[ഈ ലേഖനം സിറിയൻ ഓർത്തഡോക്സുകാർക്ക് മാത്രമുള്ളത്. സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വാസത്തിൽ കലരപ്പെട്ട (കലർത്തപ്പെട്ട) മായത്തെ തിരിച്ചറിയാൻ സഹായകമാകുന്ന ഈ ലേഖനത്തിന് സഭയുടെ അംഗങ്ങളല്ലാത്തവരുടെ കമന്റ് പോലും ആവശ്യമില്ല. ഓരോ സഭകളുടെയും വിശ്വാസം ഓരോന്നാണ്. ഈ ലേഖനം ആരെയും കുറ്റപ്പെടുത്താനുമല്ല മറിച്ച്, സുറിയാനി സഭയുടെ ആളുകളെ വിശ്വാസത്തിൽ നിലനിർത്താനാണ്. അതുകൊണ്ട് മറ്റ് സഭകളുടെ പോരോ വ്യക്തികളുടെ പേരോ (ചില സൂചനകളല്ലാതെ) പ്രത്യക്ഷമായി ഞാൻ ഈ ലേഖനത്തിൽ ഉപയോഗിച്ചിട്ടില്ല].
പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനയുടെ സൗന്ദര്യമെന്നത് നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ചിട്ടയായ യാമനമസ്കാരങ്ങളും എക്കാറയുടെ നിറങ്ങളും ഏറെ അർത്ഥവത്തായ കൂദാശകളും പാരമ്പര്യങ്ങളും നടപടിക്രമങ്ങളുമെല്ലാം ഒത്തിണങ്ങിയതാണ്. ഇഴപിരിച്ചെടുത്തു മാറ്റാൻ കഴിയാത്തവിധം അവ ഒന്നിനോടൊന്ന് ബന്ധപ്പെട്ടിരിക്കുന്നു.
സുറിയാനി സഭയുടെ പിതാക്കന്മാരുടെ അക്ഷീണ പരിശ്രമംകൊണ്ടും പരിശുദ്ധാത്മാവിന്റെ പ്രേരണകൊണ്ടും നൂറ്റാണ്ടുകളുടെ പഴക്കംകൊണ്ടും സുറിയാനി ഭാഷയുടെ മനോഹാരിതകൊണ്ടും ആരെയും ആകർഷിക്കുന്ന ക്രമങ്ങളുണ്ട്. അതുകൊണ്ടുതന്നെ സുറിയാനി സഭയുടെ ആരാധനാ പാരമ്പര്യം പിൻതുടരാൻ ആഗ്രഹിച്ച്, സുറിയാനി സഭയുടെ ചട്ടക്കൂടിൽനിന്ന് തെറ്റിപ്പോയവരും, കാലാകാലങ്ങളായി പുതുതായി ഉടലെടുത്തതും, ഒരുകാലത്ത് പ്രൊട്ടസ്റ്റന്റ് ആശയം മുറുകെപ്പിടിച്ചുകൊണ്ടു നടന്ന സഭകളുൾപ്പെടെയുള്ളവർ സുറിയാനി സഭയുടെ ആരാധനയിൽ സ്വയം മറന്ന് ആകൃഷ്ടരായി, അതിനെ കൊള്ളയടിക്കുകയും അല്പസ്വല്പം മാറ്റങ്ങൾ വരുത്തി ഈ പാരമ്പര്യവും ക്രമങ്ങളും തങ്ങളുടേതെന്നു വരുത്തിത്തീർക്കാൻ കാണിക്കുന്ന അഭ്യാസങ്ങളും, പുതിയ പഠിപ്പിക്കലുകളും, ചരിത്രത്തിന്റെ അപനിർമ്മാണവും, പുരാതനമായ പള്ളികൾ കൈയടക്കലും, ആരാധനാ ക്രമം, വേഷഭൂഷാധികളുൾപ്പെടെയുള്ള പലതും മോഷ്ടിച്ചെടുകയും ചെയ്തു. എന്നാൽ പരിശുദ്ധ സുറിയാനി സഭയുടെ പാത്രിയർക്കീസന്മാരുൾപ്പെടെയുള്ള പരിശുദ്ധ പിതാക്കന്മാരാകട്ടെ ഇതൊന്നും വിലക്കിയിരുന്നതുമില്ല. എങ്കിലും കാലങ്ങൾ കഴിഞ്ഞുപോകുന്തോറും ഇതരസഭകളുടെ ഈ അനുകരണവും, വെട്ടിച്ചുരുക്കലും, വലിച്ചുനീട്ടലും മനസ്സിലാകാതെ സോഷ്യൽ മീഡിയയുടെ സഹായത്തോടെയും (അതിപ്രസരം മൂലം) സുറിയാനി സഭയുടെ ആത്മീയ മക്കൾ പോലും സത്യമേത് വ്യാജമേതെന്ന് അറിയാതെ വലയുന്നു, വിഷമിക്കുന്നു. മറ്റു സഭകളുടെ വ്യജ നടപടിക്രമവും തങ്ങളുടേതും ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നു. അങ്ങനെ ആരൊക്കെയോ അച്ചടിച്ചുവച്ച അബദ്ധങ്ങൾക്കു പുറകെ പോകുന്നു. ഇന്നതാണ് സത്യമെന്നു പറഞ്ഞുകൊടുത്ത് നേർവഴിക്ക് നയിക്കേണ്ടവരും മൗനമായിരിക്കുന്നു. അതുവഴി വിശ്വാസികൾ മറ്റുള്ളവരാൽ കൂടുതൽ വഞ്ചിക്കപ്പെടുന്നു. സോഷ്യൽ മീഡിയാ ഇത്രയും വ്യാപിച്ചിരിക്കുന്ന സമയത്ത് ഇക്കാര്യങ്ങളെല്ലാം വിശദമായി എഴുതാനും പഠിപ്പിക്കാനുമുള്ള സാഹചര്യങ്ങളും സാദ്ധ്യതകളും വളരെയേറെയാണ്. അതുകൊണ്ട് ഇതര സഭകൾ തെറ്റായി വ്യാഖ്യാനിച്ച് നടപ്പിലാക്കിയിട്ടുള്ള ക്രമങ്ങളിലെ ക്രമക്കേടുകളിൽപ്പെടാതെ സുറിയാനി സഭയുടെ യഥാർത്ഥമായ നടപടിക്രമം പിൻതുടരുവാൻ സഹായകമാകുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.
ഇന്ന് മലങ്കരയിലുള്ള സുറിയാനി ആരാധന ക്രമങ്ങൾ എവിടുന്നു കിട്ടി?
എ.ഡി.345-ൽ ക്നായി തോമായോടൊപ്പം വന്ന യൗസേഫ് മെത്രാന്റെ കാലം മുതൽ മലങ്കരയിൽ വന്ന പിതാക്കന്മാരും അന്ത്യോക്യൻ പാത്രിയർക്കീസന്മാരും കൊണ്ടുവന്നത്. ക്രമങ്ങളെപ്പറ്റി വിശദമായ മറ്റൊരു ലേഖനത്തിലെഴുതാം. (തിരുത്തൽവാദികൾക്ക് മറ്റ് അഭിപ്രായമുണ്ടോ?).
ഇന്ന് മലങ്കരയിലുള്ള പൗരോഹിത്യത്തിന്റെ ഉറവിടം എവിടുന്ന്?
ഒരുകാലത്ത് സുറിയാനി ഓർത്തഡോക്സ് സഭയുടെ വൈദികനായിരുന്ന വട്ടശ്ശേരി മല്പാൻ അച്ചന്റെ 'മതോപദേശ സാരങ്ങൾ' എന്ന പുസ്തകത്തിലും, പരിശുദ്ധ പരുമല തിരുമേനിയുടെ ശൽമൂസായിലും ഇവകൂടാതെ മറ്റനേകം പുരാതന രേഖകളിലും കാണുന്ന പ്രകാരം പൗരോഹിത്യത്തിന്റെ ഉറവിടം അന്ത്യോഖ്യയിൽ നിന്നാണ്. (തിരുത്തൽവാദികൾക്ക് എതിരഭിപ്രായമുണ്ടോ?).
ആരാണ് വിശുദ്ധ കുർബ്ബാനയുടെ ക്രമങ്ങൾ മലങ്കരയിൽ നടപ്പിലാക്കിയത്?
സുറിയാനി ഓർത്തഡോക്സ് (യാക്കോബായ) സഭ. (തിരുത്തൽവാദികൾക്ക് എതിരഭിപ്രായമുണ്ടോ?).
അഞ്ചാം തുബ്ദേൻ, അതിൽ അന്ന് ഉൾപ്പെട്ടിരുന്നില്ലേ?
ഉണ്ടല്ലോ. ആദ്യകാലത്തെ ക്രമങ്ങളിൽ പിതാക്കന്മാരുടെ പേരുകൾ വിശദമായി എടുത്തു പറഞ്ഞിരുന്നില്ല. (തിരുത്തൽവാദികൾക്ക് എതിരഭിപ്രായമുണ്ടോ?).
നിഖ്യാ, കുസ്തന്തീനോപ്പോലീസ്, എഫേസോസ് എന്നീ മൂന്നു പൊതു സുന്നഹദോസുകളിലും സംബന്ധിച്ച സഭകൾ ഏതാണ്?
അന്ത്യോഖ്യൻ, അലക്സാന്ത്രിയൻ, ബൈസാന്റിയൻ, റോമൻ സഭകൾ. (തിരുത്തൽവാദികൾക്ക് എതിരഭിപ്രായമുണ്ടോ? കൂടുതൽ ആയി ഉണ്ടെങ്കിൽ പറയാം).
തുബ്ദേനിൽ ഓർത്തു പ്രാർത്ഥിക്കുന്നത് ഈ സഭകളിലെ പിതാക്കന്മാരെയല്ലേ?
ആണല്ലോ? അതായത് മൂന്നു പൊതു സുന്നഹദോസുകളുമായി ബന്ധമുള്ള സഭയിലെ പിതാക്കന്മാരെ ഇന്നും ഓർക്കുന്നു. (തിരുത്തൽവാദികൾക്ക് എതിരഭിപ്രായമുണ്ടോ?).
എന്നാൽ ഈ സുന്നഹദോസുകളുമായി ബന്ധമില്ലാത്തവർ എന്തിനാണാവോ ഓർക്കുന്നത്?
അതിന് വ്യക്തമായി മറുപടി പറയാൻ കഴിയുന്നത് ആ സഭയിലുള്ളവരാണ്. എങ്കിലും ഒരു കാര്യം ഉറപ്പാണ്. അതായത്, മേല്പറഞ്ഞ പിതാക്കന്മാരുടെ പേരുകൾ തുബ്ദേനിൽ ഓർക്കുന്നത് പുരാതന സുറിയാനി സഭയുമായി തങ്ങൾക്കും ബന്ധമുണ്ടെന്ന് വരും തലമുറയെ തെറ്റിദ്ധരിപ്പിക്കാനാണ്.
(തിരുത്തൽവാദികൾക്ക് എതിരഭിപ്രായമുണ്ടോ?).
എന്തുകൊണ്ട് പരിശുദ്ധ പാത്രിയർക്കീസ് ബാവാമാരുടെ കല്പനകൾ ആരാധന ക്രമങ്ങളുടെ മുമ്പിൽ അച്ചടിച്ചിരിക്കുന്നു?
