Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മുടക്ക്, മഹറം.

പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചു പോകുന്നവരെ മുടക്കുക എന്ന സമ്പ്രദായം ആദിമകാലം മുതലേ കാനോനികമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. എങ്കിലും, എന്താണ് മുടക്കെന്നും അതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും  കേട്ടുകേൾവിയല്ലാതെ ഇക്കാര്യങ്ങളെല്ലാം മലങ്കരയിലെ വിശ്വാസികൾക്ക് ഇപ്പോഴും വലിയ നിശ്ചയമൊന്നുമില്ല. ഇതിനെപ്പറ്റി മഹറം ലഭിച്ചവർ കേവലമൊരു മുടക്ക് മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ചിലരൊക്കെ അവരുടെ ആളുകളുടെയിടയിൽ തെറ്റിദ്ധാരണകൾ പരത്തുന്നുമുണ്ട്. ചിലർ സത്യത്തെ വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്നു. (മഹറം ചെയത കല്പനയുടെ രേഖകളെല്ലാം ഡോക്യുമെന്റഡ് ആയതിനാൽ ആകമാന സുറിയാനി സഭയുടെ പിതാക്കന്മാർക്കും മറ്റ് സഭാ മേലദ്ധ്യക്ഷന്മാർക്കും അറിയാം). മറ്റു ചിലരാകട്ടെ മുടക്കാൻ ആർക്കും പറ്റില്ലെന്നും അങ്ങനെയൊരു രീതിയില്ലെന്നും അതിന് ഒരാൾക്കും അധികാരമില്ലെന്നും, ഇനി ഉണ്ടെങ്കിൽത്തന്നെ അത് അനുസരിക്കില്ലെന്നും, അതിന്റെ ആവശ്യമില്ലെന്നും വാദമുന്നയിക്കുന്നു. അമോലോഗ്യയിലെ സത്യം ലംഘിച്ചപ്പോൾത്തന്നെ മുടക്ക് കല്പനയില്ലാതെ തന്നെ അവർ പൗരോഹിത്യത്തിൽനിന്നും സ്വയം ഉരിയപ്പെട്ടു എന്നുപോലും തിരിച്ചറിയാത്തവരോട് എന്തു പറയാനാ. കണ്ണടച്ചാൽ ഇരുട്ട് ലഭിക്കുമെന്നത് സത്യമാണ്. പക്ഷേ, കണ്ണടയ്ക്കുന്നവനു മാത്രമേ അന്ധകാരമുള്ളൂ, ചുറ്റുമുള്ളവരെല്ലാം പ്രകാശത്തിലാണ് നിൽക്കുന്നതെന്ന് അറിവുണ്ടാകണം. സ്വയം പൊട്ടനാണെന്ന അവകാശപ്പെടുന്നവരെ (അഭിമാനിക്കുന്ന) ആർക്കു തിരുത്താൻ കഴിയും. മുടക്കിനെപ്പറ്റിയും മഹറം ചെയ്യുന്നതിനെപ്പറ്റിയും എല്ലാവരും അറിയുവാൻവേണ്ടി വിശദമായ കാര്യങ്ങൾ ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഒപ്പം പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ 360/75-ാം നമ്പറിലുള്ള മഹറം ചെയ്ത കല്പനയും ഇതിനോടൊപ്പം ചേർത്തിരിക്കുന്നു.

പ്രസിദ്ധീകരണം:-

മാറാച്ചേരി ഇട്ടീരാ മല്പാനച്ചന്റെ 'പരിശുദ്ധാത്മാവും വിശുദ്ധ പട്ടത്വവും' ലേഖനം. 1952-ൽ പ്രസിദ്ധീകരിച്ചത്. എം.ഓ.സി പബ്ലിക്കേഷൻസ്. കോട്ടയം.

ലേഖകനെപ്പറ്റി:-

കോതമംഗലം മാറാച്ചേരിൽ ഇട്ടേരയുടേയും കുഞ്ഞമ്മയുടേയും പുത്രനായി ഇട്ടിര എന്ന എബ്രഹാം 1884 മെയ് 10-നു ജനിച്ചു. സുറിയാനി ഭാഷയിലും പാരമ്പര്യത്തിലും അഗാധ പാണ്ഡിത്യം നേടിയ ഇട്ടീരാ കത്തനാർ, വിശ്വാസസംബന്ധിയായി ചെറുതും വലുതുമായ അനേക കൃതികൾ മലയാളത്തിൽ എഴുതി. മികച്ചൊരു പ്രഭാഷകനുമായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ അനേകം മേല്പട്ടക്കാരും പ്രഗത്ഭ വൈദികരും ഉൾപ്പെടുന്നു.

1961 ഒക്ടോബർ 10-നു 78-മത്തെ വയസ്സിൽ നിര്യാതനായി. സുറിയാനി സഭയുടെ കോതമംഗലം ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്നു.

1. എന്താണ് മുടക്ക്?

'മുടക്ക്' എന്നപദത്തിനു തടസ്സം എന്നർത്ഥമാകുന്നു. വിശുദ്ധ പട്ടത്വവരത്തിലെ അധികാരസ്ഥാനികളെയോ, അനുഗ്രഹസ്ഥാനികളെയോ, അത്മായക്കാരെയൊ ഏതെങ്കിലും കുറ്റം നിമിത്തം അവരുടെ അധികാരാവകാശങ്ങളിൽ നിന്നു വിരോധിക്കുന്നതായാൽ അതു 'മുടക്ക്' എന്നു പറയപ്പെടുന്നു. വിരോധിച്ചു എഴുതുന്ന തായാൽ അതു 'മുടക്കുകല്പനയും' ആകുന്നു. ദൈവാനുഗ്രഹത്തിൽ വിശുദ്ധിയോടെ വളരണമെന്നുദ്ദേശിച്ച് സ്വാതന്ത്ര്യത്തോടുകൂടി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന യാതൊരു സൃഷ്ടിയും നിശ്ചിത നിയമങ്ങളിലൂടെയല്ലാതെ ദൈവാനുഗ്രഹം പ്രാപിച്ചു വിശുദ്ധിയിൽ വളർന്നുവരുവാൻ സാദ്ധ്യമല്ല. നിയമലംഘനം പാപവും, പാപം ദൈവാനുഗ്രഹത്തിൽ നിന്ന് നമ്മെ അകറ്റുന്നതുമാകുന്നു. എങ്കിലും നിയമത്തെ ലംഘിക്കുന്നവൻ പാപമോചനത്തിനു വേണ്ടി വിശുദ്ധ സഭയുടെ ചട്ടപ്രകാരം കുമ്പസാരിച്ച് പ്രായശ്ചിത്തം നിവർത്തിക്കുകയും വിശുദ്ധ കുർബാന അനുഭവിക്കുകയും ചെയ്യുന്നതായാൽ പാപമോചനം പ്രാപിക്കുന്നതിനും വീണ്ടും ദൈവാനുഗ്രഹത്തിൽ വളരുവാൻ തക്കവണ്ണം യോഗ്യനായിത്തീരുന്നതിനും സാധിക്കുന്നു. കുമ്പസാരിക്കുന്നവൻ വിശുദ്ധ സഭയുടെ ചട്ടത്തിനു അധീനനാകയാൽ അവന്റെ പാപങ്ങൾ മോചിക്കപ്പെടുന്നതിനല്ലാതെ പിടിക്കപ്പെടുന്നതിനൊ തന്മൂലം മുടക്കപ്പെടുന്നതിനൊ അർഹനല്ല. എന്നാൽ വിശുദ്ധ സഭാനിയമങ്ങളോടും വെളിപ്പെട്ട സത്യങ്ങളോടും മത്സരിക്കുകയും, വിശുദ്ധാത്മാവിനെ സാക്ഷി നിറുത്തി സത്യവാചകം മൂലം ദൈവമുമ്പാകെ സത്യം ചെയ്‌തു സമ്മതിച്ചതിനെതിരായി ധിക്കാരത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നവൻ കഠിന ശിക്ഷയ്ക്കർഹനായി തീരുന്നു. ആളാം പ്രതിയും, പലർ കൂടിയും, സഭ (സുന്നഹദോസ്) കൂടിയും, ഗുണദോഷിച്ചിട്ടും തന്റെ ധിക്കാര പ്രവൃത്തിയിൽനിന്നു പിന്തിരിയാത്തപക്ഷം അവൻ മുടക്കുമൂലം ശിക്ഷിക്കപ്പെടേണ്ടവനാകുന്നു. മുടക്കു മൂലം ശിക്ഷിക്കപ്പെട്ടിട്ടും അനുതപിച്ചു തിരിച്ചു വരാതെ വീണ്ടും വിശുദ്ധ സഭയെ ഉപദ്രവിക്കുകയും മത്സരബുദ്ധ്യാ പിന്നെയും മിശിഹായെ നിന്ദിക്കുകയും ചെയ്യുന്നവനോട് വിശുദ്ധ സഭ രണ്ടാമതു ചെയ്യുന്ന കൃത്യത്തിനു “മുടക്കു" എന്നല്ല “മഹറം” എന്നത്രെ പേർ പറയുന്നത്. മുടക്കു മൂലം ശിക്ഷിക്കപ്പെടുന്നവൻ കഠിനരോഗം പിടിപെട്ടു കിടക്കുന്നവനോടും “മഹറം" മൂലം ശിക്ഷിക്കപ്പെടുന്നവൻ മരിച്ചുപോകുന്നവനോടും സദൃശനാകുന്നു.

