവസം കണക്കാക്കാൻ.

ഇതനുസരിച്ച് 14-ന് സന്ധ്യക്ക് കുഞ്ഞാടിനെ അറുത്താൽ തൊട്ടുവരുന്ന രാത്രി (15-ന് രാത്രി)യാണ് പെസഹാ ഭക്ഷിക്കേണ്ടത്. ഈ മാംസം 15-ാം തീയതി രാവിലേക്ക് ശേഷിപ്പിക്കരുത് എന്നതാണ് നിയമം.

മാത്രമല്ല 15-ാം തീയതി രാത്രി പെസഹാ ഭക്ഷിച്ചാൽ തുടർന്ന് വരുന്ന 15-ാം തീയതി പകൽ ശബത്തിന് തുല്യമായി ആചരിക്കേണ്ടതാണ്. ഇങ്ങനെ നോക്കുമ്പോൾ വ്യാഴാഴ്‌ച രാത്രി നടത്തിയ തിരു അത്താഴം യഹൂദന്റെ യഥാർത്ഥ പെസഹാ ആണെങ്കിൽ വെള്ളിയാഴ്ച പകൽ ശബത്തിന് തുല്യമായി ആചരിക്കേണ്ട വലിയ പെരുന്നാൾ ദിവസമാകേണ്ടതാണ്. എന്നാൽ വെള്ളിയാഴ്‌ച യേശുവിനെ ബന്ധിക്കുകയും, ശിക്ഷിക്കുകയും, ക്രൂശിൽ തറയ്ക്കുകയും സംസ്ക്കരിക്കുകയും ചെയ്തതിനാൽ അന്ന് ശാബത് അല്ല എന്നും, തന്മൂലം അന്ത്യ അത്താഴം യഹൂദൻ്റെ പെസഹാ ഭക്ഷണം അല്ല എന്നും മനസ്സിലാക്കാം.

അപ്പോൾ യഹൂദൻ്റെ പെസഹാ ഭക്ഷണം എന്നാണെന്ന ചോദ്യം ഉയരുന്നു. ഇതിന് ഉത്തരം കണ്ടെത്താൻ പെസഹായ്ക്കുള്ള ഭവനം ഒരുക്കുന്നതിനായി നിയോഗിക്കപ്പെട്ട (ലൂക്കോ:22:8) യോഹന്നാൻ ശ്ലീഹ എഴുതിയ സുവിശേഷത്തിലെ 3 വാക്യങ്ങൾ നോക്കാം.

1. യോഹ:18:28- വെള്ളിയാഴ്‌ച രാവിലെ യഹൂദ പടയാളികൾ യേശുവിനെ കയ്യാഫാവിൻ്റെ അടുക്കൽ നിന്ന് പീലാത്തോസിന്റെ ആസ്ഥാനത്തിലേക്ക് കൊണ്ടുപോയി. "തങ്ങൾ അശുദ്ധരാകാതെ പെസഹാ കഴിപ്പാൻ തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല" എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. അവർ പെസഹാ ഭക്ഷിച്ചിട്ടില്ലെന്നും വെള്ളിയാഴ്‌ച അസ്‌തമിച്ച് വരുന്ന രാത്രിയിൽ കഴിക്കുവാനുള്ള പെസഹായ്ക്കുള്ള ഒരുക്കം നഷ്ടപ്പെടാതിരിക്കാൻ അവർ ആസ്ഥാനത്തിൽ കടന്നില്ല എന്നും മനസ്സിലാക്കാം.

2. യോഹ: 19:31 - "അന്ന് ഒരുക്കനാളും ആ ശാബത് നാൾ വലിയതും ആകകൊണ്ട് ശരീരങ്ങൾ ശബത്തിൽ ക്രൂശിന്മേൽ ഇരിക്കരുത് എന്നു വച്ച് അവരുടെ കാൽ ഒടിപ്പിച്ച് എടുക്കേണം."