സുറിയാനിയിലുള്ള അന്ത്യോക്യൻ ആരാധന ക്രമങ്ങൾ അക്ഷരജ്ഞാനമില്ലാത്ത അക്കാലത്തെ മലയാളികൾക്കു മനസ്സിലാകാത്തതിനാൽ അവ മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ പഴയകാലത്ത് പാമ്പാക്കുടയിലുള്ള സുറിയാനി സഭയുടെ മല്പാനച്ചന്മാർക്ക് അനുവാദം നൽകിയിരുന്നു. അങ്ങനെ 1820-ൽ സുറിയാനിയിൽനിന്നും തർജ്ജമ ചെയ്ത്, അച്ചടിയന്ത്രമില്ലാത്തതിനാൽ കൈകൊണ്ടെഴുതിയ ഒരു മലയാളം കുർബാന തക്സാ പരിശുദ്ധ പാത്രിയർക്കീസ് ബാവായെ കാണിച്ച് അനുവാദ കല്പന വാങ്ങി. പിന്നീട് ബാവാമാരുടെ സമ്മതത്തോടെ പല ക്രമങ്ങളും അപ്രകാരം തർജ്ജമ ചെയിതു. എന്നാൽ ശ്ഹീമാ (സാധാരണ) നമസ്കാരത്തിലെ പ്രാർത്ഥനകൾ സുദീർഘമായതിനാൽ അവയിൽ നിന്നും ചില ഭാഗങ്ങൾ മാത്രമെടുത്ത് പാമ്പാക്കുട നമസ്കാരം എന്ന പേരിൽ മലയാളത്തിലുള്ള ഒരു ക്രമമുണ്ടാക്കി. എന്നിട്ട് അത് സുറിയാനിയിലേക്ക് മാറ്റി പരിശുദ്ധ പാത്രിയർക്കീസ് ബാവായെ വായിച്ചു കേൾപ്പിക്കുകയും, അതിന് വേണ്ടതായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ച് ബാവായുടെ കല്പനയും വാങ്ങി. പിന്നീട് വിശ്വാസികൾക്കായി അച്ചടിച്ച് വിതരണം ചെയ്തു. പക്ഷേ, ആ മല്പാനച്ചന്മാരുടെ പിന്മുറക്കാർ മേല്പറഞ്ഞ കല്പനയുള്ള ക്രമങ്ങളുമായി വിശ്വാസത്തിൽനിന്നും തെറ്റിപ്പോയി പുതിയൊരു സഭയുണ്ടാക്കി. എങ്കിലും സ്വന്തമായി ഒരു ക്രമമില്ലാതിതതിനാൽ (ഉളുപ്പില്ലാതെ) ഇന്നും ഈ ക്രമങ്ങൾ അവർ ഉപയോഗിച്ചുവരുന്നു. (തിരുത്തൽവാദികൾക്ക് എതിരഭിപ്രായമുണ്ടോ?).
കേരളത്തിൽ പുതിയതായി ഉണ്ടാക്കിയ, അന്ത്യോക്യൻ ക്രമം ഉപയോഗിക്കുന്ന ഒരു സഭയിലെ പട്ടംകൊട, പള്ളി കൂദാശ തുടങ്ങിയ ആരാധന ക്രമങ്ങളുടെ പുസ്തകങ്ങളിൽ സുറിയാനി സഭയുടെ ക്രമത്തിൽനിന്നും
വ്യത്യാസങ്ങൾ എങ്ങനെ വന്നു?
പത്രോസിന്റെ പരമാധികാരത്തെ സൂചിപ്പിക്കുന്ന പലതും വെട്ടിമാറ്റി നോക്കിയതാ. (ഓരോ ക്രമത്തിലെയും വ്യത്യാസങ്ങൾ വിശദമായി എഴുതിയിട്ടുള്ളതാണ്. ലേഖനം വളരെ വലുതായതിനാൽ മറ്റൊരു ലേഖനമായി പോസ്റ്റ് ചെയ്യാം. തത്ക്കാലം പട്ടംകൊടയിലെ വിലിയൊരു വ്യത്യാസം മാത്രം സൂചിപ്പിക്കാം). അമോലോഗിയ തിരുത്തി, നടപടിക്രമം, (പട്ടം കൊടുക്കുന്നവരുടെ സൗകര്യത്തിന്) പലതരത്തിൽ പലതും തുരുത്തി എങ്കിലും പ്രാർത്ഥനകളിലും പാട്ടുകളിലും ഒളിഞ്ഞിരിക്കുന്ന പല മർമ്മങ്ങളും വെട്ടി മാറ്റാൻ (ദിവ്യ) ജ്ഞാനക്കുറവുകൊണ്ട് മറന്നുപോയി. അതുകൊണ്ട് പത്രോസ് ശ്ലീഹായുടെ പാരമ്പര്യത്തിലുള്ള കൈവയ്പ്പിന്റെ ക്രമം അടിച്ചുമാറ്റി ഈണത്തിൽ നീട്ടി ചെല്ലിയിട്ട്, പട്ടംകൊട പ്രഖ്യാപനം നടത്തുമ്പോൾ മറ്റൊരു ശ്ലീഹായുടെ നാമത്തിൽ ഉച്ചത്തിൽ ചൊല്ലുന്നു. കാപ്പായുടെ ഉള്ളിൽ കയറി മുട്ടുകുത്തി (ആദാമിനെപ്പോലെ നഗ്നത മനസ്സിലാക്കി ഒളിച്ചിരുന്ന) കണ്ണുമടച്ചിരുന്ന പാവം സ്ഥാനാർത്ഥി ഇതൊന്നും അറിയുന്നില്ല. വൈദികനായശേഷം മറ്റൊരാളുടെ പട്ടംകൊടയിൽ സംബന്ധിച്ചപ്പോൾ ഈ ചൊല്ലുകൾ സസൂക്ഷ്മം നിരീക്ഷിച്ചിട്ട് പോയ ഒരു വൈദികൻ, ഈ വിരോധാഭാ(ഭ്യാ)സത്തെപ്പറ്റി മെത്രാച്ചനോടു ചോദിച്ചു. "ഞാൻ വിശ്വസിച്ചതിനെ നീയും വിശ്വസിക്കുമെന്നും ഏറ്റു പറയുമെന്നും നീ എഴുതി ഒപ്പിട്ട് തന്നത് മറന്നു പോയോ? അതുകൊണ്ട് ഞാൻ പറയുന്നത് നീ കേട്ടാൽ മതി. കൂടുതലായി ചോദ്യം വേണ്ട". അത്രയും കേട്ടപ്പോൾ, കിട്ടിയ പട്ടം ഏതായാലും സാരമില്ലെന്ന് പറഞ്ഞ് ജീവനുംകൊണ്ട് അച്ചൻ തിരിഞ്ഞോടി.
വട്ടം വരച്ചിട്ട് വെടിവെച്ച് കൊള്ളിക്കുന്നതിന് പകരം, വെടിവെച്ചിട്ട് പോയി വട്ടം വരച്ചാൽ, കൃത്യമായി ഉന്നം പിടിച്ചുകൊണ്ട് വെടി വെച്ചതാകുമെന്ന് കാണുന്നവർ കരുതും. പക്ഷേ, ഉണ്ടയില്ലാത്ത ഈ വെടിയും ചീറ്റിപ്പോയി. പുക മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. അവയും അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നുകൊണ്ടിരുക്കുന്നു. (തിരുത്തൽവാദികൾക്ക് എതിരഭിപ്രായമുണ്ടോ?).
പൗരോഹിത്യത്തെപ്പറ്റി ഹൂസോയോ പ്രാർത്ഥനയിലുണ്ടോ?
ഹൂസോയോ കൊടുക്കുമ്പോൾ ചൊല്ലുന്ന പ്രാർത്ഥന (അറിയാമെങ്കിൽ) വെട്ടിച്ചുരുക്കാതെ ഒരു തവണ ചൊല്ലിയാൽ പൗരോഹിത്യം ആരിൽനിന്ന് ആരിലൂടെ പുരോഹിതനിലേക്കുവന്നു എന്ന് മനസ്സിലാക്കാം. പൗരോഹിത്യ അധികാരം (കെട്ടുവാനും അഴിക്കുവാനും) പ്രയോഗിക്കാൻ ആര്, ആർക്ക് നൽവ്വരം നൽകി എന്നും മനസ്സിലാക്കാം. സ്നേഹംകൊണ്ട് പറയുവാ, കൃത്യമായ കൈവെപ്പില്ലാത്ത പട്ടക്കാരൻ ഈ ലേഖനം വായിച്ചിട്ട് ആവേശം കേറി ഹൂസോയോ പ്രാർത്ഥന ഉറക്കെ ചൊല്ലരുതേ! മന്ത്രം ജപിക്കുന്നതുപോലെ ചൊല്ലിയാൽ മതി. ഉറക്കെ ചൊല്ലിയാൽ പാത്രിയർക്കീസ് എന്നൊക്കെ കേൾക്കുമ്പോൾ പെട്ടെന്ന് ജനം പ്രതികരിക്കും. അതായത്, കെട്ടുവാനും ഒരിക്കലും അഴിക്കുവാനും പറ്റാത്തവിധം കുരുക്ക് മുറുക്കുവാനുമുള്ള അധികാരം വിശ്വാസികൾ പ്രയോഗിക്കും. അഴിക്കുന്തോറും മുറുകുന്ന കുരുക്ക്. (തിരുത്തൽവാദികൾക്ക് എതിരഭിപ്രായമുണ്ടോ?).
"കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം".
ജ്ഞാനപ്പാനയിലെ ഈ വരികൾപോലെയാണ് സുറിയാനി സഭയിലെ ചില ആത്മീയ മക്കളുടെ കാര്യം. മഹത്തായ ആരാധനയും പാരമ്പര്യങ്ങളുമൊക്കെ വളരെ ആഴമേറിയതുമാണ്. അതിന്റെ മൂല്യമറിയാതെ കഴുത കുങ്കുമം ചുമക്കുന്നതുപോലെയാകരുത് സഭാമക്കളുടെ വിശ്വാസം. സഭയിൽനിന്നും തെറ്റിപ്പോയി മറ്റൊരു സഭയുണ്ടാക്കിയവർപോലും തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി സുറിയാനി സഭയുടെ നടപടിക്രമം അതേപടി പിൻതുടരാൻ ശ്രമിക്കുന്നു എന്നതും മറ്റൊരത്ഭുതമാണ്. വിശ്വാസത്തിൽ നിന്ന് അണുവിട മാറാൻ താല്പര്യമില്ലാത്ത അനേക വൈദികർപോലും മറ്റു സഭകളിലുണ്ട്. ഈ അടുത്ത കാലത്തായി പ്രസിദ്ധീകരിക്കപ്പെട്ട തക്സാകളുൾപ്പെടെയുള്ള സുറിയാനി സഭയുടെ പുസ്തകങ്ങൾ ഇതേ പാരമ്പര്യമുൾപ്പെടുന്ന (അവകാശപ്പെടുന്ന) സഭയിലെ വൈദികരുൾപ്പെടെ മൊത്തമായി വാങ്ങുകയും, അവ തങ്ങളുടേ പള്ളികളിൽ (അതിന്റെയൊക്കെ വ്യക്തമായ നടപടിക്രമം പോലുമറിയാതെ) ആചരിക്കുകയും (അവതരിപ്പിക്കുകയും) ചെയ്തുവരുന്നത് സോഷ്യൽ മീഡിയാ വഴി കണുന്നുണ്ട്. ഉദാഹരണം: വാദെ ദൽമീനോ, യൽദോ തീജ്വാല ക്രമം, സ്ലീബാപ്പെരുന്നാൾ ക്രമം മുതലായവ.
ശ്ലൈഹീകവും, കുറ്റമില്ലാത്തതുമായ ഏകവിശ്വാസത്തെ പാലിച്ച് ശ്ലീഹന്മാരും പിതാക്കന്മാരും നമ്മൾക്ക് ഏല്പിച്ച് തന്നത് അല്പംപോലും വെള്ളം ചേർക്കാതെ തലമുറ തലമുറയായി കൈമാറാൻ നമുക്ക് സാധിക്കണം. അതായത് സത്യവിശ്വാസത്തിൽനിന്നും വ്യതിചലിക്കാതെ അടിയുറച്ചു നിൽക്കണം. അതിന്റെ അന്തഃസത്തയുൾക്കൊണ്ട് വിശ്വാസത്തിൽ മുന്നേറുന്നതിൽ താല്പര്യം കാണിക്കുകയും വേണം. സ്വത്ത് സംരക്ഷിക്കാനല്ല, വിശ്വാസം സംരക്ഷിക്കാനാണ്, അനേകം പീഡകളേറ്റ് മരിച്ച സഹദേന്മാരുൾപ്പെടെയുള്ള വിശുദ്ധർ നമ്മെ പഠിപ്പിച്ചിട്ടുള്ളത്.
പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയിലെ അഭിവന്ദ്യ പിതാക്കന്മാരേ, വൈദികരേ, ശുശ്രൂഷക്കാരേ. ഈ കഴിഞ്ഞ കഷ്ടാനുഭവാഴ്ച നമ്മുടെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു പള്ളിയിലെ ദുഃഖവെള്ളിയാഴ്ച്ച ശുശ്രൂഷയിൽ കുറെ കുരിശുകൾ നിരത്തിവച്ച് കുമ്പിടുന്ന വിചിത്രാചാരം സോഷ്യൽ മീഡിയാ വഴി കാണുവാനിടയായി. പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധന ആചാരാനുഷ്ഠാനങ്ങളെ പകർത്തി അതിൽ കലർപ്പ് വരുത്തി സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് ഒരു വിഭാഗത്തിൻ്റെ നിഗൂഢ ലക്ഷ്യമാണ്. അന്ത്യോഖ്യൻ സുറിയാനി ആരാധനക്രമം അഥവാ, പടിഞ്ഞാറൻ സുറിയാനി ആരാധനക്രമത്തിൽ മായം ചേർത്ത് തങ്ങളുടെ വ്യാജ ചരിത്ര നിർമ്മിതിയുടെ അടിത്തറ ബലപ്പെടുത്തക എന്നതാണ് അവരുടെ ഉദ്ദേശ്യം. ഈ കാര്യങ്ങൾ ഇപ്പോൾ എഴുതുന്നത് എന്തിനെന്ന് ചോദിച്ചാൽ, നാളെ ഇതുപോലെ ദുഃഖവെള്ളിഴ്ച ദിവസം നിരവധി സ്ലീബാ നിരത്തിവെച്ച് മുത്തുന്ന രീതി ഒരു പാരമ്പര്യമായി സുറിയാനി സഭയിലേക്ക് കടന്നു വരാതെയിരിക്കുവാനാണ്.