പ്രകാശവാഹികളായിരുന്ന ആത്മീയർ ദൈവാനുഗ്രഹത്തിൽ വിശുദ്ധിയോടെ വളരുവാനായി ദൈവത്തിൽനിന്നു തങ്ങൾക്കു ലഭിച്ചിരുന്ന നിയമത്തെ ലംഘിക്കുകയാൽ ആത്മീയ ലോകത്തിൽ നിന്നും മുടക്കുമൂലം ബഹിഷ്ക്കരിക്കപ്പെട്ടുപോയി. അപ്രകാരം തന്നെ നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമും ഹൗവ്വായും ദൈവാനുഗ്രഹത്തെ പ്രതി നിയമാനുസരണം വളർന്നു വിശുദ്ധി പ്രാപിക്കാമെന്നുള്ള ദൃഢനിശ്ചയത്തിന്മേൽ പറുദീസായിൽ പ്രവേശിക്കുകയും അവിവേകം മൂലം നിയമലംഘനത്തിനിടവരികയും മുടക്കുമൂലം ശിക്ഷിക്കപ്പെടുകയും പറുദീസായിൽ നിന്നു പുറത്താക്കപ്പെടുകയും ചെയ്‌തു. ക്രിസ്തീയ സഭയുടെ നിഴലായിരുന്ന യഹൂദസഭയും അതിലെ അംഗങ്ങളുടെ വിശുദ്ധിയെ ഉദ്ദേശിച്ച് ദൈവത്തിൽ നിന്നു ലഭിച്ചിരുന്ന നിയമങ്ങളെ ലംഘിക്കുന്നവരെ ലഘുവായും കഠിനമായും ശിക്ഷിച്ചിരുന്നു. (യോഹ.9:22). അവരുടെയിടയിൽ നടത്തിവന്നിരുന്ന ലഘുശിക്ഷ മുപ്പതു ദിവസത്തേയ്ക്കു പള്ളിയ്ക്കു പുറത്തു തിരിക്കുന്നതും, കഠിനശിക്ഷ “മഹറം" മൂലം പള്ളിയിൽ നിന്നും അശേഷം തള്ളിക്കളയുന്നതുമായിരുന്നു. തദ്ദനുസരണമായിട്ടുതന്നെ ക്രിസ്‌തീയ സഭയും, സഭയെ അനുസരിക്കാത്ത പരസ്യദോഷികളെ മുടക്കു മൂലം ശിക്ഷിക്കണമെന്നും, മുടക്കു ശിക്ഷ അനുഭവിച്ചിട്ടും തിരിച്ചുവരാതെ വിശുദ്ധ സഭയോടു മത്സരിക്കുന്നവരെ “മഹറം” മൂലം ശിക്ഷിച്ചു വിശുദ്ധ സഭയിൽ നിന്നു തീരെ തള്ളിക്കളയണമെന്നും ആരംഭത്തിൽത്തന്നെ നിശ്ചയിക്കുകയും ആ നിശ്ചയത്തെ വിശുദ്ധ സഭ ഒരു ചട്ടമായി കൈക്കൊണ്ട് പോരുകയും ചെയ്യുന്നു.

പുത്രസ്വീകാരത്തിന്റെ പരിശുദ്ധാത്മാനുഗ്രഹത്തിൽ സ്ഥിതിചെയ്യുന്നവർക്കു ദൈവത്തിൽ നിന്നു ലഭിച്ചിരിക്കുന്ന നിയമങ്ങൾ വിവിധങ്ങളായിരിക്കുന്ന പ്രകാരംതന്നെ അതിനോടു മത്സരിക്കുന്നവർക്കുള്ള ശിക്ഷയും വിവിധങ്ങളാകുന്നു. എങ്കിലും അവയെ സാമാന്യം രണ്ടായി ഭാഗിച്ചു താഴെ കാണിക്കുന്നു.

A. മുടക്ക്:-

a. വിശുദ്ധ കൂദാശകൾ ആദിയായ കർമ്മങ്ങളിലും മറ്റും സംബന്ധിച്ചു വളരുവള്ള അനുഗ്രഹങ്ങളിൽ ചിലതിനെയോ, എല്ലാറ്റിനെയുമോ ക്ലിപ്‌ത കാലാവധി വെച്ചൊ, അല്ലാതെയൊ വിരോധിക്കുന്നു.

b. വിശുദ്ധ കൂദാശകളാദിയായ കർമ്മങ്ങളും മറ്റും നടത്തുന്നതിനും വിശ്വാസികളെ അതിൽ സംബന്ധിപ്പിച്ച് വളർത്തുന്നതിനുമായി നൽകപ്പെട്ട അധികാരങ്ങളിൽ ചിലതിനെയോ എല്ലാറ്റിനെയമോ ക്ലിപ്ത‌ കാലാവധി വെച്ചൊ, അല്ലാതെയൊ വിരോധിക്കുന്നു.

B. മഹറം:-

വിശുദ്ധ സഭയിൽ നിന്നു പരിഛേദം തള്ളുക.

2. മുടക്കിന്റെ ഉദ്ദേശം എന്താണ്?

മുടക്കിനു കാരണമായിത്തീർന്ന പാപത്തിൽ കുറ്റക്കാരൻ വീണ്ടും ആ തെറ്റിൽ ഉൾപ്പെടുവാൻ ഭയപ്പെടുകയും തന്നിമിത്തം വിശുദ്ധ സഭായേയും അതിൻ്റെ നിയമങ്ങളേയും ആചരിപ്പാൻ നിർബന്ധിതനായിത്തീരുകയും അനുതാപത്തിനു വഴിയുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന ഒന്നാകുന്നു മുടക്ക്. അതിനാൽ മുടക്ക്, പാപി തന്റെ പാപത്തിൽ നിന്നു പിന്തിരിഞ്ഞ് നിത്യാനന്ദം അനുഭവിപ്പാൻ യോഗ്യനായിതീരണമെന്നു ഉദ്ദേശിക്കുന്നതാകുന്നു. (1.തിമൊ.5:20) മറ്റു വിശ്വാസികളുടെ സ്ഥിരതയ്ക്കും കണ്ടുപഠിത്തത്തിനുമായി യുക്തംപോലെയും കുറ്റത്തിനു തക്കവണ്ണവും അവയെ പുറപ്പെടുവിക്കാവുന്നതാകുന്നു. മുടക്കപ്പെട്ടവൻ്റെ കുറ്റവും അതുനിമിത്തം ഏതു സംഗതിയിൽ നിന്നു അവൻ മുടക്കപ്പെട്ടിരിക്കുന്നു എന്നുള്ളതും ഏതു രീതിയിൽ വിശ്വാസികൾ അവനോടു സഹകരിക്കണമെന്നുള്ളതും മുടക്കു കല്പനയിൽ പ്രത്യേകം പ്രസ്‌താവിച്ചിരിക്കണം.

3. മുടക്കിന്റെ ഉദ്ദേശത്തെ വെളിപ്പെടുത്തുന്ന പ്രസംഗം. (സ്വർഗ്ഗരാജ്യം).

മനുഷ്യന്റെ സൗഭാഗ്യം സ്വർഗ്ഗരാജ്യമാകുന്നു. അതിലെ ആനന്ദം ദൈവത്തോടുകൂടിയുള്ള സംസർഗ്ഗമത്രെ. സ്വർഗ്ഗരാജ്യത്തെ "മോക്ഷരാജ്യം", "ദൈവരാജ്യം", "നിത്യജീവൻ", "നിത്യാനന്ദം" ഇങ്ങനെ പലപേരുകളിൽ നാം അറിയുന്നു. ഇവയെല്ലാം ഈ രാജ്യത്തിൻ്റെ മഹിമയെ സൂചിപ്പിക്കുന്നവയാണ്. ഈ രാജ്യം സർവ്വ സന്തോഷങ്ങളും നിറഞ്ഞ രാജ്യമാകുന്നു. ഇതിൻ്റെ അധിപൻ ദൈവമെന്നു കേൾക്കുമ്പോൾത്തന്നെ ഇതിലെ സുഖം, സന്തോഷം ആദിയായവ എത്രയോ ശ്ലാഘ്യമെന്നു ഊഹിക്കാവുന്നതാണ്. ഈ രാജ്യത്തിന്നായിട്ടാകുന്നു നാം യത്നിക്കുന്നതും യത്നിക്കേണ്ടതും. ദൈവപുത്രന്റെ മനുഷ്യാവതാര കൃപാദാനങ്ങൾ (വിശുദ്ധ കൂദാശകൾ) വഴിയായിട്ടത്രെ ഈ രാജ്യത്തെ ബന്ധിച്ചിരിക്കുന്നതും. അതി നാലത്രെ “നിന്റെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണ്ണ മനസ്സോടും നിൻ്റെ ദൈവമായ കർത്താവിനെയും, നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം". എന്നു കല്പിച്ചത്.

സ്നേഹപൂർത്തിയെ ഉളവാക്കുന്നത് അറിവാകുന്നു. സത്യ അറിവ് എത്രമാത്രം വർദ്ധിക്കുന്നവോ തദ്ദനുസരണയായി സ്നേഹവും വർദ്ധിക്കുന്നതാണ്. അറിയാതെ സ്നേഹിക്കുക അസാദ്ധ്യമാകുന്നു. നമുക്കു അറിയപ്പെടാത്ത വല്ല വസ്തുവിനെയോ, ആളിനെയോ നാം സ്നേഹിക്കുന്നുണ്ടോ? ചിന്തിക്കുക. ഇല്ല, അതിനാൽ ഒരുവൻ ദൈവത്തെ സംബന്ധിച്ച് എത്രമാത്രം സത്യമായിട്ടറിയുന്നുവോ അത്രയ്ക്കു ദൈവത്തോടുള്ള സ്നേഹവും വർദ്ധിച്ചിരിക്കും. ദൈവത്തെ അറിവാൻ പല വഴികളുമുണ്ടെങ്കിലും പ്രധാനമായുള്ളവ വിശുദ്ധ സഭയും വേദപുസ്‌തകവും ആകുന്നു. വിശുദ്ധ സഭയിൽ നിന്നും വേദപുസ്തകത്തിൽ നിന്നും ദൈവത്തിന്റെ സർവ്വശക്തി, വിശുദ്ധി, സ്നേഹം ആദിയായവ സംബന്ധിച്ച് നമുക്കറിവാൻ സാധിക്കുന്നു.

