പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല; ആ ദിവസങ്ങളിൽ യാമപ്രാർത്ഥനകൾ ചൊല്ലേണ്ടതും നോമ്പിന്റേതാണ്; (കുർബാന ക്രമത്തിലെ സ്ലീബായുടെ പ്രാർത്ഥനകളല്ല). ദുഃഖശനിയാഴ്ച കുർബാന ഏകദേശം 10:30 / 11:00 am ന് ആരംഭിച്ചാൽ മതിയാകും. പ്രഭാത പ്രാർത്ഥന നോമ്പിന്റെ പദ്യമാണെങ്കിൽ 9:30 / 10 നോട് കൂടിയും തുടങ്ങാം; നോമ്പിന്റെ ഗദ്യമാണെങ്കിൽ 10 / 15 മിനിറ്റ് താമസിച്ച് ആരംഭിക്കാം.
എന്നാൽ പല പള്ളികളിലും ഇതൊന്നും ശ്രദ്ധിക്കാതെയാണ് കാര്യങ്ങൾ നടത്തുന്നത്. പൂർവ്വിക പിതാക്കന്മാർ നമുക്ക് ഏല്പിച്ചു തന്ന മഹത്തായ വിശ്വാസ പാരമ്പര്യങ്ങൾ നാം സൂക്ഷിക്കേണ്ടവരും അതിൻ പ്രകാരം നടപ്പിലാക്കേണ്ടതുമാണ്. എന്നാൽ ഇന്ന് പള്ളികളിൽ പൂർവ്വിക പിതാക്കന്മാർ കാണിച്ചു തന്ന പാരമ്പര്യങ്ങൾ പറയുമ്പോൾ, അല്ലെങ്കിൽ നടപ്പിലാക്കണമെന്ന് പറയുമ്പോൾ പള്ളികളിലുള്ള പ്രമുഖർ (എല്ലാവരുമല്ല ചിലർ മാത്രം) അത് വേണ്ട അച്ചാ, മുന്നമേ വന്നവർ ഇങ്ങനെ ഒന്നുമല്ല ചെയ്തത്, അവർ ചെയ്തതു പോലെ അച്ചൻ ചെയ്താൽ മതി, എന്നോക്കെയാണ്. പലപ്പോഴും അച്ചന്മാർ അവർക്ക് വിധേയപെടെണ്ട സാഹചര്യമാണ്. ഉദാ. ദുഃഖശനിയാഴ്ച വി.കുർബ്ബാന രാവിലെ 10:30 ക്ക് ആരംഭിക്കാമെന്നു പറഞ്ഞാൽ പള്ളിയിലുള്ളവർ പറയുന്നത് അച്ചാ, ഞങ്ങൾക്ക് ഇത്ര സമയം ഉപവസിച്ചിരിക്കാൻ പറ്റില്ല. ഞങ്ങൾക്ക് അസുഖങ്ങളുണ്ട്. അതുകൊണ്ട് രാവിലെ അച്ചൻ
വി.കുർബ്ബാന തുടങ്ങണമെന്ന്. പലപ്പോഴും അച്ചന്മാർ ഇവരെപ്പോലെയുള്ളവരുടെ മുമ്പിൽ മിണ്ടാതിരുന്ന് ഇവർ പറയുന്നത് അനുസരിക്കേണ്ട അവസ്ഥയാണ്.
പിതാക്കന്മാർ നമുക്ക് ഏല്പിച്ചുതന്ന മഹത്തായ വിശ്വാസ പാരമ്പര്യങ്ങൾ നാം സൂക്ഷിക്കേണ്ടവരല്ലേ? എല്ലാത്തിനും, എളുപ്പം കാര്യങ്ങൾ നടത്താൻ ശ്രമിക്കുന്നത് അഭികാമ്യമോ എന്ന് ചിന്തിക്കുക.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ. പട്ടാഴി.