ഹാശാ ആഴ്ചയിലെ കാപ്പായുടെയും ചിത്തോലയുടെയും വിരിക്കൂട്ടിന്റെയും നിറം കറുപ്പാക്കുന്നതുൾപ്പെടെ മുൻകാലങ്ങളിൽ മലങ്കരയിലെ ഒരു വിഭാഗം കലർത്തിയ മായങ്ങളിൽ ചിലതും കാലക്രമേണ മലങ്കരയിലെ സുറിയാനി ഓർത്തഡോക്സ് സഭയിലെ സത്യവിശ്വാസികൾ അറിവില്ലായ്മമൂലം പകർത്തി പ്രചാരത്തിലായ ചില മായം ചേർക്കലുകളും താഴെ കുറിക്കുന്നു.
സുറിയാനി സഭയുടെ വിശ്വാസം അവകാശപ്പെടുന്ന സഭയിൽ വിശുദ്ധ കുമ്പസാരം നടത്തുന്ന വൈദികർ ഹമ്നിഖാ പോലും ധരിക്കാതെയാണ് ആ കൂദാശ നടത്തുന്നത്. ഏറ്റവും പ്രാധാന്യമേറിയ ഹൂസോയോ പ്രാർത്ഥന വൈദികർ രഹസ്യമായി ചൊല്ലുന്നതുകൊണ്ട് സത്യം മനസ്സിലാക്കാൻ വിശ്വാസികൾക്കു സാധിക്കുന്നില്ല. നമ്മുടെ കർത്താവ് തന്റെ ശ്ലീഹന്മാർക്കും ശ്ലീഹന്മാർ വഴിയായി പാത്രിയർക്കീസന്മാർക്കും പാത്രിയർക്കീസന്മാർ വഴിയായി മേല്പട്ടക്കാർക്കും മേല്പട്ടക്കാർ വഴിയായി ബലഹീനരായ പട്ടക്കാരിലേക്കും വന്നുചേർന്നിരിക്കുന്ന പൗരോഹിത്യ അധികാരത്തെപ്പറ്റി രഹസ്യമായി പ്രാർത്ഥിക്കുന്ന സമയത്ത് മേല്പറഞ്ഞ രീതിയിലുള്ള കൈവെപ്പില്ലാത്ത സഭയുടെ വൈദികർ എന്തായിരിക്കും പ്രാർത്ഥിക്കാൻ സാധ്യതയുള്ളത്? ഇനി ഇപ്രകാരം തന്നെ കൈവയ്പ്പില്ലാത്തതിനാൽ രഹസ്യമായി പ്രാർത്ഥിച്ചാൽ അതും ദൈവമുമ്പാകെ വലിയൊരു പാപമല്ലേ? പാവം വിശ്വാസികളേ, ഈ പ്രാർത്ഥന തന്നെയാണോ നിങ്ങളുടെ തലയിൽ കൈവച്ച് നിങ്ങളുടെ വൈദികർ പ്രാർത്ഥിക്കുന്നതെന്ന് ആദ്യം മനസ്സിലാക്കുക. ഒരു വിഭാഗത്തിന്റെ സഭകളിലെ പാവം വിശ്വാസികൾ വഞ്ചിക്കപ്പെടുന്നു. പലരും പലതാണ് പ്രാർത്ഥിക്കുന്നതെന്ന് ആ സഭയിലെ വൈദികർതന്നെ രഹസ്യമായി പറയപ്പെടുന്നുണ്ട്. രഹസ്യ പ്രാർത്ഥനയായതിനാൽ അതും പരമ രഹസ്യമായിരിക്കട്ടെ. എന്തായാലും കൈവയ്പ്പ് കൃത്യമായതിനാൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വാസികൾക്ക് ഇക്കാര്യത്തിൽ യാതൊരു ഭയവും വേണ്ട.
സിറിയൻ ഓർത്തഡോക്സ് സഭയുടെ ഭവന ശുദ്ധീകരണത്തിന്റെ ക്രമവും സുറിയാനി സഭയുടെ അതേ ആരാധനാക്രമം പിന്തുടരുന്നു എന്ന് അവകാശപ്പെടുന്ന മറ്റൊരു സഭയുടെ ക്രമവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് കരുതുന്ന വിശ്വാസികളും ഒരു കൂട്ടം വൈദികരുമുണ്ട്. രണ്ടു പുസ്തകങ്ങളും എടുത്തുവെച്ച് ഒരു സൂക്ഷ്മ പരിശോധന നടത്തിയാൽ സത്യമറിയാം. സുറിയാനി സഭയുടെ കൂദാശ ക്രമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിന് വിരുദ്ധമായിട്ടുള്ള പ്രൊമിയോൻ സെദ്റോയാണ് മറ്റൊരു സഭയുടെ ക്രമത്തിലുള്ളത്. മാത്രമല്ല സെദ്റായിലെ ഭാഗങ്ങളൊക്കെ രണ്ടാം വിവാഹത്തിലെ ചില ഭാഗങ്ങൾ കൂട്ടിച്ചേർത്ത് തിരുത്തി എഴുതിയിരിക്കുന്നു എന്ന് ആ പുസ്തകത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. സ്വന്തമായി അവർതന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നതിനാൽ തിരുത്തപ്പെട്ടു എന്നുള്ളതിന് ഇതില്പരം ഇനിയെന്തു തെളിവ് വേണം? ഒന്നെടുത്ത് രൂപമാറ്റം വരുത്തി അതുപോലെയുള്ള മറ്റൊന്നുണ്ടാക്കാൻ അസാമാന്യ കഴിവുതന്നെ വേണം. പക്ഷേ, വിശ്വാസ കാര്യത്തിൽ ഇത്തരം കത്രികവെപ്പ് ശരിയല്ല. അതുകൊണ്ട് ഇനി മേലിലും സുറിയാനി ഓർത്തഡോക്സ് സഭയുടെ വൈദികർ മറ്റു സഭയുടെ ഇത്തരം പുസ്തകങ്ങൾ വാങ്ങി ഉപയോഗിക്കരുത്.
ഇരു സഭകളുടെയും പുസ്തകങ്ങൾ തമ്മിൽ ഒരു താരതമ്യ പഠനത്തിന് വിധേയമാക്കിയാൽ വിശുദ്ധ മാമോദിസയുടെ ക്രമത്തിലും മറ്റെല്ലാ കൂദാശകളിലും വ്യത്യാസങ്ങൾ കാണുവാൻ സാധിക്കും. വൈദികർ ചെയ്യുന്ന കരചലനങ്ങളിലും (Rubrics) കർമ്മങ്ങളിലും ഇതേ വ്യത്യാസം പ്രതിഭലിക്കുന്നുണ്ട്. വിശുദ്ധ കുർബാനയുടെ കാര്യത്തിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ വൈദികർ ചെയ്യുന്ന റൂബ്രിക്സ്, അതിൽ നിന്ന് വ്യത്യാസമായിട്ടാണ് ഇതേ പാരമ്പര്യം പിന്തുടരുന്നു എന്ന് അവകാശപ്പെടുന്ന മറ്റു സഭയിലെ വൈദികർ ചെയ്യുന്നത്. ദിയാഫ്ത്തൂകോ (തുബ്ദേൻ) വായിക്കുന്ന സമയത്ത് തബ്ലേത്തായിലും വിരിക്കൂട്ടലും ഒക്കെ സ്ലീബാ വരയ്ക്കുമ്പോൾ ഇതേ പാരമ്പര്യം പിന്തുടരുന്ന മറ്റൊരു സഭ കാസയുടെ നാഴിയിൽ വരയ്ക്കുന്നു. എന്തിന് അങ്ങനെ വരയ്ക്കുന്നുവെന്നോ അതിനെപ്പറ്റി മറ്റു വിശദീകരണങ്ങളും തരുവാൻ അവിടെയുള്ള മല്പാന്മാർക്കുപോലും ഇക്കാലും കഴിയുന്നില്ല. അവരുടെ വൈദികരുടെയിടയിൽ ഇതിന് ഭിന്നാഭിപ്രായവുമുണ്ട്. Rubrics പോലുമറിയാതെ ഒരു തക്സാ മലർത്തിവെച്ച് ഉറക്കെ നീട്ടി ചൊല്ലിയാൽ എന്തു ഗുണം? പാവം വിശ്വാസികൾക്ക് എന്ത് പ്രയോജനം?
ജീവനോടിരിക്കുന്ന പിതാക്കന്മാരെ ഓർക്കുന്ന ഒന്നാമത്തെ തുബ്ദേനിൽ നിലവിലില്ലാത്ത സ്ഥാനത്തെയും ഓർക്കുന്നു.
തുബ്ദേനിൽ ഓർക്കുന്ന പാത്രിയർക്കീസിനെ അംഗീകരിക്കുന്നതുമില്ല എന്ന് പറയുന്നു. പാത്രിയർക്കീസിനെ ഓർക്കുകയും നിലവിലില്ലാത്ത പാത്രിയർക്കീസിനെ ജീവനുള്ളവരുടെ കൂട്ടത്തിൽ ഓർക്കുകയും ചെയ്യുന്നതൊരു മഹാത്ഭുതം തന്നെയാണ്. ഈ രണ്ടു പാത്രിയർക്കീസന്മാർക്കും മേല്പറയുന്ന സഭയുമായി യാതൊരുവിധമായ കൗദാശിക ബന്ധം പോലുമില്ല. പഴയ ചില നമസ്കാര പുസ്തകങ്ങളിലും നിത്യ നമസ്കാര പുസ്തകങ്ങളിലും മറ്റു പ്രാർത്ഥന പുസ്തകങ്ങളിലും പാത്രിയർക്കീസ് ബാവമാരുടെ കല്പനകൾ ആദ്യത്തെ പേജുകളിൽ അച്ചടിച്ചു വെക്കുകയും, എന്നാൽ അതേ പുസ്തകത്തിനകത്തുള്ള പല കാര്യങ്ങളും തിരുത്തി എഴുത്തുകയും ചെയ്തിട്ടുള്ളതിനാൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രിയ വിശ്വാസികൾ അത്തരത്തിലുള്ള പുസ്തകങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിൽ നിന്ന് പിന്മാറേണ്ടതാണ്. വിശ്വാസപരമായ ഏതെങ്കിലും പുസ്തകങ്ങളോ ആരാധന ക്രമങ്ങളോ വാങ്ങുന്നുവെങ്കിൽ സുറിയാനി സഭയുടെ ഏതെങ്കിലും വൈദികരോട് ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം അവ വാങ്ങി ഉപയോഗിക്കേണ്ടതാണ്. അച്ചടി ലഭ്യമല്ലാത്ത കാലത്തെ കൈയെഴുത്തു പ്രതികളും ഓരോ ഇടവക തലത്തിൽ അവരുടെ ആവശ്യത്തിനായി അച്ചടിച്ച പുസ്തകങ്ങളുമുണ്ട്. അതുകൂടാതെ പണ്ടുമുതലേ സുറിയാനി സഭ സ്വന്തമായി ക്രമങ്ങൾ അച്ചടിക്കുന്നുണ്ട്.
