സുറിയാനി സഭയിൽ പല തലങ്ങളിലുമുളള പലരും അവരുടെ ദേഹത്തിൽ കൊന്ത ധരിക്കുന്നുണ്ട്. ചിലരെല്ലാം കൊന്ത വാഹനങ്ങളിലും വീടുകളിലും തൂക്കുന്നു. ചിലരുടെയൊക്കെ പശുത്തൊഴുത്തിലും കൊന്ത കാണാം. സുറിയാനി സഭയുടെ പളളികളോടനുബന്ധിച്ചുള്ള പല സ്റ്റാളുകളിലും കൊന്ത വിൽക്കുന്നു. യാക്കോബായ സഭയുടേതെന്ന് അവകാശപ്പെടുന്ന ചില ധ്യാനകേന്ദ്രങ്ങളിൽ ചെല്ലുന്നവരെക്കൊണ്ട് കൊന്ത വാങ്ങിപ്പിക്കുന്നു. അത് ധരിക്കണമെന്ന് ഉപദേശിക്കുന്നു. ചുരുക്കത്തിൽ കൊന്തയുടെ ഒരു അതിക്രമിച്ചുളള കടന്നുകയറ്റം യാക്കോബായ സഭയിൽ പ്രകടമാണ്. ഈ സാഹചര്യത്തിൽ കൊന്ത എന്ന വസ്തു യാക്കോബായക്കാർക്ക് ഉപയോഗിക്കാമോ ഇല്ലയോ എന്ന വിഷയം വളരെ ചുരുങ്ങിയ വാക്കുകളിൽ കുറിക്കട്ടെ.
പൊതുവേ പറഞ്ഞാൽ, കൊന്ത എന്നത് കുറച്ചു മുത്തുകൾ ചില പ്രത്യേക വിധത്തിൽ വേർതിരിച്ച് ക്രമീകരിച്ചിട്ടുളളതും അതിനറ്റത്ത് രൂപത്തോടു കൂടിയ കുരിശുള്ളതുമായ ഒരു മാലയാണ്.
ചില പ്രാർത്ഥനകൾ, തെറ്റുകുടാതെ നിശ്ചിതമായ ചില ആവൃത്തികൾ പൂർത്തിയാകുന്നതിനായിട്ടാണ് മുത്തുകളുടെ ഈ പ്രത്യേകമായ ക്രമീകരണം. ഈ മാലയിൽ അടുത്തടുത്ത് 10 മുത്തുകളും അതു കഴിഞ്ഞ് വേറിട്ടു നിൽക്കുന്ന ഒരു മുത്തും പല പ്രാവശ്യം കാണുവാൻ സാധിക്കും. ഇതിൽ ഈ വേറിട്ടു നിൽക്കുന്ന ഒരു മുത്ത് കർത്തൃ പ്രാർത്ഥന (സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ!.......) ചൊല്ലുന്നതിന് വേണ്ടിയുളളതാണ്. അടുത്തടുത്ത് ക്രമീകരിച്ചിട്ടുളള 10 മുത്തുകൾ നന്മ നിറഞ്ഞ മറിയമേ!....... എന്നാരംഭിക്കുന്ന ഒരു പ്രാർത്ഥന തുടർച്ചയായി 10 പ്രാവശ്യം ചൊല്ലുവാനായിട്ടുളളതുമാണ്. അതായത് 10 നന്മ നിറഞ്ഞ മറിയം 1 സ്വർഗ്ഗസ്ഥനായ പിതാവ്, വീണ്ടും 10 നന്മ നിറഞ്ഞ മറിയം 1 സ്വർഗ്ഗസ്ഥനയ പിതാവ്..... ഇങ്ങനെ ആവർത്തിക്കും. 10 പ്രാവശ്യം സൃഷ്ടിയെ ഭജിച്ചാൽ പിന്നെ 1 പ്രാവശ്യം സ്രഷ്ടാവിനെ;
അതങ്ങിനെ തുടരും.
ഇവിടെ ചൊല്ലുന്ന 'നന്മ' നിറഞ്ഞ മറിയത്തെ
യാക്കോബായ സഭക്ക് ഒരു പരിചയവുമില്ല. യാക്കോബായ വിശ്വാസം അനുസരിച്ച് നന്മ നിറഞ്ഞ ഏകൻ ദൈവം മാത്രമാണ്.
