നമ്മുടെ പരിശുദ്ധ സഭ കല്പിച്ചിരിക്കുന്ന നോമ്പുകളിൽ വച്ച് ഏറ്റവും വലുത്, അഥവാ വളരെ പ്രാധാന്യം അർഹിക്കുന്ന നോമ്പാണ് വലിയ നോമ്പ്.
പൂർവ്വപിതാക്കന്മാർ കല്പിച്ച പ്രകാരം ഇരുപത്തിരണ്ടര (ഒൻപതാം മണി) വരെ ഉപവസിക്കുകയും മത്സ്യമാംസാദികൾ മുതലായി വർജ്ജിക്കേണ്ടവ വർജ്ജിക്കുകയും കുമ്പിട്ട് യാമപ്രാർത്ഥനകൾ നടത്തി അനൂതാപപൂർവ്വം പ്രാർത്ഥിക്കുകയും ചെയ്യേണ്ട സമയമാണിത് .
മേൽപറഞ്ഞവ കൂടാതെ വലിയ നോമ്പിനെ
വരവേൽക്കുന്ന നേരം നാം ഏവരുടെയും മനസ്സിൽ ഉരുത്തിരിയേണ്ട ചില സംഗതികൾ എല്ലാവരുമായി ഞങ്ങൾ പങ്ക് വയ്ക്കട്ടെ.
"ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്ന്അരുളിച്ചെയ്തദൈവം,യേശുക്രിസ്തുവിന്റെ മുഖത്തിലുള്ളദൈവതേജസ്സിന്റെ പരിജ്ഞാനംവിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.
"For God, who commanded the light to shine
out of darkness, hath shined in our hearts, to
give the light of the knowledge of the glory of
God in the face of Jesus Christ." 2 Corintians 4:6
അമ്പത് നോമ്പിൽ 48 ദിവസമാണ് മത്സ്യമാംസാദി വർജ്ജനവും മറ്റുമുള്ളത്. ആദ്യ ഞായർ പേത്തൂര്‍ത്ത ദിനവും, അവസാന ഞായർ ഉയിർപ്പ് പെരുന്നാൾ ദിനമായും നാം കൊണ്ടാടുന്നു. ഒപ്പം തന്നെ നോമ്പിൻ്റെ ആദ്യ തിങ്കൾ ശുബ്ക്കോനോ അഥവാ നിരപ്പിൻ്റെ സമാധാനത്തിൻ്റെ ദിവസം ആയും, ശേഷം പാതി നോമ്പ് (25 ാംദിവസം) ദൈവാലയത്തിൽ ഗോല്ഗോത്ത സ്ഥാപനം, നാല്പതാം വെള്ളിയാഴ്ച, ലാസറിൻ്റെ ശനിയാഴ്ച, ഇങ്ങനെ വലിയ നോമ്പിൻ്റെ ഇടയിൽ തന്നെ വളരെ പ്രാധാന്യം അർഹിക്കുന്ന ദിനങ്ങൾ ഉണ്ട്.അതോടൊപ്പം മാർച്ച് 25 ന് വരുന്ന വിശുദ്ധ ദൈവമാതാവിൻ്റെ വചനിപ്പു പെരുന്നാൾ. ദുഃഖവെള്ളി ദിനത്തില്‍ വന്നാല്‍ പോലും വചനിപ്പിൻ്റെ വി.കുർബാനക്ക് ശേഷം മാത്രം ദുഃഖവെള്ളിയുടെ നമസ്കാരം നടത്തപ്പെടുന്നുള്ളൂ.