ആദ്യ നൂറ്റാണ്ടിലെയുൾപ്പെടെയുള്ള സുറിയാനി സഭയുടെ ക്രമങ്ങളൊക്കെ ബ്രിട്ടീഷ് ലൈബ്രറിയിലുണ്ട്. മറ്റ് സഭകളിൽപ്പെട്ട പലരും കച്ചവട ലാഭത്തിനുവേണ്ടിയും സുറിയാനി സഭയുടെ ആരാധനാ ക്രമങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് കരുതി ഈ ക്രമങ്ങളൊക്കെ അവരുടെ സ്വന്തമല്ല. പരസ്യത്തിനുവേണ്ടി പബ്ലിഷറുടെ പേരും എംബ്ലവുമൊക്കെ പുസ്തകങ്ങളുടെ പുറം ചട്ടയിൽ അവർ ഉപയോഗിക്കും. എന്നാൽ അതിലടങ്ങിയിരിക്കുന്ന പ്രാർത്ഥനകളും ഗാനങ്ങളുമെല്ലാം അന്ത്യോഖ്യൻ സുറിയാനി സഭയുടേതാണ്. യാതൊരു സംശയവും വേണ്ട. മാത്രമല്ല, സുറിയാനി സഭയുടെ പിതാക്കന്മാർ മലങ്കരയിലേക്ക് എഴുന്നള്ളി വന്നപ്പോൾ കൊണ്ടുവന്ന സാധനങ്ങളുടെ ലിസ്റ്റ് കപ്പലിറങ്ങിയപ്പോൾ തയ്യാറാക്കിയിട്ടുള്ളതാണ്. അതിൽ പറയുന്ന പ്രകാരം വേദപുസ്തകം, മറ്ബഹാസാ, കുരിശ്, വിശുദ്ധ കുർബാന തക്സാ, ധൂപക്കുറ്റി, കാസാ-പീലാസാകൾ മുതലായവ അതിൽപ്പെടുന്നു. അതായത് മലങ്കരയിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ക്രമങ്ങൾ അവർ മോഷ്ടിച്ചുകൊണ്ടുപോയില്ല. അവരുടെ ക്രമങ്ങൾ നമുക്കു തരുകയാണ് ചെയ്തത്.
സുറിയാനി സഭ ഇപ്രകാരമുള്ള പതിനഞ്ച് ആരാധനാക്രമങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
1. ശ്ഹീമോ-പ്രതിവാര സാധാരണ പ്രാർത്ഥനാക്രമം.
2. വിശുദ്ധ വേദപുസ്തകത്തിൽ നിന്നുള്ള വായനകൾ (പാഠങ്ങൾ).
3. വിശുദ്ധ കുർബ്ബാനർപ്പണത്തിനുള്ള തക്സാ (അനാഫോറ)
4. ഒരു വർഷത്തേക്കുള്ള ഞായറാഴ്ച നമസ്കാരം (പെങ്കീസാ).
5. മോറാനായ പെരുനാളുകൾക്കും വിശുദ്ധരുടെ ഓർമ്മയ്ക്കുള്ള ക്രമം (പെങ്കീസാ).
6. വലിയ നോമ്പിലേയും കഷ്ടാനുഭവ ആഴ്ചയിലേയും നമസ്കാരം.
7. ഞായറാഴ്ചകളിലേക്കും, പെരുനാളുകളിലേക്കും, വലിയ നോമ്പിലേക്കും, കഷ്ടാനുഭവ ആഴ്ചയിലേക്കും, മറ്റുമുള്ള പ്രാർത്ഥനകൾ (പ്രുമിയോൻ, സെദറാകൾ)
8. മാമോദീസാ, വിവാഹം, തൈലാഭിഷേകം, കുമ്പസാരം ഇവയുടെ ശുശ്രൂഷാക്രമം.
9. പുരോഹിതരുടെ അഭിഷേകത്തിന്റെ ക്രമം. (പട്ടംകൊട)
10. മോറാനായ പെരുനാളുകളുടെ ക്രമങ്ങൾ.
11. ശവസംസ്കാര ശുശ്രൂഷാ ക്രമങ്ങൾ.
12. പട്ടക്കാരുടെയും ദയറാക്കാരുടെയും അപേക്ഷകൾ അടങ്ങുന്ന ക്രമങ്ങൾ.
13. ബഗ്സാസ (എക്കാറാ-സംഗീത ക്രമം)
14. ജീവന്റെ പുസ്തകം (സ്ഫർഹായെ)
15. വാർഷിക പെരുനാളുകളുടെ കലണ്ടറുകൾ.
അതുപോലെതന്നെ വിശുദ്ധ കുർബാനയിൽ പലയിടത്തും റൂബ്രിക്സ് പലതരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അനാഫോറായിൽ ഹോശോ വബ്..... ചൊല്ലുന്ന സമയത്ത് കാർമ്മികർ പരിശുദ്ധ റൂഹായെ കൈകൾകൊണ്ട് കോരിയെടുത്ത് നെഞ്ചിലേക്കും മുഖത്തേക്കും അതിനുശേഷം കൈകളുയർത്തി ജനങ്ങൾക്കും കൊടുക്കേണ്ടതുണ്ട്. അറിവില്ലായ്മകൊണ്ട് പലരും അത് മുഴുവനായി ചെയ്യാറില്ല. കുർബാനയിൽ പ്രകടമായ പല വ്യത്യാസങ്ങളും തിരുത്തലുകളും കാണാൻ സാധിക്കും. അതുകൊണ്ട് സുറിയാനി ഓർത്തഡോക്സ് സഭയുടെ ആത്മീയ മക്കളാരും ഒരുപോലെയുള്ള ആരാധനയും പാട്ടുമാണെന്ന് പറഞ്ഞ് മറ്റ് സഭകളിൽ പോയി 'അരക്കുർബാന' അനുഭവിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.
നോമ്പ് കണക്കുകളിലും പലതരം വ്യത്യാസങ്ങളുണ്ട്. കാനോനിൽ (കാനോൻ തിരുത്തി ഉപയോഗിക്കുന്നവർക്ക് അതൊന്നും ബാധകമല്ല) കാണുന്നതും അവർ പാലിക്കാറില്ല. ആഗോള സുന്നഹദോസ് നിശ്ചയവും അവർ അംഗീകരിക്കില്ല. പാത്രിയർക്കീസ് ബാവായുടെ പേര് തുബ്ദേനിൽ മാത്രമല്ല, ഗദ്യത്തിലുള്ള ഹൂത്തോമോ, മറ്റ് കൂദാശകൾ തുടങ്ങിയ മറ്റനേകം സന്ദർഭങ്ങളിലും ഓർക്കുന്നുണ്ട്. അതും തിരുത്താൻ മറന്നുപോയതു കാരണം അവർ ആസ്വദിച്ചു നീട്ടി ചൊല്ലിവിടുന്നതല്ലാതെ ഏതൊക്കെ ഭാഗത്താണെന്നുപോലും തിരിച്ചറിയുന്നില്ല. കാര്യമിതൊക്കെയാണെങ്കിലും നിഖ്യായിലും, കുസ്തന്തീസ്പ്പോലീസിലും എഫേസോസിലും വെച്ചു കൂടിയ മൂന്ന് പൊതു സുന്നഹദോസുകളെയും അവയുടെ തീരുമാനങ്ങളെയും അവർ അംഗീകരിക്കുന്നു എന്നു പറയുന്നു. ആ സുന്നഹദോസുകളിൽ അവരുടെ മേല്പട്ടക്കാർ (അക്കാലത്ത് മേല്പട്ടക്കാർ പോയിട്ട് അവർക്ക് ഒരു കപ്യാരോ പള്ളിയോ പോലുമില്ല) പങ്കെടുത്തിട്ടുമില്ല. അന്ത്യോഖ്യയുടെ 24-ാമത്തെ പാത്രിയര്ക്കീസായ വിശുദ്ധ ഒസ്താത്തിയോസിന്റെ (A.D.324-349) അധ്യക്ഷതയിൽ ചേർന്ന ആദ്യത്തെ നിഖ്യാ പൊതുസുന്നഹദോസിൽ (5-ാം തുബ്ദേൻ) ഭരണ സൗകര്യാർത്ഥം അന്ത്യോഖ്യായിലെ വിശുദ്ധ പത്രോസിന്റെ ഏക സിംഹാസനം 4 പാത്രിയർക്കാ സിംഹാസനങ്ങളായി വിഭജിച്ചു (ഹൂദായ കാനോൻ 7-ാം കപ്പാലിയോൻ).
ഏകദേശം 90-ല്പരം അനാഫോറകൾ സുറിയാനി സഭയ്ക്ക് സ്വന്തമായിരിക്കെ, അതിൽത്തന്നെ 33-ഓളം ക്രമങ്ങൾ മലയാളത്തിലേക്ക് പരിഭാഷ ചെയ്തിട്ടുള്ളതും, ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും ചില ക്രമങ്ങൾ പരിഭാഷ ചെയ്തിട്ടുള്ളതുമാകുന്നു. എന്നാൽ ഇതേ ആരാധനാ പാരമ്പര്യം പിന്തുടരുന്ന മറ്റൊരു സഭ ഏകദേശം 90 ഓളം ക്രമങ്ങൾ നിലവിലിരിക്കെ അവയൊന്നും പരിഭാഷപ്പെടുത്താതെ, പുരാതനമായ ബ്രിട്ടീഷ് ലൈബ്രറിയിലെ മ്യൂസിയത്തിലെ രേഖകൾ പരിശോധിച്ചാൽപ്പോലും കണ്ടെത്തുവാൻ സാധിക്കാത്ത രണ്ട് അനാഫോറാകൾ ഇന്ന് മലങ്കരയിൽ സുലഭമാണ്. അത് ആ സഭയുടെ പേരില്ലെങ്കിൽപ്പോലും മറ്റൊരു പബ്ലിക്കേഷന്റെ പേരിലുള്ള ഈ പുസ്തകം ലളിതമായ ഭാഷയും പേജുകൾ മറിക്കുവാനുള്ള സൗകര്യവും കണക്കിലെടുത്ത് പല സഭകളിലെയും വൈദികർ ഉപയോഗിക്കുന്നുമുണ്ട്. സുറിയാനി സഭയുടെ വൈദികരുടെ ആരുടെയെങ്കിലും കൈവശം അവരറിയാതെ ഈ ക്രമമുണ്ടെങ്കിൽ അവ ഉപയോഗിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. ഒരു കൗതുകത്തിന് വേണ്ടി ഞാൻ പല അനാഫോറുകളും സൂക്ഷ്മമായി പരിശോധിച്ചപ്പോൾ പലതിലേയും കുറേ ഭാഗങ്ങൾ 'സമന്വയിപ്പിച്ച്' വെച്ച് ക്രമീകരിച്ചിട്ടുള്ള അനാഫോറയാണ് അതെന്ന് മനസ്സിലായി. സാത്താൻ സേവകരെപ്പോലെ തക്സാകളിൽപ്പോലും കത്രികകൊണ്ട് വെട്ടിച്ചുരുക്കലും പശകൊണ്ടൊട്ടിച്ച് കൂട്ടിച്ചേർക്കലും കല്പനമൂലും അനുസരിപ്പിക്കലും (അടിച്ചേല്പിക്കലും) നടത്തി (കൃത്രിമ) അരക്കുർബാനയർപ്പിച്ച് ജനങ്ങളെ നാശത്തിന്റെ പടുകുഴിയിലേക്ക് നയിക്കുന്നതുമൂലം എന്തു നേട്ടമാണുള്ളത്?
നേരാംവണ്ണം കർമ്മം അനുഷ്ഠിക്കേണ്ട വൈദികർക്കുപോലും അവ എന്തെന്നും എങ്ങനെയെന്നും അറിയാതെ, കേവലം കാട്ടിക്കൂട്ടലുകൾ മാത്രം നടത്തുന്നതിൽ അവർക്കും, വിശ്വാസികൾക്കും ശാപമല്ലാതെ മറ്റെന്താണ് പ്രയോജനം?
സുറിയാനി സഭയുടെ മൂറോനും വ്യജതൈലവും.
യൗസേഫും നിക്കോദീമോസും കൂടി കർത്താവിന്റെ ശരീരത്തിൽ പൂശിയ അകിലും മൂറും ശ്ലീഹന്മാർ കർത്താവിന്റെ കബറിൽ നിന്നെടുത്തു അതോടുകൂടി സ്ത്രീകൾ തന്നെ പൂശാൻ കൊണ്ടുവണ്ണ സുഗന്ധവർഗ്ഗങ്ങളും സൈത്തെണ്ണയും ചേർത്തു ശ്ലീഹന്മാർ വിശുദ്ധ പത്രോസിന്റെ പ്രധാന കാർമ്മികത്വത്തിൽ ആദ്യത്തെ മൂറോൻ കൂദാശ നടത്തി". (സഭാ ക്രമങ്ങളുടെ വ്യാഖ്യാന പുസ്തകം പേജ് 76). കർത്താവ് പത്രോസ് ഭാഗ്യവനാണെന്നു പ്രഖ്യാപിച്ചതിനാൽ "ശ്ലീഹാന്മാരുടെ തലവനായ പത്രോസിനും അവൻ മുഖാന്തിരം സർവ്വ ലോകത്തിനും ലഭിച്ച പൗരോഹിത്യം ഇവനും നൽകണമേ"യെന്ന ഉൽകൃഷ്ട പ്രാർത്ഥന പിതാക്കന്മാർ എഴുതി (സുറിയാനി ഓർത്തഡോക്സ് സഭയിലെ കശീശ പട്ടം കൊടുക്കുന്ന സെദറാ).
