പ്രശ്നമില്ലത്ത പിരവർത്തന മേഖലകളില്ല. എന്നാലും പ്രശ്നങ്ങളുണ്ടാകാതിരിക്കാനും നിലവിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും സാധിക്കണം. പ്രത്യേകിച്ചും സഭകൾക്കുള്ളിലെ പ്രശ്നങ്ങൾ.
ആർക്കും തെറ്റു പറ്റാം. പലരും തെറ്റിദ്ധരിക്കപ്പെട്ടേക്കാം. പ്രാർത്ഥന, സ്നേഹം, തുറന്ന ചർച്ച, എന്നിവയിലൂടെ പ്രശ്നങ്ങൾ സമാധാനമായി, രമ്യമായി പരിഹരിക്കണം. മേല്പട്ടക്കാരെ അനുസരിക്കാം. വൈദികർ തമ്മിൽ ഐക്യം വേണം. വിശ്വാസികൾ തമ്മിലുള്ള സ്നേഹവും കുറയരുത്. പ്രാർത്ഥനയാണ് നമ്മുടെ ബലം. ഇക്കാലത്ത് എത്രപേർ നമ്മുടെ സഭാ പാരമ്പര്യമനുസരിച്ച് പ്രഭാത, സന്ധ്യാ നമസ്കാരങ്ങൾ മുഴുവൻ ചൊല്ലുന്നു? ദിവസവും ഒരു അദ്ധ്യായം എങ്കിലും വേദപുസ്തകം വായിക്കുന്നു? നമ്മുടെ മേല്പട്ടക്കാർക്കും പുരോഹിതർക്കും വേണ്ടി ദിവസവും പ്രാർത്ഥിക്കുന്നു? അന്ത്യോഖ്യയാണ് പൗരോഹിത്യത്തിൻ്റെ ഉറവിടം. ആ പാരമ്പര്യത്തിലുറച്ചു നിൽക്കണം. നമ്മുടെ ഇടയിലെ സ്നേഹമില്ലാത്ത ഭിന്നതയാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. അധികാരങ്ങൾ പങ്കുവെച്ച് പരസ്പര സ്നേഹത്തിൽ പോകണം. പത്രോസ് ശ്ലീഹാ ശ്ലീഹന്മാരിൽ മുമ്പനായിരുന്നു. എന്നാൽ ബാക്കി 11 പേരുമായി സഹകരിച്ച് പ്രവർത്തിച്ചു നമുക്ക് മാതൃക കാണിച്ചു തന്നു. ശിഷ്യന്മാർ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവെച്ചു വാദിച്ചു. (വി.മർക്കോസ് 9:34). ജാതികളിൽ അധിപതികളായവർ അവരിൽ കത്തൃത്വം ചെയ്യുന്നു, അധികാരം നടത്തുന്നു. നിങ്ങളുടെ ഇടയിൽ അങ്ങനെ അരുതു. നേതാക്കൾ ശുശ്രൂഷകർ ആയിരിക്കേണം എന്ന് നമ്മുടെ കർത്താവ് അരുളിച്ചെയ്യുന്നു. (വി.മർക്കോസ് 10:42-45). ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിന്നു നിലനില്പാൻ കഴികയില്ല. ഒരു വീടു തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിന്നു നിലനില്പാൻ കഴികയില്ല. (വി.മർക്കോസ് 3:24-25). എൻ്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും. (വി.മർക്കോസ് 11:17). അത് വഴക്കിനും കലഹത്തിനുമുള്ള സ്ഥലമല്ല. ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിൻ്റെ അപ്പോസ്ഥലനായ പൗലോസ് ശ്ലീഹാ കൊരിന്ത്യയിലെ സഭയ്ക്ക് ലേഖനം എഴുതുന്നത് സഹോദരനായ തിമൊഥെയോസും ചേർന്നാണ്. (2.കൊരിന്ത്യർ 1:1). അവർ തമ്മിലുള്ള ബന്ധം, ഐക്യം അത്രേ അത് കാണിക്കുന്നത്. നമ്മുടെ ദൈവാലയങ്ങൾ ആരാധന, പ്രാർത്ഥന, അനുഗ്രഹം, സ്നേഹം, സൗഹാർദ്ദം എന്നിവയുടെ കേന്ദ്രമായി സമൂഹത്തിനു മുമ്പിൽ മാതൃകയാകണം.