സഭയുടെ വളരെ പ്രാധാന്യം ഉള്ള ദിനങ്ങളിൽ കൂടി ആണ് നാം കടന്നു പോകുവാൻ ഒരുങ്ങേണ്ടത്. ശേഷം ഓശാന ഞായർ കഷ്ടാനുഭവം,പെസഹ, വലിയ വെള്ളി,ദുഃഖ ശനി,ഉയിർപ്പ് പെരുന്നാൾ.ഓരോന്നും വലിയ പ്രാധാന്യം അർഹിക്കുന്നത് തന്നെ.വരും ദിവസങ്ങളിൽ ദൈവം നമ്മുടെ മനസ്സുകളെ ഈ അനുഗ്രഹങ്ങളിലേക്ക് തുറക്കട്ടെ.
ഈസ്റ്ററിന് movable feast എന്നൊരു അപര നാമം ഉണ്ട്.വർഷാവർഷം ദിവസം മാറി വരുന്നതിനാൽ ആണ് ഇത്. പുരാതന വിശ്വാസം അനുസരിച്ച് മേടം 14 ന് ആണ് കർത്താവ് കുരിശിൽ മരിക്കുന്നത്. അലക്സാന്ദ്രിയയിലെയും, റോമയിലെയും പ്രവാചകന്മാരുടെ കണക്ക് പ്രകാരം നിസാൻ മാസത്തിൽ ആണ് മേൽ പറഞ്ഞ ദിനം. നിലവിലുള്ള കലണ്ടറിൽ ഏകദേശം മാർച്ച് 21നും ഏപ്രിൽ 25 നുമിടയിലാണ് ഈ പറഞ്ഞ ദിനങ്ങള്‍.
ഈ ദിവസങ്ങളിൽ പൂർണ്ണ ചന്ദ്രൻ വരുന്നതിനു ശേഷം ഉള്ള ഞായർ ഉയിർപ്പ് ദിനം ആയി കൊണ്ടാടുന്നു.
കാരണം ഇതേ ആശയത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് പഴയ നിയമത്തിലെ പെസഹാ ആചരിച്ചു പോന്നിരുന്നത്.ഇസ്രായേൽ ജാതി മിസ്രേമ്യരുടെ അടിമത്വം വിടർത്തി മോശയുടെ നേതൃത്വത്തിൽ കനാൻ ദേശത്തേക്ക് യാത്രയായത്തിൻ്റെ (Exodus) ഓർമ്മയാണ് പഴയ നിയമത്തിൽ Pesach or Passover . ഒരു വർഷം 12 മണിക്കൂർ പകലും 12 മണിക്കൂർ രാത്രിയും ഉള്ള രണ്ടു ദിവസങ്ങൾ ആണ് മാർച്ച് 22 സെപ്റ്റംബർ 22.ഇതിൽ മാർച്ച് 22നു (vernal equinox) ശേഷം വരുന്ന പൂർണ്ണ ചന്ദ്രൻ കഴിഞ്ഞുള്ള ആഴ്‌ച പെസഹ കൊണ്ടാടിയിരുന്നൂ.
പെസഹ പെരുന്നാളിന് ശേഷം കർത്താവിൻറെ കുരിശു മരണം നടന്നതായി വിശുദ്ധ സുവിശേഷം സാക്ഷിക്കുന്നതിനാൽ തന്നെ ഈ വിധം വിവിധ വസ്തുതകളുടെ അടിസ്ഥാനത്തിൽ ആണ് നോമ്പ് ആരംഭം തീരുമാനിക്കപ്പെടുന്നത്. പഴയ നിയമത്തിൽ ഇസ്രയേൽ ജാതിയുടെ മിസ്രേമ്യ അടിമത്വത്തിൽ നിന്നുള്ള മോചനം ആയി പെസഹ ആഘോഷിച്ചു എങ്കിൽ ഇന്ന് പെസഹായ്ക്കു അറുക്കപ്പെട്ട കുഞ്ഞാടിന് പകരം, സ്വയം ബലിയായ നമ്മുടെ കർത്താവായ യേശു, നമ്മെ തിന്മയുടെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചതിൻ്റെ അനുസ്മരണം ആയി ഉയിർപ്പ് പെരുന്നാൾ കൊണ്ടാടുന്നു.