അഭിഷേകത്തിനു അർഹതയില്ലാത്ത സാധാരണ ജനം ഇതിനെ സ്പർശിക്കരുതെന്നും, അവര് അഹങ്കരിച്ചു പകരം വേറൊരു തൈലമുണ്ടാക്കരുതെന്നും കർശനമായി പുറപ്പാട് 30:29-ൽ രേഖപ്പെടുത്തിയിരിക്കുന്നു. പുറപ്പാട് 30:29-32 അവ അതിവിശുദ്ധമായിരിക്കേണ്ടതിന്നു അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം. അതു മനുഷ്യന്റെ ദേഹത്തിന്മേൽ ഒഴിക്കരുതു; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളതു നിങ്ങൾ ഉണ്ടാക്കുകയും അരുതു; അതു വിശുദ്ധമാകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം.
മേല്പറഞ്ഞ പ്രകാരമുള്ള മൂറോൻ ഉണ്ടാക്കാനും കൂദാശ ചെയ്യുവാനുമുള്ള അധികാരം പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് മാത്രമേയുള്ളൂ എന്ന് വ്യക്തമായ സ്ഥിതിക്ക്, മറ്റാരെങ്കിലും സമാനമായ തരത്തിൽ വ്യാജതൈലം നിർമ്മിക്കുകയും, അതിൽ പഴയ മൂറോൻ ഒഴിച്ച് വർധിപ്പിക്കുകയും, സുറിയാനി സഭയുടെ ക്രമപ്രകാരമുള്ള പ്രാർത്ഥനകൾ നടത്തിയാലും അതിൽ പരിശുദ്ധാന്മാവിന്റെ സാന്നിധ്യം കാണുകയില്ലെന്ന് വിശുദ്ധ വേദപുസ്തകവും സാക്ഷിക്കുന്നു. അതുകൊണ്ട് സുറിയാനി സഭയുടെ വിശ്വാസികളും വരും തലമുറകളും ഈ തൈലത്തിൽ (തെന്നി) വീഴാതെ സൂക്ഷിക്കണം.
വിശുദ്ധ കുർബാനയിൽ കലർത്തിയ മായങ്ങൾ.
വിശുദ്ധ കുർബാനയിൽ ശേലൂൻ ബശ്ലോമോ... ചൊല്ലിക്കഴിഞ്ഞ ഉടൻ തന്നെ ദൈവമേ! നീ പരിശുദ്ധനാകുന്നു എന്ന കൗമാ ചൊല്ലുന്ന രീതി. ഒരു വിഭാഗത്തിന്റെ ആരാധനക്രമ അജ്ഞാനത്തിൻ്റെ പ്രതിഫലനമാണ്. അവർ പറയുന്ന ന്യായം എന്തെന്നാൽ, കുർബാനയ്ക്ക് മുമ്പുള്ള യാമപ്രാർത്ഥനയുടെ അവസാന കൗമാ ആണെന്നാണ്. എന്നാൽ അവരോടൊരു മറു ചോദ്യം. ഈ കൗമാ കഴിഞ്ഞ് എന്തേ വിശ്വാസപ്രമാണം ചൊല്ലുന്നില്ല? അതിനുത്തരമില്ല. ശരിക്കും അവിടെ കൗമാ ചൊല്ലേണ്ട ആവശ്യമില്ല, കാരണം വിശുദ്ധ കുർബാനയിൽത്തന്നെ ത്രൈശുദ്ധ കീർത്തനവും കരുണായാചനകളും കർത്തൃപ്രാർത്ഥനയും വിശ്വാസപ്രമാണവും എല്ലാമടങ്ങുന്നു. ശേലൂൻ ബശ്ലോമോ... കഴിഞ്ഞ് മേല്പട്ടക്കാർ..., അഗ്നിമയന്മാർ... തുടങ്ങിയ ഗീതങ്ങൾ പാടി വിശുദ്ധ കുർബാന നൽകിക്കഴിഞ്ഞ്, തൻ ബലിയാൽ പാപികളെ രക്ഷിച്ചൊരു ദൈവസുതാ... തുടങ്ങിയ കുർബാനാനന്തര ഗീതങ്ങൾ പരസ്യമായി ചൊല്ലി കുറിയേലായിസോൻ...
മോറാൻ എസ്രാഹാമാലൈൻ... കർത്തൃപ്രാർത്ഥന എന്ന ഒടുക്കം ചൊല്ലി നിറുത്തുക എന്നതാണ് ശരിയായ രീതി. സുറിയാനി സഭയുടെ മക്കൾ ഇനി മേലിലും ഈ പതിവ് തെറ്റിക്കരുത്.
ആറാം തുബ്ദേൻ കഴിഞ്ഞു ശുശ്രൂഷകൻ ശുബ്ക്കോനോ ചോദിക്കുന്ന രീതി. സുറിയാനി ഓർത്തഡോക്സ് സഭയുടെ ഒരു വിശുദ്ധ കുർബാന വ്യാഖ്യനങ്ങളിലോ നടപടി ക്രമങ്ങളിലോ ഇപ്രകാരം ഒരു അനുഷ്ഠാനമേ കാണുന്നില്ല. ഇത് പിൽക്കാലത്ത് പാമ്പാക്കുട കേന്ദ്രികരിച്ച് വന്ന നവീന സൃഷ്ടിയായ പാരമ്പര്യങ്ങളാണ്. പാമ്പാക്കുടയിലെ (വീട്ടുപേര് എഴുതാൻ താല്പര്യമില്ല) ഒരു എബ്രാഹാം അച്ചനാണ് ഈ വക സൃഷ്ടികളുടെ ഉപഞ്ജാതാവ് എന്നറിയുന്നു. അതിനെ സഹായിക്കാൻ ചില തല്പര കക്ഷികൾ വ്യാജ രേഖകളുമുണ്ടാക്കി. ഇതു കൂടാതെ മറ്റു ചില മായം കലർത്തലുകളും പാമ്പാക്കുട ദേശത്തുനിന്നും ഉടലെടുത്തിട്ടുണ്ട്. അതിന്റെ ഉദ്ദേശ്യമെന്നത്, ഈ സുറിയാനി ആരാധനക്രമം ഉപയോഗിക്കുന്ന സഭകളിലെ ശുശ്രൂഷകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നത് തന്നെയാണ്. മലങ്കരയിൽ പല സ്ഥലങ്ങളിലും വ്യത്യസ്തമായതും ഇങ്ങനെ ചില സ്വതസിദ്ധമായ കാര്യങ്ങളുമുണ്ടെന്ന് വരുത്തി തീർക്കാനാണ്. സഭയുടെ ഏകീകൃത നടപടി ക്രമത്തെ തകിടം മറിക്കുന്നതുവഴി പല പാരമ്പര്യങ്ങൾ ഉടലെടുക്കുകയും അതുവഴി ചെറിയ ഭിന്നിപ്പുണ്ടാക്കുകയും ആ ഭിന്നിപ്പ് ഒരു പരിധി കഴിയുമ്പോൾ ഇതാണ് ശരിയായ പാരമ്പര്യമെന്ന് പറഞ്ഞ് തങ്ങളുടെ മനസ്സിലിരിക്കുന്ന പാരമ്പര്യം ഉറപ്പിക്കുകയും, (ബടക്കാക്കി തനിക്കാക്കുക) പിന്നീട് ആ പാരമ്പര്യം മറ്റു സഭകൾ പകർത്തിയതാണെന്ന് പഠിപ്പിക്കുകയും പുരാതനമായ സഭയാണ് തങ്ങളുടേതെന്ന് വരുത്തി തീർക്കുകയും ചെയ്യുന്നു.
ദനഹാ പെരുന്നാൾ: ആണ്ടടകമുള്ള പെരുന്നാളുകളിൽ ഉപയോഗിക്കേണ്ട, പാതിനോമ്പിന് മ്നോർത്തോയിൽ നാട്ടുന്ന സ്ലീബാ ദനഹാ പെരുന്നാൾ പ്രദക്ഷിണത്തിന് വൈദികൻ ഏന്തണം എന്നുള്ള രീതി നിർത്തലാക്കി. ശുശ്രൂഷകൻ പിടിക്കേണ്ട സ്ഫടിക ഭരണി വൈദികരെക്കൊണ്ട് പിടിപ്പിക്കുന്ന രീതി അവലംബിപ്പിക്കുകയും, പിന്നീട് തിരികെ പഴയപോലെയാക്കി ചിലയിടങ്ങളിൽ ജനങ്ങളിൽ ഈ ശുശ്രൂഷയെക്കുറിച്ച് ആശയക്കുഴപ്പങ്ങളുമുണ്ടാക്കി. ഇപ്പോഴും പലയിടത്തും പല രീതിയാണ്.
ഊശാനപ്പെരുന്നാളിൻ്റെ കുരുത്തോല വാഴ്വിൻ്റെ സമയത്ത് വൈദികൻ കുരുത്തോല ചേർത്ത് പിടിക്കേണ്ടത് മ്നോർത്തോയിലെ സ്ലീബായാണെന്നിരിക്കെ, ചില പ്രദേശങ്ങളിൽ ബാഹ്യമായി വന്നുകൂടിയ ഒരു രീതി കാണുന്നു. മടലുകൊണ്ടും ഓല കൊണ്ടും സ്ലീബായുണ്ടാക്കി വെക്കുന്ന രീതി. അതിൽ പൂക്കൾ കെട്ടി അലങ്കരിച്ച് വൈദികൻ ഈ 'റീത്തും' പിടിച്ച് പള്ളിക്ക് ചുറ്റും പ്രദക്ഷിണം നടത്തുന്നു. അതായത് ഗോഗുൽഥായിലിരിക്കുന്ന കുരിശാണ് കർത്താവ്. ആ കർത്താവിനെ മ്നൊത്തോയിൽനിന്നും എടുത്തുകൊണ്ടു പോകാതെ വെറുതെ ഓലയും (റീത്ത്) പിടിച്ച് കഴുത പള്ളിക്ക് ചുറ്റും നടക്കുന്നതുപോല മണ്ടത്തരം വേറെയുണ്ടോ? കർത്താവ് കയറാത്ത കഴുതയുടെ (ദുർ) നടപ്പും വ്യർത്ഥമത്രെ. മാത്രമല്ല, ഓലകൊണ്ടുണ്ടാക്കിയ കുരിശ് മേശപ്പുറത്ത് പാടെ ചരിച്ചിട്ടാണ് ഊശാനയുടെ ബാക്കി ക്രമം നടത്തുന്നത്. സ്ലീബാ ചരിച്ചിട്ട് ആരാധിക്കുന്നത് സാത്താൻ സേവകരുടെ സഭയാണെന്ന് കേട്ടിട്ടുണ്ട്. ഞങ്ങളുടെ മല്പാന്മാർ ഇങ്ങനെയാണ് പഠിപ്പിച്ചതെന്ന് പറഞ്ഞ് രക്ഷപ്പെടുന്നവർ ഇതിലും വലിയൊരു കെണിയിലാണ് അകപ്പെടുന്നത്. മ്നൊർത്തോയിലുള്ള കർത്താവിനെ കുരുത്തോലകളോടു ചേർത്ത് പിടിച്ച് കാർമ്മികന്റെ കൈകളിലേന്താൻ മറക്കരുത്.
ദുഃഖവെള്ളിയാഴ്ച രണ്ടാം പ്രദക്ഷിണത്തിന് സ്ലീബായുടെ തല ഇടതുകൈയിലായിരിക്കണമെന്ന് നടപടി നിലവിലിരിക്കെ അത് വലതുകൈയിൽ പിടിച്ചുകൊണ്ടു പോകുന്ന രീതി എവിടുന്നു കിട്ടി? എങ്ങനെയെങ്കിലും പിടിച്ചാൽ മതിയെങ്കിൽ കാസാ-പീലാസാകൾ ഏതൊക്കെ കൈകളിൽ എങ്ങനെയൊക്കെ പിടിക്കും? കാസാ-പീലാസാകൾ തുണിയുടെ ഉറയിലിട്ട് കെട്ടി ത്രോണോസിലോ, പ്രത്യേകം ക്രമീകരിച്ചിട്ടുള്ള മറ്റ് അലമാരകളിലോ വയ്ക്കുമ്പോൾ അതിന്റെ തലഭാഗം എങ്ങനെയായിരിക്കണമെന്ന വ്യക്തമായ ധാരണപോലുമില്ലാത്തവരോട് എന്തു പറയണം. പോത്തിനെന്ത് ഏത്തവാഴ?