ഇപ്രകാരമുള്ള അറിവ് ധ്യാനം മൂലം ഹൃദയത്തിൽ സ്ഥിരപ്പെടുകയും നിറയുകയും വികസിക്കുകയും ചെയ്യുന്നു. ധ്യാനിച്ച് സ്ഥിരപ്പെടുത്തുന്നവ മനുഷ്യമനസ്സിൽനിന്നു പെട്ടെന്നു വിട്ടുപോകുവാൻ എളുപ്പമല്ല. അതിനാൽ വിശുദ്ധ സഭാവഴിയായും വിശുദ്ധ പുസ്‌തകങ്ങൾ മൂലവും ഉപദേശങ്ങൾ വഴിയായും നാം അറിയുന്നവയെ സംന്ധിച്ച് ധ്യാനിക്കുന്നത് ഉത്തമമാകുന്നു.

കണ്മോഹം, ശരീരമോഹം ആദിയായി ലോകത്തിലുള്ളവയെ വെടിയാതെ ധ്യാനത്തിലിരിപ്പാൻ ഒരുവനും സാദ്ധ്യമല്ല. പ്രപഞ്ചം മനുഷ്യമനസ്സിനെ ആകർഷിക്കുന്ന ഒന്നാകുന്നു. അതിനാൽ ലോകത്തെ വെറുക്കുന്നതുകൊണ്ടു ധ്യാനപൂർത്തിയുണ്ടാകുന്നതാണ്.

മോഹത്തെ അടക്കാതെ വെറുക്കുവാൻ സാദ്ധ്യമല്ല. ലോകത്തിലുള്ളവയെല്ലാം കാണ്മോഹവും ആയുസ്സിന്റെ അഹംഭാവവും എന്നു പറഞ്ഞുവല്ലൊ. മോഹത്തെ അടക്കുന്നവൻ ലോകത്തെ ജയിക്കുന്നു.

മോഹത്തെ അടക്കുവാനുള്ള ഉത്തമ മാർഗ്ഗം പ്രമാണങ്ങളെ ആചരിക്കുക എന്നതാകുന്നു. വ്യഭിചരിക്കണമെന്ന മോഹം. വ്യഭിചരിക്കരുതെന്നു പ്രമാണം. ഈ പ്രമാണം ആചരിക്കുന്നതായാൽ വ്യഭിചരിക്കണമെന്ന മോഹം ഒളിച്ചോടിപ്പോകുന്നു.

പ്രമാണാചാരം ഭയത്താലാണ് ഊർജ്ജിതപ്പെടുന്നത്. ഭയമില്ലെങ്കിൽ പ്രമാണങ്ങളെ ആചരിപ്പാൻ സാദ്ധ്യമല്ല. ആർക്കു ഭയമുണ്ടോ അവൻ കല്പനകളെ ആചരിക്കുന്നു. ഭയമുള്ളവൻ ജ്ഞാനത്തിൻ്റെ പ്രാരംഭപടിയിൽ എത്തുകയും ചെയ്തിരിക്കുന്നു. ഈ ഭയം വർത്തമാനകാല ദുരിതങ്ങളാലും ഭാവികാല കഷ്ടതകളാലും ഉളവാകുന്നു. സഭാശാസന, മുടക്ക്, രോഗം, പീഡ മുതലായവ വർത്തമാനകാലാ ദുരിതങ്ങളാകുന്നു. ഇവ ഭോഷന്മാർക്കും കുട്ടികൾക്കും നല്ലതാകുന്നു. എന്തെന്നാൽ "ഭോഷൻ്റെ മുതുകിനു വടി; കുട്ടികൾ നേർവഴിയിൽ നടപ്പാൻ അവരുടെ നേരെ വടി ചുളുക്കുക" എന്നുണ്ടല്ലോ.

ദൈവത്തിൻ്റെ ക്രൂരശബ്ദം, നിത്യാനന്ദനഷ്ടം, പറുദീസാ നഷ്ടം, കെടാത്ത തീ, ചാകാത്ത പുഴു ആദിയായവ ഭാവികാലകഷ്ടതകളാകുന്നു. ഇവ ബുദ്ധിമാന്മാർക്ക് നല്ലതാകുന്നു. നാം ഭോഷന്മാരെങ്കിൽ വർത്തമാനകാല ദുരിതത്തെയോർത്ത് ഭയപ്പെടും. സ്വർഗ്ഗരാജ്യത്തെ സംബന്ധിക്കുന്ന സകല കല്പനകളെയും ആചരിച്ച്, മോഹത്തെയടക്കി, ലോകത്തെ വെറുത്ത്, ധ്യാനത്തിലിരുന്ന്, അറിവു സമ്പാദിച്ച്, ദൈവത്തെ സ്നേഹിച്ച് നിത്യാനന്ദമാകുന്ന സ്വർഗ്ഗരാജ്യം അവകാശമാക്കുവാൻ പരിശുദ്ധാത്മാവാകുന്ന ദൈവം നാമെല്ലാവരെയും സഹായിക്കുമാറാകട്ടേ.

4. മുടക്കപ്പെടേണ്ടവർ ആരെല്ലാം?

വിശുദ്ധ സഭയുടെ വെടിപ്പു, വിശുദ്ധി മുതലായവ പാലിക്കേണ്ടതിനായിട്ടാകുന്നു അനുസരണമില്ലാത്ത പരസ്യദോഷികളെ മുടക്കണമെന്നു വിശുദ്ധ സഭ തീരുമാനിച്ചിരിക്കുന്നത്. മുടക്കിനെ സംബന്ധിച്ച് സഭയിലെ മല്പാന്മാർ കൂടി ആലോചിച്ചതിൽ മുടക്കപ്പെട്ടിട്ടും തിരിച്ചുവരാത്തവരായി താഴെ പറഞ്ഞിരിക്കുന്ന മൂന്നു കൂട്ടർ “മഹറം” ചെയ്യപ്പെടണമെന്നു പാസാക്കിയിരിക്കുന്നു. ഈത്തിക്കോൻ (മെമ്രാ 3. അദ്ധ്യായം 5. വാക്യം 9).

1. മിശിഹായെ ഉപേക്ഷിക്കുന്നവർ.

2. വേദവിപരീതികൾ.

3. ദുഷ്പ്രവൃത്തിക്കാർ.

“മഹറം” എന്നത് ഏതെങ്കിലും ഒന്നിനെ ദൈവത്തിൽ നിന്നു അന്യമാക്കിത്തീർക്കുന്നതിനു ഉപയോഗിക്കുന്ന പദമാകുന്നു. ഈ പദത്തിന് 'ശപിച്ചു', 'മുടക്കി', 'അന്യമാക്കി' എന്നാദിയായ അർത്ഥങ്ങളുമുണ്ട്. തിരിച്ചുവരുമെന്നു ആശയില്ലാത്ത പിശാചുക്കളെ ഒഴിച്ച് യാതൊരുത്തനെയും മഹറം ചെയ്തുകൂടായെന്നാകുന്നു ഈഹീദായക്കാരുടെ അഭിപ്രായം. മിശിഹായെ ഉപേക്ഷിച്ചവൻ തന്നിൽ വിശ്വസിച്ചുവെന്നും വേദവിപരീതി സത്യവിശ്വാസിയായിത്തീർന്നുവെന്നും, ദുഷ്പ്രവൃത്തിക്കാരൻ അനുതപിച്ചു തിരിഞ്ഞു എന്നും വരാവുന്നതാണ് എന്നത്രെ അവർ പറയുന്നത്. (ഈത്തി - മി 3. അ 5. വാ. 9).

എങ്കിലും കുറ്റക്കാരെ ശിക്ഷിക്കാതിരുന്നാൽ  സഭ ആത്മീയാന്തരീക്ഷത്തിൽ മുമ്പോട്ടു വളർന്നുവരുവാനിടയില്ല. അതിനാൽ ഭോഷന്മാരെയും ധിക്കാരികളെയും ശിക്ഷിച്ചു വളർത്തേണ്ടതു സഭാമാതാവിൻ്റെ ചുമതലയാകുന്നു. വിശുദ്ധ പട്ടത്വത്തിലെ അധികാരസ്ഥാനികളൊ അനുഗ്രഹസ്ഥാനികളൊ, അത്മായക്കാരൊ ആരായിരുന്നാലും വിശുദ്ധ സഭയുടെ ചട്ടത്തിനെതിരായി ജീവിക്കുന്ന പരസ്യദോഷികളെ ആളാംപ്രതിയും പലർകൂടിയും സഭ കൂടിയും ഉപദേശിച്ചിട്ടും തിരിച്ചു വരാതിരുന്നാൽ അങ്ങനെയുള്ളവർ മുടക്കപ്പെടേണ്ടവരാകുന്നു.

5. പരിശോധന, ഉപദേശം ഇവകൂടാതെ മുടക്കു പ്രസ്ഥാവിക്കരുത്.

കുറ്റക്കാരനെ സംബന്ധിച്ചുണ്ടാകുന്ന കേസുകളെ പരിശോധിക്കുകയും, നേരിട്ടോ ഒന്നുരണ്ടു സഹായികളോടുകൂടെയോ സുന്നഹദോസുമൂലമോ ഉപദേശം നടത്തുകയും സാക്ഷിതെളിയുകയും ചെയ്യുന്നതിനു മുമ്പായി മുടക്കു പ്രസ്താവിപ്പാൻ സഭ അനുവദിക്കുന്നില്ല. അവിശ്വാസി, വേദവിപരീതി ഇവരുടെ സാക്ഷി സ്വീകാര്യവുമല്ല.

6. മുടക്കുവാനുള്ള അധികാരം.

