റയിൽവേ സ്റ്റഷനിൽ വച്ചാണ് ആ യാത്രക്കാരൻ പത്രം വിൽക്കുന്ന കുട്ടിയെ കണ്ടത്. പത്രം വാങ്ങാൻ താല്പര്യമുണ്ടായിരുന്നെങ്കിലും, കൈയിൽ ചില്ലറയില്ലാഞ്ഞതുകൊണ്ടു വേണ്ടായെന്നു വച്ചു. എങ്കിലും, അയാളുടെ ഉള്ളിലിരുപ്പു മനസ്സിലാക്കിയ കുട്ടി അയാൾക്കു പത്രം കൊടുത്തു.
വർഷങ്ങൾക്കു ശേഷം, യാത്രക്കാരൻ അതിസമ്പന്നനായി. പണ്ടു പത്രം സൗജന്യമായി നൽകിയ കുട്ടിയെ കാണാൻ അയാൾ താല്പര്യപ്പെട്ടു. അന്വേഷണത്തിനൊടുവിൽ, കുട്ടിയെ കണ്ടെത്തിയ അയാൾ, അവനോടു പറഞ്ഞു: "അന്നു സൗജന്യമായി പത്രം നൽകിയതിനു പകരം, നീ എന്തു വേണമെങ്കിലും ചോദിച്ചുകൊള്ളൂ?" അവൻ പറഞ്ഞു: "അതിനു പകരം തരാൻ താങ്കൾക്കാവില്ല. ദരിദ്രനായിരിക്കെ ഞാൻ തന്നതും, കോടീശ്വനായപ്പോൾ താങ്കൾ തരുന്നതും പകരത്തിനു പകരമാവില്ല".
സഹായം ചെയ്യുന്നത്, സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലായിരിക്കരുത്, മനഃസ്ഥിതിയുടെ അടിസ്ഥാനത്തിലായിരിക്കണം? ഒരു നിശ്ചിത സാമ്പത്തിക നിലവാരത്തിലെത്തിയ ശേഷം, മറ്റുള്ളവരെ സഹായിക്കാമെന്നു കരുതുന്ന അരും, ആർക്കും സഹായത്തിനുപകരിക്കില്ല. കാരണം, മറ്റുള്ളവർക്കു സഹായം ചെയ്യാൻ പറ്റിയ ധനശേഷിയിൽ തങ്ങൾ എത്തിയെന്ന്, ആരും ഒരിക്കലും കരുതുകയില്ല. സ്വന്തം അവസ്ഥയ്ക്കുമപ്പുറം, സഹായം അർഹിക്കുന്നവൻ്റെ അവസ്ഥ തിരിച്ചറിയാൻ കഴിയുന്നവർക്കു മാത്രമേ, യഥാർത്ഥ പരസഹായികളാകാൻ കഴിയൂ.
ഒരു സഹായവും യഥാർത്ഥത്തിൽ പകരം വീട്ടാവുന്നതല്ല. നിസ്സാഹായാവസ്ഥയിലാണ്, ഓരോ സഹായവും സ്വീകരിക്കപ്പെടുന്നത്. മറ്റു മാർഗ്ഗങ്ങളാന്നുമില്ലാതെ ഉഴന്നപ്പോൾ സഹായിച്ചവർക്ക്, എന്തു സഹായം കൊടുത്താലാണ്, ആ കടം വീട്ടാനാകുക?
എല്ലാം തികഞ്ഞവർ പലപ്പോഴും പരസഹായം ചെയ്യുക, പേരും പ്രശസ്ഥിയും സമ്പാദിക്കാനാകും. കീർത്തി നേടാനായി ചെയ്യുന്ന കാരുണ്യ പ്രവൃത്തികൾ, പലരുടെയും ആത്മാഭിമാനവും, അന്തസ്സും നഷ്മാക്കുകയേയുള്ളൂ. കാരണം, കാരുണ്യത്തിൻ്റെ കൈ വിളക്കിനൊപ്പം, പ്രശസ്തിക്കുവേണ്ടിയുള്ള ക്യാമറാക്കണ്ണുകളുമായാണവരെത്തുക.
ആരുമറിയാതെ സഹായ ഹസ്തം നീട്ടുന്നവരാണ്, യഥാർത്ഥ മഹാനുഭാവർ. അവർ കഴിവിനനുസരിച്ചും അതിനപ്പുറവും പങ്കിട്ടു നൽകി എന്നു വരും.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.