വലിയ നോമ്പ് എന്ന ആയുധം
വലിയ നോമ്പിൽ ഉള്ള സന്ധ്യാ പ്രാർത്ഥനയിൽ നാം ചൊല്ലുന്നു. സാത്താനോട് യുദ്ധം ചെയ്യ്-വാൻ ഉള്ള പ്രധാന ആയുധം ആകുന്ന നോമ്പേ സമാധാനത്തോടെ വരിക. "നോമ്പിൽ നാം ആചരിക്കുന്ന ഉപവാസവും പ്രാർത്ഥനയും മനസ്സിന് ഏകുന്ന ആത്മീയ ഇച്ഛാശക്തി സാത്താൻ്റെ കുടില തന്ത്രങ്ങളെയും, ഈ ലോകത്തിൻ്റെ സകല ദുഷിച്ച പ്രവണതകളെയും എതിർക്കാൻ ഉള്ള ഒരു കവചമായിതീരുന്നു. അത് നമ്മെ കെടാത്ത തീയും ചാകാത്ത പുഴുവും ഉള്ളഅഗ്നിനരകത്തിൽഅകപ്പെടാതെരക്ഷിക്കു-ന്നു.
സങ്കീർത്തനങ്ങൾ പറയുന്ന പോലെ ഏറിയാൽ 70 അല്ലെങ്കിൽ 80 സംവത്സരം മാത്രം ഉള്ള ഈ ആയുസ്സിൽ നമ്മൾ എപ്പോഴും ഓർത്തിരിക്കേണ്ട 3 സത്യങ്ങൾ ആണ് ന്യായവിധി, മോക്ഷം, നരകം.
നമ്മുടെ കർത്താവ് 40 ദിവസം മരുഭൂമിയിൽ ഉപവസിച്ച് പ്രാർത്ഥിച്ചു സാത്താൻ്റെ പരീക്ഷണങ്ങളെ തോൽപ്പിച്ചു.ദൈവ പുത്രൻ പ്രാർത്ഥിച്ചു ഉപവസിച്ചു എങ്കിൽ ഈ നിസ്സാരൻമാരായ നാം എന്തു മാത്രം പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു? വഴിയും സത്യവും ആയി ജീവിച്ചു കാണിച്ച നമ്മുടെ പൊന്നു തമ്പുരാൻ്റെ പാതകൾ നമുക്കും പിൻതുടരാം.
നോമ്പിലൂടെ ശുദ്ധികരണം.
ആത്മാവും ശരീരവും ഒരുമിച്ച് നോമ്പ് നോൽക്കേണ്ടി ഇരിക്കുന്നതിനാൽ ശരീരം ഭക്ഷണത്തെ വെടിയുമ്പോൾ ആത്മാവ് തിന്മയും വെടിയേണ്ടതാകുന്നു. ദുഷ്ചിന്തകൾ വെടിയാതെ ഭക്ഷണം മാത്രം വെടിഞ്ഞിട്ടുള്ള നോമ്പ് വ്യർത്ഥം ആയിട്ടുള്ളതാകുന്നു എന്ന് ഇവിടെ വ്യക്തമാണ്.അനുതാപത്തിൽ കൂടി സമ്പൂർണ്ണ ശുദ്ധീകരണമാണ് നോമ്പ്. അനുതപിച്ച് പാപങ്ങൾ കഴുകിയ തകർന്നും നുറുങ്ങിയും ഇരിക്കുന്ന ഹൃദയത്തെ ദൈവം ഒരിക്കലും കൈ വെടിയുക ഇല്ല. അനുതാപത്തിൽക്കൂടി നേടുന്ന ഹൃദയ നിർമ്മലതയിൽ ദൈവാംശം വസിക്കുന്നു.
വലിയ നോമ്പ് എന്ന പുണ്യപ്രവർത്തി.