വിശുദ്ധ സഭയിൽ അനുസരണമില്ലാത്തവരും കുറ്റക്കാരുമായി കണ്ടെത്തപ്പെടുന്നവർ താന്താങ്ങളുടെ മേലധികാരികളാലോ സുന്നഹദോസുകളാലോ മുടക്കപ്പെടുന്നു. അത്മായക്കാരുടെമേൽ ആചാര്യന്മാർക്കു അധികാരമുണ്ടെന്നിരുന്നാലും കുറ്റക്കാരായി കണ്ടെത്തപ്പെടുന്നവരെ തൽക്കാലത്തേയ്ക്കു വേർതിരിച്ചു നിറുത്തുവാനല്ലാതെ മുടക്കുവാൻ അവർക്കനുവാദമില്ല. എങ്കിലും കുറ്റക്കാരെ സംബന്ധിച്ചുള്ള കേസുകൾ ഇടവകാദ്ധ്യക്ഷനെ അറിയിക്കുകയും അദ്ദേഹത്തിൽ നിന്നു രേഖാമൂലം അനുവാദം വാങ്ങി വേണ്ടതു പ്രവർത്തിക്കുകയും ചെയ്യുന്നതിന് വിരോധമില്ലാത്തതാകുന്നു. എന്നാൽ കുറ്റക്കാരൻ പ്രധാനാചാര്യനെങ്കിൽ അന്വേഷണം, ഉപദേശം മുതലായ സുന്നഹദോസിലെ അംഗങ്ങളായ പ്രധാനാചാര്യന്മാർ തന്നെ നടത്തേണ്ടതാകുന്നു. എന്തെന്നാൽ ഒരു പ്രധാനാചാര്യൻ വാഴിക്കപ്പെടുകയോ മുടക്കപ്പെടുകയോ ചെയ്യുമ്പോൾ രണ്ടോ മൂന്നോ പ്രധാനാചാര്യന്മാർ ഉണ്ടായിരിക്കണമെന്നതു അപ്പോസ്തോലിക നിയമമാകുന്നു.

വിശുദ്ധ പത്രോസ് അപ്പോസ്തോലനു താക്കോൽ സഹിതം വിശുദ്ധ പട്ടത്വം മൂലം ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ സഭയിൽ ചേർക്കുവാനുള്ള അധികാരം കൊടുത്തു. അതോടുകൂടെ കെട്ടുവാനും അഴിപ്പാനും, അല്ലെങ്കിൽ പാപങ്ങളെ
പിടിക്കുവാനും മോചിക്കുവാനുമുള്ള അധികാരം കൂടെ നൽകപ്പെട്ടു. കെട്ടുക, അഴിക്കുക എന്നു പറയുന്നതുതന്നെയും ആളുകളെയല്ല, അധികാരങ്ങളേയോ ഓഹരികളേയോ ആകുന്നു. ആയതു കർത്താവിന്റെ നാമത്തിൽ കൃപാവഴികളിൽ ഉൾപ്പെടുത്തുവാനും കുറ്റക്കാരെ അവയിൽനിന്നു പുറത്താക്കുവാനുമുള്ള അധികാരം തന്നെ. ഈ അധികാരം ദൈവവും ഓരോരുവന്റെ ആത്മാവും തമ്മിലുളള സംബന്ധംമൂലം ദൈവഭൃത്യൻ മുഖാന്തിരം ഉപയോഗപ്പെടുത്തുന്നു എന്നേയുള്ളൂ. അതു കഠോരമോ രക്ഷയെ ആശിക്കുന്നതായ ക്രിസ്‌തീയ സ്വാതന്ത്ര്യത്തെ തടയുന്നതോ ആകരുത്. അധികാരമുള്ള ആചാര്യനോ പ്രധാനാചാര്യനോ മുഖാന്തിരം ദൈവത്തിന്റെ വിധി തൻ്റെ നാമത്തിൽ ഉച്ചരിക്കപ്പെടുന്നു. അതും വാക്കു മൂലമോ രേഖാമൂലമോ പൊതുവെ സഭയിൽ പ്രസ്താവിക്കുകയും ചെയ്യുന്നു.

7. മുടക്കിനെ കുറ്റക്കാരൻ അനുസരിക്കണം.

വിശുദ്ധ സഭയെ അനുസരിക്കുന്നവൻ മുടക്കിനേയും അനുസരിക്കേണ്ടതാകു ന്നു. എന്തെന്നാൽ മുടക്കു കുറ്റക്കാരെ ശിക്ഷിച്ചു വളർത്തുവാൻ വേണ്ടി  സഭ ഏർപ്പെടുത്തിയിട്ടുള്ള ഒരു ചട്ടമാകുന്നു. മത്സരിക്കുന്നവനോടുകൂടെ വിശുദ്ധ സഭയാകുന്ന ക്രിസ്തു ഉണ്ടായിരിക്കയില്ല. ക്രിസ്‌തുവിനെ കൂടാതെ ചെയ്യുന്ന ഒന്നും സാധുവായിരിക്കയുമില്ല. അതുമാത്രമല്ല, മുടക്കപ്പെട്ട കുറ്റക്കാരൻ വിശുദ്ധ സഭയോടും അതിന്റെ നിയമത്തോടും മത്സരിച്ചു വീണ്ടും മിശിഹായെ നിന്ദിക്കുന്നപക്ഷം അവൻ പരിച്ഛേദം വിശുദ്ധ സഭയിൽ നിന്നും മഹറം മൂലം തള്ളിക്കളയപ്പെടുന്നു. പരിശുദ്ധാത്മാനുഗ്രഹവും വരവും മൂലം നൽകപ്പെട്ട അധികാരം ഏതു പാപംമൂലം മുഴുവനായോ അംശമായേ താൽക്കാലികമായോ നിത്യമായോ വിരോധിക്കപ്പെടുവാൻ ഇടയായോ ആ പാപത്തെ ഉപേക്ഷിച്ച് അനുതപിച്ച് തിരിച്ചു വരികയും മുടക്കു തീർക്കുകയും ചെയ്യുന്നതിനു മുമ്പ് മുടക്കിന്റെ സ്വഭാവത്തിനെതിരായി വിശുദ്ധ കർമ്മങ്ങളിൽ സംബന്ധിക്കുന്നതിനൊ വിശുദ്ധ കർമ്മങ്ങൾ നടത്തുന്നതിനോ മുടക്കപ്പെട്ടവനു അധികാരമില്ലാത്തതാകുന്നു. അനുതപിച്ചു തിരിച്ചുവരുമ്പോൾ പ്രായശ്ചിത്ത നിവൃത്തിയോടുകൂടിയോ അല്ലാതെയോ സുന്നഹദോസിന്റെയോ മേലധികാരികളുടെയോ ഇഷ്ടംപോലെ മുടക്കു തീർത്തു കല്പ‌ന പുറപ്പെടുവിക്കാവുന്നതാകുന്നു. അതുതന്നെയും കുറ്റക്കാരൻ ആരാൽ മുടക്കപ്പെട്ടുവോ അവനോ, സുന്നഹദോസോ പുറപ്പെടുവിക്കേണ്ടതാകുന്നു. മുടക്കു തീർക്കുമ്പോൾ യാതൊരു ശുശ്രൂഷകളും നടത്തുക പതിവില്ല. എങ്കിലും പ്രാർത്ഥിക്കുന്നതായാൽ ആ പ്രാർത്ഥന പാപി അനുതപിച്ച് തിരിച്ചു വന്നതിനാൽ ദൈവസ്തോത്രത്തേയും അവർ അതേ പാപത്തിൽ വീഴാതിരിപ്പാൻ ദൈവസഹായത്തോടും ഉദ്ദേശിക്കുന്നതായിരിക്കും.

8. മുടക്കപ്പെട്ടവനോടു സഹകരിക്കുന്നവൻ ശിക്ഷാർഹനാകുന്നു.

പാപിയോടു സഹകരിക്കുന്നവൻ അവൻ്റെ പാപത്തിനു സംബന്ധിയായിത്തീരുന്നു. മുടക്ക് വിശുദ്ധ സഭയുടെ ഒരു ചട്ടമായിരിക്കയും വിശുദ്ധ സഭയുടെ അറിവോടുകൂടെ അതു പ്രസ്താവിക്കുകയും ചെയ്യുന്ന സ്ഥിതിക്കു മുടക്കിൻ്റെ സ്വഭാവത്തിനെതിരായി മുടക്കപ്പെട്ടവനോടു ചേരുവാൻ വിശ്വാസികളിൽ ഒരുവനും അവകാശമില്ലാത്തതാകുന്നു. മേലധികാരിയോ സുന്നഹദോസേ എഴുത്തുമൂലമോ വാക്കു മൂലമോ പ്രസ്താവിച്ചിരിക്കുന്നതിനെതിരായി അറിഞ്ഞുകൊണ്ടു ചേരുന്നവൻ ശിക്ഷാർഹനായിത്തീരുകയും ചെയ്യുന്നു. എങ്കിലും മുടക്കിന്റെ സ്വഭാവത്തിനെതിരല്ലാത്തവിധം മുടക്കപ്പെട്ടവനോടു സഹകരിച്ചിട്ടും അവനെ രക്ഷപ്പെടുത്തുവാൻ ഒരുവനു സാധിക്കുന്നുവെങ്കിൽ ഇപ്രകാരമുള്ള സഹകരണം ശിക്ഷാർമായി ഗണിക്കപ്പെടുന്നതല്ലതാനും. എന്നാൽ മഹറം ചെയ്യപ്പെട്ടവനോടുകൂടെ യാതൊരുവിധത്തിലും സംബന്ധിക്കുവാൻ വിശ്വാസികളിൽ ഒരുവനും അവകാശമില്ലാത്തതാകുന്നു.

9. മുടക്കുമൂലം വരം നഷ്ടപ്പെടുമോ?

