''..ഒരു തുവര്‍ത്ത് എടുത്ത് അരയില്‍ ചുറ്റി ഒരു പാത്രത്തില്‍ വെളളം പകര്‍ന്ന് ശിഷ്യന്മാരുടെ കാല്‍ കഴുകുവാനും അരയില്‍ ചുറ്റിയിരുന്ന തുണി കൊണ്ട് തുവര്‍ത്തുവാനും തുടങ്ങി.''John13;5.
ശിഷ്യരുടെ കാലുകള്‍ കഴുകുന്നതിന് മുമ്പായി യേശു ഒരു തുവര്‍ത്ത് അരയില്‍ ചുറ്റുകയുണ്ടായി. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് യേശുവില്‍ രൂപമാറ്റം സംഭവിക്കുകയാണ്.
ചിലതെല്ലാം ഉരിഞ്ഞുമാറ്റി മറ്റ് ചിലത് ധരിക്കുമ്പോഴാണ് ക്രിസ്തീയ സൗരഭ്യം തുളുമ്പുന്ന പ്രവര്‍ത്തികള്‍ നമ്മില്‍നിന്ന് പിറക്കുന്നത്. Colo 3;9,10ല്‍ കാണുന്നത് ''നിങ്ങള്‍ പഴയ മനുഷ്യനെ അവന്‍റെ പ്രവര്‍ത്തികളോടുകൂടെ ഉരിഞ്ഞു കളഞ്ഞു, തന്നെ സൃഷ്ടിച്ചവന്‍റെ പ്രതിമ പ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലൊ''.
ദുര്‍ന്നടപ്പ്, അശുദ്ധി, അതിരാഗം, ദുര്‍മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം, ഇങ്ങനെ ഭൂമിയിലുളള നമ്മുടെ മുഷിഞ്ഞ വസ്ത്രങ്ങളെ ഉരിഞ്ഞ് കളയണം. കോപം, ക്രോധം, ഈര്‍ഷ്യ, വായില്‍ നിന്ന് വരുന്ന ദൂഷണം, ദുര്‍ഭാഷണം, ഭോഷ്ക്ക്, തുടങ്ങിയ കറപിടിച്ച വസ്ത്രങ്ങളും ഉരിഞ്ഞുകളയണം. Colo3;5,8.
എന്നിട്ട് മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീര്‍ഘക്ഷമ, എന്നിവ ധരിക്കുക. മാത്രമല്ല എല്ലാറ്റിനും മീതെ സമ്പൂര്‍ണ്ണതയുടെ ബന്ധമായ സ്നേഹവും ധരിക്കേണം.
പഴയത് ഉരിഞ്ഞ് പുതിയത് ധരിക്കുമ്പോള്‍ പരാതികളും പരിഭവങ്ങളും പിറുപിറുപ്പുകളും മാറി സത്പ്രവര്‍ത്തികളില്‍ നാം ശ്രദ്ധകേന്ദ്രീകരിക്കുന്നവരായി മാറും.