'ദൈവമേ! നിൻ്റെ സമാധാനം ഞങ്ങളുടെ പള്ളികളിലും നിൻ്റെ നിരപ്പ് ഞങ്ങളുടെ ദയറാകളിലും സ്ഥാപിക്കണമേ. നാശകരമായ കലഹവും വിദ്വേഷവും ഞങ്ങളിൽനിന്ന് ദൂരീകരിക്കണമേ. വിശുദ്ധാത്മചുംബനം മൂലം ഞങ്ങൾ പരസ്പരം സമാധാനം നൽകുവാൻ ഇടയാക്കണമേ. ഞങ്ങൾ സമാധാന സന്താനങ്ങളും സമാധാന പ്രിയരുമായി ഭവിക്കുമാറാകണമേ'. ഇത് ഉയിർപ്പിൻ്റെ പ്രുമിയോൻ്റെ അവസാന ഭാഗം.
നിൻ്റെ സമാധാനം അവരിൽനിന്ന് കലഹങ്ങളും കോപവും ശമിപ്പിക്കുകയും ഭിന്നതകളും ഛിദ്രങ്ങളും പരിഹരിക്കുകയും ചെയ്യണമേ. ഇത് ഉയിർപ്പിൻ്റെ സെദറായുടെ മറ്റൊരു ഭാഗം. തിരക്കില്ലാത്തപ്പോൾ ഉയിർപ്പിൻ്റെ ശുശ്രൂഷയുടെ പ്രുമിയോനും സെദറായും ഏവൻഗേലിയോനും സാവധാനം വായിച്ചാൽ വിശുദ്ധ സഭയിൽ നിരപ്പ്, സ്നേഹം, സമാധാനം എന്നിവയുടെ ആവശ്യകത ബോധ്യപ്പെടും.
ഇന്ന് ക്രൈസ്തവ സഭകളിൽ ദേവാലയത്തിനകത്തും പുറത്തും വച്ച് നടക്കുന്ന പ്രശ്നങ്ങളുടെയും വാക്ക് തർക്കങ്ങളുടെയും വീഡിയോയും മറ്റും നവമാധ്യമങ്ങളിൽ കാണുമ്പോൾ ചുറ്റും മൂക സാക്ഷികളായി നോക്കി നിൽക്കുന്ന പല പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ മുഖം കാണുന്നുണ്ട്.
കുടുംബം, വിദ്യാലയം, ദേവാലയം ഈ മൂന്നു ചുറ്റുപാടുകളിലുമുള്ള വ്യക്തികൾ കുഞ്ഞുങ്ങളുടെ ബോധ്യങ്ങളെയും, ആത്മീയവും, ഭൗതികവും, വിദ്യാഭ്യാസപരവും, സാമൂഹികവുമായ വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും, കാര്യമായ രീതിയിൽ സ്വാധീനിക്കുവാൻ കെല്പുള്ളവരാണ്. ദേവാലയത്തിൽ പൗരോഹിത്യ സ്ഥാനികളും വിശ്വാസികളും തമ്മിലുള്ള വാക്കുതർക്കങ്ങളും പ്രശ്നങ്ങളും, അല്ലെങ്കിൽ പൊതുയോഗം നടക്കുമ്പോൾ, മറ്റവസരങ്ങളിൽ, കുടുംബത്തിൽ വച്ചുള്ള ചർച്ചകളിൽ എല്ലാം തന്നെ ഒരു അതിർവരമ്പിട്ടുകൊണ്ട് മാത്രമേ കുഞ്ഞുങ്ങളിലേക്കു എത്തുവാൻ പാടുള്ളൂ. അല്ലാത്ത പക്ഷം അവർക്കുള്ള ബഹുമാനവും ആദരവും വിശ്വാസവും നഷ്ടപ്പെടും.
ക്രിസ്തുവിന്റെ പ്രതിപുരുഷന്മാർ എന്ന് പറഞ്ഞു പഠിച്ചിരിക്കുന്ന പൗരോഹിത്യ സ്ഥാനികളും, വിശ്വാസത്തിന്റെ ആദ്യപാഠങ്ങൾ പറഞ്ഞു പഠിപ്പിക്കുന്ന മാതാപിതാക്കളും അവർക്കു മുന്നിൽ പെരുമാറുന്നത് പറയുന്നതിന്റെ ഘടകവിരുദ്ധമാണെങ്കിൽ ഒരേ അപ്പത്തിന്റെ അംശികളായ സഭാമക്കൾ അല്ലെങ്കിൽ ക്രിസ്തുവിന്റെ ശരീരമായ വിശുദ്ധ സഭയുടെ അംഗങ്ങൾ എന്നുള്ള "വലിയ സത്യത്തിനു" തന്നെ കുഞ്ഞുങ്ങളുടെ മനസ്സിൽ ഇടർച്ച സംഭവിക്കുന്ന അവസ്ഥയുണ്ടാകും.