ദുഃഖ വെളളിയാഴ്ച സ്ലീബാ ആഘോഷത്തിന് കൈയിൽ പിടിച്ചിരിക്കുന്ന സ്ലീബാ കിടത്തിയിരിക്കുന്ന രീതിയിൽത്തന്നെ, ഉയർത്തി ആഘോഷിക്കണമെന്ന നടപടിയിരിക്കെ സ്ലീബാ നിവർത്തിപ്പിടിച്ച് ആഘോഷിക്കുന്ന പതിവ് ആര് പഠിപ്പിച്ചു? ചിലപ്പോൾ കബറടക്കത്തിന് മുമ്പെ അവരുടെ കർത്താവ് എഴുന്നേറ്റുകാണും. മഹാത്ഭുതം തന്നെ.
സ്ലീബാ ആഘോഷമുള്ള എല്ലാ ശുശ്രൂഷകൾക്കും 'കുറിയേലായിസോൻ' എന്ന് ചൊല്ലുമ്പോൾ സ്ലീബാ പിടിച്ചിരിക്കുന്ന കാർമ്മകന്റെ തലയ്ക്കു മുകളിലേക്കു ഉയർത്തിയാൽ മാത്രം മതിയെന്ന് നടപടിക്രമത്തിൽ പ്രത്യേകം രേഖപ്പെടുത്തിയിരിക്കെ, 'ഹൗദ് മാലാഖെ' ചൊല്ലുന്ന സമയത്ത് വാഴ്വു കൊടുക്കുന്ന തരത്തിൽ സ്ലീബാ ആഘോഷിക്കുന്ന ശീലം എവിടുന്നു വന്നു? ഹൗദ് മാലാഖെ ചൊല്ലുമ്പോൾ മാത്രമാണ് അപ്രകാരം ചെയ്യേണ്ടതെന്ന് അറിയാത്തതും ഖേദകരം.
ഉത്ഥിതനായ ക്രിസ്തുവിനെ വിശ്വാസി സമൂഹം ദർശിക്കണം എന്നിരിക്കെ, (ഊറാറ കെട്ടിയ സ്ലീബായുടെ തലഭാഗം കാണുവിധമായിരിക്കണം. മുഴുവനായി മൂടരുത്) കുരിശു മുഴുവനും മൂടിമറയ്ക്കുന്ന രീതി ഒരു വിഭാഗം ആളുകൾ മലങ്കരയിൽ കൊണ്ടുവന്ന മാറ്റമാണ്. അതിനായി ചില തയ്യൽക്കാരെക്കൊണ്ട് ചിത്രപ്പണിയുള്ള കവറുകൾ (ഉറ) വരെ ഉണ്ടാക്കിച്ചു. സുറിയാനി സഭയുടെ ഏതെങ്കിലും കമ്മിറ്റി അംഗങ്ങൾ ഈ തയ്യൽ കേന്ദ്രങ്ങളിൽ ചെല്ലുമ്പോൾ ഈ കവറുകൾ തയ്യൽ കേന്ദ്രത്തിലെ ജീവനക്കാർ അവരെ പിടിച്ചേല്പിക്കും. ഇങ്ങനെ വാങ്ങിക്കൊണ്ടുവരുന്ന കവർ ഉപയോഗിച്ച് ആരാധക്രമ അനുഷ്ഠാനങ്ങളിൽ പാണ്ഡിത്യമുള്ള വൈദികർ സ്ലീബാ മൂടിയില്ലെങ്കിൽ അടുത്ത തർക്കത്തിനുള്ള വഴി തുറക്കും. നടപടി ക്രമം കൃത്യമായി പാലിക്കണെമെന്ന് ശാഠ്യം പിടിക്കുന്ന വൈദികരോട് പലർക്കും ദേഷ്യം തോന്നാം. പക്ഷേ പക്വതയുള്ളവർ അതിന്റെ അന്തഃസത്തയുൾക്കൊണ്ട് ഭംഗിയായി ശുശ്രൂഷ നിർവ്വഹിക്കാവുള്ള അവസരമൊരുക്കും. ഉയിർപ്പിന്റെ സ്ലീബായിൽ ഊറാറ കെട്ടാത്ത ചിലരുമുണ്ട്. മറച്ചതിനുള്ളിൽ എന്തായാലെന്താ എന്ന ചിന്തയാകാം അവർക്ക്.
ഇപ്പോൾ ചില പള്ളികളിൽ ദുഃഖവെള്ളിയാഴ്ച്ച ശുശ്രൂഷയിൽ ആദ്യത്തെ പ്രദക്ഷിണം പുറത്തും രണ്ടാമത്തെ പ്രദക്ഷിണം അകത്തും നടത്തുന്നത് ഏകീകരിച്ചു. എന്നാൽ ഈ പ്രദക്ഷിണങ്ങൾ സ്ഥല-സമയ പരിമിതികൾക്കനുസൃതമായി രണ്ട് പ്രദക്ഷിണവും പുറത്തോ അകത്തോ നടത്താം. രണ്ട് പ്രദക്ഷിണവും പുറത്ത് നടത്തുമ്പോൾ തെക്കേ വാതിൽ വഴി ഇറങ്ങി പടിഞ്ഞാറേക്ക് നടന്ന് പള്ളിക്ക് ഒരു പ്രദക്ഷിണം നടത്തി വടക്കേ വാതിൽ വഴി അകത്തേക്ക് പ്രവേശിക്കും. (clock wise) ആദ്യത്തെ പ്രദക്ഷിണം അകത്തൂടെ നടത്തുകയാണെങ്കിൽ തെക്ക് വശത്തുകൂടെ പടിഞ്ഞാറോട്ട് നടന്ന്, വടക്കുവശംകൂടി കിഴക്കോട്ട് വന്ന് ശുശ്രൂഷ നടക്കുന്ന വേദിയിൽ എത്തുന്ന രീതിയാണ് (clock wise). രണ്ടാമത്തെ പ്രദക്ഷിണം അകത്തുകൂടെയാണ് നടത്തുന്നതെങ്കിൽ മേല്പറഞ്ഞ പ്രകാരം ഒരു തവണ മാത്രമോ, ഒരു തവണയോ രണ്ട് തവണയോ അങ്ങനെ clock wise നടത്തി മൂന്നാമത്തെ തവണ വടക്കുനിന്നും പടിഞ്ഞാറേക്ക് നടന്ന് തെക്കുവശം എത്തി കിഴക്കോട്ട് നടന്നു (Anti-clock wise) സ്ലീബാ ആഘോഷിക്കാൻ ബീമയിലേക്കോ മദ്ബഹായിലേക്കോ കയറുന്ന വിവിധ തരം അംഗീകൃത നടപടിക്രമങ്ങൾ നിലവിലിരിക്കെ ഇങ്ങനെയേ ചെയ്യാവൂ എന്ന് ശഠിക്കുകയും ഓർത്തഡോക്സി അനുവദിക്കുന്ന വേദാനുസൃത വൈവിധ്യങ്ങളെ തടയുകയും ചെയ്യുന്നു.
ഒന്നാം പ്രദക്ഷിണം പള്ളിയുടെ പുറത്തുകൂടെ നടത്തുമ്പോൾ, സ്ലീബായേന്തിയ വൈദികനും ശുശ്രൂഷകരും മുമ്പിലും വിശ്വാസികൾ പിമ്പിലും എന്ന രീതി (വൈദികന് പിന്നാലെ കുട്ടികളും പുരുഷന്മാരും മുമ്പിലും ശേഷം അതിനു പിന്നാലെ സ്ത്രീകളും. കർത്താവിനെ ക്രൂശിക്കാൻ കൊണ്ടുപോയപ്പോൾ സ്ത്രീകൾ യേശുവിന്റെ പിന്നാലെയാണ് "എന്റെ പുത്രാ! നീ എവിടേക്കു പോകുന്നു?" എന്ന് നിലവിളിച്ചത്. എന്നാൽ ക്രിസ്തുവിനെ ക്രൂശിക്കാൻ കൊണ്ടുപോയ പടയാളികളാണ് അവന്റെ മുമ്പേ നടന്ന് ആർത്തട്ടഹസിച്ച് പോയത്. അതുകൊണ്ട് ക്രിസ്തുവിനെ കൊല്ലാൻ കൊണ്ടുപോകുന്ന പടയാണികൾക്കൊപ്പമാകാതെ ക്രിസ്തുവിന്റെ പിന്നാലെ നടന്ന് വിലപിക്കുന്നവരോടൊപ്പം നടക്കുന്നതാണ് ശരിയായ നടപടിക്രമം) എന്ന അഭികാമ്യ രീതി ഉണ്ടായിരിക്കെ, സാധാരണ പ്രദക്ഷിണം പോലെ വൈദികൻ പിറകിൽ പോകുന്നത് അനുചിതമാണ്. കാരണം, നമ്മുടെ കർത്താവ് സ്ലീബായെ വഹിച്ചു ഗോഗുൽഥായിലേക്ക് പോകുന്നതിൽ നാമും പങ്കു ചേരുന്ന സന്ദർഭമാണിത്.
പെരുന്നാൾ പ്രദക്ഷിങ്ങളെ 'റാസ' എന്ന് വിളിക്കുന്ന രീതിയും പ്രദക്ഷിണങ്ങളിലെ കാർമ്മികൻ രക്ഷാകരമായ സ്ലീബായെ വഹിക്കാതെ അരുളിക്കയോ, തിരുശേഷിപ്പോ വഹിക്കുന്ന രീതിയും മലങ്കരയിലെ ഒരു വിഭാഗത്തിന്റെ സംഭാവനണ്.
പള്ളിയകത്തുകൂടെയോ, അല്ലാതെയോ പ്രദക്ഷിണം പോകുമ്പോൾ മറുബാഹ്സാ വഹിക്കുന്ന ശുശ്രൂഷകർ വൈദികൻ്റെ ഇരുവശത്തുമാണ് പോകേണ്ടത്. എന്നാൽ ചില പള്ളികളിൽ അകത്തുകൂടെ പ്രദക്ഷിണം നടത്തുമ്പോൾ മറുബാഹ്സാ വഹിക്കുന്ന ഒരാൾ വൈദികൻ്റെ മുമ്പിലും, മറ്റൊരാൾ പിമ്പിലും പോകുന്നതായ തെറ്റായ കീഴ്വഴക്കം ഇപ്പോൾ കാണുന്നു. മറുബാഹ്സാ ഉപയോഗിക്കുന്നതിന്റെ ദൈവശാസ്ത്രത്തിനും ചരിത്ര പശ്ചാത്തലത്തിനും വിരുദ്ധമാണ് മുന്നിലും പിറകിലും നിൽക്കുന്നത്.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വിഷയമാണ് സുറിയാനി സഭയുടെ ആരാധനാ പാര്യമ്പര്യം പിൻതുടരുന്നു എന്ന് അവകാശപ്പെടുന്ന, മലങ്കരയിലെ ഒരു സഭയുടെ സംഗീതവിഭാഗമായ 'ശ്രുതി', സുറിയാനി ആരാധന സംഗീത്തിലും ബെത്ഗാസോയിലും (എക്കാറാ) കർണ്ണാട്ടിക്ക് സംഗീതത്തിന്റെയും റഷ്യൻ സംഗീതത്തിന്റെയും (ആ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന വൈദികൻ റഷ്യയിലണ് സംഗീത പഠനം നടത്തിയത്. അതും പാശ്ചാത്യ സംഗീതത്തിലെ ഹാർമ്മണിയെപ്പറ്റി. അതിന് സുറിയാനി ഗാനശാഖയുമായി യാതൊരു ബന്ധവുമില്ല) ശൈലി അവലംബിച്ച് യഥാർത്ഥ സുറിയാനി രാഗങ്ങളെ ഇല്ലായ്മ ചെയ്തത്. ഏറ്റവും വിഷമം എന്തെന്നാൽ, സുറിയാനി സഭയിലെ ചില ബഹുമാനപ്പെട്ട വൈദികരും, ബഹുമാന്യരായ ഗായക സംഘങ്ങളും ഈ 'ശ്രുതി'യുടെ മായം ചേർത്ത രാഗങ്ങളെ ഏറ്റുപാടുന്നു എന്നതാണ്. ഇതിന്റെ മകുടോദാഹരണമാണ് കുർബാനാനന്തര ഗീതങ്ങളിലെ പാതകനാം റൂബേലിന്... എന്ന എക്ബോയുടെ സുറിയാനി രാഗത്തിൽ നിന്നും വ്യത്യസ്തമായ രാഗം
ശ്രുതിയുടെ ഒരു സംഭവനയാണ്. 'ശ്രുതി'യുടെ രാഗം കേൾക്കാനല്ലല്ലോ സുറിയാനിക്കാരൻ പള്ളിയിൽ പോകുന്നത്.
[കർണ്ണാടക സംഗീതവും പാശ്ചാത്യ സംഗീതവുമൊക്കൊ പഠിച്ചിട്ട് കീബോർഡ് വായിക്കാൻ പള്ളിയിൽ പോകുന്നതിന് മുമ്പ് സുറിയാനി സംഗീതവും അതിന്റെ നോട്ടുകളുടെ സഞ്ചാരവും എല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അവയെപ്പറ്റിയുള്ള വിശദമായ പഠന സംവിധാനം (Study materials) എല്ലാം എന്റെ കൈവശമുണ്ട്. ആവശ്യക്കാർക്ക് നൽകുന്നതാണ്].
പ്രത്യേക ശുശ്രൂഷകളിൽ പഴമ വായനയ്ക്ക് മുമ്പ് പ്രത്യേക സൂമോറോകളുള്ളപ്പോൾ നീതിമാന്മാരുടെ കൂടാരത്തിൽ... എന്ന സൂമോറോ വീണ്ടും ആവർത്തിച്ചു ചൊല്ലേണ്ടതില്ല. പ്രത്യേക സൂമോറോ ഇല്ലെങ്കിൽ മാത്രം നീതിമാന്മാരുടെ കൂടാരത്തിൽ... എന്ന സൂമോറോ ചൊല്ലിയാൽ മതി.
ഇനിയും ഉദാഹരണ സഹിതം എഴുതാൻ ധാരാളമുണ്ട്. ഈ വിഷയത്തെപ്പറ്റി താരതമ്യ പഠനത്തിന് വിശദമായ ഒരു ലേഖനത്തിന്റെ പണിപ്പുരയിലാണ് ഞാൻ. മേല്പറഞ്ഞവയൊക്കെ വളരെക്കുറച്ചു കാര്യങ്ങൾ മാത്രമാണ്. ഇതൊന്നും പോരാത്തതിന് വിദേശത്തുള്ള സുറിയാനി സഭയുടെ പള്ളികളിൽ അതേ പാരമ്പര്യം പിൻതുടരുന്ന സഭയുടെ കക്ഷികളെ വിദേശ ഇടവകകളിലെ ഗായകസംഘങ്ങളിലേക്കും മദ്ബഹാ ശുശ്രൂഷ സംഘങ്ങളിലേക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അതിനൊരു തീരുമാനം ഉണ്ടാക്കണം. 'ചത്ത ഈച്ച തൈലം മുഴുവനും നാറ്റുമെന്ന്' ഓർമ്മവേണം. വിദേശ ചുമതലയുള്ള മെത്രാപ്പോലീത്തന്മാരും വൈദികരും ഇക്കാര്യം ഗൗരവമായി ശ്രദ്ധിക്കണം.
സുറിയാനി സഭയ്ക്ക് എല്ലാ അപ്പോസ്തോലിക സഭകളുമായി നല്ല ബന്ധമാണുള്ളത്. പക്ഷേ വിശ്വാസം പ്രസംഗിക്കാൻ, പഠിപ്പിക്കാൻ അവരെ വിളിക്കുന്നത് അവസാനിപ്പിക്കുമോ?അപേക്ഷയാണ്. കൺവൻഷനുകളൊക്കെ സുറിയാനി സഭയുടെ വിശ്വാസങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും, പാരമ്പര്യങ്ങളുമൊക്കെ പഠിക്കുവാനുള്ള അവസരമായി ഉപയോഗിക്കണം. അല്ലെങ്കിൽ അടുത്ത തലമുറ നഷ്ടമായിപ്പോകും.
സത്യവിശ്വാസത്തിൽ ഒരു മായവും വഞ്ചനയും ചേർക്കാതെ പിതാക്കന്മാർ പ്രാർത്ഥനകളും പാട്ടുകളും എഴുതി നമ്മൾക്ക് കൈമാറി തന്നു. അവർ എഴുതിത്തന്ന പ്രാർത്ഥനകൾ മാത്രം 1000 ദിവസം പ്രസംഗിച്ചാൽ പകുതി പോലുമെത്തില്ല. പ്രൊമ്യോൻ-സെദ്റാകളിലും വിശ്വാസപരമായ ധാരാളം മർമ്മങ്ങളടങ്ങിയിട്ടുണ്ട്. പിന്നെ എന്തിന് സഭയ്ക്കു പുറത്തുള്ളവരെ വിളിക്കുന്നു.
നമ്മുടെ സെദറകളിൽ നിന്നും, സഭ ക്രമീകരിച്ചിരിക്കുന്ന വിശുദ്ധഗ്രന്ഥവായനകളിൽനിന്നും പ്രസംഗിക്കപ്പെടുകയും, നമ്മുടെ പാട്ടുകൾ യോഗങ്ങളിൽ പാടി ധ്യാനിക്കുകയും ചെയ്താൽ നവീകരണ / Charismatic ദുരുപദേശങ്ങൾ ഒഴുവാക്കാം.
സുറിയാനി സത്യവിശ്വാസം അടുത്ത തലമുറയ്ക്ക് കൈമാറാം:
പണ്ട് ചെയ്തത് നടക്കാത്തതിനാൽ ഇപ്പോൾ പുതിയ വേഷത്തിലാണ് ദുരുപദേശങ്ങൾ പഠിപ്പിക്കുന്നത്. Charismatic ചാട്ടവും, തുള്ളലും, ബന്ധനമഴിക്കലും, ഒഴിച്ചുകൂടാത്ത അവസ്ഥയിൽ എത്തിച്ചു. എല്ലാം അവസാനിപ്പിക്കണം. ഞാൻ നന്നാകണമെന്ന് അവനവൻ തീരുമാനമെടുക്കണം. ഇനിമേലിലും സുറിയാനി സഭയുടെ വിശ്വാസം പ്രസംഗിക്കാൻ കരിസ്മാറ്റിക്കുകാരെ വിളിക്കരുത്.
നമ്മൾ വഴി സുറിയാനി സത്യവിശ്വാസം അടുത്ത തലമുറയ്ക്ക് കിട്ടണം. ശരിയായ രീതിയിൽ സത്യവിശ്വാസം പഠിച്ചാൽ യുക്തിവാദത്തിലേക്കോ, പെന്തക്കോസ്ത് പോലുള്ള ഇതര കൂട്ടായ്മകളിലേക്കോ ഒരു സുറിയാനിക്കാരനും പോകില്ല.
സുറിയാനി സത്യവിശ്വാസവും, ചരിത്രവും എന്ന കണിയാംപറമ്പിലച്ചന്റെ പുസ്തകത്തിലെ കുറച്ച് ഭാഗങ്ങൾ വായിക്കാം.
"സ്വതന്ത്രമായി സഞ്ചരിക്കുവാനും പ്രവർത്തിക്കുവാനുമുള്ള സാഹചര്യം സമ്പാദിച്ചശേഷം സത്യവിശ്വാസത്തിൽ മലങ്കരസഭ നിലനിൽക്കത്തക്ക വിശ്വാസപരവും ഭരണപരവുമായ സംവിധാനവും ബാവാ പ്രദാനം ചെയ്തു. അതിനായിരുന്നു സുപ്രസിദ്ധവും സുസ്മരണീയവുമായ മുളന്തുരുത്തി സുന്നഹദോസ്".
ക്നായി തൊമ്മനും ഔസഫ് മെത്രാനും 72 കുടുംബവും A.D.345-ൽ അന്ത്യോക്യ പാത്രിയർക്കിസിന്റെ നിർദ്ദേശ പ്രകാരമാണ് ഇവിടെ വരുന്നതെന്ന് ചരിത്രം പറയുന്നുണ്ട്.
ഒരു മേല്പട്ടക്കാരൻ എവിടെയുണ്ടൊ അവിടെ സഭയുണ്ട്. ഇവിടെ ഓരോ സഭ പിളർന്നപ്പോഴും ആ വിഭാഗത്തെ നയിച്ചിരുന്നത് ഒരു മെത്രാനായിരുന്നു എന്നതും ഉദാഹരണമാണ്. ക്നായി തോമായ്ക്ക് രാജകിയ സ്വീകരണവും സ്ഥാനമാനങ്ങളും കിട്ടിയിരുന്നു. ഇതുകണ്ടുകൊണ്ട് മറ്റു മതസ്ഥർ ക്രിസ്ത്യൻ വിശ്വാസം സ്വികരിച്ചു. അന്നുമുതൽ ഇവിടെ സുറിയാനി പ്രാർത്ഥനകൾ ഉണ്ടായിരുന്നു.
അതുപോലെ 8-ാം നൂറ്റാണ്ടിൽ ഇവിടെ വന്നിട്ടുള്ള ശബോർ അഫ്രോത്ത് പിതാക്കന്മാരും സുറിയാനി പിതാക്കന്മാരായിരുന്നു. അതുകൊണ്ട് 1665-ന് മുമ്പ് മുതൽ ഇവിടെ സുറിയാനി പാരമ്പര്യമുണ്ട്.
ബൈബിൾ വാക്യത്തിന്റ അടിസ്ഥാനത്തിൽ പത്രോസ് ശ്ലീഹായുടെ വിശ്വാസത്തിലാണ് കർത്താവു തന്റെ സഭയെ സ്ഥാപിച്ചിരിക്കുന്നത്. ആ സഭയെ ഭരിക്കാനുള്ള അധികാരം പത്രോസ് ശ്ലീഹായ്ക്കാണ് കൊടുത്തിരിക്കുന്നത്. മത്തായി 16:16,17,18,19, യോഹന്നാൻ 21:15,16,17.
പത്രോസ് ശ്ലീഹാ കർത്താവിന്റെ ശിഷ്യന്മാരിൽ ഒന്നാമനാണെന്ന് ബൈബിൾ വാക്യം സാക്ഷ്യപ്പെടുത്തുന്നു.
ആദിമുതൽ - കുറഞ്ഞപക്ഷം സിറിയൻ കുടിയേറ്റം (എ.ഡി.345) മുതൽ മലങ്കരസഭ അന്ത്യോഖ്യാ പാത്രിയർക്കീസിൻ്റെ കീഴിലായിരുന്നു. അന്ത്യോഖ്യാ സിംഹാസനം നേരിട്ടും ചിലപ്പോൾ അതിന്റെ കീഴിലുള്ള മഫ്രിയാനാമാർ വഴിയായും മലങ്കരയെ നയിച്ചും ഭരിച്ചും പോന്നു. പിതാക്കന്മാരെയും അവർ വഴിയായി ആരാധനാക്രമങ്ങളെയും മലങ്കര സഭയ്ക്ക് പരിശുദ്ധ സിംഹാസനം നൽകിക്കൊണ്ടിരുന്നു. സുറിയാനിയിലുള്ള പുസ്തകങ്ങൾ ഇവിടെ ഉണ്ടായിരുന്നു. 1653-ലെ കൂനൻകുരിശു സത്യത്തിനുശേഷം സത്യവിശ്വാസം മലങ്കരയിൽ പുനഃസ്ഥാപിച്ചത് അന്ത്യോഖ്യാ സിംഹാസനമത്രെ. അന്ന്, പരിശുദ്ധ സിംഹാസനം സഹായത്തിനായി എത്തിയില്ലായിരുന്നുവെങ്കിൽ ഇന്ന് റോമസഭയല്ലാതെ മറ്റൊന്നും ഇവിടെ കാണപ്പെടുകയില്ലായിരുന്നു. ആരാധനാ ക്രമങ്ങൾ നൽകിയും, ശീമയിൽ നിന്നും സാമ്പത്തികമായി മലങ്കരയ്ക്ക് വളരെയേറെ സഹായം നൽകി. സർവ്വോപരി ആചാര്യത്വകൈവെപ്പും നൽകി.
വിശ്വാസത്തിനെതിരായി വന്ന പ്രലോഭനങ്ങളേയും പീഡനങ്ങളെയും അവർ സസന്തോഷം സഹിക്കുകയും ചെയ്തു. സത്യവിശ്വാസത്തിനെതിരെ നവീകരണവാദികൾ ശക്തിപ്പെട്ടപ്പോൾ പിതാക്കൻമാർ ത്യാഗം സഹിച്ച് വിശ്വാസം സംരക്ഷിച്ചു. റോമാ വിശ്വാസത്തിൽ നിന്നും നവീകരണ വിശ്വാസത്തിൽ നിന്നും മലങ്കരസഭയെ രക്ഷിച്ചത് അന്ത്യോഖ്യാ സിംഹാസനം മാത്രമായിരുന്നു.
മേല്പറഞ്ഞ അനിഷേധ്യങ്ങളായ വസ്തുതകൾ വിസ്മരിച്ച് സ്വകാര്യ സാദ്ധ്യത്തിനായി നന്ദിയില്ലാതെ വളച്ചൊടിച്ചും വക്രമായി വ്യാഖ്യാനിച്ചും ചിലർ സഭാംഗങ്ങളെ വഴിപിഴപ്പിക്കുവാൻ ശ്രമിക്കുന്ന ഈ സന്ദർഭത്തിൽ നമ്മുടെ പിതാക്കന്മാർ മുളന്തുരുത്തി പടിയോല വഴി എഴുതിവെച്ച കാര്യങ്ങൾ ചരിത്രവസ്തുകകളെ ദുർവ്യാഖ്യാനം ചെയ്തും പിതാക്കന്മാരുടെ പ്രതിജ്ഞയെ അവഗണിച്ചുമുള്ള ചിലരുടെ അക്രൈസ്തവമായ പോക്ക് പരിതാപകരം തന്നെ. വിശ്വാസസംരക്ഷണത്തിന് സുസ്ഥിരമായ ഭരണക്രമം ആവശ്യമെന്നത് നിസ്തർക്കമാണ്. സുന്നഹദോസ് നിശ്ചയങ്ങൾ പാത്രിയർക്കീസിന്റെ അധികാരമോഹം മൂലമാണെന്ന് ഇന്നു ചിലർ മനസ്സാക്ഷിക്കെതിരായി പ്രചരിപ്പിക്കുന്നതിലെ അന്തഃസാര വിഹീനത, നിശ്ചയങ്ങളുടെ പഠനത്തിൽ നിന്നും കാണാം. ഭരണരംഗത്ത് ജനാതിപത്യം എന്ന ആശയം ആരും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ബ്രിട്ടീഷ് ഭരണകാലത്ത് ജനാധിപത്യപരമായ ഭരണരീതി സഭാരംഗത്ത് പ്രദാനം ചെയ്ത പരിശുദ്ധ പാത്രിയർക്കീസ് ബാവായെ അധികാരമോഹി എന്നു ചിത്രീകരിക്കുന്നത് അക്ഷന്ത്യവ്യമത്രെ.
ഒന്നാമത് നിങ്ങളുടെ പഴയ ചരിത്രപുസ്തകത്തെ നാം വായിച്ചുനോക്കി. പാപ്പാമതക്കാരാകുന്ന പോർത്തുഗീസുകാർ ഇന്ത്യയിലേക്കു വന്നസമയം അവർ നിങ്ങളുടെയിടയിൽ വിരുദ്ധങ്ങളെ ഉണ്ടാക്കി മീൻ പിടിക്കുന്നവൻ ചൂണ്ടലിൽ ഇരകൊത്തി നദിയിൽ എറിയുന്നതുപോലെ തന്നെ നിങ്ങളുടെയിടയിലും അവർ പ്രവർത്തിച്ചു. ആ കാലത്തിൽ മടിയന്മാരും ദ്രവ്യാഹികളുമായിട്ടുണ്ടായിരുന്ന മനുഷ്യരുടെയിടയിൽ അവർ ദ്രവ്യത്തെ ധാരാളമായി ചിലവഴിച്ചു. നമ്മുടെ ജനത്തേയും പള്ളികളേയും അവർ കവർച്ച ചെയ്തു. പുസ്തകങ്ങളേയും പള്ളിച്ചട്ടങ്ങളേയും തക്സകളേയും അവർ ദഹിപ്പിച്ചു കളഞ്ഞു. ആത്മീയ സമ്പത്ത് പുസ്തകങ്ങളാകകൊണ്ട് അവർ നിങ്ങളെ ആത്മീയകാര്യങ്ങളിൽ വ്യർത്ഥന്മാരും ദരിദ്രന്മാരും ആക്കിത്തീർത്തു. യാതൊരുത്തനിൽ നിന്നും പുസ്തകവും പഠിത്തവും ശൂന്യമായി പോവുമെങ്കിൽ ആ ജ്ഞാനം വിജ്ഞാനമില്ലാത്തതും ആത്മീയകാര്യങ്ങളിലും ക്രമപ്പെടുത്തിയിരിക്കുന്ന നടപടികളിലും വ്യർത്ഥമായിട്ടുള്ളതും ആയിത്തീരും. അങ്ങനെയുള്ള ജനത്തിൻ്റെ അടുക്കൽ വാചാലനും പുസ്തക വായന ശീലമുള്ളവനുമായ ഒരുത്തൻ വന്നു എന്തുപറഞ്ഞാലും വിശ്വസിക്കും. ഉത്തരം പറവാൻ ജ്ഞാനമില്ലായ്കകൊണ്ട് എടത്തൂട്ട് ആയിരുന്നാലും സമ്മതിക്കും. ഇതുനിമിത്തമായിട്ട് പാപ്പാമതക്കാർ നമ്മുടെ ജനത്തിൽ പകുതിയലധികം പേരെ പിടിച്ച് കൽദായക്കാരാക്കിത്തീർത്തിരിക്കുന്നു. നമ്മുടെ ചെറുപ്പം മുതൽ നിങ്ങളുടെ ദുഃഖം നാം കേട്ടിരിക്കുന്നു.
ചരിത്രപ്രസിദ്ധമായ മേവേലിക്കര യോഗത്തിലെ സുപ്രസിദ്ധവും സഭയുടെ യഥാർത്ഥചിത്രം കാണിക്കുന്നതുമായ 'പടിയോല' താഴെച്ചേർക്കുന്നു. (P.Cheriayan P. 390) അതിൽ നിന്നും.
1) അന്ത്യോക്യൻ പിതാക്കന്മാരിൽ നിന്നും സ്ഥാനമേൽക്കാൻ സാധിക്കാതിരുന്ന മെത്രാപ്പോലീത്തായും അന്ത്യോഖ്യായാണ് മേലാധികാരി എന്നു പ്രസ്താവിക്കുന്നു.
2) പാത്രിയർക്കാ സിംഹാസനം വിശുദ്ധ പത്രോസിൻ്റെ സിംഹാസനമാകുന്നു.
3) പരിശുദ്ധ പാത്രിയർക്കീസയച്ച പിതാക്കന്മാരിൽ നിന്നാണ് ആരാധനാക്രമങ്ങൾ കിട്ടിയത്. അതനുസ രിച്ചാണു നടന്നുവരുന്നത്.
4) പാത്രിയർക്കീസിൻ്റെ അനുമതികൂടാതെ മറ്റു വിശ്വാസക്കാരുമായി കൂട്ടുകൂടുവാൻ പാടില്ല.
5) പാത്രിയർക്കീസിന്റെ കല്പനാനുസരണം വന്ന പിതാക്കന്മാരുടെ സഹായത്തോടെ പണിയിക്കപ്പെട്ടവയാണ് പള്ളികൾ.
6) യാക്കോബായ സിറിയൻ ഓർത്തഡോക്സ് വിശ്വാസമല്ലാതെ അവസാനശ്വാസത്തോളം മറ്റൊന്നു ഞങ്ങൾ സ്വീകരിക്കയില്ല.
7) വിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും മദ്ധ്യസ്ഥ പ്രാർത്ഥനകളിലുള്ള ആശ്രയം.
8) ഇതിനെല്ലാം സാക്ഷി പിതാവും, പുത്രനും പരിശുദ്ധാത്മാവും.
അജയ്യനെന്നഭിമാനിച്ചിരുന്ന മാത്യൂസ് അത്താനാസ്യോസിന്റെ നവീകരണ പ്രതിപത്തിമൂലം മലങ്കരസഭയുടെ സത്യവിശ്വാസം അന്തർദ്ധാനം ചെയ്യുന്നതിൽ നിന്നും രക്ഷപ്പെടുവാൻ മാർ ദീവന്നാസ്യോസും സഭയും 9-ല്പരം വർഷം പരിശ്രമിച്ചിട്ടും സാധിക്കാതിരുന്നത് പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം അല്പം ചില മാസങ്ങൾക്കകം സാധിക്കുകയും നവീകരണത്തിൽ തലകുത്തി വീഴുമായിരുന്ന സഭയെ സത്യവിശ്വാസത്തിൽ ഉറപ്പിക്കുകയും ചെയ്തു. തിരുവെഴുത്തു വിളംബരം റദ്ദായതോടുകൂടി അത്താനാസ്യോസിൻ്റെ ശക്തി ക്ഷയിക്കുകയും മാർ ദീവന്നാസ്യോസ്സ് സഭയുടെ ഭരണത്തിൽ കുതിച്ചുമുന്നേറുവാൻ ആരംഭിക്കുകയും ചെയ്തു. ഈ നാട്ടിലെ യാക്കോബായ വിശ്വാസം നാമാവശേഷമായിപ്പോകുമെന്ന നിലയിലിരിക്കെ ആ സ്ഥിതി വ്യത്യാസപ്പെടുത്തി ഈ പുരാതന സഭയെ കുറേക്കൂടി ഉറപ്പും വിസ്താരവുമുള്ള അടിസ്ഥാനത്തിൽ പുതുക്കിപ്പണിത പരിശുദ്ധ പത്രോസ് III പാത്രിയർക്കീസുബാവായെ മലങ്കരയിലെ യാക്കോബു ബുർദ്ദാന, സത്യവിശ്വാസ സംരക്ഷകൻ, എന്ന നിലയിൽ സഭ ബഹുമാനിച്ചു. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം അന്നു വന്ന് രക്ഷിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് മലങ്കരയിൽ യാക്കോബായ വിശ്വാസം കാണപ്പെടുകയില്ലായിരുന്നു. എല്ലാവരും നവീകരണക്കാർ അഥവാ, മാർത്തോമ്മാക്കാർ ആയിരിക്കുമായിരുന്നു.
മാവേലിക്കര പടിയോലക്കു ശേഷം:
മിഷ്യനറിമാരുടെ കണക്കുകൂട്ടലുകൾ തെറ്റി. അവർ പിന്നെയും പള്ളികളിൽ പ്രസംഗവും സെമിനാരിയിൽ അദ്ധ്യാപനവും കുറെക്കാലത്തേക്കുകൂടി തുടർന്നു. സുറിയാനി വിശ്വാസങ്ങൾക്കു വിപരീതമായ സംഗതികൾ പഠിപ്പിക്കുക മാത്രമല്ല, സെമിനാരി ചാപ്പലിൽപോലും ആംഗ്ലേയ പ്രാർത്ഥനാ ക്രമം (Book of Common prayer) ഉപയോഗിക്കുകപോലും ചെയ്തു. ഇതിനോടെല്ലാം എതിർത്ത വിദ്യാർത്ഥികളോട് വിവേചനപരമായി പെരുമാറി. 'ഇതു സുറിയാനിക്കാരുടെ കോളേജാണ് മിഷ്യൻ വകയല്ല' എന്ന് അവരിൽ തന്നെ പക്വമതിയായ ഫെൻ പറഞ്ഞതുപോലും അവർ അവഗണിച്ചു.
ഇന്നും സുറിയാനി സഭയുടെ വിശ്വാസത്തിലേക്ക് തെറ്റായ വ്യാഖ്യാനങ്ങൾ കൊണ്ടുവരുന്നു. Charismatic, പെന്തക്കോസ്ത് ആശയങ്ങൾ പ്രസംഗിക്കുന്നവരിലൂടെ സഭാ പിതാക്കന്മാർ കൈമാറിത്തന്ന എഴുതപ്പെട്ട പ്രാർത്ഥനകൾ പഠിക്കാം, പ്രസംഗിക്കാം, പങ്കുവയ്ക്കാം.
സുറിയാനി സഭയുടെ വിശ്വാസം അത്രയ്ക്കും ശ്രേഷ്ഠമാണ്. അതുകൊണ്ട്.....
നവീകരണമല്ല, ശുദ്ധീകരണമാണ് വേണ്ടത്. (പാരമ്പര്യത്തോട്).
അനുകരണമല്ല, അനുസരണമാണ് വേണ്ടത്. (ശ്ലീഹന്മാരോടും പിതാക്കന്മാരോടും).
സ്വത്തല്ല, വിശ്വാസമാണ് സംരക്ഷിക്കപ്പെടേണ്ടത്. (നിലനില്പ് അതാണ്).
വെളിച്ചം കെടുത്തലല്ല, വെളിച്ചം കൊടുക്കലാണ് വേണ്ടത്. (തലമുറകൾക്ക്).
യോഹന്നാൻ 8:43-45. എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തതു എന്തു? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ. നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നിൽക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു. ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല.
സഭയുടെ ഭിത്തിയെ ബലവത്താക്കുക ശിലമേൽ നിർത്തി -
നായകരായൊരിടയന്മാരെ കാക്കുക നിത്യം.
ആചാര്യന്മാർ ശെമ്മാശന്മാർ യൗഫദ്യക്നർ -
കോറൂയന്മാരെന്നിവരെ നീ കാത്തീടണമേ.
(വിശുദ്ധ കുർബാനയിലെ ഹൂത്തോമ്മോ).
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.