വിളവെടുക്കാറായ പാടത്ത്, കിളിശല്യം വർദ്ധിച്ചു വന്നപ്പോൾ, കിളികളെ പിടിക്കാൻ കർഷകൻ വല വിരിച്ചു. പിറ്റേ ദിവസം ചെന്നു നോക്കുമ്പോൾ, ധാരാളം കിളികളും ഒരു കൊക്കും വലയ്ക്കകത്തുണ്ട്. കൊക്കു പറഞ്ഞു: "ഞാൻ അബദ്ധത്തില്പെട്ടു പോയതാണ്. ഞാനൊരു ധാന്യക്കതിർപോലും തിന്നാറില്ലെന്നു താങ്കൾക്കറിയാമല്ലോ? മീൻ തേടി വന്നതാണ്. കിളികളുടെ കൂടെക്കൂടി ഇതിനകത്തായിപ്പോയി!" കർഷകൻ പറഞ്ഞു: "നിനക്കിങ്ങനെ തന്നെ വരണം? കളികൾ പിടിക്കപ്പെട്ടത്, കതിരു തിന്നതിൻ്റെ പേരിലും, നീ പിടിക്കപ്പെട്ടത്, കിളികളുടെ കൂടെ ചങ്ങാത്തം കൂടിയതിൻ്റെ പേരിലും".
ഒരാൾ ആരാണെന്നറിയാൻ, അയാളുടെ കൂട്ടാളികൾ ആരാണെന്നറിഞ്ഞാൽ മതി? തങ്ങളുടെ സുഹൃദ് വലയത്തിൻ്റെ വ്യാപ്തിക്കും വൈവിദ്ധ്യത്തിനുമപ്പുറത്തേക്ക്, ആർക്കും വളരുവാനാകില്ല. ഗുണനിലവാരമുള്ള സുഹൃദ്
വലയമാണ്, ഗുണനിലവാരമുള്ള ജീവിതം ഒരാൾക്കു പ്രദാനം ചെയ്യുന്നത്. പരുന്താകാനാഗ്രഹിക്കുന്നുവെങ്കിൽ, കോഴിക്കുഞ്ഞുങ്ങളുടെ കൂടെ ചുറ്റിക്കറങ്ങരുത്. ഉയർന്നു പറക്കാൻ ആഗ്രഹിച്ചാലും, സാദ്ധ്യമായി എന്നു വരില്ല. കോഴിയുടെ കൂടെക്കൂടുന്നവർക്കു കോഴിയേപ്പോലെ ആകാനേ കഴിയൂ.
തങ്ങളിൽ നിന്നു വ്യത്യസ്ഥരായവരെ അംഗീകരിക്കരുതെന്നോ, കഴിവു കുറഞ്ഞുവരെ അവഗണിക്കണമെന്നോ ഒന്നുമല്ല അർത്ഥം. മറ്റുള്ളവരുടെ പരിമിതികൾ സ്വന്തം വളർച്ചയ്ക്കു വിഘാതമാകരുതെന്നു മാത്രം. അങ്ങനെയുള്ളവരെ മാതൃകയാക്കെരുതെന്നു മാത്രം. ക്രീയാത്മക സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കുവയ്ക്കുന്നവരാടൊപ്പം വേണം നാം സമയവും സാദ്ധ്യതകളും പങ്കിടേണ്ടത്. അവരെ വേണം മാതൃകകളാക്കേണ്ടത്.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.