എന്നാൽ 'കൃപ' ലഭിച്ച മറിയമിനെ പരിചയമുണ്ട്. ലഭിച്ച കൃപയാൽ നിറയപ്പെട്ട മറിയാമായതിനാൽത്തന്നെ യാക്കോബായക്കാരന്റെ പ്രാർത്ഥനയിൽ കൃപനിറഞ്ഞ മറിയമേ!....... എന്നാരംഭിക്കുന്ന ഒരു പ്രാർത്ഥനയുണ്ട്. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ!..... എന്ന പ്രാർത്ഥനക്കു തുല്യമായ സ്ഥാനം, പ്രാധാന്യം ഈ പ്രാർത്ഥനയ്ക്കില്ലതാനും. യാമപ്രാർത്ഥനകൾ ചൊല്ലുമ്പോൾ, അത് പളളിയിൽ വച്ചാണെങ്കിൽപ്പോലും, ഒരു യാമപ്രാർത്ഥനയോടു ചേർന്ന് മറ്റൊരു യാമപ്രാർത്ഥന വരുമ്പോൾ ആദ്യ യാമപ്രാർത്ഥനയിൽ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! എന്നതിനു ശേഷം കൃപ നിറഞ്ഞ മറിയമേ!.... എന്നത് ചൊല്ലാതെതന്നെ അടുത്ത യാമപ്രാർത്ഥനയിലേക്ക് പ്രവേശിക്കുകയാണ് ചിലയിടത്ത് സാധാരണ ചെയ്യുന്നത്. എല്ലാ യാമപ്രാർത്ഥനയ്ക്കുമൊടുവിൽ ചൊല്ലുന്നത് വിരോധിച്ചിട്ടുമില്ല. അവസാനത്തെ യാമപ്രാർത്ഥനയ്ക്കൊടുവിൽ കൃപനിറഞ്ഞ മറിയമേ!... എന്നത് ചൊല്ലുകയും ചെയ്യും. വിശുദ്ധ കുർബാനയിലും കർത്തൃപ്രാർത്ഥനക്കു ശേഷം കൃപനിറഞ്ഞ മറിയം.... ചൊല്ലാറില്ല.
കൃപയും നന്മയും രണ്ടും രണ്ടാണ്.
ഇനി കൊന്തമാലയുടെ അറ്റത്തുള്ള കുരിശിൽ ഒരു മനുഷ്യരൂപമുണ്ട്. ദൈവവചനം പറയുന്നത് അപ്രകാരമുളള രൂപം വിഗ്രഹമാണെന്നാണ്. (ആവർത്തനം 4:15-18 നിങ്ങൾ സൂക്ഷിപ്പിൻ; ദൈവം ഹോറേബിൽ അഗ്നിയുടെ നടുവിൽ നിന്ന് നിങ്ങളോടു അരുളിച്ചെയ്ത നാളിൽ നിങ്ങൾ ഒരു രൂപവും കണ്ടില്ലല്ലോ. അതുകൊണ്ടു നിങ്ങൾ പുരുഷന്റേയോ സ്ത്രീയുടേയോ സാദൃശ്യമോ, ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെ സാദൃശ്യമോ ആകാശത്തു പറക്കുന്ന ഏതെങ്കിലും പക്ഷിയുടേയോ ഭൂമിയിലുളള ഏതെങ്കിലും ഇഴജാതിയുടേയോ ഭൂമിക്കു കീഴെ വെളളത്തിലുള്ള മത്സ്യത്തിന്റെ സാദൃശ്യമോ ഇങ്ങനെ യാതൊന്നിന്റേയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി അശുദ്ധമാകരുത്). എന്നാൽ ഇതിന് തൊട്ടടുത്ത 19-ാമത്തെ വാക്യം കൂടി ഇവിടെ എഴുതട്ടെ. 'നീ ആകാശ സൈന്യമായ സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും നോക്കിക്കാണുമ്പോൾ അവയെ നമസ്ക്കരിപ്പാനും സേവിപ്പാനുമായോ ആകൃഷ്ടരാകരുത്; അവയെ നിന്റെ ദൈവമായ കർത്താവ് ആകാശത്തിൻ കീഴുളള സർവജാതികൾക്കും ഭാഗിച്ചു കൊടുത്തിരിരിക്കുന്നു'.
അപ്പോൾ ഇവയൊക്കെ ആർക്ക് ഉപയോഗിക്കാമെന്നും മനസ്സിലാക്കാം. യാക്കോബായക്കാർ ആ വിഭാഗത്തിൽ വരികയുമില്ല.
ഈ വാക്യങ്ങളിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? ദൈവകല്പനയ്ക്കു വിരുദ്ധമായി വരുന്ന ഒരു മാനുഷീക നിയമവും സാധുവല്ല. അതുകൊണ്ടുതന്നെ യാക്കോബായ വിശ്വാസികൾ ആൾരൂപമുള്ള കുരിശുണ്ടാക്കുവാനോ സ്ഥാപിക്കുവാനോ ഉപയോഗിക്കുവാനോ കൊണ്ടുനടക്കുവാനോ സമ്മാനമായി നൽകുവാനോ സ്വീകരിക്കുവാനോ പാടില്ല.
അപ്പോൾ എന്താണ് കൊന്ത'' എന്നത് എന്ന് വ്യക്തമാക്കട്ടെ. സ്രഷ്ടാവിനേക്കാൾ പതിന്മടങ്ങായി സൃഷ്ടിയെ ഭജിക്കുവാൻ വേണ്ടി രൂപകല്പന ചെയ്ത ഒരു വിഗ്രഹാലംകൃതമായ ഉപകരണമാണ് കൊന്ത. അതുകൊണ്ടുതന്നെ, ദൈവീക കല്പനക്കും ക്രൈസ്തവ മൂല്യങ്ങൾക്കും എതിരായിട്ടുള്ള കൊന്ത എന്ന സാധനം യാക്കോബായ വിശ്വാസികൾ എല്ലായ്പ്പോഴും അവരിൽ നിന്നും അവരുടെ ഭവനങ്ങിൽ നിന്നും അവരുടെ വാഹനങ്ങളിൽ നിന്നും അവരുടേതായ സകലത്തിൽ നിന്നും അകറ്റി നിറുത്തേണ്ട ഒന്നാണ്. കൊന്ത സമ്മാനമായോ സൗജ്യമായോ വിലയ്ക്കോ കൊടുക്കുവാനോ വാങ്ങുവാനോ പാടില്ല.
ഏതെങ്കിലും യാക്കോബായ പളളികളുമായി ബന്ധപ്പെട്ട് കൊന്ത വിൽക്കുന്നുവെങ്കിൽ അത് അവർ ദൈവത്തേക്കാളുപരിയായി മാമോനെ സ്നേഹിക്കുന്നതുകൊണ്ടാണ്. ഏതെങ്കിലും യാക്കോബായ ധ്യാനകേന്ദ്രത്തിൽ കൊന്ത ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് അവരുടെ കച്ചവടം കൊഴുപ്പിക്കാനായി ചെയ്യുന്നതാണ്. ഇനി യാക്കോബായ സഭയിലെ ഏതെങ്കിലും വ്യക്തികളോ സ്ഥാനികളോപോലും കൊന്ത ഉപയോഗിക്കുന്നുണ്ടെങ്കിൽത്തന്നെ, അത് യാക്കോബായ സഭയുടെ സത്യ വിശ്വാസത്തിലുൾപ്പെട്ട കാര്യമല്ല; അതവരുടെ വ്യക്തിപരമായും സഭാ വിരുദ്ധവുമായുമുള്ള കാര്യം മാത്രമാണ്. ഈ വിധ സ്ഥാപനങ്ങളും വ്യക്തികളും യാക്കോബായ വിശ്വാസികളെ വഴിതെറ്റിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇതെല്ലാം അനുകരിക്കുവാൻ ശ്രമിക്കുന്നവർ ദൈവകല്പനയ്ക്ക് വിരോധമായി മത്സരിക്കുന്നവരാണ്.
യാക്കോബായ സുറിയാനി സഭയുടെ വിശ്വാസം, പാരമ്പര്യം, പഠിപ്പിക്കൽ, പ്രാർത്ഥന, യാക്കോബായ സഭയിൽ ഉപയോഗിക്കുന്ന വേദപുസ്തകം (വിശുദ്ധ ഗ്രന്ഥം) എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ് തയാറാക്കിയത്. ഇത് ഒരിക്കലും മറ്റു സഭകളുടെ ആചരണങ്ങളെക്കുറിച്ചുള്ള വിമർശനമോ ഇതര സഭകളുടേയോ സമൂഹങ്ങളുടേയോ വിശ്വാസത്തിലേക്കുളള കടന്നുകയറ്റമോ ഒന്നുമല്ല എന്നുകൂടി പറയട്ടെ.