അമ്പത് നോമ്പിൽ ഉള്ള ഓരോ ഞായർ ദിവസങ്ങളിൽ കർത്താവിന്റെ പരസ്യ ശുശ്രൂഷ വേളയിൽ ഉള്ള രോഗശാന്തിയും മറ്റ് അദ്ഭുത പ്രവർത്തികളും കാണുവാൻ സാധിക്കും. കുഷ്ഠരോഗികളെയും, വേശ്യയേയും, ചുങ്കക്കാരെ-യും, ആലമ്പഹീനരെയും ചേർത്ത് നിർത്തുന്ന കർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സത്യം ആണ്, സ്വർണ്ണം കൊണ്ട് പള്ളി പണിയുന്നവൻ അല്ല, മറിച്ച് ദുരിതത്തിൽ ഇരിക്കുന്ന ഒരുവനെ എങ്കിലും ചേർത്ത് നിർത്തുന്നവൻ അത്രേ ദൈവത്തിനു കൊള്ളാകുന്നവൻ. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ വാക്കുകൾ ഞങ്ങൾ ഈ സമയം അനുസ്മരിക്കുന്നു. "ദൂരെ ദേശത്ത് പോയി വരുന്ന മക്കൾ മാതാപിതാക്കൾക്ക് വേണ്ടി കൊണ്ട് വരുന്ന വിലയേറിയ സമ്മാനങ്ങൾ പോലെ, ഈ ലോകത്തിലെ വാസം കഴിഞ്ഞ് തിരികെ ചെല്ലുമ്പോൾ എന്താണ് നാം ദൈവസന്നിധിയിൽ സമർപ്പിക്കേണ്ടത്? ജീവിച്ചിരിക്കുമ്പോൾ ചെയ്ത പുണ്യ പ്രവർത്തികൾ തന്നെ സംശയമില്ല".
അതിനാൽത്തന്നെ ചിന്തിക്കൂ സഹോദരങ്ങളെ...!!
വലിയ നോമ്പിലൂടെ വലിയ പെരുന്നാളിലേക്ക്.
വലിയ നോമ്പിൽ കൂടി ഉയിർപ്പ് പെരുന്നാളിലേക്ക് നമ്മൾ നടന്ന് അടുക്കുന്നു. പ്രാർത്ഥന, ഉപവാസം, അനുതാപം ഇതിൽ കൂടി നാം കർത്താവിന്റെ കഷ്ടാനുഭവത്തിൽ പങ്ക് കൊള്ളൂവാൻ യോഗ്യരാകുന്നു. നമുക്ക് വേണ്ടി കഷ്ടം അനുഭവിച്ചു ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ത്യാഗം ആയി തീർന്ന രക്ഷിതാവായ ക്രിസ്തുവിൻ്റെ രക്തം നമ്മുടെ പാപങ്ങൾ കഴുകി കളയുന്നതിന് വേണ്ടി സത്യമായി അനുഷ്ഠിച്ച ഈ നോമ്പ് നമ്മെ സഹായിക്കുന്നു.ശേഷം വലിയ പെരുന്നാളിൽ ഒരു പുതിയ സൃഷ്ടിയായി നമ്മുടെ കർത്താവിൻ്റെ ഉയിർപ്പ് ഉച്ചത്തിൽ വിളിച്ച് ഉത്ഘോഷിക്കുവാൻ ഈ നോമ്പ് നമ്മെ പ്രാപ്തരാക്കുന്നു.
ഉയിർപ്പ് എന്ന വലിയ വിശ്വാസ സത്യം ഓരോ ക്രിസ്ത്യാനിയുടെയും പ്രത്യാശയും പ്രതീക്ഷയും ആണ്. ആ വലിയ സത്യത്തിലേക്ക് തമ്മിൽ നിരപ്പായി ഒരുക്കത്തോടെ നടന്ന് അടുക്കുവാൻ ഈ വലിയ നോമ്പ് നമ്മെ സഹായിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.