പ്രശ്നങ്ങൾ എല്ലായിടത്തുമുണ്ട്. എല്ലാം തികഞ്ഞവർ ആരുമില്ല. ചേർത്തു ചിന്തിക്കേണ്ടത്, വേഗത്തിൽ മാറുന്ന ലോകത്തിൽ ക്രിസ്തുവിൽ അച്ചടക്കവും, സ്നേഹവും, ബഹുമാനവും, ക്ഷമയും, സഹിഷ്ണുതയും, സഹാനുഭൂതിയുമുള്ള തലമുറയെ വാർത്തെടുക്കുവാൻ നമുക്ക് സാധിക്കണമെങ്കിൽ കുടുംബത്തിൽ മാതാപിതാക്കളും, വിദ്യാലയത്തിൽ അധ്യാപകരും, ദേവാലയത്തിൽ വിശ്വാസികളും ആത്മീയ പിതാക്കന്മാരും മേല്പറഞ്ഞ ഗുണങ്ങൾ കലുഷിതമായ അവസരങ്ങളിലും പ്രതിഫലിപ്പിച്ചേ മതിയാകൂ. ആത്മസംയവനം പാലിക്കുവാൻ അറിയില്ലെങ്കിൽ ക്രിസ്ത്യാനിയെന്ന് സ്വയം വിശേഷിപ്പിക്കുന്നതിൽ ഒരർത്ഥവുമില്ല. (If we desire to mould a generation that absorbs discipline, love, respect, patience, tolerance and empathy in Christ, parents in the family, teachers in the school, laity and clergy in the church should reflect the same. There is no point in addressing oneself a Christian if we cannot practice "self-control "the fruit of Holy Spirit).
കുഞ്ഞുങ്ങൾ വിശ്വാസത്തിൽനിന്നും പള്ളിയിൽ നിന്നും അകന്നു പോകുമ്പോൾ അവരെ മാത്രം കുറ്റം പറഞ്ഞാൽ പരിഹാരമാകില്ല എന്ന് നമ്മളും തിരിച്ചറിയേണം. ലോകത്തിന്റെ പലഭാഗങ്ങളിലായി വ്യാപിക്കുന്ന നമ്മുടെ സുറിയാനി സഭയുടെ മക്കളെന്ന അഭിമാനവും തനതായ പാരമ്പര്യങ്ങളും നഷ്ടപ്പെടാതെ, വരുന്ന രണ്ടും മൂന്നും തലമുറകളെ ചേർത്ത് പിടിക്കുവാനുള്ള ആവശ്യം മുൻഗണനായി കണ്ടു പ്രവർത്തിക്കേണ്ടതാണ്. ക്രിസ്തുവിന്റെ സ്നേഹം തന്റെ അനുയായികളെ അതിനായി ഒരുക്കട്ടെ.
നിൻ്റെ സമാധാനം ഞങ്ങളുടെ ഇടയിൽ വാഴുമാറാകേണമേ. എൻ്റെ സമാധാനം ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു. ലോകം തരുന്നതുപോലെയല്ല. നമ്മുടെ ഇടയിൽ സ്നേഹവും സമാധാനവും അഭിപ്രായ ഐക്യവും ഒത്തൊരുമയും പരസ്പര ബഹുമാനവും എന്നു വരും, എങ്ങനെ വരും? നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കുമെങ്കിൽ നിങ്ങൾ എൻ്റെ ശിഷ്യന്മാർ എന്ന് എല്ലാവരും അറിയും. അല്ലെങ്കിൽ കൊട്ടാര സദൃശ്യമായ പള്ളികൾ, ആഘോഷമായ പെരുന്നാൾ, വെടിക്കെട്ട്, എയർകണ്ടീഷൻ ചെയ്ത പള്ളി, പാരിഷ്ഹാൾ, വിവിധതരം പിരിവുകൾ, മൈക്ക്, പുതിയ ഈണങ്ങളിലുള്ള പാട്ടുകൾ എന്നിവയെല്ലാം വെറും ഒരു പ്രകടനം മാത്രമായി മാറും. ദൈവാലയം വഴക്കിനും ആഡംബരത്തിനുമുള്ള സ്ഥലമല്ല, ആരാധന, പ്രാർത്ഥന, സൗഹാർദ്ദം, കൂട്ടായ്മ എന്നിവയ്ക്കുള്ള, തിരുശരീരരക്തങ്ങൾ വിശ്വാസികൾക്ക് നൽകുന്ന, ദൈവീകസാന്നിധ്യമുള്ള ഇടമാണ്. സഭയ്ക്കുള്ളിലെ എല്ലാവരും, പ്രത്യേകിച്ചും നേതൃത്വവും വിശ്വാസികളും ദൈവീക സമാധാനത്തിലേക്ക് എത്രയും വേഗം ചെന്നുചേരുന്നതിനായി ഒരുമയോടെ നമുക്കു പ്രാർത്ഥിക്കാം.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.