മുടക്കുമൂലം വരം നഷ്ടപ്പെടുകയല്ല, വിരോധിക്കപ്പെടുകയത്രെ ചെയ്യുന്നത്. പരിശുദ്ധാത്മാവും വരപ്രസാദങ്ങളും അനുഗ്രഹങ്ങളും അനുസരണംമൂലം വിശുദ്ധ സഭാവഴി മദ്ധ്യസ്ഥൻ മുഖാന്തിരം നൽകപ്പെടുന്നു. അവയെ അനുസരണമില്ലാ യ്‌മമൂലം വിശുദ്ധ സഭാവഴി മദ്ധ്യസ്ഥൻ മുഖാന്തിരം വിരോധിച്ചു നിറുത്തുന്നു. ഏതു പാപിയുടേയും ജീവിതാവധി അവൻ്റെ അനുതാപകാലമായി സഭ കരുതുന്നു. അതിനാൽ മുടക്കപ്പെട്ടവൻ മരണംവരേയും അനുതപിച്ചു തിരിച്ചുവരാത്തപക്ഷം മരണത്തിങ്കൽ വരം നഷ്ടപ്പെട്ടുപോകുമെന്നു പറയുന്നവരും, അതല്ല, അവസാന ന്യായവിധിയിങ്കൽ നഷ്ടപ്പെട്ടുപോകുമെന്നു പറയുന്നവരുമുണ്ട്. തിരിച്ചു വരണമെന്നുള്ള ഉദ്ദേശത്തോടുകൂടിയല്ലാതെ സഭ യാതൊരുത്തന്റെയും മുടക്കു പ്രസ്താവിക്കയില്ല. എന്നാൽ പരിശുദ്ധാത്മാവും വരപ്രസാദങ്ങളും അനുഗ്രഹങ്ങളും നഷ്ടപ്പെട്ടുപോകുന്നത് മഹറം മൂലമാകുന്നു. അതുകൊണ്ടത്രെ മഹറം ചെയ്യപ്പെടുന്നവനെ മരിച്ചവനോടും മുടക്കപ്പെടുന്നവനെ കഠിനരോഗത്തിൽ കിടക്കുന്നവനോടും സദൃശമാക്കി പ്രസ്‌താവിച്ചിരിക്കുന്നത്.

10. മുടക്കപ്പെട്ടവൻ (ആചാര്യനോ പ്രധാനാചാര്യനോ) ചെയ്യുന്ന കർമ്മങ്ങൾ സാധുവാകുമോ?

മുടക്കപ്പെട്ടവനിൽ നിന്നു വരം നഷ്ടപ്പെട്ടു പോകാതിരിക്കുന്നതുകൊണ്ട് അവനാൽ ചെയ്യപ്പെടുന്ന കർമ്മങ്ങൾ ന്യായമാകുന്നുവെന്ന് വിചാരിക്കുന്നതു തെറ്റാകുന്നു. വീണ്ടും ജനനം മൂലം പരിശുദ്ധാത്മാവും സുകൃതങ്ങളിൽ വ്യാപരിച്ചു കൊണ്ട് ത്രിത്വാരാധനകളിൽ സംബന്ധിച്ചു വളരുവാനുള്ള അനുഗ്രഹവും ലഭിച്ച് ഒരുവൻ അനുസരണം, വിനയം, അറിവ്, പ്രാപതി, സൽപ്രവൃത്തി മുതലായവ ഹേതുവായി വിശുദ്ധ സഭയാകുന്ന ക്രിസ്‌തുവിനാൽ വിളിയ്ക്കപ്പെടുകയും വിശുദ്ധ കൂദാശകളെ ശുശ്രൂഷിക്കുന്നതിനുള്ള അധികാരമാകുന്ന പരിശുദ്ധാത്മവരം മദ്ധ്യസ്ഥൻ മുഖാന്തിരം ലഭിക്കുകയും ചെയ്യുമ്പോൾ ആചാര്യനോ പ്രധാനാചാര്യനോ ആയിത്തീരുന്നു. അവന്റെ ദുഷ്പ്രവൃത്തികളും അനുസരണമില്ലായ്‌മയും ഹേതുവായി വിശുദ്ധ കൂദാശകളെ ശുശ്രൂഷിക്കുന്നതിനുള്ള അധികാരത്തെ മുടക്കുമൂലം മുഴുവനായോ അംശമായോ താൽക്കാലികമായോ നിത്യമായോ വിരോധിക്കപ്പെടുമ്പോൾ അവർ വിശുദ്ധ കുദാശകളിൽ ചിലതിനേയോ എല്ലാറ്റിനേയുമോ താൽക്കാലികമായോ നിത്യമായോ ശുശ്രൂഷിക്കുന്നതിനു അധികാരമില്ലാത്ത ആചാര്യനോ പ്രധാനാചാര്യനോ ആയിത്തീരുന്നു. അവൻ ആചാര്യനെന്നോ പ്രധാനാചാര്യനെന്നോ വിളിക്കപ്പെടുന്നതുതന്നെയും സഭയുടെ ചട്ടത്തോടു മത്സരിക്കാതെ അനുസരിച്ചു നിൽക്കുമെന്നുള്ള ആശ അവനെ സംബന്ധിച്ച് സഭയ്ക്കുള്ളതുകൊണ്ടാകുന്നു. ആശയില്ലാത്ത പ്രകാരം മഹറംമൂലം വിശുദ്ധ സഭയിൽ നിന്ന് നിശ്ശേഷം തള്ളപ്പെടുന്നുവെങ്കിൽ അവൻ അന്മേനിയോ ശുശ്രൂഷകനോ ആചാര്യനോ പ്രധാനാചാര്യനോ അല്ല. പിന്നെയോ, വിശുദ്ധ സഭയ്ക്കു ചുങ്കക്കാരനെപ്പോലെയും പ്രീശനെപ്പോലെയും വെറും അന്യനാകുന്നു. അങ്ങനെയുള്ളവൻ മരിക്കുമ്പോൾ സെമിത്തേരിയിൽ അടക്കപ്പെടുവാനും നിവർത്തിയില്ല. അധികാരമില്ലാത്ത ആചാര്യനോ പ്രധാനാചാര്യനോ ചെയ്യുന്ന കർമ്മം ന്യായമായുള്ളതെങ്കിൽ കർത്താവിന്റെയും അപ്പോസ്തോലന്മാരുടെയും വിശുദ്ധ പിതാക്കന്മാരുടെയും നിയമങ്ങൾക്കും വചനങ്ങൾക്കും നിലയും വിലയുമില്ലാതെ പോകുന്നു. അങ്ങനെ വരുവാൻ പാടുള്ളതല്ല.

മുടക്കപ്പെട്ട ആചാര്യനോ പ്രധാനാചാര്യനോ ചെയ്യുന്ന കർമ്മം മേൽവിവരിച്ചപ്രകാരം ന്യായമായുള്ളതല്ലെങ്കിൽ അവരിൽ നിന്നു പട്ടത്വമോ മാമൂദീസായോ സ്വീകരിച്ചവർ വിശുദ്ധ സഭയിലേയ്ക്കു തിരിച്ചുവരുമ്പോൾ അധികാരമുള്ള പ്രധാനാചാര്യനിൽ നിന്നോ ആചാര്യനിൽ നിന്നോ ന്യായമായി പട്ടത്വവും മാമോദീസായും സ്വീകരിച്ചു സഭയുടെ ആചാര്യന്മാരും അംഗങ്ങളുമീയിത്തീരുവാൻ ആവശ്യമാകുന്നു. മുടക്കപ്പെട്ട ആചാര്യനോ പ്രധാനാചാര്യനോ മാമോദീസായിൽ ഉപയോഗിച്ച മൂറോൻ സാധുവായ കൈവെപ്പുള്ള മഹാ പ്രധാനാചാര്യനാൽ കൂദാശ ചെയ്യപ്പെട്ടതാകുന്നുവെങ്കിൽ വീണ്ടും മാമോദീസാ മുക്കുമ്പോൾ വിശുദ്ധ മൂറോൻ പൂശേണ്ട എന്നുമാത്രം. അല്ലെങ്കിൽ അതും പൂശാതെ നിവർത്തിയില്ല. പരിശുദ്ധ അന്ത്യോഖ്യൻ പാത്രിയർക്കീസ് കുസ്‌തന്തീനോപ്പോലീസിലെ അധിപനായി വിശുദ്ധ മോർ ഗ്രീഗോറിയോസ് തേവോലോഗോസിനെ നിയോഗിച്ചു. അദ്ദേഹത്തിനെതിരായി അവിടുത്തെ പ്രധാനന്മാരിൽ നിന്നും സൂത്രത്തിൽ രേഖവാങ്ങി അലക്ക്സന്ത്രിയായിലെത്തി. അവിടെവച്ച് കുസ്‌തന്തീനോപ്പോലീസിലെ എപ്പിസ്ക്കോപ്പായായിട്ട് അലക്സന്ത്രിയൻ പാത്രിയർക്കീസായ മോർ പത്രോസിൽ നിന്നു മേല്പട്ടമേൽക്കുകയും തിരിച്ചു കുസ്തന്തീനോപ്പോലീസിലെത്തി മോർ ഗ്രീഗോറിയോസ് തേവോലോഗോസിനെ അവിടെനിന്നു പിരിച്ചുവിടുകയും ചെയ്‌തു. മക്‌സീമോസ്ക്രനിക്കോയെ 150 പേർ കൂടിയ കുസ്‌തന്തീനോപ്പോലീസിലെ സുന്നഹദോസിൽ വച്ചു നിരസിച്ചു തള്ളുകയും അവൻ കൊടുത്തിട്ടുള്ള സകല പട്ടങ്ങളും മാറിക്കൊടുക്കണമെന്ന് ടി സുന്നഹദോസിൻ്റെ മൂന്നാം നിയമമായിട്ടു പാസ്സാക്കുകയും ചെയ്തു. (കാനോ - 7:1, ഹൂദായ. കുസ്‌തന്തീനോപ്പോലീസ് സുന്നഹദോസ് ചരിത്രം).