അന്ന് ഒരുക്കനാൾ ആണ്, മാത്രമല്ല പിറ്റേ ദിവസത്തെ ശാബത് വലിയതും ആണ് എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. പെസഹാ ഭക്ഷിക്കുന്നതുമൂലമുള്ള ശാബതും, സാധാരണയായുള്ള ശനിയാഴ്ച ശാബതും കൂടി ഒരുമിച്ച് വന്നതിനാലാണ് ആ ശാബത്തിനെ വലിയ ശാബത്ത് എന്ന് പറയുവാൻ കാരണം. ഇതിൽ നിന്നും വെള്ളിയാഴ്ച അസ്തമിച്ചു വരുന്ന രാത്രിയാണ് പെസഹാ ഭക്ഷണം എന്ന് വ്യക്തം.

3. യോഹ:19:14 - "അപ്പോൾ പെസഹായുടെ ഒരുക്കനാൾ ഏകദേശം ആറാംമണി ആയിരുന്നു."

യേശുവിനെ ക്രൂശിക്കാൻ വിധിക്കാൻ വെള്ളിയാഴ്‌ച 12 മണിക്ക് (6-ാം മണി) പീലാത്തോസ് ന്യായാസനത്തിൽ ഇരുന്നു എന്നും അന്നേ ദിവസം പെസഹായുടെ ഒരുക്കനാൾ ആണെന്നും യോഹന്നാൻ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒരുക്കനാൾ എന്നാൽ പുളിപ്പ് മാറ്റുകയും, പുളിപ്പില്ലാത്ത അപ്പം കയ്‌പ്പൻ ചീരക്കറി എന്നിവ ഉണ്ടാക്കുകയും ചെയ്യുന്ന ദിവസം എന്നർത്ഥം.

ഈ മൂന്ന് വാക്യങ്ങളിൽ നിന്നും കർത്താവ് ക്രൂശിക്കപ്പെട്ട വെള്ളിയാഴ്ച അസ്തമിച്ച് വരുന്ന രാത്രിയാണ് യഹൂദൻ്റെ പെസഹാ ഭക്ഷണം എന്നത് വളരെ വ്യക്തമാണ്. അങ്ങനെ എങ്കിൽ വ്യാഴാഴ്‌ച രാത്രി കർത്താവ് നടത്തിയ അത്താഴത്തിന് പെസഹായുമായുള്ള ബന്ധം എന്താണ്?

യഹൂദന്മാർ കനാൻ നാട്ടിൽ എത്തുകയും യരുശലേം ദേവാലയം പണിയുകയും ചെയ്ത‌തോടുകൂടി പെസഹാ ആചരണത്തിലും ചില വ്യതിയാനങ്ങൾ ഏർപ്പെടുത്തിയതായി ജോസിഫസ് പ്രസ്‌താവിക്കുന്നുണ്ട്.

ഒന്നാമതായി, വീട്ടുകർമ്മം എന്ന നിലയിൽ ആരംഭിച്ച പെസഹ സമാഗമന കൂടാരം ഉണ്ടായതോടുകൂടി ബലികർമ്മമായി ഉയർത്തപ്പെട്ടു. (ആവ. 16:2-4, ലേവി 23:8) പിന്നീട് യരൂശലേം ദൈവാലയം ഉണ്ടായതോടുകൂടി, 14-ാം തീയതി സന്ധ്യക്ക് നടത്തിയിരുന്ന പെസഹായാഗം, എല്ലാവർക്കും സന്ധ്യക്ക് തന്നെ ഇത് നടത്തുവാൻ കഴിയാതെ വന്നപ്പോൾ, 14-ാംതീയതി 9-ാം മണി (3 മണി) മുതൽ സന്ധ്യവരെയുള്ള സമയത്ത് നടത്തുവാൻ ക്രമീകരണം ചെയ്തു.

രണ്ടാമതായി, വാതിലിൽ രക്തം അടയാളപ്പെടുത്തുന്നത് നിർത്തലാക്കുകയും, എല്ലാവരും കൂട്ടമായി നിന്ന് തിടുക്കപ്പെട്ട് പെസഹാ ഭക്ഷിക്കണമെന്ന ആദ്യനിയമം (പുറ: 12:11) നിൽത്തലാക്കി. എല്ലാവരും സൗകര്യമായി ഒരുമിച്ചിരുന്ന് ഭക്ഷിക്കുവാൻ തുടങ്ങി.

