സുറിയാനി ഓർത്തഡോക്സ് സഭയുടെ മദ്ബഹായിലിരിക്കുന്ന തടിക്കുരിശിന്മേൽ ഊറാറ ചുറ്റുന്നത് സംബന്ധിച്ച് പലർക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും അത് സംബന്ധിച്ച് തർക്കങ്ങളുമുണ്ടായിട്ടുണ്ട്. അതിനെപ്പറ്റി അല്പമൊന്ന് എഴുതുന്നത് നല്ലതെന്നു തോന്നി.
കുരിശിൽ ക്രിസ്തു സാന്നിധ്യം കാണിക്കാൻ എപ്പോഴും ഊറാറ കെട്ടിയിരിക്കണമെന്ന് പല മല്പാന്മാരും പഠിപ്പിക്കുന്നുണ്ട്. ഉയിർത്തെഴുന്നേറ്റ ക്രിസ്തു തേജസ്ക്കരിക്കപ്പെട്ട ശരീരത്തോടെയാണ് ഉയിർത്തെഴുന്നേറ്റത്. അതിനാലാണ് വാതിൽ അടച്ചിരിക്കെത്തന്നെ മുറിക്കുള്ളിലുണ്ടായിരുന്ന ശിഷ്യന്മാർക്കു കാണപ്പെട്ടത്. ഉയിർത്തെഴുന്നേറ്റ ക്രിസ്തു ആർക്കൊക്കെ കാണപ്പെട്ടു എന്നുള്ളത് തിരുവചനത്തിൽ നിന്നും അറിയാൻ കഴിയും. കർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പ് ദൃശ്യ രൂപത്തിലും അതിന്റെ സാരാംശം ഏവർക്കും മനസ്സിലാക്കുവാനും കഴിയുന്ന വിധത്തിലാണ് നമ്മുടെ ശുശ്രൂഷകൾ ആവിഷ്കരിച്ചിരിക്കുന്നത്. കേത്താനാ ശീല കബറിൽ ചുരുട്ടി വച്ചിരുന്നു എന്നതു ഉയിർപ്പിന്റെ തെളിവായി രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിനാൽ കർത്താവിന്റെ തേജസ്ക്കരിക്കപ്പെട്ട ശരീരത്തിന്റെ സാദൃശ്യത്തിന് ഒരാവരണം ആവശ്യമില്ല. ശരിയായ നടപടിക്രമ പ്രകാരം ചുവന്ന തുണികൊണ്ട് കുരിശ് മുഴുവനും മൂടാതെ, കുരിശിന്റെ തലഭാഗം കാണത്തക്കവിധം ഊറാറയും കെട്ടിയാണ് മ്നൊർത്തോയിൽ കുരിശ് വെക്കേണ്ടത്. ചുവപ്പ് തുണികൊണ്ട് ചിത്രപ്പണികളോടുകൂടിയ കവർ തയ്ച്ചിടുന്നത് ഏറ്റവും വലിയ അബദ്ധമാണ്. മാത്രമല്ല, സാത്താനാണ് കുരിശ് മൂടപ്പെട്ട് കാണാനാഗ്രഹിക്കുന്നത്. സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യം അനുസരിച്ച് മൂടപ്പെട്ട ക്രിസ്തുവല്ല, ഉത്ഥിതനായ ക്രിസ്തുവിനാണ് പ്രാധാന്യം. എന്നാൽ കുരിശ് അലങ്കാരമില്ലാതെ കാണപ്പെടാതിരിക്കാൻവേണ്ടി മാത്രമാണ് അതിന്മേൽ ഊറാറാ ചുറ്റുന്നത്. മഞ്ഞനിക്കരയിലെ കാലം ചെയ്ത മോർ യൂലിയോസ് തിരുമേനിയും ആ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളതെന്നു മനസ്സിലാക്കുന്നു. അതിനാൽ അദ്ദേഹം ഉയിർപ്പു ഞായറാഴ്ചയ്ക്ക് ശേഷമുള്ള ദിവസങ്ങളിൽ ചുവന്ന തുണി ഉപയോഗിക്കാറില്ലായിരുന്നു അഥവാ, ഉപയോഗിച്ചാൽ കുരിശിന്റെ പക്ഷങ്ങൾ മാത്രമേ മറച്ചിരുന്നുള്ളൂ. ഉയിർത്തെഴുന്നേറ്റ ക്രിസ്തു ലോകത്തിനു കാണപ്പെട്ടു എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എങ്കിലും ശുശ്രൂഷകൾ നിശ്ചയമുള്ള പല വൈദികരും ഉയർപ്പിന് ശേഷം ഊറാറാ മ്നൊർത്തോയുടെ പക്ഷങ്ങളിൽ മടക്കിയിട്ടിരിക്കുന്നതായും കണ്ടിട്ടുണ്ട്.
ഗോത്രപിതാക്കന്മാരുടെ പിതാവായ യാക്കോബ്, യോസേഫിൻ്റെ പുത്രന്മാരായ മനശ്ശെയേയും എഫ്രയിമിനേയും ഒരുമിച്ച് അനുഗ്രഹിച്ചപ്പോൾ തൻ്റെ കൈകൾ പിണച്ചുവച്ച്, കുരിശാകൃതിയിൽ പിടിച്ചു. വലതു കൈ വച്ചിരുന്ന, ഇളയവനായ എഫ്രയീമിന് ആയിരുന്നല്ലോ ഗോത്രപിതാക്കന്മാരുടെ ഇടയിലെ ആദ്യജാത സ്ഥാനം നൽകിയത്. (ഉല്പത്തി 48:14-20, യിരെമ്യാ 31:9, 1.ദിന 5:1-2) അനുഗ്രഹത്തിൻ്റെ വലിയ ഒരു ദൃഷ്ടാന്തമായി യാക്കോബിൻ്റ കൈ പിടുത്തത്തെ കാണാം. ഇത് കോറൂയോയുടെ സ്ഥാനചിഹ്നമല്ല; മറിച്ച് അവർക്ക് ഭാവിയിൽ ലഭിക്കാനിരിക്കുന്ന, കർത്താവിൻ്റെ പ്രതിപുരുഷനെന്ന, കർത്താവിൻ്റെ തിരുശരീര രക്തങ്ങളെ (കർത്താവിനെത്തന്നെ) കൈളിലേന്തുവാനും ആഘോഷിക്കുവാനും ഖണ്ഡിക്കുവാനും വിഭജിക്കുവാനും പങ്കിട്ട് അനേകർക്ക് നൽകുവാനുമുള്ള വലിയ അനുഗ്രഹത്തെ ഓർമ്മിപ്പിക്കാനായിട്ടാണ് ഇപ്രകാരം ഉൗറാറ കെട്ടിക്കുന്നത്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.