കൂടാതെ നിഖ്യാ സുന്നഹദോസിനു മുമ്പ് നാലാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ മെസ്രേനിൽ ഒസിയാത്തു എന്ന സ്ഥലത്തെ എപ്പിസ്ക്കോപ്പായായ മെലോത്തോസ് അലക്സന്ത്രിയൻ പാത്രിയർക്കീസായ രക്തസാക്ഷിക്കാരൻ മോർ പത്രോസിനാൽ മുടക്കപ്പെട്ടു. മുടക്കിനെ അവഗണിച്ചു അദ്ദേഹം പലതും പ്രവർത്തിച്ചു. ഇതു സംബന്ധിച്ചു മോർ പത്രോസ് പാത്രിയർക്കീസ് നിഖ്യാ സുന്നഹദോസിൽ സങ്കടം ബോധിപ്പിച്ചു. സുന്നഹദോസ് തീർച്ചയ്ക്കെടുത്ത നാലു പ്രധാനകാര്യങ്ങളിൽ ഒന്ന് ഇതായിരുന്നു. മുടക്കപ്പെട്ട മെലേത്തോസ്സ് കൊടുത്ത പട്ടത്തെ അശേഷം നിരസിച്ചിരിക്കുന്നതായി സുന്നഹദോസ് പാസ്സാക്കി. ഇതിനുശേഷം അന്ത്യോഖ്യായിൽ കൂടിയ സുന്നഹദോസിൻ്റെ 13-ാം നിയമം ഇപ്രകാരമുള്ള സംഗതിയെ ഒന്നുകൂടെ ഉറപ്പിക്കുകയും ചെയ്യുന്നു. “എപ്പിസ്ക്കോപ്പാ തന്റെ അതിർത്തിവിട്ട് മറ്റൊരുവന്റെ അതിർത്തിയിൽ കടന്നു പട്ടം കൊടുക്കരുത്. അഹങ്കരിച്ചു കൊടുത്താൽ അതു അസാധുവായിരിക്കും. അവൻ മുടക്കപ്പെടണം.” (സൽമൂസ 7:1)

ആഖീനോസ് എന്നവൻ അലക്സന്ത്രിയൻ സഭയിലെ ഒരു അർക്കദിയാക്കോനായിരുന്നു. മുടക്കപ്പെട്ട ചില എപ്പിസ്ക്കോപ്പന്മാർ കൂടി ന്യായരഹിതമായി അലക്സന്ത്രിയൻ പാത്രിയർക്കീസായിട്ടു ഇദ്ദേഹത്തെ ക്രമമായി പട്ടംകൊടുത്തു വാഴിച്ചു. കുറെക്കഴിഞ്ഞപ്പോൾ ഇദ്ദേഹം അനുതപിക്കുകയും പഴയസ്ഥാനത്തു തന്നെ സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അലക്‌സന്ത്രിയായിലെ തോവോദോസ്യോസ്സ് പാത്രിയർക്കീസ് അർക്കദിയോക്കോൻ സ്ഥാനത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. എങ്കിലും അദ്ദേഹം ചെയ്‌ത സകല പ്രവൃത്തിയേയും നിരസിച്ചു. ഇതു ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നടന്നതാകുന്നു.

ഉറഹായക്കാരൻ ആബുഗാലാബു മെത്രാൻ 1130-ൽ സ്വർഗ്ഗാരോഹണം ചെയ്ത അന്ത്യോഖ്യൻ പാത്രിയർക്കീസായ മാർ അത്താനാസ്യോസിനോടു മത്സരിച്ചു. അദ്ദേഹം മെത്രാനെ മുടക്കി. മുടക്കിനെ അവഗണിച്ചു മെത്രാൻ പലതും പ്രവർത്തിച്ചു. മെത്രാനിൽ നിന്നു പട്ടമേറ്റ ആചാര്യന്മാരും ശെമ്മാശ്ശന്മാരും വീണ്ടും പട്ടമേൽക്കുന്നതുവരെ ശുശ്രൂഷിപ്പാൻ പാത്രിയർക്കീസ് സമ്മതിച്ചില്ല. (ഉറഹായ ക്കാരൻ എഴുതിയ സഭാചരിത്രം 301-ാം വശം; ബർ എബ്രായായുടെ സഭാച രിത്രം).

അന്ത്യോഖ്യായുടെ വലിയ മിഖായേൽ പാത്രിയർക്കീസ് സ്വർഗ്ഗാരോഹണം ചെയ്ത‌ശേഷം തൽസ്ഥാനത്തേയ്ക്കു അത്താനാസ്യോസ് എന്ന പേരിൽ ന്യായരഹിതമായി ഒരുവൻ വാഴിക്കപ്പെട്ടു. അദ്ദേഹം പട്ടത്വത്തിലേയ്ക്കു പ്രവേശിപ്പിച്ച പട്ടക്കാരെയും ശെമ്മാശ്ശന്മാരേയും വീണ്ടും പട്ടം കെടുത്തത്രെ സ്വീകരിച്ചത്. (ഉറഹായക്കാരന്റെ ചരിത്രം 340-ാം വശം).