മൂന്നാമതായി, ആദ്യ ദിവസത്തിൽ തന്നെ പുളിച്ച മാവിനെ നിങ്ങളുടെ ഭവനത്തിൽ നിന്ന് തന്നെ ഇല്ലാതെയാക്കണം. (പുറ. 12:15) എന്ന ചട്ടം പെസഹായുടെ ഒരു പ്രത്യേക പരിപാടിയാക്കി തീർത്തു. നീസാൻ മാസം 13-ാം തീയതി സന്ധ്യകഴിഞ്ഞ് വരുന്ന, പുളിപ്പില്ലാത്ത അപ്പങ്ങളുടെ ഒന്നാം നാൾ ആരംഭിക്കുന്ന രാത്രിയിൽ "പുളിപ്പു മാറ്റൽ" എന്നൊരു ചടങ്ങ് നടത്തിത്തുടങ്ങി.

പുളിപ്പ് മാറ്റൽ ചടങ്ങ്.

13-ന് സന്ധ്യകഴിഞ്ഞ് 14-ന് രാത്രി തുടങ്ങുമ്പോൾ വീട്ടിലുള്ള എല്ലാവരും ചേർന്ന് പുളിപ്പ് മാറ്റൽ ചടങ്ങ് നടത്തുന്നു. ഊൺ മേശയുടെ പുറത്ത് പുളിപ്പുള്ള ഒരു അപ്പം എടുത്ത് വയ്ക്കുന്നു. തുടർന്ന് എല്ലാവരും യഹൂദന്റെ സാധാരണ ഭക്ഷണമായ പുളിപ്പുള്ള അപ്പവും, വെള്ളം കലർത്തിയ വീഞ്ഞും സാധാരണ ഭക്ഷണ ക്രമമനുസരിച്ച് കഴിക്കുന്നു. തുടർന്ന് ഗൃഹനാഥന്റെ നേതൃത്വത്തിൽ വീട്ടിലുള്ള എല്ലാവരും കത്തിച്ച മെഴുകുതിരികളും ദീപങ്ങളും പിടിച്ച് വീട് മുഴുവൻ പരിശോധിച്ച് (തറയിലുള്ള വിടവ് വരെ പരിശോധിക്കും) പുളിച്ച അപ്പ നുറുക്കുകൾ, പുളിമാവ്, പുളിച്ച അപ്പം ചുടുന്ന പാത്രം, തവി എന്നിവ എല്ലാം വീട്ടിൽ നിന്ന് എടുത്ത് മാറ്റുന്നു. തുടർന്ന് മുറികൾ എല്ലാം അടിച്ചുവാരി വൃത്തിയാക്കുകയും എല്ലാവരും മേശയ്ക്കു ചുറ്റും ഇരുന്ന് ഹല്ലൽ എന്ന സ്തോത്ര ഗീതവും പാടി, മേശപ്പുറത്ത് വച്ചിരിക്കുന്ന പുളിപ്പുള്ള അപ്പം കൂടി ആഘോഷമായി എടുത്ത് മാറ്റുന്നു. പുളിച്ച അപ്പവും അതിന്റെ അംശവും പിറ്റേ ദിവസം രാവിലെ തീയിൽ ദഹിപ്പിക്കുകയും പാത്രങ്ങളും തവികളും ഒരു പ്രത്യേക മുറിയിൽ അടച്ച് സൂക്ഷിക്കുകയും ചെയ്യുന്നു.

ഇപ്രകാരം പുളിപ്പ് നീക്കം ചെയ്‌ത്‌ ശുദ്ധീകരിച്ച ഭവനത്തിൽ മാത്രമെ പെസഹാ നടത്താറുള്ളൂ. ക്രിസ്‌തുവിൻ്റെ കാലത്തെ യഹൂദനെ സംബന്ധിച്ചിടത്തോളം ഇത് പാരമ്പര്യമായി നടത്തി വരുന്നതും, പെസഹാ പെരുന്നാളിൻ്റെ ഭാഗവുമായിട്ടുള്ള ഒരു ചടങ്ങുമാണ്. ആർക്കും ഇതു സംബന്ധിച്ച് അഭിപ്രായ വ്യത്യാസമോ തർക്കമോ ഇല്ല. അതുകൊണ്ട് തന്നെയായിരിക്കണം സുവിശേഷ ത്തിൽ ഇത് പ്രത്യേകമായി എടുത്ത് പറയാത്തത്. ഈ ചടങ്ങിനേക്കുറിച്ച് ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ ഇൻ്റർനെറ്റിൽ Removal of Chametz ന്ന് അന്വേഷിച്ചാൽ മതി. യഹൂദർ ഇപ്പോഴും ഇത് ആചരിക്കുന്നതായി കാണുവാൻ കഴിയും.

13-ാം തീയതി അസ്‌തമിച്ച് വരുന്ന രാത്രിയിലെ ഈ പുളിപ്പ് മാറ്റൽ പെസഹായുടെ തുടക്കമാണെന്നും, പുളിപ്പ് മാറ്റി ഒരുക്കിയ ഭവനത്തിലാണ് 14-ാം തീയതി അസ്‌തമിച്ച് വരുന്ന രാത്രി പെസഹാ ആചരിക്കുന്നതെന്നും നമ്മൾ കണ്ടുകഴിഞ്ഞു. 13-ാം തീയതി പകൽ ശിഷ്യന്മാർ യേശുവിനോട് നീ പെസഹാ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടത് എവിടെ എന്ന് ചോദിച്ചതിൽ ഒരു തെറ്റും ഇല്ല. ഇങ്ങനെ ചോദിച്ചതുകൊണ്ട് മാത്രം 13-ാം തീയതി അസ്‌തമിച്ചു വരുന്ന രാത്രി പെസഹാ ആണെന്ന് ഉറപ്പിക്കുന്നത് അറിവില്ലായ്‌മ എന്നേ പറയാനുള്ളൂ.

കർത്താവ് 13-ാം തീയതി (വ്യാഴാഴ്‌ച) അസ്‌തമിച്ച് വരുന്ന രാത്രി ഈ പുളിപ്പുമാറ്റൽ ചടങ്ങിൽ വച്ചാണ് വിശുദ്ധ കുർബ്ബാന സ്ഥാപിച്ചത്. പുളിപ്പ് മാറ്റൽ ചടങ്ങിൽ പുളിപ്പില്ലാത്ത അപ്പം ഉണ്ടാകുവാൻ പാടില്ല. കാരണം പുളിപ്പില്ലാത്ത അപ്പം 14-ാം തീയതി വൈകുന്നേരം മുതൽ 7 ദിവസത്തേക്കാണ് കഴിക്കാൻ കല്പനയുള്ളത്. 13-ാം തീയതി അസ്തമിച്ച് വരുന്ന രാത്രി പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കിയാൽ അത് ന്യായപ്രമാണ കല്പനയെ ദുർബ്ബലപ്പെടുത്തുന്നതായി മാറും. അതിനാൽ ഏതു വിധത്തിൽ ചിന്തിച്ചാലും കർത്താവ് കുർബ്ബാന സ്ഥാപിച്ചത് പുളിപ്പുള്ള അപ്പം കൊണ്ടാണെന്ന് വ്യക്തമാകുന്നു.

നമ്മളെ സംബന്ധിച്ചിടത്തോളം പെസഹാ കുഞ്ഞാട് ക്രിസ്ത‌ വാകുന്നു. (1.കൊരി:15:7) പെസഹാ വ്യാഴാഴ്‌ച കൗമയായി പിതാക്കന്മാർ ക്രമീകരിച്ചിരിക്കുന്നത് "തൻ്റെ പെസഹായാൽ പെസഹായ്ക്ക് ആടറുക്കുന്നതിനെ അസ്ഥിരപ്പെടുത്തിയവനായ മ്ശിഹാ" എന്നാണ്. എന്താണ് ഇതിന്റെ അർത്ഥം? വെള്ളിയാഴ്‌ച അതായത്‌ 14-ാം തീയതി വൈകുന്നേരം 3 മണി മുതൽ സന്ധ്യവരെയുള്ള സമയത്താണ് പെസഹാ കുഞ്ഞാടിനെ ബലിയർപ്പിക്കേണ്ടത്. എന്നാൽ അതിനുമുമ്പ് തന്നെ പഴയനിയമ ബലികളുടെ പൂർത്തീകരണമായ ക്രിസ്‌തുവാകുന്ന യഥാർത്ഥ പെസഹാ കുഞ്ഞാട് ബലിയായി തീരുകയും, പഴയ നിയമപ്രകാരമുള്ള പെസഹാ ബലി ആവശ്യമില്ലാതാക്കി തീർക്കുകയും ആടുകളെ രക്ഷിക്കുകയും ചെയ്തു‌. നമ്മുടെ പിതാക്കന്മാർ എത്ര മനോഹരമായാണ് ഇതെല്ലാം ക്രമീകരിച്ചിരിക്കുന്നത് എന്നറിയുമ്പോൾ ദൈവത്തെ മഹത്വപ്പെടുത്തുവാൻ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.

ഇനി 1.കൊരി.5:8-ൽ പുളിപ്പില്ലായ്‌മ കൊണ്ട് ഉത്സവം ആചരിക്കുക എന്ന് പറഞ്ഞിരിക്കുന്നതിനേപ്പറ്റി - ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ വിവർത്തനം ചെയ്യപ്പെട്ട പ്‌ശീത്തോ വേദപുസ്‌തകത്തിൽ "ആയതുകൊണ്ട് നാം പഴയ പുളിമാവ് കൊണ്ടല്ല, തിന്മയും, ദുഷ്ടതയുമാകുന്ന പുളിമാവ് കൊണ്ടുമല്ല, വെടിപ്പും ശുദ്ധിയുമാകുന്ന പുളിമാവ് കൊണ്ടുതന്നെ പെരുന്നാൾ ആചരിപ്പിൻ" (വിശുദ്ധ ഗ്രന്ഥം) എന്നാണ്. 10-ാം നൂറ്റാണ്ട് മുതൽ റോമാസഭയിൽ ലത്തീൻ ചിന്തകരുടെ സമ്മർദ്ദത്താൽ പുളിപ്പില്ലാത്ത അപ്പം ഉപയോഗിച്ചു തുടങ്ങിയതു മുതൽ അതിനനുസരണമായ ഒരു പാഠഭേദം തിരുവെഴുത്തിലെ മേൽ വാക്യത്തിലും കടത്തി വിട്ടിട്ടുള്ളതാണെന്ന് കാണുവാൻ സാധിക്കും.

പുളിപ്പില്ലാത്ത അപ്പം റോമ സഭയിൽ 10-ാം നൂറ്റാണ്ട് മുതൽ കടന്നുകൂടിയ ഒരു നുഴഞ്ഞുകയറ്റമാണെന്ന് റോമ പണ്ഡിതന്മാർ തന്നെ രഹസ്യമായി സമ്മതിക്കും. ഈ എക്യൂമെനിക്കൽ യുഗത്തിലെങ്കിലും അവർ പുതിയ പുളിപ്പില്ലായ്‌മയെ ഉപേക്ഷിച്ച് നിർമ്മലവും പരിശുദ്ധവുമായ പഴയ പുളിപ്പുള്ള അപ്പത്തിലേക്ക് തിരിച്ചുവരട്ടേ എന്ന് പ്രാർത്ഥിക്കാം.

[റഫറൻസ്:- 1. പെസഹാ ഒരു വേദശാസ്ത്രപഠനം (1967), നെടുന്തള്ളിൽ വറുഗീസ് അച്ചൻ. 2. വേദപുസ്‌തക നിഘണ്ടു (1950) Rev.A.C.Clayton. 3. വിശുദ്ധഗ്രന്ഥം].

Recommended

  • മൊഴിമാറ്റത്തിന്റെ കുഴി.
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • ക്രിസ്തീയ സുകൃതങ്ങൾ.
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • ബോവൂസോ (Petition or Request)
  • ബന്ധങ്ങൾ
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • റമ്പാൻ.
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • വിശുദ്ധ ബൈബിൾ.
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • ഉത്സവങ്ങൾ. (Feasts).
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • നീട്ടലും കുറുക്കലും.
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • കടമറ്റത്ത് കത്തനാർ.
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • കഷ്ടാനുഭവാഴ്ച.
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • കാലഗണനയുടെ ABCDE.
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • ക്രിസ്തു എന്ന നേട്ടം.
  • കുരിശ്
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • കല്ലേറ്
  • വിശുദ്ധ കുർബാനാനുഭവം
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • മരണത്തെ ആസ്വദിക്കാനാവുക
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • പഴയനിയമ പൗരോഹിത്യം.
  • ഊറാറ ചുറ്റിയ കുരിശ്.
  • യേശു പണിയുന്നു.
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved