ദുഃഖ ശനിയാഴ്ചയെ പരിശുദ്ധ സഭ അറിയിപ്പിന്റെ ശനി എന്ന് വിളിക്കുന്നു.
ഉല്പത്തി പുസ്തകത്തിൽ കാണുന്ന സൃഷ്ടിയുടെ പ്രാരംഭ വിവരണത്തിൽ, ദൈവം തൻ്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു. യഥാർത്ഥത്തിൽ സ്വയം ആയിരിക്കണമെങ്കിൽ, ആ പ്രതിച്ഛായയുടെ ഉറവിടവും ചലനാത്മകവുമായ ശക്തിയുമായി മനുഷ്യൻ നിരന്തരമായ കൂട്ടായ്മയിൽ ജീവിക്കേണ്ടതായിരുന്നു. എന്നാൽ മനുഷ്യൻ പാപം ചെയ്തു ദൈവത്തിൽ നിന്ന് അകന്നു പോയി. തന്റെ സൃഷ്ട്ടിയോടുള്ള സ്നേഹത്തെ പ്രതി ജഡമായി തീർന്ന ആദിയിലെ വചനമായ ദൈവപുത്രനായ ക്രിസ്തു, മനുഷ്യനെ ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് പുനഃസ്ഥാപിക്കാൻ മനുഷ്യാവതാരം എടുത്തത് വഴി സൃഷ്ടിയുടെ ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്നു.
ഒന്നോർത്താൽ സഭ ജീവിതത്തിൽ വിശ്വാസികളുടെ ഇടയിൽ ചെറുതായി എങ്കിലും അവഗണിക്കപ്പെടുന്ന ദിവസമാണ് അറിയിപ്പിന്റെ ശനിയാഴ്ച. പള്ളിയിൽ വരുന്ന കാര്യത്തിൽ വിശ്വാസികൾ സാധാരണയായി കഷ്ടാനുഭവ ആഴ്ചയേ ഒരു ദിവസമായി ചുരുക്കുന്നു - വലിയ വെള്ളിയാഴ്ച. അതിനു ശേഷം ഈ ദിവസത്തെ ഉയിർപ്പു ഞായറാഴ്ചയായി വേഗത്തിൽ മാറ്റിസ്ഥാപിക്കുന്നു. ക്രിസ്തു മരിച്ചു, ഉയിർത്തെഴുന്നേറ്റു. വലിയ ദുഃഖം പെട്ടെന്ന് വലിയ സന്തോഷം കൊണ്ട് മാറ്റിസ്ഥാപിക്കുന്നു. അങ്ങനെ ഒരു അവസരത്തിൽ അറിയിപ്പിന്റെ ശനിയാഴ്ചയിൽ പള്ളിയിൽ വരുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു.
സുറിയാനി സഭയുടെ ആരാധന പാരമ്പര്യത്തിൽ, ദുഃഖത്തിന് പകരം സന്തോഷം നൽകുന്നില്ല; ദുഃഖം സന്തോഷമായി രൂപാന്തരപ്പെടുന്നു. ക്രിസ്തു മരിച്ചു പാതാളത്തിൽ ചെന്ന് സുവിശേഷം അറിയിച്ചു കൊണ്ട് മരിച്ചവരെ വിടുവിച്ചു മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുന്നു. എല്ലാ മനുഷ്യരെയും പ്രതിനിധീകരിക്കുന്ന വീണുപോയ ആദ്യ പിതാവായ ആദാമിനെയും ശേഷം ഒപ്പമുള്ളവരെയും തേടി പാതാളത്തിലേക്കു ക്രിസ്തു ഇറങ്ങുന്നു. മരിച്ചവർക്ക് ജീവൻ നൽകപ്പെടുന്നു. തൻ്റെ മരണത്താൽ ക്രിസ്തു മരണത്തെ ചവിട്ടിമെതിക്കുന്നു.
അതിനാൽ തന്നെ കുരിശു മരണത്തിന്റെ ദുഃഖം പാതാളത്തിലെ അറിയിപ്പോടെ ഉയിർപ്പിന്റെ മഹാ സന്തോഷമായി രൂപാന്തരപ്പെടുത്തുകയാണ്.
മനുഷ്യാവതാര ലക്ഷ്യം പൂർണ്ണമാകുന്നത് അപ്പോഴാണ്.
അറിയിപ്പിന്റെ ശനിയാഴ്ച പ്രഭാതനമസ്കാരത്തിലെ പ്രുമിയോൻ വായനയിൽ ഇപ്രകാരം പ്രതിപാദിക്കുന്നു. "മിശിഹാ തമ്പുരാനേ! ലോകൈക പരാക്രമിയായ നിനക്കല്ലാതെ അനേകർക്ക്
വേണ്ടി ഈ വമ്പിച്ച ഭാരം വഹിപ്പാൻ ആർക്കു കഴിയുമായിരുന്നു? കർത്താവേ! നിന്റെ കല്പനയെ ലംഘിക്കയാൽ തന്റെ ഉന്നതപദവിയിൽ നിന്ന് വീണുപോയ ആദാമിന്റെമേൽ നിന്റെ അനുഗ്രഹങ്ങൾ പൊഴിയുകയും, നിന്റെ ശുദ്ധതയുടെ മഹോന്നതങ്ങളിൽ നിന്ന് നീ ഇറങ്ങിവന്നു ആദാമ്യപുത്രിയിൽ നിന്ന് അവതരിക്കുകയും, സ്വാഭാവികമായ എല്ലാ പ്രായത്തിലും വളരുകയും, സ്വമനസ്സാലെ പീഡകൾ ഏൽക്കുകയും, ജഡത്തിൽ മരിച്ച് ആദമിനെ രക്ഷിക്കുകയും, അവന്റെ മുന്മഹിമയിലേക്കു അവനെ തിരിച്ചുകൊണ്ട് വരികയും ചെയ്തു. നീ ജഡത്തിൽ മരണം അനുഭവിച്ചു മരിച്ചവരോട് കൂടി ഗണിക്കപ്പെട്ടപ്പോൾ ആകാശവും ഭൂമിയും ഇളകുകയും അഗ്നിമയന്മാരുടെ സൈന്യങ്ങൾ തിക്കിത്തിരക്കി വന്നു ഭൂതലത്തെ ചുട്ടു ദഹിപ്പിക്കേണ്ടതിനു അവരുടെ ചിറകുകൾ കൂട്ടി ഉരസുകയും ചെയ്തു. ദുഷ്ടനും മരണവും ഞെട്ടി വിറയ്‍ക്കുകയും അവരുടെ അധികാരം നശിച്ചു നാമാവശേഷമാകുകയും ചെയ്തു. ഇന്ന് മരണം പാതാളവാതിൽക്കൽ വച്ച് ചവിട്ടപ്പെട്ടു.
ക്രിസ്തുവിൽ പ്രിയമുള്ളവരേ, നമ്മിൽ നിന്ന് വാങ്ങിപ്പോയ എല്ലാ പരേതരുടെയും ആത്മാക്കളെയും ഇന്നേ ദിവസം ഓർത്തു പ്രാർത്ഥിക്കാം. വിശുദ്ധ യോഹന്നാൻ 11:25-26 പറയുന്നത് പോലെ "യേശു അവളോടു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും".
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.