എങ്കിലും വിശുദ്ധ സഭയുടെ സമാധാനത്തെയും അഭിവൃദ്ധിയെയും ഉദ്ദേശിച്ച് വിശുദ്ധ പട്ടംകൊടയുടെ കാര്യസാരം വിടാതെ സത്യവാചകം, വിശുദ്ധ റൂഹായ്ക്കായുള്ള പ്രാർത്ഥന, കല്പിക്കപ്പെട്ട വചനം ഇവയിൽ ഏതാനുമോ മുഴുവനായോ ആവശ്യം പോലെ ഉപയോഗിച്ചും ഉപയോഗിക്കാതെയും മേലധികാരിയുടെയോ സുന്നഹദോസിന്റെയോ ഇഷ്ടപ്രകാരം മുടക്കപ്പെട്ട പ്രധാനാചാര്യന്മാരിൽ നിന്നോ ആചാര്യന്മാരിൽ നിന്നോ പട്ടത്വമോ മാമൂദീസായോ കൈക്കൊണ്ടിട്ട് തിരിച്ചുവരുന്നവരെ സ്വീകരിക്കുന്നതിനു മേലധികാരികൾക്കും സുന്നഹദോസിനും അധികാരമുള്ളതാകുന്നു. എന്തെന്നാൽ ഹൂദായ കാനോൻ 7-ാം അദ്ധ്യായം 2-ാം വാക്യം മാബൂഗിന്റെ മാർ പീലക്‌സിനോസിൻ്റെ അഭിപ്രായത്തിൽ ഇപ്രകാരം കാണുന്നു.
“വിശ്വാസത്തെ ഇളക്കുവാൻ തക്കവണ്ണമുള്ള ദുർവ്വാശി ശാപകരമാകുന്നു. എന്നാൽ വിശ്വാസത്തെ ഉറപ്പിക്കുന്നതും സഭയെ സമാധാനപ്പെടുത്തുന്നതുമായ ഭരണം ഉത്തമമായുള്ളതുതന്നെ. അതിൽ ദൈവം പ്രസാദിക്കുകയും ചെയ്യും". ഭാഗ്യവാനായ പൗലോസപ്പോസ്തോലൻ അതിനു സാക്ഷിയുമാകുന്നു. അദ്ദേഹം പ്രവർത്തിച്ചതു ഇപ്രകാരമത്രെ. “യഹൂദന്മാരെ സമ്പാദിക്കുവാനായിട്ട് യഹൂദനെപ്പോലെയായി യഹൂദന്മാരുടെ കൂട്ടത്തിൽക്കൂടി. ന്യായപ്രമാണരഹിതരെ സമ്പാദിക്കുവാനായി ന്യായപ്രമാണരഹിതനെപ്പോലെയായി ന്യായപ്രമാണരഹിതരുടെ കൂട്ടത്തിൽക്കൂടി. അതുതന്നെയും ദൈവത്തിങ്കൽ പ്രമാണരഹിതനാവാതിരിപ്പാൻ മിശിഹായുടെ പ്രമാണത്തിൽ ഉൾപ്പെട്ടവനായിട്ടായിരുന്നു" (1.കോരി 9:20-21). പിന്നെ ഒരിക്കൽ ഇദ്ദേഹം തന്നെ ഗലാത്യരോടു അവർ വിശ്വസിച്ചശേഷം ചേലചെയ്കയാൽ "നിങ്ങൾ ചേലചെയ്യുന്നുവെങ്കിൽ മിശിഹാ നിങ്ങൾക്കു യാതൊരു പ്രയോജനവും വരുത്തുന്നില്ല". എന്നു പറഞ്ഞു അവരെ ലജ്ജിപ്പിച്ചു. അതിനെതിരായി ഇദ്ദേഹം തന്നെ യഹൂദന്മാരുടെ നിമിത്തം തൻ്റെ കൂടെ ഉണ്ടായിരുന്ന തീമോത്തേയോസിനെ ചേല ചെയ്തു. എന്തെന്നാൽ ആ ദേശവാസികളായ യഹൂദന്മാർ തീമോത്തെയോസിന്റെ അപ്പൻ കാവ്യനായിരുന്നുവെന്നു ഗ്രഹിച്ചിരുന്നു. ഇപ്രകാരംതന്നെ വിശുദ്ധ പിതാക്കന്മാരും കഴിയുന്നത്ര അനേക വേദവിപരീതികളെയും കുറ്റക്കാരെയും സ്വീകരിച്ചിട്ടുണ്ട്. അറിയോസ്സുകാരിൽനിന്നും പട്ടമേറ്റ മിലിത്തോസിനെ വീണ്ടും പട്ടംകൊടുക്കാതെ അന്ത്യോഖ്യാ പാത്രിയർക്കീസാക്കുന്നതിനു പോലും അവർ സമ്മതിച്ചു. ഗ്രീഗോറിയോസ് തേവോലോഗോസ്സിൻ്റെ പിതാവായ ഗ്രീഗോറിയോസ് എപ്പിസ്ക്കോപ്പായ്ക്കെതിരായി വാഴിക്കപ്പെട്ട രണ്ടു എപ്പിസ്ക്കോപ്പന്മാരെ സംബന്ധിച്ച് “ശത്രുക്കളെപ്പോലെ ഞങ്ങൾ അവരിൽ നിന്നു പിൻതിരിയുകയല്ല, സഹോദരന്മാരെപ്പോലെ സ്നേഹിക്കയാണ് ചെയ്‌തത്" എന്നത്രെ മോർ തേവോലോഗോസ് പ്രസ്താവിച്ചിരിക്കുന്നത്. വിശുദ്ധ കൂറിലോസിനാൽ മുടക്കപ്പെട്ട ശേഷം അഹങ്കരിച്ചു ശുശ്രൂഷിച്ച അന്ത്യോഖ്യൻ യോഹന്നാനെയും അദ്ദേഹത്തോടു കൂടെ ഉണ്ടായിരുന്ന 36 എപ്പിസ്‌ക്കോപ്പന്മാരെയും ടി കൂറിലോസുതന്നെ തിരിച്ചു സ്വീകരിച്ചു. ഹ്ലാബുകാരൻ ആക്കോക്കിൻ്റെ വേദവിപരീതത്തെ ഉപേക്ഷിച്ചതിനു ശേഷമാകുന്നു അവരെ സ്വീകരിച്ചത് എന്നു മാത്രം. അറിയോസ്സു കക്ഷിയിൽപ്പെട്ട എവുദക്സിയോസിനാൽ മൂറോൻ പൂശപ്പെട്ട കിഴക്കുള്ള അനേകരെയും സത്യവിശ്വാസികൾ മൂറോൻ പൂശാതെയും കൂദാശകൾ ഒന്നും ചെയ്യാതെയും സ്വീകരിച്ചു. വിശുദ്ധനായ മോർ സേവിറെയും വിശുദ്ധ സഭയുടെ സമാധാനത്തിനുവേണ്ടി കല്പിച്ചിരിക്കുന്നതും ഇപ്രകാരം തന്നെയാകുന്നു. ഇരുസ്വഭാവ വിപരീതികളിൽ നിന്നും തിരിച്ചുവരുന്ന എപ്പിസ്ക്കോപ്പന്മാരും കാശ്ശീശന്മാരും ശെമ്മാശ്ശന്മാരും വീണ്ടും പട്ടമേൽക്കുകയോ മാമൂദീസാ മുങ്ങുകയോ ചെയ്യണമെന്നില്ല. അവർ വിശ്വസിച്ചിരുന്ന വേദവിപരീതത്തെ ഉപേക്ഷിക്കുകയും അനുതാപകാലം തികയ്ക്കുകയും ചെയ്തിട്ടു അവരവരുടെ സ്ഥാനത്തു നിന്നു ശുശ്രൂഷിച്ചുകൊള്ളുന്നതിനു വിരോധമില്ലെന്നുതന്നെ”. എന്നാൽ മുടക്കപ്പെട്ടവർ തിരിച്ചു വരികയും സഭ അവരെ സ്വീകരിക്കുകുയം ചെയ്യുന്നതായാൽ മുടക്കിലിരുന്ന കാലത്ത് അവൻ ചെയ്തിട്ടുള്ള സകല കർമ്മങ്ങളും അവൻ്റെ സ്വീകരണത്തോടുകൂടെ കല്പനമൂലവും സ്വീകരിക്കാവുന്നതാകുന്നു. മുടക്കപ്പെട്ട പ്രധാനാചാര്യനിൽ നിന്നോ ആചാര്യനിൽനിന്നോ പട്ടത്വമോ മാമൂദീസായോ കൈക്കൊണ്ടിട്ട്  സഭയിലേയ്ക്ക് തിരിച്ചുവരുന്നവരെ മേൽപ്രസ്താവിച്ച പ്രകാരം പട്ടത്വമോ മാമൂദീസായേ കൊടുത്തും കൊടുക്കാതെയും സഭ ഓരോരോ കാലങ്ങളിൽ സ്വീകരിച്ചുപോന്നിരുന്നു. എന്നാൽ കാനോൻകാർ വേദവിപരീതികളെ രണ്ടു ഭാഗമായി തിരിച്ചു ഒന്നാം ഭാഗക്കാരെ അവിശ്വാസികളോടു ചേർക്കുകയും രണ്ടാം ഭാഗക്കാരെ ഇടത്തൂട്ടുകാരായി ഗണിക്കയും ചെയ്തശേഷം ഒന്നാം ഭാഗക്കാരിൽ നിന്നും തിരിച്ചു വരുന്നവരെ വിശുദ്ധ കൂദാശകൾ കൊടുത്തും രണ്ടാം ഭാഗക്കാരിൽ നിന്നും തിരിച്ചുവരുന്നുവരെ വിശ്വാസം ഏറ്റുപറയിച്ചു വിശുദ്ധ കൂദാശകൾ കൊടുക്കാതെയും സ്വീകരിച്ചുപോന്നിരുന്നു. ഒന്നാം ഭാഗക്കാരിൽ മിശിഹായുടെ ദൈവത്വത്തിൽ ഭിന്നാഭിപ്രായമുള്ള ക്രിസ്ത്യാനികളും രണ്ടാം ഭാഗക്കാരിൽ ഭിന്നാഭിപ്രായമുള്ള ക്രിസ്ത്യാനികളും രണ്ടാം ഭാഗക്കാരിൽ മിശിഹായുടെ മനുഷ്യത്വത്തിൽ ക്നൂമാ, സ്വഭാവം ഇവയുടെ യോജിപ്പിൻ ഭിന്നാഭിപ്രായമുള്ള ക്രിസ്ത്യാനികളും ഉൾപ്പെടുന്നു. (കാനോ 8 അ. 3; സൽഗെ മിമ്രാ 7:3. വ. 1. മ്ഈറോനൂസൊ).

11. മുടക്ക് കല്പ‌നയുടെ മാതൃക.

(കോറിന്തു സഭയിലുണ്ടായിരുന്ന ദുർന്നടപ്പുകാരനെ സംബന്ധിച്ച് അവരുടെ എപ്പിസ്ക്കോപ്പായായ വിശുദ്ധ പൗലോസിനു അറിവുകിട്ടിയപ്പോൾ ആ വിശുദ്ധൻ അവനെ മുടക്കി കോറിന്തു സഭയ്ക്കയച്ച കല്പന. (1.കൊരി 1:1-3; 5:1-5; 16:22-24).

ദൈവഹിതത്താൽ യേശുമിശിഹായാൽ വിളിക്കപ്പെട്ടവനും അവിടത്തെ ശ്ലീഹായുമായ പൗലോസും സഹോദരൻ സുസ്തേനീസുംകൂടി.

കൂറിന്തോസിലുള്ള ദൈവസഭയിൽ ഉൾപ്പെട്ടവരും യേശുമിശിഹായാൽ വിശുദ്ധരാക്കപ്പെട്ടവരുമായ വിളിക്കപ്പെട്ടവർക്കും വിശുദ്ധന്മാർക്കും - അവരുടെയും ഞങ്ങളുടെയും - കർത്താവായ യേശുമിശിഹായുടെ നാമത്തെ ഉച്ചരിക്കുന്ന സർവ്വ ദിഗ്വാസികൾക്കുമായി എഴുതുന്നത്.

നമ്മുടെ പിതാവായ ദൈവത്തിൽ നിന്നും കർത്താവായ യേശുമിശിഹായിൽ നിന്നും കൃപയും സമാധാനവും നിങ്ങൾക്കുണ്ടാകട്ടേ.

നിങ്ങളുടെയിടയിൽ വ്യഭിചാരമുള്ളതായി തീർച്ചയായി കേൾക്കുന്നു. പുത്രനു തന്റെ പിതൃഭാര്യയെ പ്രാപിക്കാമെന്നുള്ളിത്തോളം - ഇങ്ങിനെയുള്ള വ്യഭിചാരവൃത്തി - പുറജാതികളുടെ ഇടയിൽപ്പോലും കേട്ടിട്ടില്ല. എന്നിട്ടും നിങ്ങൾ അഭിമാനത്തോടെ ഇരിക്കുന്നു. ഈ പ്രവൃത്തി ചെയ്‌തവൻ നിങ്ങളുടെ ഇടയിൽ നിന്നു നീക്കപ്പെടുവാൻ തക്കവണ്ണം നിങ്ങൾ പ്രത്യേകിച്ചു വ്യസനിച്ചുമില്ല. ഞാൻ ശാരീരികമായി നിങ്ങളിൽ നിന്നകന്നും, എന്നാൽ ആത്മീയമായി നിങ്ങളോടടുത്തും സ്ഥിതിചെയ്യുന്നവനാകയാൽ അടുത്തിരിക്കുന്നവൻ എന്നപോലെ അങ്ങനെ ചെയ്ത‌വനെക്കുറിച്ച് ഇപ്രകാരം വിധികല്പിച്ചിരിക്കുന്നു. നമ്മുടെ കർത്താവായ യേശുമിശിഹായുടെ നാമത്തിൽ നിങ്ങളെല്ലാവരും ഒരുമിച്ചു കൂടണം. അദ്ദേഹത്തിന്റെ ശക്തിയോടുകൂടി ആത്മീയമായി ഞാനും നിങ്ങളോടു കൂടിയുണ്ടായിരിക്കും. കർത്താവായ യേശുമിശിഹായുടെ ദിവസത്തിൽ ആത്മരക്ഷ ലഭിപ്പാൻ വേണ്ടി അവന്റെ ശരീരത്തെ നശിപ്പിക്കുവാൻ തക്കവണ്ണം അവനെ നിങ്ങൾ സാത്താനായി വിട്ടുകൊടുക്കണം.

നമ്മുടെ കർത്താവായ യേശുമിശിഹായെ സ്നേഹിക്കാത്തവൻ ശപിക്കപ്പെട്ടവനായിരിക്കട്ടേ. മോറാനേതൊ, നമ്മുടെ കർത്താവായ യേശുമിശിഹായുടെ കൃപ നിങ്ങളുടെമേൽ സ്ഥിതിചെയ്യട്ടേ. യേശുമിശിഹാ മൂലം എന്റെ സ്നേഹവും നിങ്ങളെല്ലാവരിലും സ്ഥിതിചെയ്യുമാറാകട്ടേ - ആമ്മീൻ.

ക്രിസ്താബ്ദം 57-ാമാണ്ട് മക്കെദോനിയായിലെ പീലിപ്പോസിൽ നിന്ന്.

മഹറം ചെയ്യുന്ന സമ്പ്രദായം:-

മേലധികാരിയോ സുന്നഹദോസിന്റെ തലവനൊ വിശുദ്ധ കുർബ്ബാനമദ്ധ്യേ, വിശുദ്ധ സഭയോടും അതിന്റെ ചട്ടത്തോടും മത്സരിച്ച അഹങ്കാരിയുടെ മത്സരത്തെ സംബന്ധിച്ചും മുടക്കപ്പെട്ടിട്ടും ചെയ്യുന്ന അക്രമങ്ങളെ സംബന്ധിച്ചും മറ്റും പ്രസ്താവിച്ചശേഷം വിശുദ്ധ ത്രോണോസിന്മേൽ മൂന്നു മെഴുകുതിരി കത്തിക്കുകയും താഴെ എഴുതിയിരിക്കുന്ന വാചകം പറഞ്ഞ് 'മഹറം' ചൊല്ലുകയും ചെയ്യുന്നു. ഇപ്രകാരം മഹറം ചൊല്ലിയതിനുശേഷമത്രെ അറിയപ്പെടേണ്ടവരെ കല്പനമൂലം അറിയിക്കുന്നത്.

മേലധികാരിയോ സുന്നഹദോസിൻ്റെ തലവനോ:-

(ഇന്നാർ) ഇന്നേദിവസം (ഇന്നിന്ന) കുറ്റങ്ങൾ ഹേതുവായി 'മഹറം' ചെയ്യപ്പെടുന്നു.

അർക്കദിയാക്കോൻ:- ബാറെക്മോർ.

മേലധികാരി:-

പിതാവിൻ്റെ നാമത്തിൽ. (നടുവിലത്തെ തിരി ഊതുന്നു).

ജനം:- ആമ്മീൻ.

മേലധികാരി:-

പുത്രന്റെ നാമത്തിൽ. (വടക്കുവശത്തെ തിരി ഊതുന്നു).

ജനം:- ആമ്മീൻ.

മേലധികാരി:-

ജീവനും വിശുദ്ധിയുമുള്ള റൂഹായുടെ നാമത്തിൽ. (തെക്കുവശത്തെ തിരി ഊതുന്നു).

ജനം:- ആമ്മീൻ.

12. മുടക്കുതീർത്തയച്ച കല്പനയുടെ മാതൃക.

(ആ ദുർന്നടപ്പുകാരൻ മുടക്കിനെ അനുസരിച്ചു അനുതപിച്ചു തിരിച്ചു വന്നപ്പോൾ മുടക്കു തീർത്തയച്ച കല്പന (2.കോരി 1:1-2, 2:1-11, 13:11-13)

ദൈവഹിതത്താൽ യേശുമിശിഹായുടെ ശ്ലീഹായായ പൗലോസും സഹോദരനായ തീമോത്തെയോസും കൂടി കൂറിന്തോസിലുള്ള ദൈവസഭയ്ക്കും ആഖായായിൽ എല്ലായിടത്തുമുള്ള സകല വിശുദ്ധന്മാർക്കുമായി എഴുതുന്നത്.

നമ്മുടെ പിതാവായ ദൈവത്തിൽ നിന്നും നമ്മുടെ കർത്താവായ യേശുമിശിഹായിൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടേ. ആമ്മീൻ

നിങ്ങളുടെ അടുക്കലേയ്ക്കുള്ള എൻ്റെ പുനരാഗമം ദുഃഖകരമായിത്തീരരുതെന്നു ഞാൻ സ്വയം ഉറച്ചിരിക്കുന്നു. എന്തെന്നാൽ ഞാൻ നിങ്ങളെ ദുഃഖിപ്പിക്കുന്നുവെങ്കിൽ എന്നാൽ ദുഃഖിപ്പിക്കപ്പെട്ടവനല്ലാതെ മറ്റു ആര് എന്നെ സന്തോഷിപ്പിക്കും? ഞാൻ വരുമ്പോൾ എന്നെ സന്തോഷിപ്പിക്കേണ്ടിയവർ എന്നെ ദുഃഖിപ്പിക്കാതിരിപ്പാൻ വേണ്ടിയാണ് ഇതു ഞാൻ നിങ്ങൾക്കെഴുതുന്നതുതന്നെയും. എന്നാൽ എന്റെ സന്തോഷമാണ് നിങ്ങളെലാവരുടെയും സന്തോഷമെന്ന് നിങ്ങളെല്ലാവമെക്കുറിച്ചും എനിക്കുറപ്പുണ്ട്. വലിയ ക്ലേശവും മനഃപീഢയും നിമിത്തം അധികമായ കണ്ണുനീരോടുകൂടി ഞാൻ ഇവ നിങ്ങൾക്കെഴുതുന്നതാകുന്നു. അതു നിങ്ങൾ ദുഃഖിക്കുവാനായിട്ടല്ല, എനിക്കു നിങ്ങളോടുള്ള സ്നേഹാധിക്യത്തെ നിങ്ങൾ അറിവാനാകുന്നു. എന്നാൽ ഒരുവൻ എന്നെ ദുഃഖിപ്പിച്ചു എങ്കിൽ അവൻ എന്നെയല്ല - എന്റെ വചനം നിങ്ങൾക്കു ഭാരമാകരുതല്ലോ. നിങ്ങളെല്ലാവരേയും കുറേശ്ശേ ദുഃഖിപ്പികയാണ് ചെയ്‌തിട്ടുള്ളത്. അവനാകട്ടെ പലരിൽ നിന്നും കിട്ടിയ ശാസന മതിയാകും. പ്രത്യുത, നിങ്ങൾ ഇനി അവനു മാപ്പു കൊടുക്കുകയും അവനെ ആശ്വസിപ്പിക്കുകയും ചെയ്യേണ്ടതാകുന്നു. അല്ലാഞ്ഞാൽ അപ്രകാരമുള്ളവൻ അതി ദുഃഖത്താൽ ഗ്രസിക്കപ്പെട്ടേക്കാം. അതുകൊണ്ട് അവനെ സ്ഥിരമായി സ്നേഹിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. നിങ്ങൾ സകലത്തിലും അനുസരിക്കുന്നവരാണോ എന്ന് പരീക്ഷിച്ചറിവാനായിട്ടാകുന്നു ഞാൻ എഴുതുന്നത്. നിങ്ങൾ മാപ്പു കൊടുക്കുന്നവനു ഞാനും മാപ്പുകൊടുക്കുന്നു. ഞാൻ കൊടുത്ത മാപ്പ് മിശിഹായുടെ സന്നിധാനത്തിൽ- നിങ്ങളെയോർത്തു കൊടുത്തതാകുന്നു. അതു സാത്താൻ നമ്മെ അക്രമിക്കാതിരിപ്പാനായിട്ടാകുന്നു. അവന്റെ വിചാരങ്ങൾ നമുക്കറിയാമല്ലോ.

ഇനി സഹോദരന്മാരേ! നിങ്ങൾ സന്തോഷിപ്പിൻ! പൂർണ്ണരാകുവിൻ! ആശ്വസിപ്പിൻ! ഐക്യതയും സമാധാനവും നിങ്ങളുടെ ഇടയിൽ ഉണ്ടായരിക്കട്ടേ. സ്നേഹപരനും സമാധാനപരനുമായ ദൈവം നിങ്ങളോടുകൂടി സ്ഥിതിചെയ്യട്ടേ. വിശുദ്ധ ചുംബനത്താൽ അന്യോന്യം കുശലം ചോദിപ്പിൻ! സകല വിശുദ്ധന്മാരും നിങ്ങളുടെ കുശലം അന്വേഷിക്കുന്നു. നമ്മുടെ കർത്താവായ യേശുമിശിഹായുടെ സമാധാനവും പരിശുദ്ധാത്മാവിൻ്റെ സംബന്ധവും നിങ്ങളെല്ലാവരിലും സ്ഥിതിചെയ്യട്ടേ. ആമ്മീൻ.

ക്രിസ്താബ്ദം 58-ാമാണ്ട് മക്കെദോനിയായിലെ ഫീലിപ്പോസിൽനിന്ന്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • കുരിശ്
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • കർത്തൃപ്രാർത്ഥന.
  • യേശു പണിയുന്നു.
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • ബോവൂസോ (Petition or Request)
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • ധ്യാനം
  • പിച്ചള സർപ്പം.
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • ചെറുതാക്കലല്ല എളുപ്പവഴി.
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • ശ്രദ്ധാലുവായിരിക്കുക
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • വിശുദ്ധ കുർബാനാനുഭവം
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • അകവും പുറവും
  • "കപ്യാര്‍"
  • നാവ് എന്ന തീ
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • പന്ത്രണ്ട് മാസങ്ങൾ
  • കുടുംബയോഗം.
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • എന്റെ ജനം
  • "മാനവ സേവ മാധവ സേവ"
  • സേലൂൻ ബശ്ലോമോ....
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved